എം.പി.പരമേശ്വരനും എസ്.പി.ഉദയകുമാറും : പരിസ്ഥിതി, വികസനം, ജനാധിപത്യം: രണ്ടു സമീപനങ്ങള്‍

വിജയരാഘവന്‍ ചേലിയ യാദൃശ്ചികമെന്നു പറയട്ടെ, എസ്.പി.ഉദയകുമാറിന്റെ ‘ഗ്രീന്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം വായിച്ചു തീരുന്നതിനിടയിലാണ് ‘ഇനി വേണ്ടത് ഇക്കോളജിക്കല്‍ മാര്‍ക്‌സിസം’ എന്ന തലക്കെട്ടില്‍ എം.പി.പരമേശ്വരനുമായി ടി.പി.കുഞ്ഞിക്കണ്ണന്‍ നടത്തിയ ദീര്‍ഘ സംഭാഷണവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പെത്തിയത്. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ ആശയങ്ങളുമായി ബന്ധപ്പെട്ട തലക്കെട്ടായിരുന്നതുകൊണ്ട് ആര്‍ത്തിയോടെ വായിച്ചു. എന്നാല്‍ ഉദയകുമാര്‍ കൊണ്ടുപോയ അകലത്തില്‍ നിന്ന് പിറകോട്ടു വലിക്കപ്പെട്ടതുപോലെ. ഒന്നര ദശാബ്ദത്തിന് ഇപ്പുറത്തുനിന്ന് പിന്തിരിഞ്ഞ് നാലാം ലോകത്തിന്റെ ഭൂതകാലത്തിലെവിടെയോ ചിലത് പരതി നടക്കുകയാണ് എം.പി. അദ്ദേഹത്തെ സശ്രദ്ധം പിന്തുടര്‍ന്നിരുന്നതുകൊണ്ടും നാലാം […]

mp

വിജയരാഘവന്‍ ചേലിയ

യാദൃശ്ചികമെന്നു പറയട്ടെ, എസ്.പി.ഉദയകുമാറിന്റെ ‘ഗ്രീന്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകം വായിച്ചു തീരുന്നതിനിടയിലാണ് ‘ഇനി വേണ്ടത് ഇക്കോളജിക്കല്‍ മാര്‍ക്‌സിസം’ എന്ന തലക്കെട്ടില്‍ എം.പി.പരമേശ്വരനുമായി ടി.പി.കുഞ്ഞിക്കണ്ണന്‍ നടത്തിയ ദീര്‍ഘ സംഭാഷണവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പെത്തിയത്. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ ആശയങ്ങളുമായി ബന്ധപ്പെട്ട തലക്കെട്ടായിരുന്നതുകൊണ്ട് ആര്‍ത്തിയോടെ വായിച്ചു. എന്നാല്‍ ഉദയകുമാര്‍ കൊണ്ടുപോയ അകലത്തില്‍ നിന്ന് പിറകോട്ടു വലിക്കപ്പെട്ടതുപോലെ. ഒന്നര ദശാബ്ദത്തിന് ഇപ്പുറത്തുനിന്ന് പിന്തിരിഞ്ഞ് നാലാം ലോകത്തിന്റെ ഭൂതകാലത്തിലെവിടെയോ ചിലത് പരതി നടക്കുകയാണ് എം.പി. അദ്ദേഹത്തെ സശ്രദ്ധം പിന്തുടര്‍ന്നിരുന്നതുകൊണ്ടും നാലാം ലോകഭാവനകള്‍ ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഓര്‍മയിലെത്തിയതു കൊണ്ടും അത്ഭുതമൊന്നും തോന്നിയില്ല. അദ്ദേഹത്തിന്റെ ബോധ്യങ്ങള്‍ മായ്ക്കാനോ മറയ്ക്കാനോ കഴിയാതെ വരികള്‍ക്കിടയില്‍ കിടക്കുന്നു. എന്നാല്‍ അതു തുറന്നു പറഞ്ഞാലോ, ജനപ്രീതി നഷ്ടപ്പെടുകയും ബാക്കിയുള്ള ‘വിശ്വാസികള്‍’ കൂടെ കയ്യൊഴിയുകയും ചെയ്യുമെന്ന ഭീതി അദ്ദേഹത്തെ അലട്ടുന്നുണ്ടോ എന്നു സംശയിപ്പിക്കുന്ന രീതിയിലാണ് ആഖ്യാനം. ‘നാലാം ലോകത്തെ ഭസ്മീകരിക്കാന്‍ എം.എന്‍ വിജയന്റെ നേതൃത്വത്തിലാണ് പടപ്പുറപ്പുണ്ടായത്. സകലമാന വിപ്ലവകാരികളും സട കുടഞ്ഞെഴുന്നേറ്റ സന്ദര്‍ഭം ഓര്‍മയിലുണ്ടല്ലോ. അമേരിക്കന്‍ സാമ്രാജ്യത്തം- ഫ്രാങ്കിഎന്തൊക്കെ കോലാഹലങ്ങളായിരുന്നു. എല്ലാം എം.പിയുടെ മനസ്സിലുണ്ട് എന്ന് ഈ അഭിമുഖം വായിക്കുന്നവര്‍ക്കു മനസ്സിലാകും. മുന്നേറ്റങ്ങള്‍ എതിര്‍ ഗോള്‍മുഖത്തെ പ്രതിരോധങ്ങളില്‍ തട്ടിത്തകരുമ്പോള്‍ മൈനസ് പാസ് ചെയ്ത് പുതിയൊരവസരം തുറക്കുംവരെ പന്ത് പരസ്പരം തട്ടിക്കളിക്കുന്ന ഫുട്‌ബോള്‍ ടീമിന്റെ കൗശലം പോലെ പരിഷത്ത് സഹപ്രവര്‍ത്തകരുമായി വീണ്ടും സംസാരിച്ചു തുടങ്ങുകയാണ് എം.പി.
കേവല പരിസ്ഥിതി വാദത്തിനപ്പുറം പരിസ്ഥിതി സൗഹൃദമായ പുതിയൊരു ലോകക്രമം സൃഷ്ടിക്കുന്നതിനാവശ്യമായ പ്രത്യയ ശാസ്ത്രത്തേയും പരിപാടികളേയും അന്വേഷിക്കുന്നവരാണ് എം.പിയും എസ്.പിയും. അതിന് ഗാന്ധിയെ കൂടാതെ കഴിയില്ലെന്ന് ഇരുവര്‍ക്കും ബോധ്യമുണ്ട്. മാര്‍ക്‌സ് ഒരു പ്രതീക്ഷയല്ലെന്നും ഗാന്ധിയാണ് നാളെയുടെ വഴിയെന്നും എസ്.പി.ഉദയകുമാര്‍ പച്ചയായി പറയുമ്പോള്‍ എം.പി.പരമേശ്വരന്‍ കരുതലോടെ, തന്റെ സ്വീകാര്യത നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട്, ഇങ്ങനെ പ്രതികരിക്കുന്നു: ‘കഴിഞ്ഞ നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണത്തിന് കോടാലിയായിത്തീര്‍ന്ന ഉപഭോഗ ആശയങ്ങളായ ആവശ്യം-ആര്‍ത്തി എന്നീ സംവര്‍ഗങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ സംവര്‍ഗങ്ങള്‍ ശാസ്ത്രീയമായി മാര്‍ക്‌സിയനല്ല എന്ന് പല സഖാക്കളും എന്നോട് പറഞ്ഞിട്ടുണ്ട്… ആവശ്യത്തേയും ആര്‍ത്തിയേയും വേര്‍തിരിച്ചു കാണാത്തവര്‍ക്ക് ഇത് ഗാന്ധിസമായി തോന്നാം.’ ഗാന്ധിസമായി തോന്നിയാലെന്താണ് അപകടമെന്ന് വായനക്കാര്‍ സന്ദേഹിച്ചേക്കാം! അപ്പോള്‍ അത് മാര്‍ക്‌സിസത്തിന്റെ അപ്രമാദിത്വത്തെ ബാധിച്ചാലോ? കമ്യൂണിസ്റ്റ് വിശ്വാസികള്‍ പ്രകോപിതരാകാനിട വന്നാലോ? ഒരു തിരുത്തല്‍ ശക്തിയായി ഉള്ളില്‍ തുടരാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനുള്ള കരുതലിലാണ് എം പി.
നാലാം ലോകത്തിനു ശേഷമാണ് 2016 ല്‍ എം.പിയുടെ 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമെന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. ജെ സി കുമരപ്പയുടേയും ജയപ്രകാശ് നാരായണന്റേയും ശ്രീമന്‍ നാരായന്റേയും ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം നാലാം ലോകത്തിനു ശേഷമുണ്ടായ തന്റെ ചിന്തയുടെ വളര്‍ച്ചയെ അടയാളപ്പെടുത്താനും എം പി. ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു.
”ആവശ്യം (need), ആര്‍ത്തി (greed) എന്നീ സംവര്‍ഗങ്ങളെ അവരാരും വേര്‍തിരിച്ചു കണ്ടില്ല. ബുദ്ധനും മാര്‍ക്‌സും ഗാന്ധിയും ഒക്കെ ആര്‍ത്തി വരുത്തിവെയ്ക്കാവുന്ന ആപത്തിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണം അനിവാര്യമാക്കുന്ന ജനവാസ കേന്ദ്രീകരണം-അതിനഗരവത്ക്കരണം സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അവര്‍ കണ്ടില്ല.” എന്ന് മുന്‍മൊഴിയില്‍ എഴുതിയ എം.പി. തന്നെ നാലാം ലോകം നാളത്തെ ലോകം എന്ന സ്വന്തം ലേഖനത്തില്‍ ഗാന്ധിയെ ഉദ്ധരിച്ചുകൊണ്ട് തുറന്നെഴുതുന്നു.
”ഈ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരുടേയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍, സാധന സാമഗ്രികള്‍ ഇവിടെ ഉണ്ട്. എന്നാല്‍ ഒരാളുടെ ആര്‍ത്തി പോലും തൃപ്തിപ്പെടുത്താന്‍ അതു മതിയാകില്ല. (”This world has enough to satisty every body’s need but not even one man’s greed”). ആവശ്യം (need) ആര്‍ത്തി (greed) എന്നീ രണ്ടു വ്യക്തമായ സംവര്‍ഗങ്ങള്‍ (categories) ഗാന്ധിജി വിഭാവനം ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവ രണ്ടും വ്യത്യസ്ത സംവര്‍ഗങ്ങള്‍ ആണെന്ന് അംഗീകരിച്ചിരുന്നില്ല. സ്ഥലകാലങ്ങളനുസരിച്ചും ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊത്തും ‘ആര്‍ത്തി’ ആവശ്യമായി മാറുന്നതാണെന്നും ആവശ്യവും ആര്‍ത്തിയും തമ്മിലുള്ളത് വെറും താത്ക്കാലിക വിഭജനമാണെന്നും സുസ്ഥിരമായ വികസനത്തില്‍ ഈ സംവര്‍ഗ്ഗ വിഭജനത്തിനു പ്രസക്തിയില്ലെന്നും അവര്‍ വാദിച്ചു.” കാര്യങ്ങള്‍ എം.പി ക്കു കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു വ്യക്തം.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ മുമ്പും ഇത്തരത്തിലുള്ള ബോധ്യപ്പെടലുകളുടെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരെല്ലാം തന്നെ ‘പാര്‍ട്ടി കമ്മിസ്സാറുമാരുടേ’യോ വിശ്വാസികളുടേയോ ‘വാളുകള്‍ക്ക്’ ഇരയായി ഒടുങ്ങിപ്പോയിട്ടുമുണ്ട്. റോസാ ലക്‌സംബര്‍ഗ്, ട്രോട്‌സ്‌കി, മിലോവന്‍ ജിലാസ്, എം.എന്‍ റോയി, കെ.ദാമോദരന്‍, കെ.വേണു തുടങ്ങിയവരെപ്പോലെ ബഹിഷ്‌കൃതരുടെ പട്ടികയിലെ അവസാന പേരുകാരനായി ഒതുങ്ങിപ്പോകാതിരിക്കാനായിരിക്കാം ചില കൗശലങ്ങള്‍ എം പി പ്രയോഗിക്കുന്നത്. നേരത്തെ സൂചിപ്പിച്ച 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന പുസ്തകത്തിന്റെ മുന്‍മൊഴിയില്‍നിന്ന് അത്ഭുതവും തമാശയും ഉണര്‍ത്തിയ രണ്ടു വാക്യങ്ങള്‍ കൂടെ ഉദ്ധരിക്കട്ടെ: ”നിരവധി മഹാന്മാര്‍ കൂടുതല്‍ നല്ല നാളെയെപ്പറ്റി സ്വപ്നം കണ്ടിട്ടുണ്ട്. അവ സാക്ഷാത്കരിക്കുവാനായി ശ്രമിച്ചിട്ടുണ്ട്. ബുദ്ധനും ക്രിസ്തുവും നബിയും ഇ.എം.എസ്സും മാര്‍ക്‌സും ഗാന്ധിയും ഒക്കെ അക്കൂട്ടത്തില്‍ പെട്ടവരാണ്” ഇങ്ങനെയെഴുതുമ്പോള്‍ പ്രിയപ്പെട്ട എം.പി, അങ്ങ് എന്താണ് കരുതിയത്? ഇ.എം.എസിന്റെ ആരാധകരാല്‍ താങ്കള്‍ സ്വീകരിക്കപ്പെടുമെന്നോ? താങ്കളുടെ മാര്‍ക്‌സിയന്‍ വിമര്‍ശനങ്ങള്‍ ഗൗരവമായി പരിഗണിക്കാന്‍ അവര്‍ തയ്യാറാകുമെന്നോ? ഇന്ത്യയിലെ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളുമായിരുന്ന ഇടതുപക്ഷത്തോടും ലിബറലുകളെന്ന് വിശേഷിപ്പിക്കപ്പെട്ട നെഹ്‌റുവിയന്മാരോടും സവര്‍ണ ഹിന്ദുത്വത്തോടും കലഹിച്ചു ഒറ്റപ്പെട്ടുപോയ ലോഹ്യയെ കുറിച്ച് അനന്തമൂര്‍ത്തി പറയുകയുണ്ടായിട്ടുണ്ട്, ‘അപ്രിയനാകാന്‍ മടിക്കാത്തതിനാലാണ് ഞാന്‍ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നത്.’ മൗലികമായ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ സത്യങ്ങള്‍ മറയില്ലാതെ വിളിച്ചു പറയുമ്പോള്‍ അപ്രിയനാകേണ്ടി വരുമെന്നത് ലോകനീതിയാണ്. പക്ഷേ ഏറെനാള്‍ പിന്നിടുംമുമ്പേ ആ കണ്ടെത്തലുകളെ കാലം ശരിവെയ്ക്കും. അതിനാല്‍ പരിഷത്തു പോലെയുള്ള ഒരു സംഘടനയുടെ പിന്തുണയുള്ള എം പിക്ക് തുറന്നു പറയാനുള്ള ആര്‍ജവം കാണിക്കാവുന്നതേയുള്ളൂ. എല്ലാ തിരുത്തലുകള്‍ക്കു പിറകിലും മഹത്തായ രക്തസാക്ഷിത്വങ്ങളുണ്ട്.
ആഗോള താപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും പരിണിത ഫലമായി ഹരിത രാഷ്ട്രീയത്തിനു വിപണി മൂല്യമേറിയതോടെ പഴയ വിശുദ്ധ ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ നിന്ന് പുതിയ കണ്ടെത്തലുകളും അവകാശവാദങ്ങളും വന്നുകൊണ്ടിരിക്കയാണ്. വേദോപനിഷത്തുകളിലേയും ബൈബിളിലേയും ഖുറാനിലേയും ഹരിത വേരുകളും ശാസ്ത്രത്തിന്റെ വിത്തുകളും ഇപ്പോള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്. ഞങ്ങളുടെ മതം അന്നേ പറഞ്ഞിട്ടുള്ളതാണല്ലോ എന്നവകാശപ്പെടുന്നവര്‍ ഒന്നു മറന്നു പോകുന്നു, ഇതേ മതങ്ങള്‍ വിതച്ച മണ്ണിലാണ് ആധുനിക നാഗരികതയുടെ കളകള്‍ ഭീതിദമായി വളര്‍ന്നു വന്നത്. മുതലാളിത്തവും കമ്യൂണിസവുമാകട്ടെ, ആധുനിക നാഗരികതയുടെ വക്താക്കളാകുന്നതില്‍ തെറ്റൊന്നും കാണുന്നില്ലെന്നു മാത്രമല്ല അഭിമാനിക്കുക കൂടി ചെയ്യുന്നു.
മുതലാളിത്തം സൃഷ്ടിച്ച അസമത്വങ്ങളെ പരിഹരിക്കുന്നതിന് മാര്‍ക്‌സിസം കണ്ട വഴി ഉദ്പാദന ബന്ധങ്ങളെ മാറ്റിമറിക്കുക എന്നതാണ്. അധികാരം തൊഴിലാളി വര്‍ഗ്ഗത്തിലേക്ക് എത്തുമ്പോള്‍ ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളേ ആധുനിക നാഗരികതക്കുള്ളൂ എന്ന് മാര്‍ക്‌സും ഏംഗല്‍സും അവരുടെ അനുയായികളും കരുതിപ്പോന്നു. ഉദ്പാദന ശക്തികളുടെ അനുസ്യൂതമായ വളര്‍ച്ച സ്വാഭാവികവും അനിവാര്യവുമാണെന്ന് ശാസ്ത്ര തത്വങ്ങളെ സാക്ഷ്യപ്പെടുത്തി വിശദീകരിച്ചു. ഇതേ ഉദ്പാദന ശക്തികളാണ് ഇന്ന് ഭൂമിയുടെ ചൂട് കൂടുന്നതിനും കാലാവസ്ഥാ മാറ്റത്തിനും ഇടയാക്കുന്നതെന്ന് ശാസ്ത്രലോകം സമ്മതിച്ചിരിക്കുന്നു. അപ്പോള്‍ കുറ്റം മുതലാളിത്തത്തിന്റേതു മാത്രമല്ല. വികസന വഴികളില്‍ ബദലുകള്‍ ഇല്ലാതിരുന്ന കമ്യൂണിസത്തിന്റേതു കൂടെയാണ്. ഒരു പക്ഷേ മുതലാളിത്തമെന്നത് ചെകുത്താന്റെ വേഷത്തിലായിരുന്നതിനാല്‍ അവരുടെ ചെയ്തികളെ ലോകം സംശയിക്കുമായിരുന്നു. അതിനാല്‍ രക്ഷകന്റെ വേഷത്തിലെത്തിയ കമ്യൂണിസമാണ് ആധുനിക നാഗരികതയെ രക്ഷിക്കുന്നതിലും ഭൂമിയെ അപകടത്തിലേക്കു നയിച്ചതിലും കൂടിയ കുറ്റം ചെയ്തത്. തങ്ങളുടെ ആണവ നിലയങ്ങള്‍ അവരുടേതുപോലെ അപകടകരമല്ലെന്ന പൈങ്കിളി യുക്തികള്‍ ഇന്ന് പരിഹാസത്തോടെയേ കാണാന്‍ കഴിയൂ. മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങളില്‍ ഇക്കോളജി സൗഹൃദ പരാമര്‍ശങ്ങള്‍ ഗവേഷണം നടത്തി കണ്ടുപിടിക്കുന്നവര്‍ ലോകത്ത് പരിസ്ഥിതി സംഘടനകളും പാരിസ്ഥിതിക മുന്നേറ്റങ്ങളും ഉണ്ടായതു മുഴുവന്‍ കമ്യൂണിസം അംഗീകരിക്കാത്ത സോഷ്യല്‍ ഡമോക്രാറ്റിക് സമൂഹങ്ങളിലാണെന്നതു മറന്നു പോകുന്നു. ജനാധിപത്യ സോഷ്യലിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള ചര്‍ച്ചകളും ഉടമ്പടികളും ഉണ്ടായത്. നിര്‍ഭാഗ്യവശാല്‍ ഉദ്പാദന ശക്തികള്‍ക്കു ബദലുകള്‍ കണ്ടെത്താന്‍ അവര്‍ക്കു കഴിയുന്നില്ല. ഗാന്ധി പ്രതീക്ഷയാകുന്നത് അങ്ങനെയാണ്. ശാസ്ത്രം ധാര്‍മികതയാല്‍ നിയന്ത്രിക്കപ്പെടണമെന്നും ഉദ്പാദന വര്‍ദ്ധനവല്ല ഉത്പാദനത്തിലെ പങ്കാളിത്തമാണ് മുഖ്യമെന്നും പറഞ്ഞ ഗാന്ധി മുതല്‍ പേരെ അശാസ്ത്രീയരെന്ന് പരിഹസിച്ചതില്‍ മുതലാളിത്തവാദികള്‍ മാത്രമല്ല കമ്യൂണിസ്റ്റുകളും ധാരാളം.
മേല്‍പറഞ്ഞ പാപങ്ങളില്‍ നിന്നും കമ്യൂണിസത്തെ മോചിപ്പിക്കാനുള്ള ശ്രമമാണ് ഇക്കോളജിക്കല്‍ മാര്‍ക്‌സിസം. ഏതൊരു മനുഷ്യ സ്‌നേഹിയേയും പോലെ മാര്‍ക്‌സും ഏംഗല്‍സും സഹജീവികളെ കുറിച്ചും വരും തലമുറകളെ കുറിച്ചും വേവലാതിപ്പെട്ടിട്ടുണ്ട്. പക്ഷേ അവരുടെ ചിന്താപദ്ധതി പരിസ്ഥിതിയുടെ നാശത്തിനു കാരണമായ വികസനത്തെ പിന്തുണച്ചിരുന്നു. ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സുമൊക്കെ അവരുടെ കണ്‍മുന്നിലൂടെയാണ് വ്യാവസായിക വളര്‍ച്ച നേടിയത്. ആകാശത്തേക്കു തുപ്പുന്ന വിഷപ്പുകയും ജലാശയത്തിലേക്കൊഴുക്കുന്ന രാസമാലിന്യങ്ങളും ‘കടലില്‍ കായ’ മെന്നതിനപ്പുറം ദുരിതമുണ്ടാക്കുമെന്നു കാണാനുള്ള ദീര്‍ഘദര്‍ശികത്വം അവര്‍ക്കുണ്ടായില്ല. ഉദ്പാദന ശക്തികളുടെ അനിയന്ത്രിതമായ വളര്‍ച്ച ജനസാന്ദ്രതയേറിയ കോളനിരാജ്യങ്ങളിലെ കോടാനുകോടി മനുഷ്യരെ ജീവനോപാധികളില്‍ നിന്ന് പുറന്തള്ളുംഎന്ന യാഥാര്‍ഥ്യവും അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. ആധുനിക നാഗരികതയുടെ ‘സമൃദ്ധി’ എല്ലാവര്‍ക്കുമായി വിതരണം ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് മാത്രമാണ് അവര്‍ അന്വേഷിച്ചത്. വിപ്ലവമെന്നാല്‍ മാനേജീരിയലായ മാറ്റമായി ചെറുതായി കാണാന്‍ അതു കാരണമായി. ഒരു നാഗരികതയുടെ ഭാഗമായിരിക്കുമ്പോള്‍ വിഭിന്നമായ മറ്റൊരു നാഗരികതയെ വിഭാവനം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അതാണ് മാര്‍ക്‌സിനു സംഭവിച്ചതെന്നും ലോഹ്യ നിരീക്ഷിച്ചിട്ടുണ്ട്. ജേസി കുമരപ്പയേയും ജയപ്രകാശ് നാരായണനേയും ശ്രീമന്‍ നാരായണനേയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ചിന്തകരായി അവതരിപ്പിക്കുന്ന എംപി, ലോഹ്യയിലേക്ക് തന്റെ അഭിമുഖത്തില്‍ പേര് പരാമര്‍ശിക്കുന്നതിനപ്പുറം പോകുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അവസാനം (1943ല്‍) സാമ്പത്തിക ശാസ്ത്രം മാര്‍ക്‌സിനു ശേഷമെന്ന പ്രബന്ധത്തിലൂടെ ലോഹ്യ പുതിയൊരു ലോക സൃഷ്ടിക്ക് മാര്‍ക്‌സിസം അപര്യാപ്തമാണെന്ന് വിശദീകരിക്കുന്നുണ്ട്. മാര്‍ക്‌സിന്റേയും ഏംഗല്‍സിന്റേയും ഈ കുറവ് അംഗീകരിക്കുമ്പോള്‍ തന്നെ നമുക്കവരെ മാപ്പുസാക്ഷികളാക്കാം. ഭവിഷ്യത്ത് തിരിച്ചറിയാന്‍ പാടില്ലാത്ത കാലത്തെ നിസ്സഹായരായ വെറും സാക്ഷികള്‍. വിക്ടര്‍ ഹ്യൂഗോ പറയുന്നതുപോലെ ”പഴയ കുറ്റവാളികള്‍ മാപ്പര്‍ഹിക്കുന്നു. കാരണം അവര്‍ അറിയാതെ ചെയ്തുപോയവരാണ്. എന്നാല്‍ ഇന്നത്തെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. കാരണം അവര്‍ അറിഞ്ഞു കൊണ്ടു ചെയ്യുന്നവരത്രെ.” ബദല്‍ പ്രതീക്ഷകളെ കെടുത്തിക്കളഞ്ഞതിന്റേയും ഭൂമിയുടെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കിയതിന്റേയും പേരില്‍ മുതലാളിത്ത രാഷ്ട്രീയ നേതൃത്വങ്ങളോടൊപ്പം കമ്യൂണിസ്റ്റു നേതൃത്വങ്ങളും കുറ്റവിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. ലെനിനും സ്റ്റാലിനും മുതല്‍ ഇങ്ങേ അറ്റത്ത് ഇ.എം.എസും പിണറായി വിജയനും വരെയുള്ളവരെ കുറ്റവിചാരണക്കു വിധേയരാക്കണം. അതു തുടങ്ങിവെക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം എം.പി പരമേശ്വരനുണ്ട്.
അറിവില്ലായ്മ കൊണ്ടല്ലാതെ ചെയ്ത ഒട്ടേറെ പാരിസ്ഥിതിക കുറ്റങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ തന്നെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. 1955 ല്‍ ഗംഗയെ മലിനീകരിക്കുന്ന ഫാക്ടറികള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന കര്‍ഷക സമരമാണ് ഗംഗാബച്ചോവോ ആന്ദോളന്‍. അത് നദീ സംരക്ഷണത്തിനായുള്ള ആദ്യ സമരം കൂടിയായിരുന്നു. നാലു വര്‍ഷത്തിനുശേഷം 1959 ല്‍ മാവൂരിലെ ചാലിയാര്‍ തീരത്ത് ഗ്രാസിം കമ്പനി സ്ഥാപിച്ചു. ഇ.എം.എസ്സായിരുന്നു അന്ന് മുഖ്യമന്ത്രി. 1962 ല്‍ റേച്ചല്‍ കഴ്‌സന്റെ നിശ്ശബ്ദ വസന്തം ലോകത്തെ ഞെട്ടിക്കുകയുണ്ടായി. 14 വര്‍ഷത്തിനു ശേഷം 1976 ല്‍ കാസര്‍ഗോഡന്‍ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പോള്‍ മുഖ്യമന്ത്രി അച്യുതമേനോന്‍. പ്ലാച്ചിമടയിലേക്ക് കോളക്കമ്പനി കൊണ്ടു വന്നത് ഇ.കെ.നായനാര്‍. 1970 കളില്‍ സൈലന്റ്‌വാലി പദ്ധതിക്കെതിരെയും 1980 കളില്‍ നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ പദ്ധതികള്‍ക്കെതിരെയും പ്രക്ഷോഭം തുടങ്ങി. പക്ഷേ 2018 ലും അതിരപ്പള്ളിക്കു വേണ്ടി പിണറായി സര്‍ക്കാര്‍ വാദിക്കുന്നു. ഇനിയുമേറെ ഉദാഹരണങ്ങളുണ്ട് പെരിങ്ങോം ആണവനിലയം, നീറ്റ ജലാറ്റിന്‍ കമ്പനി (കാതിക്കൂടം), പശ്ചിമ ഘട്ടസംരക്ഷണത്തിനായുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, എന്‍.എച്ച് വികസനം, ബൈപ്പാസ് നിര്‍മാണം, ഗ്യാസ്‌ലൈന്‍ പദ്ധതി, അനധികൃത ഭൂഖനനങ്ങള്‍ തുടങ്ങി പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതികള്‍ക്കെല്ലാം വേണ്ടി വാദിക്കുന്നത് ഇഎംഎസിന്റെ പിന്‍ഗാമികള്‍ തന്നെ ആണെന്നത് എംപിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തരമില്ല. ഈ അന്ധമായ വികസന പക്ഷംചേരല്‍ തന്നെയാണ് നാം നേരിടുന്ന മുഖ്യ പ്രതിസന്ധി. അതേ ഇഎംഎസിന്റെ അധരങ്ങളിലാണ് അധികാര വികേന്ദ്രീകരണത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും ഉടമാവകാശം തിരുകിവെക്കാന്‍ എം.പി.ശ്രമിക്കുന്നത്.
പെരിങ്ങോമില്‍ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം നടക്കുന്ന കാലം. കേരളത്തെ പോലെ ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ ആണവ നിലയം സാധ്യമല്ലെന്ന നിലപാടിലായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത്. ആണവനിലയമേ ആപത്തെന്ന നിലപാടിലായിരുന്നു മറ്റു പരിസ്ഥിതി പ്രവര്‍ത്തകര്‍. സിപിഎമ്മും സിഐടിയുവും ആണവനിലയ പ്രചാരകരായി രംഗത്തുവന്നു. പരിഷത്തിലും ഡിവൈഎഫ്‌ഐയിലും അംഗമായ ഒരു ചെറുപ്പക്കാരന്‍ ‘ചിന്ത’യിലെ ഇഎംഎസിനോടു ചോദിക്കാമെന്ന പംക്തിയിലേക്ക് ഒരു ചോദ്യം അയച്ചു:
‘ആണവ നിലയം ആപത്താണെന്ന് പരിഷത്തും തീപ്പെട്ടി പോലെ കൈകാര്യം ചെയ്യാമെന്ന് പാര്‍ട്ടിയും പറയുമ്പോള്‍ ഈ രണ്ടു സംഘടനകളിലും അംഗങ്ങളായ ഞങ്ങളെ പോലുള്ളവര്‍ എന്തു നിലപാട് സ്വീകരിക്കണം? ഇഎംഎസിനു യാതൊരു ആശയക്കുഴപ്പവുമുണ്ടായില്ല. പാര്‍ട്ടിയുടെ നിലപാടാണ് ശരി. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് പിന്തുടരുക. ഇ.എം.എസ് ഒരു ‘യഥാര്‍ഥ’ മാര്‍ക്‌സിസ്റ്റായതു കൊണ്ട് സംശയമേ ഉണ്ടായിരുന്നില്ല.
ആദ്യ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെ പിന്തുണക്കരുതെന്ന തന്റെ കത്ത് ഇ.എം.എസ്സിനു തക്ക സമയത്ത് കിട്ടാതെ പോയതും ഇഎംഎസ് പരീക്ഷണത്തെ പ്രകീര്‍ത്തിച്ചതും എംപി അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്താണ്? അഗാധ പാണ്ഡിത്യമുള്ള ഇഎംഎസിനു പരിസ്ഥിതിയുടെ രാഷ്ട്രീയം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അത് വ്യക്തിപരമായ ന്യൂനതയല്ലെന്നല്ലേ? ന്യൂനത മാര്‍ക്‌സിസത്തിന്റേതാണ്. ജനാധിപത്യം ദുര്‍ബലമാക്കുന്നതിലും മാക്‌സിസ്റ്റുകളുടെ പങ്കു ചെറുതല്ല. കേന്ദ്രീകൃത ജനാധിപത്യം (ഇലിൃേമഹശലെറ ഉലാീരൃമര്യ) എന്ന ലെനിന്റെ കണ്ടുപിടുത്തം മാര്‍ക്‌സിസത്തിലെ അവശേഷിക്കുന്ന സാധ്യത കൂടെ കളഞ്ഞു കുളിച്ചതായി കാണാം. കേന്ദ്രീകരിക്കപ്പെടുന്ന ഉദ്പാദനം എങ്ങിനെ അധികാര കേന്ദ്രീകരണത്തിനു കാരണമാകുന്നുവെന്ന് സൂചിപ്പിക്കാന്‍ എംപി ശ്രമിക്കുന്നുണ്ട്. ഒരു കാര്യം വ്യക്തമാണ് ജനാധിപത്യവും സോഷ്യലിസവും ആഗ്രഹിക്കുന്ന ഒരു നാഗരികതക്ക് മാര്‍ക്‌സിസം പോരാ. എംപി ഗാന്ധിയിലന്വേഷിക്കുന്നത് അതിനാലാണ്. കാലം ഗാന്ധിയിലും അവസാനിക്കുകയില്ലെങ്കിലും.
നിലവിലുള്ള എല്ലാ വഴികളും ഇരുട്ടിലേക്ക് അല്ലെങ്കില്‍ നാശത്തിലേക്കുള്ളതാണെങ്കില്‍ നിങ്ങളെന്തു ചെയ്യും? യാത്ര ഉപേക്ഷിക്കുമോ? ഇന്ത്യയിലിന്നു കാണുന്ന മൂന്നു രാഷ്ട്രീയ വഴികളെ ചൂണ്ടിയാണ് എസ് പി ഉദയകുമാര്‍ തന്റെ ‘ഗ്രീന്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ എന്ന പുസ്തകം ആരംഭിക്കുന്നത്. ഒരു പുസ്തകം എന്നതിനപ്പുറം ഹരിത രാഷ്ട്രീയത്തിന്റെ പ്രകടന പത്രിക എന്നു നമുക്കതിനെ വിശേഷിപ്പിക്കാം. വലത്-ഇടത്-മധ്യ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ ഒരേ ലക്ഷ്യത്തിലേ എത്തുകയുള്ളു എന്ന തന്റെ നിരീക്ഷണമാണ് ഉദയകുമാര്‍ ആദ്യ ഭാഗത്ത് വായനക്കാരോട് പങ്കു വെയ്ക്കുന്നത്. മുഖ്യമായ മൂന്നു ധാരയ്ക്കു പുറമെ ഇവയുടെ തന്നെ ഉത്പന്നമായ ഒരു നാലാംകൂട്ടരുമുണ്ട്. അവസരവാദികളുടേതായ ചില കൂട്ടുചേരലുകള്‍. അവര്‍ ഇടത്തോട്ടോ വലത്തോട്ടോ എപ്പോള്‍ വേണമെങ്കിലും ചാഞ്ഞു നില്‍ക്കും. തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ നിലപാടാണ് എന്തു ചെയ്യണമെന്ന് അവരെക്കൊണ്ടു തീരുമാനമെടുപ്പിക്കുന്നത്.
വലതുപക്ഷത്ത് കടുത്തത് ഇന്ന് ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന തീവ്ര ഹിന്ദുത്വം തന്നെയാണ്. ബിജെപിയുടെ രൂപത്തില്‍ സംഘപരിവാര്‍ നിയന്ത്രിക്കുന്ന അവര്‍ ഇരുണ്ട മധ്യകാലത്തെ പുനഃസ്ഥാപിക്കുന്നതിലാണ് ഭാവിയെ കാണുന്നത്. അവര്‍ വളരാവുന്നതിന്റെ പരമാവധിയിലെത്തി കഴിഞ്ഞിരിക്കുന്നു. അവരുയര്‍ത്തുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം ഹിന്ദുക്കളില്‍ തന്നെ മടുപ്പുളവാക്കിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ തീവ്ര വലതുപക്ഷത്തിന്റെ ഭാവി മങ്ങിയിരിക്കയാണ്.
അടുത്ത വഴി ചൂണ്ടുന്നത് കമ്യൂണിസ്റ്റുകളാണ്. ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുന്ന ഇടതു സഖാക്കള്‍ക്ക് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഒരു ‘റോളും’ നിര്‍വഹിക്കാനാവില്ല. ലോക കമ്യൂണിസമെന്ന ചിന്ത പോലും ഇപ്പോള്‍ ആരും ഉയര്‍ത്താറില്ല. ആഗോള വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടു പോയതിനാല്‍ അവര്‍ക്ക് ബദലിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. രാഷ്ട്രീയത്തില്‍ വലിയ വലിയ ആദര്‍ശങ്ങള്‍ പറയുകയും പ്രവൃത്തിയില്‍ കേവലം ‘വികസനവാദികള്‍’ ആയിത്തീരുകയുമാണവര്‍. ഇപ്പോള്‍ അവരുടെ സാന്നിദ്ധ്യം പത്രക്കുറിപ്പു രാഷ്ട്രീയത്തിനപ്പുറം ഇല്ലാതെയായിക്കഴിഞ്ഞിരിക്കുന്നു
മധ്യ മാര്‍ഗക്കാര്‍, പേരു സൂചിപ്പിക്കുന്നതു പോലെ, ഇവിടെയുമല്ല അവിടെയുമല്ല എന്ന സ്ഥിതിയിലാണ്. പ്രധാനമായും കോണ്‍ഗ്രസ് പാര്‍ട്ടി. നാമകപ്പെട്ടിരിക്കുന്ന ഇന്നത്തെ രാഷ്ട്രീയ ദുസ്ഥിതിയുടെ പൂര്‍ണ ഉത്തരവാദികള്‍ അവരാണ്. പുതിയ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അഭാവത്തില്‍ സ്വാഭാവിക മരണം വിധിക്കപ്പെട്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് കോണ്‍ഗ്രസ്. ജനതാപരിവാറിനേയും ഇക്കൂട്ടത്തില്‍ പെടുത്താം. പരസ്പരം മത്സരിച്ചും കുതികാല്‍വെട്ടിയും ഒടുങ്ങാനാണ് അവരുടെ വിധി.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് നിലവിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യയുടെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ അതിജീവനത്തിനു സഹായകരമല്ലെന്നാണ് ഉദയകുമാര്‍ വിലയിരുത്തുന്നത്. ഇത്തരം വിലയിരുത്തല്‍ പുത്തനല്ല. എന്നാല്‍ ഒരു ബദല്‍ രാഷ്ട്രീയാന്വേഷണത്തിനു അദ്ദേഹം തയ്യാറാകുന്നു. എല്ലാ വഴികളും നാശത്തിലേക്കാണെന്നു ബോധ്യമായാല്‍ പുതു വഴി വെട്ടണം. ജനങ്ങള്‍ ഒരുമിക്കുകയും പുതിയ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കാനും പുതിയ രാഷ്ട്രീയതത്വ ചിന്തകളും പുതിയ ധാര്‍മിക വഴികളും ഉള്‍ക്കൊളളാനും ഒരുങ്ങണം.
ആഗോള വിപണിയെ ആശ്രയിക്കുകയും അതിന്റെ വികസന പരിപ്രേക്ഷ്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തു കൊണ്ട് പുതിയ ലോകത്തെ സൃഷ്ടിക്കാനാവില്ല. വര്‍ഗീയതക്കും വംശീയതക്കും ലിംഗ വിവേചനത്തിനും എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ ചിതറിയ മുന്നേറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുപോലെ ഭ്രാന്തമായ വികസനത്തിന്റെ മാതൃകകളായ ഡാമുകള്‍ക്കും ആണവ പദ്ധതികള്‍ക്കുമെതിരെ ജനകീയ ചെറുത്തു നില്‍പ്പുകളുമുണ്ട്. ഇത്തരം ചെറുത്തുനില്‍പ്പുകളില്‍ സ്ത്രീകളുടേയും വിദ്യാര്‍ഥികളുടേയും കൂട്ടങ്ങളും ഗാന്ധിയന്മാരും തൊഴിലാളികളും കര്‍ഷകരും മാധ്യമ പ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരും നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ബാനറുകളിലും അല്ലാതെയും അണി നിരക്കുന്നുമുണ്ട്. ഇങ്ങനെ രൂപപ്പെട്ടുവരുന്ന ജനകീയ ബദലുകളില്‍നിന്ന് പാരിസ്ഥിതിക അവബോധത്തോടെ വിഭാഗീയതകളെ മറന്നുകൊണ്ടുള്ള ഒരു മുന്നേറ്റമുണ്ടായേ തീരൂ. ഇത് ഒരു ദേശത്തിന്റെയോ രാജ്യത്തിന്റെയോ അതിര്‍ത്തിയില്‍ ഒതുങ്ങുന്നതാവില്ല. ലോകത്താകെ സമാധാനവും നീതിയും നടപ്പാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു ഐക്യ നിരയായിരിക്കുമത്. എന്നാല്‍ അത് ഒരു ആഗോള സംഘടനയാവില്ല. പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്നതും ദേശീയതയുടേയും അന്തര്‍ദേശീയതയുടേയും അതിരുകള്‍ക്കപ്പുറത്തേക്ക് കൈകള്‍ നീട്ടുന്നതുമാകും. ഹരിത രാഷ്ട്രീയം പാരിസ്ഥിതിസൗഹൃദ വികസന പരിപ്രേക്ഷ്യം ഉള്‍ക്കൊള്ളുന്നതും പൗരാവകാശങ്ങളേയും പങ്കാളിത്ത ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും ന്യൂനപക്ഷാവകാശങ്ങളേയും പരിഗണിച്ചുള്ളതുമായിരിക്കും.
രാഷ്ട്രീയക്കാരും ഡയപ്പറുകളും മാറ്റപ്പെടുന്നില്ലെങ്കില്‍ രോഗം പിടിക്കുമെന്ന് പറയാറുണ്ട്. നമ്മുടെ രാജ്യത്ത് നിലവിലുള്ള ജീര്‍ണിച്ച നേതൃത്വത്തെ മാറ്റാനുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം അടിയന്തിരമായും ഉണ്ടാകണം. അല്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുകയും പകര്‍ച്ച വ്യാധിയാകുകയും ചെയ്യും.
ആരാണ് ഈ മാറ്റത്തിനു നേതൃത്വം നല്‍കുക? പുതിയ ജനുസ്സിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ (രാഷ്ട്രീയക്കാരെയല്ല) അടിയന്തിരമായി സൃഷ്ടിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ പുറന്തള്ളിയാണ് നാം സ്വാതന്ത്ര്യം നേടിയതെങ്കില്‍ ഇന്ന് നിരവധി ഈസ്റ്റിന്ത്യാ കമ്പനികളുടെ കൈപ്പടിയിലൊതുങ്ങിയിരിക്കയാണു നമ്മുടെ രാജ്യം. ഒരിക്കല്‍ ധീരമായി ബ്രിട്ടീഷ് സാമ്രാജ്യത്തത്തെ പൊരുതി തോല്‍പ്പിച്ച നാം ഇന്ന് സ്വമേധയാ അമേരിക്കയുടെ നേതൃത്തിലുള്ള സാമ്രാജ്യത്ത ശക്തികളെ കെട്ടിപ്പുണരുന്നു. ഫലമോ, കൂടുതല്‍ കോളനീകരിക്കപ്പെടുകയും കൂടുതല്‍ വ്യവസായവത്കരിക്കപ്പെടുകയും കൂടുതല്‍ മലിനീകരിക്കപ്പെടുകയുമാണ്. സമ്പത്ത് ധനികര്‍ക്കും ദുരിതങ്ങള്‍ പാവങ്ങള്‍ക്കുമായി വിതരണം ചെയ്യപ്പെടുമ്പോള്‍ സംഘടിക്കുകയല്ലാതെ മറ്റെന്താണു ചെയ്യാനുള്ളത്?
വരേണ്യരായ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെയാണ് ഭരണാധികാരികള്‍ വികസന പരിപ്രേക്ഷ്യങ്ങള്‍ രൂപീകരിക്കുന്നതെന്ന് ഉദയകുമാര്‍ ആരോപിക്കുന്നു. വലിയ ഡാമുകളും വന്‍കിട തുറമുഖങ്ങളും ആണവ നിലയങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും നിര്‍മിച്ച് ഇന്ത്യയെ ഒരു ‘സൂപ്പര്‍ പവര്‍’ ആക്കിക്കൊടുക്കാമെന്ന് അവര്‍ ഭരണവര്‍ഗത്തെ പ്രലോഭിപ്പിക്കുന്നു. അബ്ദുള്‍ കലാമിനെ ഉദയകുമാര്‍ പേരെടുത്തു വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ വലയില്‍ വീണു കഴിഞ്ഞിട്ടുണ്ട്. ഹരിത രാഷ്ട്രീയം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വന്‍കിട രീതിയിലുള്ള വികസനത്തെ തള്ളുകയും ജനകീയവും സ്വാശ്രിതവുമായ ഒരു വികസന വഴിയെ ബദലായി അവതരിപ്പിക്കുകയുമാണ്. മുമ്പും ഹരിതരാഷ്ട്രീയ അന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജര്‍മ്മനിയിലെ ഗ്രീന്‍ പാര്‍ട്ടിയെ പോലെ. എന്നാല്‍ അതിന്റെ അനുകരണമെന്നതിനപ്പുറത്തേക്കുള്ള പാരിസ്ഥിതിക ചിന്തകളാണ് ഉദയകുമാര്‍ മുന്നോട്ടു വെയ്ക്കുന്നത്. അത് യൂറോപ്യന്‍ അന്വേഷണങ്ങളില്‍ നിന്നും വ്യതിരിക്തമാണ്. എന്നാല്‍ പെട്രാകെല്ലിയുടേതടക്കം യൂറോപ്യന്‍ അനുഭവങ്ങളെ പരിഗണിക്കുന്നുമുണ്ട്. കമ്യൂണിസവും മുതലാളിത്തവും സ്വീകരിച്ചു പോരുന്ന ആധുനിക നാഗരികതയുടെ വഴികളെ അദ്ദേഹം നിരാകരിക്കുന്നു. അങ്ങനെ കേരളത്തിലെ വ്യവസ്ഥാപിത പരിസ്ഥിതിവാദികളില്‍ നിന്നും ഉദയകുമാര്‍ തികച്ചും വ്യത്യസ്തനാകുന്നു.
ഗാന്ധിയുടെ ഹിന്ദ് സ്വരാജിന്റെ ഹരിത വായനയിലൂടെയാണ് ഉദയകുമാര്‍ പുതിയ ലോകത്തിനുതകുന്ന ഒരു പ്രത്യയശാസ്ത്രത്തെ അന്വേഷിക്കുന്നത്. അതാകട്ടെ ഗാന്ധിയന്‍മാര്‍ കാലാകാലമായി വായിച്ചു പോരുന്ന രീതിയിലല്ല. ”ഹരിത രാഷ്ട്രീയ ചിന്തകള്‍ യന്ത്രങ്ങളെ വിമര്‍ശന വിധേയമാക്കുന്നു. യാന്ത്രിക വ്യാവസായവത്കരണ വാദം ഗ്രാമ സമൂഹങ്ങളെ നശിപ്പിക്കുകയും അതിന്റെ തനതു സവിശേഷതകളെ ഇല്ലാതാക്കുകയും ചെയ്യും. എന്നിരുന്നാലും യന്ത്രങ്ങളും സാങ്കേതിക വിദ്യയും തിന്മയുടെ സന്തതികളാണെന്ന ഗാന്ധിയുടെ നിലപാടിനോട് വിയോജിക്കുകയും ചെയ്യുന്നു എന്നു പറയുന്നതിലൂടെ വ്യവസ്ഥാപിത ഗാന്ധിയന്മാരോട് ഒരു അകലം പാലിക്കാന്‍ ഉദയകുമാര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ പ്രത്യക്ഷത്തില്‍ ഗാന്ധി സാങ്കേതിക വിദ്യക്കും യന്ത്രങ്ങള്‍ക്കും പൂര്‍ണമായും എതിരായിരുന്നുവെന്ന ഒരു തോന്നല്‍ സൃഷ്ടിക്കപ്പെടാന്‍ ഇതു കാരണമായേക്കും. റൊമെയ്ന്‍ റോളണ്ടുമായുള്ള സംഭാഷണത്തില്‍ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. മനുഷ്യന്റെ കൈകള്‍ക്ക് നീളം കൂട്ടുന്ന അഥവാ അധ്വാനത്തിന്റെ ആയാസം കുറയ്ക്കുന്ന യന്ത്രങ്ങളെ താന്‍ ഇഷ്ടപ്പെടുന്നു എന്നു ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉദ്പാദന ശക്തികളുടെ തുടര്‍ച്ചയായ പുതുക്കലിലൂടെ മനുഷ്യന്റെ കൈകളെ ‘വെട്ടിമാറ്റുന്ന’ ആധുനിക വ്യവസായ നാഗരികതയെ അദ്ദേഹം അതിനിശിതമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. മുതലാളിത്തത്തെ എന്നല്ല ആധുനിക നാഗരികതയെ എന്ന് പറയുന്നതിലൂടെ കമ്യൂണിസത്തേയും ഗാന്ധി നിരാകരിക്കുന്നു. എന്നാല്‍ ചര്‍ക്കയുണ്ടാക്കാന്‍ ഉരുക്കു വേണമെന്നും അതിനുവേണ്ടി പൊതു ഉടമയില്‍ വന്‍കിട ഉരുക്കു നിര്‍മാണ ശാലകള്‍ സ്ഥാപിക്കണമെന്നു കൂടെ പറഞ്ഞത് ചേര്‍ത്തു വായിച്ചാല്‍ ഗാന്ധിയുടെ നിലപാട് വ്യക്തം. സാങ്കേതിക വിദ്യയുടേയും ഉദ്പാദന ശക്തികളുടേയും ജനാധിപത്യവത്കരണത്തെയാണ് ചര്‍ക്ക പ്രതിനിധാനം ചെയ്യുന്നത്. ചെറുകിട യന്ത്രസാങ്കേതികത എന്ന് ഡോ.ലോഹ്യയും സമുചിത സാങ്കേതിക വിദ്യ എന്ന് മധ്യലിമായേയും ചര്‍ക്കയുടെ രാഷ്ട്രീയത്തെ വികസിപ്പിച്ചിട്ടുണ്ടെന്നത് ഉദയകുമാര്‍ ശ്രദ്ധിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. പക്ഷേ ഇവര്‍ക്കുശേഷം 1973 ല്‍ ഇ.എഫ് ഷൂമാക്കര്‍ എഴുതിയ ചെറുതത്രെ മനോഹരം (ടാമഹഹ ശ െയലമൗശേളൗഹ) എന്ന പുസ്തകം എല്ലാവരേയും പോലെ അദ്ദേഹത്തേയും സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇന്ത്യയിലെ അക്കാദമിക സമൂഹം ഷൂമാക്കറിലൂടെയാണ് ഗാന്ധിയെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതെങ്കില്‍ അവരില്‍നിന്ന് വ്യത്യസ്തനായി ഉദയകുമാര്‍ ഗാന്ധിചിന്തയുടെ വിവിധ വശങ്ങളെ പരിശോധിക്കുന്നതിന് മൗലികമായ ഒരു രീതി അവലംബിച്ചിട്ടുണ്ട്. ചര്‍ക്കയ്ക്ക് സാമ്പത്തിക ചിന്തകള്‍ക്കപ്പുറം രാഷ്ട്രീയ-പാരിസ്ഥിതിക-ധാര്‍മിക വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ശ്രമിച്ചതില്‍നിന്ന് അത് വ്യക്തമാകുന്നു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന ഒട്ടേറെപേര്‍ കേരളത്തിലുണ്ട്. സൈലന്റ് വാലിക്കെതിരെയുള്ള സമരം വിജയ പ്രാപ്തിയിലെത്തിയതിനുശേഷം പരിസ്ഥിതി പ്രവര്‍ത്തകനാണെന്നു സ്വയം പരിചയപ്പെടുത്തുന്നതില്‍ ഒരു മാന്യത കൂടെ കൈവന്നിട്ടുണ്ട്. പ്ലാച്ചിമടയിലേക്കും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്ത പ്രദേശത്തേക്കും കാതിക്കുടത്തേക്കും, എന്തിനേറെ കൂടങ്കുളത്തേക്കും നര്‍മ്മദയിലേക്കും വരെ കേരളത്തിലെ ആക്ടിവിസ്റ്റുകള്‍ ഐക്യദാര്‍ഢ്യവുമായി ചെല്ലാറുമുണ്ട്. എന്നാല്‍ മെട്രോ റെയില്‍, വിഴിഞ്ഞം പോര്‍ട്ട്, ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ദേശീയ പാതാവികസനം, കീഴാറ്റൂര്‍, നഗരമാലിന്യ സംസ്‌കരണ പ്രശ്‌നം, പെപ്‌സികോള, ആദിവാസി- ദളിത് ഭൂമി പ്രശ്‌നം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഇതേ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പൊതുവായ നിലപാട് എടുക്കാന്‍ കഴിയുന്നില്ല. ഈ വിഷയങ്ങളെല്ലാം പരസ്പര പൂരകങ്ങളാണെന്നും നമ്മുടെ വികസന നയത്തിന്റെ സൃഷ്ടികളാണെന്നും ഓരോന്നായി അടര്‍ത്തിയെടുത്ത് പരിഹാരം കാണാവുന്നതല്ലെന്നുമുള്ള തിരിച്ചറിവാണ് ‘ഗ്രീന്‍ പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിലൂടെ ഉദയകുമാര്‍ പ്രകടിപ്പിക്കുന്നത്.
ഒരു ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഉദയകുമാര്‍ കന്യാകുമാരിയില്‍ മത്സരിച്ചത്. അതിനു മുമ്പേ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ടായിരുന്നു. ഗ്രീന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (കന്യാകുമാരി). ലോകം ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രാദേശികമായി അല്ലെങ്കില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍നിന്ന് പരിഹാരം കാണാന്‍ കഴിയില്ലെന്ന് ഉദാഹരണസഹിതം പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ കന്യാകുമാരിക്കായി ഒരു പാര്‍ട്ടിയോ എന്ന് വായനക്കാര്‍ നെറ്റി ചുളിച്ചേക്കും. അതിനും ഗാന്ധിയിലൂടെയാണ് ഉദയകുമാര്‍ മറുപടി പറയുന്നത്. സ്വതന്ത്രനായ മനുഷ്യനേ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനായി പൊരുതാനാവൂ. മനുഷ്യന്‍ സ്വതന്ത്രനാകുന്നത് അങ്ങേയറ്റം വികേന്ദ്രീകരിക്കപ്പെടുന്ന അധികാര ഘടനയുള്ളിടത്തു മാത്രമാണ്. അവിടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നേരിട്ടു പങ്കാളിയാകുന്നു. അങ്ങനെയുള്ള ലക്ഷക്കണക്കിന് പങ്കാളിത്ത ജനാധിപത്യ കൂട്ടങ്ങളുടെ സംഘാതമായി മാത്രമേ ലോകത്ത് ശാന്തിയും സമാധാനവുമുള്ള സ്വതന്ത്രരായ മനുഷ്യരെ സൃഷ്ടിക്കാനാകൂ. ഇന്നത്തെ ലോകത്തിന്റെ അവസ്ഥയില്‍ അതായത് നിലവിലുള്ള നാഗരികതയ്ക്ക് അത്ര വികേന്ദ്രീകരിക്കപ്പെട്ട രൂപത്തില്‍ നിലനില്‍ക്കാനാകുമോ? അല്ലെങ്കില്‍ ഇന്നത്തെ നാഗരികതയുടെ ഭാഗമായി ജീവിച്ചുകൊണ്ട് വികേന്ദ്രീകരണം എത്രത്തോളമാകാം? കൂടുതല്‍ വിശദീകരണം ആവശ്യമായ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം.
ദേശീയ രാഷ്ട്രീയത്തോടും ഉദയകുമാര്‍ മുഖം തിരിക്കുന്നില്ല. എ.എ.പിയുടെ ഭാഗമായി മത്സരിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായ മേധാപട്കറുടെ തീരുമാനത്തെ അഭിനന്ദിച്ചു പിന്തുണക്കാനും ഉദയകുമാര്‍ തയ്യാറായി. മേധാപട്കറുമായുള്ള ഒരു അഭിമുഖവും അവര്‍ക്കെഴുതിയ ഒരു കത്തും പുസ്തകത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.
സമരങ്ങളിലൂടെയേ നീതിപൂര്‍വമായ ഒരു സാമൂഹ്യക്രമം സൃഷ്ടിക്കാനാകൂ എന്ന് ഉദയകുമാര്‍ എടുത്തു പറയുന്നുണ്ട്. മാര്‍ഗവും ലക്ഷ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗാന്ധിയന്‍ കാഴ്ചയെ പൂര്‍ണമായി സ്വീകരിക്കുകയും ചെയ്യുന്നു. കൂടങ്കുളത്ത് നടന്ന സമരത്തിലൊരിക്കലും ജനങ്ങളെ അക്രമസക്തരാകാന്‍ അനുവദിച്ചിരുന്നില്ല. ഓരോ സമര പോരാളിയേയും കുഞ്ഞുങ്ങളെയടക്കം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ആശയവ്യക്തത വരുത്തിയായിരുന്നു ആ സമരം മുന്നോട്ടുപോയത്. ഇപ്പോള്‍ തമിഴ്‌നാട് മറ്റൊരു സമരത്തിനു സാക്ഷ്യം വഹിക്കുകയാണ്, തൂത്തുക്കുടിയിലെ സ്റ്റെര്‍ലെറ്റ് വിരുദ്ധ പ്രക്ഷോഭം. സമര ശൈലിയില്‍ വ്യത്യാസം വരികയും വെടിവെപ്പുണ്ടാവുകയും 13 പേര്‍ മരിക്കാനിടയാവുകയും ചെയ്തു. രാജ്യത്തിന്റെ ശ്രദ്ധ കൂടുതലായി ലഭിച്ചു എന്നാണ് സമരശൈലി മാറ്റിയവര്‍ പറയുന്നത്. എന്നാല്‍ ആത്യന്തികമായ പരിഹാരത്തിന് സത്യാഗ്രഹ സമരം തന്നെയേ നിവൃത്തിയുള്ളൂ എന്ന നിലപാടാണ് ഉദയകുമാറിനുള്ളത്. ഹിംസയുടെ എല്ലാ രൂപങ്ങളോടും അദ്ദേഹം വിയോജിക്കുന്നു. സ്റ്റേറ്റ് ആയാലും സമര പോരാളികളായാലും ഹിംസ മാര്‍ഗമായി സ്വീകരിക്കരുതെന്നും അത് പ്രാകൃതമാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
താത്കാലിക ജനപ്രിയതയെ തെല്ലും ഗൗനിക്കാന്‍, ഉദയകുമാര്‍ തയ്യാറല്ല. ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തില്‍ ഉദയകുമാറിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും അത്ര പെട്ടെന്ന് സ്വീകാര്യമായിത്തീരില്ല. കൂടങ്കുളം സമരത്തോടുള്ള സമീപനം നാം കണ്ടതാണ്. സമരത്തെ എതിര്‍ക്കുന്നതില്‍ ഹിന്ദുത്വ തീവ്രവാദികളും കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും ദ്രാവിഡ കക്ഷികളും ഉണ്ടായിരുന്നു. കൂടങ്കുളത്തേക്കുള്ള യാത്ര പാതിവെച്ചു ഉപേക്ഷിക്കേണ്ടിവന്ന വിഎസ്സിന്റെ കഥയും നമുക്കറിയാം. സംഘപരിവാറാകട്ടെ ഉദയകുമാറില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റേയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേയും സ്വാധീനം ആരോപിക്കുകയും ഉണ്ടായി. ഇന്ത്യയുടെ വളര്‍ച്ചയെ പരാജയപ്പെടുത്താന്‍ സാമ്രാജ്യത്ത ശക്തികള്‍ പണം കൊടുത്തു സമരങ്ങള്‍ നിര്‍മിച്ചെടുക്കുകയാണെന്നാണ് അവരുടെ പ്രചാരണം. രാജ്യദ്രോഹി എന്നുവരെ അദ്ദേഹത്തെ അധിക്ഷേപിച്ചു. കേരളത്തില്‍ ഇടതുപക്ഷവും, വലതുപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരെ കുറച്ചു മയപ്പെടുത്തി വികസനവിരുദ്ധര്‍ എന്നാണ് വിളിച്ചു പോരുന്നത്. ‘ഈ കെട്ട മിന്‍സാരം വേണ്ടെന്ന് ശൊല്ലൂ’ എന്ന കൂടങ്കുളത്തെ കുഞ്ഞുങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ഥനയോട് നമ്മുടെ ഇടതു-വലതു പക്ഷങ്ങള്‍ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. അത്ര ശക്തമാണ് ആധുനിക നാഗരികതയുടെ സ്വാധീനം എന്നര്‍ഥം. അടിസ്ഥാന രാഷ്ട്രീയ ബോധമില്ലാത്തവരെ അത് മാനസിക കോളനീകരണത്തിനു വിധേയമാക്കും. അപ്പോള്‍ തങ്ങള്‍ അടിമകളാണെന്നറിയാതെയും സാമ്രാജ്യത്തത്തിനു പാദസേവ ചെയ്യുകയാണെന്ന തിരിച്ചറിവില്ലാതെയും ശത്രുവിനോട് ചേര്‍ന്നു നില്‍ക്കും.
ആത്മാവിനെ സ്വതന്ത്രമാക്കുക എന്നതായിരുന്നു ഗാന്ധിയുടെ രാഷ്ട്രീയ നിയോഗം. യാതൊന്നിനും കീഴടങ്ങാതെ ഭീരുത്വത്തെ സത്യം കൊണ്ട്, അനീതിയെ അഹിംസ കൊണ്ട് കീഴടക്കാനാണ് ഗാന്ധി പരിശീലിപ്പിച്ചത്. ഉദയകുമാര്‍ ഗാന്ധിയെ സ്വീകരിക്കുകയും മാര്‍ക്‌സിനെ നിരാകരിക്കുകയും ചെയ്യുന്നു. മാര്‍ക്‌സിനെ നിരാകരിക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. അക്കാദമിക വരേണ്യത ഇന്നും കല്‍പ്പിച്ചു നല്‍കപ്പെടുന്നത് മാര്‍ക്‌സിസത്തിനാണ്. അതിനാല്‍ അത്രമേല്‍ അപ്രിയനാകാന്‍ ധൈര്യമുള്ള ഒരാള്‍ക്കേ അതിനു കഴിയൂ. എം.പി. പരമേശ്വരനില്‍ നിന്നും ഈ ധീരത നമ്മള്‍ ആഗ്രഹിക്കുന്നു. കേരള സമൂഹത്തില്‍ ഗുണകരമായ ചലനം സൃഷ്ടിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതാവു കൂടിയായ അദ്ദേഹത്തിനു കഴിയും. എം.പി, ചരിത്രത്തിന്റെ വിളി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

പാഠഭേദം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply