ഉമ്മന്‍ ചാണ്ടി പുറത്തേക്ക്….?

സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പതനം ഏറെക്കുറെ ഉറപ്പായി. ഇന്നു പിരിഞ്ഞ നിയമസഭ 18നു ചേരുമ്പോള്‍ ഉമ്മന്‍ ചാണ്ടി കടന്നു വരിക സഭാനേതാവായിട്ടാകാന്‍ ഇടയില്ല എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം. ആ സ്ഥാനത്ത് ആരായിരിക്കും എന്ന ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. ഒരു വശത്ത് സുതാര്യതയെ ഉദ്‌ഘോഷിക്കുകയും മറുവശത്ത് പല പ്രവര്‍ത്തികളും അതാര്യമായതുമാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായത്. മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും എളുപ്പത്തില്‍ കഴിയുന്നതും സ്വന്തം ഓഫീസ് സുതാര്യമാക്കിയതുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ തന്നെയാണ്. എന്നാല്‍ […]

images

സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പതനം ഏറെക്കുറെ ഉറപ്പായി. ഇന്നു പിരിഞ്ഞ നിയമസഭ 18നു ചേരുമ്പോള്‍ ഉമ്മന്‍ ചാണ്ടി കടന്നു വരിക സഭാനേതാവായിട്ടാകാന്‍ ഇടയില്ല എന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ കേരളം. ആ സ്ഥാനത്ത് ആരായിരിക്കും എന്ന ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.
ഒരു വശത്ത് സുതാര്യതയെ ഉദ്‌ഘോഷിക്കുകയും മറുവശത്ത് പല പ്രവര്‍ത്തികളും അതാര്യമായതുമാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായത്. മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും എളുപ്പത്തില്‍ കഴിയുന്നതും സ്വന്തം ഓഫീസ് സുതാര്യമാക്കിയതുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ തന്നെയാണ്. എന്നാല്‍ അതിനെ മുതലെടുത്ത് സ്വന്തം പേഴ്‌സണല്‍ സ്റ്റാഫടക്കമുള്ളവര്‍ അഴിമതിക്കാരായി വളര്‍ന്ന വിവരം അദ്ദേഹം അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ചു. അതിന്റെ തുടര്‍ച്ചയായി സംശയത്തിന്റെ മുനയില്‍ നിന്ന സമയത്താകട്ടെ അദ്ദേഹത്തിന്റെ സുതാര്യതയൊക്കെ എങ്ങോ പോയി മറഞ്ഞു. പകരം പല നിലപാടുകളും മുടന്തന്‍ ന്യായങ്ങളായി മാറി. വിവാദമായ സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഒട്ടും പങ്കില്ലെന്ന് കരുതാനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നു. അറിഞ്ഞോ അറിയാതേയോ അദ്ദേഹത്തിനും ഇടപാടില്‍ പങ്കുണ്ടെന്നുതന്നെ കരുതാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറി നില്‍ക്കുക തന്നെയാണ് ഉചിതം. ഈ വൈകിയ വേളയിലെങ്കിലും അത്തരമൊരു തീരുമാനമാണ് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ പ്രതീക്ഷിക്കുന്നത്. നിരപരാധിത്വം തെളിഞ്ഞാല്‍ താങ്കള്‍ക്ക് തിരിച്ചുവരാമല്ലോ എന്ന് തോമസ് ഐസകിനേയും എം എ ബേബിയേയും പോലെയുള്ള പ്രതിപക്ഷനേതാക്കള്‍ പോലും ചോദിക്കുന്നുണ്ടല്ലോ.
അതേസമയം വളരെ മോശപ്പെട്ട പല സമീപനങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായത് ചൂണ്ടികാട്ടാതിരിക്കാനാവില്ല. ഗൗരവമായ നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിയമസഭാ സമ്മേളനം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്ന പ്രതിപക്ഷ നടപടിയും സഭ നിര്‍ത്തി വെച്ച് ഒളിച്ചോടുന്ന ഭരണപക്ഷ നടപടിയും തന്നെ ഒന്നാമത്. അക്രമ സമരങ്ങളും അതിനെ രൂക്ഷമായ രീതിയില്‍ നേരിടുന്ന പോലീസ് നടപടിയും മറ്റൊന്ന്. എ വൈ എസ് എഫ് പ്രകടനത്തിലെ പെണ്‍കുട്ടികളെ പോലും അക്രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് നടപടിയും അതിനു നേതൃത്വം കൊടുത്ത വ്യക്തിയെ തിരിച്ചക്രമിച്ചതും ചെറുപ്പക്കാര്‍ പിന്തുടരേണ്ട രാഷ്ട്രീയ പ്രവര്‍ത്തന രീതിയല്ല.
ഇതിനേക്കാളെല്ലാം മോശമായിരുന്നു സ്ത്രീകള്‍ എന്ന രീതിയില്‍ സരിതക്കും ശാലുവിനുമൊക്കെ എതിരെയുണ്ടായ അധിക്ഷേപങ്ങള്‍. മാനസികമായി നാം പലരും ഗോവിന്ദച്ചാമിമാര്‍തന്നെ എന്ന് അത് തെളിയിച്ചു. പ്രതിപക്ഷനേതാവു പോലും മോശപ്പെട്ട ഭാഷ ഉപയോഗിക്കുകയുണ്ടായി. കുറ്റവാളികളാണെന്നു കരുതി ഈ സമീപനം അംഗീകരിക്കാനാവില്ല. പണ്ട് മറിയം റഷീദക്കുനേരെയുണ്ടായ അധിക്ഷേപങ്ങളെ അത് അനുസ്മരിക്കുന്നു. സര്‍ക്കാരിനെതിരെ വന്‍ പ്രകടനം നടത്തിയ മഹിളാ സംഘടനകള്‍ തങ്ങളുടെ പുരുഷ നേതാക്കളോട് ഇക്കാര്യം പറയണമായിരുന്നു.
മനുഷ്യന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍്കകുനേരെയുള്ള കടന്നാക്രമണമാണ് മറ്റൊന്ന്. ആര്‍ക്കും – അത് ആരായാലും – ഫോണ്‍ ചെയ്യാനും മെസേജ് അയക്കാനും യാത്രചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്്. അഴിമതിയും കുറ്റകൃത്യങ്ങളും നടക്കുന്നുണ്ടോ എന്നതുമാത്രമാണ് പ്രശ്‌നം. എന്നാല്‍ സോളാറിന്റെ മറവില്‍ ഫോണുകള്‍ ചോര്‍ത്തുന്നതെല്ലാം ന്യായീകരിക്കപ്പെടുന്നത് സ്വന്തം ശവക്കുഴി നാം തന്നെ തോണ്ടുന്നതിനു തുല്ല്യമാണ്.
സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തനങ്ങളും ആശാസ്യകരമാണെന്നു പറയാനാവില്ല. മാധ്യമങ്ങള്‍ അജണ്ട തീരുമാനിക്കുന്നതും അതിനു പുറകെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇഴയുന്നതും ഗുണകരമായ സമീപനമല്ല. ക്രിമിനലുകളുെട വാക്കുകള്‍ പോലും മാന്യതയുള്ളതാക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയുന്നു. അഴിമതിക്കാരനായ ശ്രീധരന്‍ നായര്‍ മാന്യനായത് അങ്ങനെയാണല്ലോ. മാധ്യമങ്ങള്‍ തങ്ങള്‍ക്ക് മാത്രം എതിരാണെന്ന സിപിഎം ആരോപണം എന്തായലും പൊളിഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് മാധ്യമങ്ങള്‍ പ്രിയങ്കരവും കോണ്‍ഗ്രസ്സിനു ശത്രുതയുമായി. മാധ്യമങ്ങള്‍ക്കു പുറകെ പായാത്ത പിണറായിയെ പോലുള്ളവരാണ് സത്യത്തില്‍ ഭേദം.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വിഷയം ഉന്നയിച്ചത് വി എസ് തന്നെയായിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലും സോളാര്‍ പദ്ധതികളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. മുഖ്യമന്ത്രി മാറിയാലും ഭരണം മാറിയാലും അത്തരമൊരു സമീപനം പിന്തുടര്‍ന്നേ കഴിയൂ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply