ഉത്സവങ്ങള്‍ക്ക് ആന വേണ്ട

മലയാളി ഏറ്റവുമധികം ക്രൂരത ചെയ്യുന്ന മൃഗം ഏതെന്നു ചോദിച്ചാല്‍ ആന എന്നായിരിക്കും മറുപിട. ആനകളെ ഏറ്റവും സ്‌നേഹിക്കുന്നവരാണ് നാം എന്നഹങ്കരിക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് അവയോട് ഏറ്റവുമധികം ക്രൂരത ചെയ്യുന്നവരായും മലയാളി മാറിയിരിക്കുന്നത്. സര്‍ക്കസ് മുതല്‍ ഉത്സവകാലം വരെ അവയനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നത്. ഒന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റേതാണ്.  സര്‍ക്കസിലെ അഭ്യാസികളായ ആനകള്‍ പഴങ്കഥയാകുന്നു. ആനകളെ സര്‍ക്കസില്‍ റജിസ്റ്റര്‍ ചെയ്യുന്നതും അവയെകൊണ്ട് അഭ്യാസം കാണിപ്പിക്കുന്നതും […]

indexമലയാളി ഏറ്റവുമധികം ക്രൂരത ചെയ്യുന്ന മൃഗം ഏതെന്നു ചോദിച്ചാല്‍ ആന എന്നായിരിക്കും മറുപിട. ആനകളെ ഏറ്റവും സ്‌നേഹിക്കുന്നവരാണ് നാം എന്നഹങ്കരിക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് അവയോട് ഏറ്റവുമധികം ക്രൂരത ചെയ്യുന്നവരായും മലയാളി മാറിയിരിക്കുന്നത്. സര്‍ക്കസ് മുതല്‍ ഉത്സവകാലം വരെ അവയനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് കയ്യും കണക്കുമില്ല.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്ന രണ്ടു റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നത്. ഒന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റേതാണ്.  സര്‍ക്കസിലെ അഭ്യാസികളായ ആനകള്‍ പഴങ്കഥയാകുന്നു. ആനകളെ സര്‍ക്കസില്‍ റജിസ്റ്റര്‍ ചെയ്യുന്നതും അവയെകൊണ്ട് അഭ്യാസം കാണിപ്പിക്കുന്നതും വിലകകുന്നതാണത്. സര്‍ക്കസില്‍ ആനകള്‍ കൊടിയ പീഡനത്തിനും ക്രൂരതയ്ക്കും ഇരയാകുന്നുവെന്നും ഇതു തുടരാന്‍ അനുവദിച്ചുകൂടെന്നും ബോര്‍ഡ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.
മൃഗസ്‌നേഹികളുടെ സംഘടനയായ ‘പേറ്റ ഏറെ നാളായി ഉന്നയിച്ചു വന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ബോര്‍ഡ് യോഗത്തില്‍ സംഘടനയുടെ പ്രതിനിധി ഡോ. വി. മണിലാല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു നടപടി. പ്രായമായതും പരുക്കേറ്റതുമായ മൃഗങ്ങളെ സര്‍ക്കസ് കമ്പനികളില്‍ നിന്നു പിടിച്ചെടുക്കാനും മൃഗശാലകള്‍ക്കു കൈമാറാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പല മൃഗശാലകളുടേയും അവസ്ഥ പരമ ദയനീയമാണെങ്കിലും സര്‍ക്കസിലെ പീഡനത്തേക്കാള്‍ ഭേദമായിരിക്കുമെന്നതില്‍ സംശയമില്ല.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആനകളുടെ തലപ്പൊക്ക മത്സരം കര്‍ശനമായി നിരോധിക്കാനുള്ള  ശുപാര്‍ശയാണ് രണ്ടാമത്തേത്. ഉത്സവത്തിനും മറ്റു പൊതുപരിപാടികള്‍ക്കും ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എറണാകുളത്ത് ജില്ലാതലത്തില്‍ രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയത്. മറ്റു ജില്ലകളിലും കര്‍ശനമായി നടപ്പാക്കേണ്ട ശുപാര്‍ശയാണിത്. നീളമുള്ള കമ്പുകൊണ്ട് ആനകളുടെ തല പൊക്കി നിര്‍ത്തിയുള്ള മത്സരം മൃഗീയമാണെന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നാട്ടാനപരിപാലന ചട്ടപ്രകാരം ഇത്തരം മത്സരങ്ങള്‍ നിരോധിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. ഉത്സവങ്ങളുടെ സീസണ്‍ ആസന്നമായ വേളയില്‍ മറ്റു പല നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടു വെച്ചിട്ടുണ്ട്. നിലവിലുള്ള പൂരങ്ങളിലല്ലാതെ പുതുതായി സംഘടിപ്പിക്കുന്ന പൂരങ്ങളില്‍ ആനകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കേണ്ടെന്നതാണ് അതിലൊന്ന്. ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആനകള്‍ ഇടഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ എഴുന്നള്ളിക്കുന്ന നിലവിലുള്ള പൂരങ്ങളില്‍ ആനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല എന്നും തീരുമാനമുണ്ട്.
ഉത്സവത്തിനെത്തിക്കുന്ന ആനകള്‍ക്കു മൈക്രോചിപ്പും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയ സമിതി  ആന മൂലം ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ക്ക് 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്‌ക്കെങ്കിലും ഉത്സവകമ്മിറ്റികള്‍ ഇന്‍ഷുറന്‍സ് എടുത്തിരിക്കണമെന്നും നിര്‍ദേശിച്ചു. പാപ്പാന്‍മാര്‍ മദ്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി മണിക്കൂറുകള്‍ ഇടവിട്ട് ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചു പരിശോധിക്കും. ഇത്തരത്തില്‍ മദ്യം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പാപ്പാന്‍മാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഡേറ്റാ ബുക്കിന്റെ പകര്‍പ്പ് വനം, റവന്യൂ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു വിധേയമാക്കണം. പകല്‍ 11നും 3.30നും ഇടയില്‍ ആനകളെ എഴുന്നള്ളിക്കാന്‍ അനുവാദം നല്‍കില്ല. ആചാരപരമായും ഒഴിച്ചുകൂടാന്‍ കഴിയാത്ത സാഹചര്യത്തിലും കലക്ടറുടെ അനുമതിയോടെ മാത്രം ഈ സമയത്ത് എഴുന്നള്ളിക്കാവുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തണല്‍ ലഭിക്കുന്ന പന്തല്‍ കെട്ടേണ്ടതും ആനയ്ക്കുള്ള ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തുകയും വേണം.
ഒരുദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പരമാവധി ഒരു ദിവസം രണ്ട് പ്രാവശ്യങ്ങളിലായി നാലു മണിക്കൂര്‍ വീതം എഴുന്നള്ളിക്കാം. ഈ സമയത്തില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിപ്പിക്കണമെങ്കില്‍ മറ്റൊരാനയെക്കൂടി ഉപയോഗിക്കേണ്ടതാണ്. രാത്രി എഴുന്നള്ളിപ്പിച്ച ആനയെ പിറ്റെ ദിവസം പകല്‍ വീണ്ടും എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. എഴുന്നള്ളിപ്പിന് മുന്‍പും പിന്‍പും തീറ്റയും വെള്ളവും ആനകള്‍ക്കു നല്‍കിയിട്ടുണ്ടെന്ന് സംഘാടകര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്..
വളരെ പ്രസക്തവും എല്ലാ ജില്ലകളിലും നടപ്പാക്കേണ്ടതുമായ നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. മനുഷ്യന്റെ ആഹ്ലാദത്തിനു വേണ്ടി നടത്തുന്ന സര്‍ക്കസും ഭക്തിക്കുവേണ്ടി നടതതുന്ന ഉത്സവങ്ങളും ആനകള്‍ക്ക് സമ്മാനിക്കുന്നത് ഭയാനകമായ പീഡനങ്ങളാണ്. മലയാളിയുടെ ആനപ്രേമമൊക്കെ എത്രമാത്രം കപടമാണെന്ന് തെളിയിക്കുന്ന കാലയളവാണ് ഉത്സവകാലം. പരിസ്ഥിതി – മൃഗസ്‌നേഹികളുടെ നിരന്തരമായ സമരങ്ങളെ തുടര്‍ന്ന് നിലവില്‍ വന്ന നിയമങ്ങളെല്ലാം തന്നെ ഉത്സവദിനത്തില്‍ ലംഘിക്കപ്പെടുന്നു. അതിനെതിരെ നടപടിയെടുത്താല്‍ ഉത്സവകമ്മിറ്റികളും ആനയുടമകളും ബ്രോക്കര്‍മാരുമെല്ലാം രംഗത്തിറങ്ങും. സഹികെട്ട ആനകള്‍ ഇടഞ്ഞാലോ മയക്കുവെടി മുതല്‍ കഠിനമായ ശിക്ഷകള്‍ അവക്കു ലഭിക്കും. അപകടം സംഭവിക്കുന്ന പാവപ്പെട്ട മനുഷ്യരെ തിരിഞ്ഞുനോക്കാന്‍ ഒരു കമ്മിറ്റിക്കാരേയും കാണുകയുമില്ല.
അടിസ്ഥാനപരമായി ആന കാട്ടുമൃഗമാണ്. അവയെ പിടിച്ചുകൊണ്ടുവന്ന് പീഡിപ്പിക്കുന്നതില്‍ ഒരു ന്യായീകരണവുമില്ല. കാലാനുസൃതമായി എത്രയോ ചടങ്ങുകളില്‍ നാം മാറ്റം വരുത്തുന്നു. ഉത്സവങ്ങള്‍ക്കും എത്രയോ മാറ്റം വന്നു. എന്നാല്‍ ആനയുടെ കാര്യത്തില്‍ നാമിപ്പോഴും തുടരുന്നത് കാപട്യമാണ്. ഉത്സവങ്ങള്‍ക്ക് ആന വേണമോ എന്ന ചോദ്യം ഉയര്‍ത്തേണ്ട സമയം കഴിഞ്ഞു. പല ഉത്സവങ്ങള്‍ക്കും കുതിരയുടെ രൂപവും മറ്റും ഉപയോഗിക്കുന്നപോലേയോ രഥങ്ങള്‍ ഉപയോഗിക്കുന്ന പോലേയോ ആനയുടെ കാര്യത്തിലും മാറ്റം വരണം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാകണം ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply