ഉരുട്ടികൊല വിധി നല്‍കുന്ന സന്ദേശം

കേരളചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു വിധി. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ലോക്കപ്പിലിട്ട് ഉരുട്ടികൊന്ന പോലീസുകാര്‍ക്ക് വധശിക്ഷ. സിബിഐ പ്രതേക കോടതിയാണ് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഈ സുപ്രധാനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ച്ചയായും വധശിക്ഷ ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല എന്നതില്‍ സംശയമൊന്നുമില്ല. നിയമപാലകരായ പോലീസുകാരുടെ അതിക്രൂരമായ നിയമലംഘനത്തിനാണ് ശിക്ഷ എന്നതു ശരി തന്നെ. അപ്പോഴും വധശിക്ഷ ന്യായീകരിക്കപ്പെടുന്നില്ല. ആ വിഷയം നിലനില്‍ക്കുമ്പോഴും തിരിച്ചടിക്കില്ല എന്നറപ്പുള്ള നിസ്സഹായരായ മനുഷ്യരെ തല്ലിയും ഉരുട്ടിയും കൊല്ലുന്നവര്‍ നിസ്സാരമായി കൈകഴുകി വരുന്ന സ്ഥിരം പരിപാടി ഇതോടെ അവസാനിക്കുമെങ്കില്‍ […]

pp

കേരളചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു വിധി. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ ലോക്കപ്പിലിട്ട് ഉരുട്ടികൊന്ന പോലീസുകാര്‍ക്ക് വധശിക്ഷ. സിബിഐ പ്രതേക കോടതിയാണ് ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഈ സുപ്രധാനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ച്ചയായും വധശിക്ഷ ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല എന്നതില്‍ സംശയമൊന്നുമില്ല. നിയമപാലകരായ പോലീസുകാരുടെ അതിക്രൂരമായ നിയമലംഘനത്തിനാണ് ശിക്ഷ എന്നതു ശരി തന്നെ. അപ്പോഴും വധശിക്ഷ ന്യായീകരിക്കപ്പെടുന്നില്ല. ആ വിഷയം നിലനില്‍ക്കുമ്പോഴും തിരിച്ചടിക്കില്ല എന്നറപ്പുള്ള നിസ്സഹായരായ മനുഷ്യരെ തല്ലിയും ഉരുട്ടിയും കൊല്ലുന്നവര്‍ നിസ്സാരമായി കൈകഴുകി വരുന്ന സ്ഥിരം പരിപാടി ഇതോടെ അവസാനിക്കുമെങ്കില്‍ അതായിരിക്കും ഈ വിധിയുടെ ചരിത്രപരമായ പ്രാധാന്യം.

നിലവില്‍ സര്‍വീസിലിരിക്കുന്ന രണ്ടു പേര്‍ക്കാണ് 13 വര്‍ഷത്തിനുശേഷം വധശിക്ഷ ലഭിച്ചിരിക്കുന്നത്. പോലീസുകാര്‍ പ്രതികളാകുമ്പോള്‍ ഭയപ്പെട്ട് സാക്ഷികള്‍ കൂറുമാറുന്നത് സ്ഥിരം സംഭവമാണല്ലോ. അങ്ങനെയാണ് അവര്‍ മിക്കവാറും രക്ഷപ്പെടുന്നത്. അക്കാര്യവും കോടതി പരിശോധിച്ചു എന്നത് സ്വാഗതാര്‍ഹമാണ്. വിചാരണ വേളയില്‍ കൂറുമാറിയ പ്രധാന സാക്ഷി സുരേഷിനെതിരെ വേണമെങ്കില്‍ നടപടി സ്വീകരിക്കാമെന്ന് കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. സിബിഐ അതു ചെയ്യുകതന്നെ വേണം. അതും ഭാവിയിലേക്കൊരു താക്കീതാകും. കഴിഞ്ഞില്ല. കള്ളക്കേസും വ്യാജരേഖകളും ഉണ്ടാക്കുന്ന പോലീസിന്റെ സ്ഥിരം നടപടിക്കെതിരേയും കോടതി വിരല്‍ ചൂണ്ടുന്നു. ഉദയകുമാറിന്റേത് അന്യായ കസ്റ്റഡി ആണെന്നത് ഒഴിവാക്കാന്‍ മോഷണക്കുറ്റം ചുമത്താനായി പോലീസ് വ്യാജരേഖ ഉണ്ടാക്കിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഉദയകുമാര്‍ മരിച്ചശേഷമാണ് മോഷണക്കുറ്റം ചുമത്തിയതെന്നും മൃതദേഹത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സത്യത്തില്‍ ആക്രി പെറുക്കി വിറ്റുകിട്ടിയതും അമ്മ തന്നതുമായ പണമായിരുന്നു ഉദയകമാറിന്റഎ കൈവശമുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാധ്യമങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ആള്‍മാറാട്ടം നടത്തിയതും വിവാദമായിരുന്നു. ഇതിനു ചുക്കാന്‍ പിടിച്ച ഓഫീസറും അച്ചടക്ക നടപടി നേരിട്ടിരുന്നു. ഇത്തരത്തില്‍ വളരെ പ്രാധാന്യമുള്ള സംഭവങ്ങളാണ് ഈ കേസുമായി ബന്ധപ്പെട്ട് നടന്നത്. ഇതിനേക്കാളെല്ലാമുപരി മകന്റെ മരണത്തില്‍ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വൃദ്ധയായ അമ്മ നടത്തിയ പോരാട്ടമാണ് ഇതോടെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്.
ആരേയും ലോക്കപ്പിലിട്ടു മര്‍ദ്ദിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന പോലീസിന്റെ ധാരണ അവസാനിക്കാന്‍ സഹായകരമാകുമെങ്കില്‍ അതായിരിക്കും ഈ വിധിയുടെ ചരിത്രപരമായ പ്രസക്തി. അടുത്തയിടെ ഇത്തരം സംഭവങ്ങള്‍ നിരവധിയായി ആവര്‍ത്തിക്കപ്പെടുകയാണ്. ഈ മന്ത്രിസഭ വന്നതിനുശേഷവും നിരവധി പേര്‍ പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചിട്ടുണ്ട്. ഏറെവിവാദമായ ശ്രീജിത്ത് വധം ഒരു ഉദാഹരണം മാത്രം. പോലീസ് കംപ്ലെയന്റ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ വര്‍ദ്ധിച്ചുവരുന്ന പോലീസ് അതിക്രമങ്ങളെ പറ്റി പലവട്ടം പറഞ്ഞു കഴിഞ്ഞു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ല എന്നു പറയാതെ വയ്യ. മാത്രമല്ല, പലപ്പോഴും ആത്മവീര്യത്തെ പറ്റി പറഞ്ഞ് മുഖ്യമന്ത്രിതന്നെ പലപ്പോഴും പോലീസതിക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കുകയാണ്. അടിയന്തരാവസ്ഥകാലത്ത് തനിക്കേറ്റ ലോക്കപ്പ് മര്‍ദ്ദനത്തെ രാഷ്ട്രീയ മൂലധനമാക്കിയ ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒന്നാണ് അത.് അതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പിണറായി ചെയ്ത പ്രസിദ്ധമായ പ്രസംഗത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഒരു പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാന്‍ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് സള്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കുമാത്രം അല്ലെങ്കില്‍ കണ്ണൂര്‍ ഡിഎസ്പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഒരിക്കലുമല്ല..’ അതുതന്നെയാണ് ശരി. സംരക്ഷണം കിട്ടുമെന്ന ഉറപ്പാണ് പോലീസിന് ഇ്‌രയും ധൈര്യം നല്‍കുന്നത്. അതില്ലാതാകാനെങ്കിലും ഈ വിധി സഹായിച്ചാല്‍ നന്ന്.
എന്തായാലും പ്രതികള്‍ കുറ്റക്കാരാണെന്ന കഴിഞ്ഞ ദിവസത്തെ കോടതിവിധിക്കുശേഷം മുഖ്യമന്ത്രി നിലപാട് മാറ്റിയിട്ടുണ്ട്. ഇന്നലെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. ‘ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടേ പോലീസ് മനുഷ്യാവകാശ ലംഘകരാകുന്നു. മൂന്നാംമുറ, അഴിമതി അന്യായതടങ്കല്‍ എന്നിവ മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് ജനാധിപത്യ ഭരണക്രമത്തിന് യോജിച്ചതല്ല. ഇതെല്ലാം ഒഴിവാക്കി പോലീസിനെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കും. വേലിതന്നെ വിളവ് തിന്നുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല.’ പറയുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ കേരളമത് സ്വാഗതം ചെയ്യും. സത്യത്തില്‍ ലോകത്തെ ഏറ്റവും വലിയ ഭീരുക്കള്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സിനിമയിലല്ലാതെ തങ്ങള്‍ക്കു തിരിച്ചടി കിട്ടില്ല എന്ന ഉറപ്പില്‍ ലോക്കപ്പിലിട്ട് കുറ്റവാളികളേയും അല്ലാത്തവരേയും ദുര്‍ബ്ബലവിഭാഗങ്ങളേയും മര്‍ദ്ദിക്കുന്ന പോലീസുകാര്‍ തന്നെയാണത്. സംരക്ഷണം കിട്ടില്ല എന്നുറപ്പായാല്‍ അവരുടെ ധൈര്യമെല്ലാം പമ്പ കടക്കും.
അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. അതിലൊന്ന് സിസി ടിവി ക്യാമറയുടേതാണ്. പൊതുസ്ഥലങ്ങളിലെല്ലാം സിസിടിവി ക്യമറകള്‍ സ്ഥാപിച്ച് ജനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പോലീസിനെ ഞെട്ടിച്ച ചില നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുന്നോട്ട് വെച്ചിരുന്നു. പോലീസ് സ്റ്റേഷനിലെ എല്ലാ മുറികളും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കണം, ലോക്കപ്പ് പ്രതികളും പൊലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്റ്റേഷനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം, പോലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം, സിസി ടി.വി ദൃശ്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കണം, ഇത് പരിശോധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണം, എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു അവയില്‍ പ്രധാനം. ജനങ്ങളെ നിരീക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അവകാശമുള്ളപ്പോള്‍തന്നെ നിങ്ങളും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല എന്ന സന്ദേശമായിരുന്നു അ് പോലീസിന് നല്‍കിയത്. നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്നു ധരിച്ചിരിക്കുന്ന നിയമപാലകര്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു അത്. പതിവുപോലെ ആ റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടില്ല. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. പോലീസില്‍ സാധാരണമായ അനഭലഷണീയമായ പ്രവണതകളെ കുറിച്ച് മുന്‍ ഡി ജി പി സെന്‍കുമാര്‍ ഒരിക്കല്‍ തുറന്നു പറഞ്ഞ സത്യങ്ങളും ഇപ്പോള്‍ ാര്‍ക്കുന്നത് നന്നായിരിക്കും. വ്യക്തികളോടും സമൂഹത്തോടും പരുഷമായി പെരുമാറുക. അകാരണമായി അവരെ അപമാനിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി കേസ് രജിസ്റ്റര്‍ ചെയ്യുക. നിയമവിരുദ്ധമായി വ്യക്തികളെ അറസ്റ്റ് ചെയ്യുക നിയമവിരുദ്ധമായ തെരച്ചിലുകള്‍ നടത്തുക. വസ്തുവകകളും വാഹനങ്ങളും മറ്റും അകാരണമായി പിടിച്ചെടുക്കുക, പണമോ സ്വാധീനമോ വഴി സ്വാധീനിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അവഗണിക്കുക, ക്രമസമാധാനത്തിനു വേണ്ടി അമിതബലപ്രയോഗം നടത്തുക വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുക, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടി പൊലീസ് സംവിധാനം ദുര്‍വിനിയോഗം ചെയ്യുക, സത്യസന്ധമായും നീതിപൂര്‍വ്വകമായും മുഖം നോക്കാതെയും നടപടികള്‍ എടുക്കാതിരിക്കുക കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പീഡിപ്പിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക ഡ്യൂട്ടിയ്ക്കിടയില്‍ മദ്യപിക്കുക, മുറുക്കുക, പുകവലിക്കുക എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ സ്വയം വിമര്‍ശനങ്ങള്‍. ഇവക്കെല്ലാം അറുതി വരുത്താനും നടപടി വേണം.
കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചില മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയുണ്ടായി. ലോക്കപ്പിലുള്ളവരോട് മാന്യമായി പെരുമാറുക, സമയത്ത് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുക, സഭ്യമായ ഭാഷ ഉപയോഗിക്കുക, കസ്റ്റഡിയിലുള്ളവരെ പ്രദര്‍ശന വസ്തുവാക്കാതിരിക്കുക, സാക്ഷികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്താതിരിക്കുക, അഥവാ അതൊഴിവാക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് ഒരു ദിവസത്തെ വേതനം നല്‍കുക, വൃദ്ധരേയും സ്ത്രീകളേയും കുട്ടികളേയും ഒരിക്കലും അനാവശ്യമായി സ്റ്റേഷനിലേക്കു വരുത്താതിരിക്കുക, ആരു ചോദിച്ചാലും ഐഡി കാര്‍ഡ് കാണിച്ചു കൊടുക്കുക തുടങ്ങിയവയെല്ലാം അവയില്‍ പെടുന്ന. എന്നാല്‍ കാര്യമായൊന്നും നടന്നില്ല. ഈ നിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കണം.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന്. 50വര്‍ഷം മുമ്പു പാസ്സായ പോലീസ് ആക്ടാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം. മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതെങ്കിലും ഒന്നു വായിച്ചു നോക്കാന്‍ മുഖ്യമന്ത്രിയും ഉന്നതപോലീസ് ഉദ്യാഗസ്ഥരും തയ്യാറാകണം. നിലനില്‍ക്കുന്ന ആക്ടില്‍ കാര്യമായ മാറ്റം വരാതെ പോലീസിനെ നവീകരിക്കല്‍ അസാധ്യമാണെന്ന് ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. എന്നാല്‍ അതിനുള്ള ഗൗരവമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ കാലാകാലമായി ഭരിച്ച സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴത്തെ സാഹചര്യമെങ്കിലും അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ അതായിരിക്കും ഈ ഭരണം കേരളത്തിനു നല്‍കുന്ന ഏറ്റവും വലിയ സമ്മാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply