ഈ രാമായണ മാസം ഭാവനാ ദാരിദ്ര്യത്തിന്റെ കൂടി?

കരുണാകരന്‍ ദേശവും ജനതയും കഥകള്‍ മെനഞ്ഞത് രാഷ്ട്രങ്ങള്‍ക്കും രാഷ്ട്ര പതാകകള്‍ക്കുംമുമ്പാണ് എന്ന് കഥയെപ്പറ്റി ചിന്തിക്കുന്ന ആര്‍ക്കും അറിയാം. എന്നാല്‍, ചില കഥകള്‍ കഥകളല്ല എന്ന തോന്നല്‍ കൊണ്ട് നമ്മുടെ ജീവിതത്തെ മൂടും. അങ്ങനെ ഒരു വിധി നേരിട്ടപ്രശസ്ത കൃതിയാണ് ‘വാല്മീകി രാമായണം’. രാമായണം ഇന്ന് ഒരു ഹിന്ദു പുണ്യ ഗ്രന്ഥമാണ്. രാമായണം വായിക്കുന്നത് നന്നായി മരിക്കാനും മരിച്ചതിനു ശേഷം ജീവിത മുക്തി നേടി രാമപാദത്തില്‍ ലയിക്കാനുമാണ്. രാമായണം, അതിലെ കഥാസമ്പുഷ്ടതക്ക് ഒപ്പം ഒരു മതഗ്രന്ഥമാണ്. അങ്ങനെ തുടരുകയും […]

civicകരുണാകരന്‍

ദേശവും ജനതയും കഥകള്‍ മെനഞ്ഞത് രാഷ്ട്രങ്ങള്‍ക്കും രാഷ്ട്ര പതാകകള്‍ക്കുംമുമ്പാണ് എന്ന് കഥയെപ്പറ്റി ചിന്തിക്കുന്ന ആര്‍ക്കും അറിയാം. എന്നാല്‍, ചില കഥകള്‍ കഥകളല്ല എന്ന തോന്നല്‍ കൊണ്ട് നമ്മുടെ ജീവിതത്തെ മൂടും. അങ്ങനെ ഒരു വിധി നേരിട്ടപ്രശസ്ത കൃതിയാണ് ‘വാല്മീകി രാമായണം’. രാമായണം ഇന്ന് ഒരു ഹിന്ദു പുണ്യ ഗ്രന്ഥമാണ്. രാമായണം വായിക്കുന്നത് നന്നായി മരിക്കാനും മരിച്ചതിനു ശേഷം ജീവിത മുക്തി നേടി രാമപാദത്തില്‍ ലയിക്കാനുമാണ്. രാമായണം, അതിലെ കഥാസമ്പുഷ്ടതക്ക് ഒപ്പം ഒരു മതഗ്രന്ഥമാണ്. അങ്ങനെ തുടരുകയും ചെയ്യും. എ. കെ. രാമാനുജന്റെ പ്രശസ്തമായ പ്രബന്ധം പറഞ്ഞപോലെഅനവധി രാമായണങ്ങള്‍ ഉണ്ടാവുന്നത് ആ കഥാ സമ്പുഷ്ടതയില്‍ നിന്നാണ്. വീണ്ടും ദേശത്തിന്റെ, സ്ഥലത്തിന്റെ ഒക്കെ ഓര്‍മ്മയില്‍ത്തന്നെ. അഥവാ, രണ്ടു രാമായണങ്ങള്‍ മാത്രമേ ഉള്ളൂ . ഒന്ന്, ഹിന്ദുക്കള്‍ ജീവിത മുക്തിക്കായി വായിക്കുന്ന പുണ്യരാമായണം. മറ്റേത്, അനവധി രാമായണകഥകള്‍. കഴിഞ്ഞു. അത്രയേ ഉള്ളൂ, ആ ലോകം. എന്നാല്‍, ഈ രണ്ടു ലോകത്തെ ‘ഭയങ്കരമായി തെറ്റിദ്ധരിച്ചിരിക്കുന്നു’നമ്മുടെ ‘ഇന്ത്യന്‍ ആത്മാവുള്ള മലയാളി ബുദ്ധിജീവികള്‍’. അവര്‍ ഇതില്‍ ആദ്യത്തെതിനോട് പോരാടാന്‍ ഈ രണ്ടാം പുസ്തകം എടുക്കും, അവയെ കഥകളാക്കി വിടാതെ , മുറുകെപിടിക്കും, വേറെ ഒരു പുണ്യ കൃത്യം പോലെ.
അല്ലെങ്കിലും കര്‍ക്കിടകം രാമായണ മാസം മാത്രമായല്ല ആഘോഷിക്കേണ്ടത്. നമ്മുടെതന്നെ ഭാവനാ ദാരിദ്ര്യത്തിന്റെ കൂടി മാസമായാണ്. വാല്മീകി രാമായണത്തിന്റെ മതനിരപേക്ഷ സ്ത്രീവാദ വായനകള്‍ ഉണ്ടാക്കിയ മുഷിപ്പന്‍ നോവലുകളും മുഷിപ്പന്‍ കഥകളും മുഷിപ്പന്‍ കവിതകളും ആലോചിച്ചു നോക്കൂ : ആ ഇതിവൃത്തത്തിനകത്ത് ഹൌസിംഗ് കോളനികളിലെ വാച്ച്‌മെന്‍ (വാച്ച് വുമന്‍?)മാരെപോലെ നമ്മുടെ ‘പ്രതിഭാശാലി’കളായ എഴുത്തുകാര്‍ക്ക്‌പോലും കഴിയേണ്ടി വന്നു. ഉറങ്ങാതെ കള്ളനെ കാത്തിരിക്കുക, അതിര്‍ത്തിക്കുള്ളില്‍ നടക്കുക, നടക്കുമ്പോള്‍ നിലത്ത് വടി കൊണ്ട്അടിക്കുക തുടങ്ങിയ ‘അടയാളങ്ങള്‍’ ഒക്കെ അവര്ക്കും വേണ്ടി വന്നു.
ബി ജെ പി ക്ക് രാമായണത്തെ വിട്ടു കൊടുക്കരുത് എന്നാണ് ഈ പുരോഗമന ശീലന്മാര്‍/ശീലാക്ഷികളുംപറയുന്നത്. എന്നിട്ടോ? ഒരു മൊത്തം ഹിന്ദുബോധം ഉണ്ടാക്കി, ഇന്ത്യയെ ഒരു രാഷ്ട്രമായല്ല, ഒരൊറ്റ പാര്‍ട്ടിയാക്കി, ‘രാമന്‍’ എന്ന ഒരേയൊരു ആഗമന നിര്‍ഗമന കവാടം ഉണ്ടാക്കി, ഇന്ത്യയിലെ സകല ദേശീയതകളെയും അതിലൂടെ നൂഴാന്‍ അനുവദിക്കുക എന്ന ഒരേയൊരു പരിപാടിയുള്ള ആ പാര്‍ട്ടി പിന്നെ ആരെ പിടിക്കും, രാമനെ അല്ലാതെ? മലയാളിത്തെരുവിലും ദില്ലിത്തെരുവിലും ഗുജറാത്തി തെരുവിലും മഞ്ഞത്താറുടുപ്പിച്ച് ഉടലാകെ നീല പൂശി നില്‍ക്കുന്ന, എല്ലാ ഇന്ത്യന്‍ തെരുവിലും അപരിചിത ശരീരത്തോടെ നില്‍ക്കുന്ന ആ മസില്‍ രാമനെ ബി ജെ പിക്ക് തന്നെയല്ലെ വിട്ടുകൊടുക്കേണ്ടത്? അതില്‍ അല്ലെങ്കിലും ദൈവോദ്ദേശം ഇല്ലല്ലോ രാഷ്ട്രീയമല്ലാതെ?
എങ്കില്‍ അതിനെ എങ്ങനെ നേരിടും? രാഷ്ട്രീയമായിത്തന്നെ. എങ്കില്‍ അതിനു ആദ്യംചെയേണ്ടത് എന്താണ്? നന്നായി മരിക്കാനും ജീവിത മുക്തിക്കും വേണ്ടി സനാതനഹിന്ദുക്കള്‍ വായിക്കുന്ന ഒരു മതഗ്രന്ഥം മാത്രമാണ്, അത് മാത്രമാണ് ‘രാമായണം’എന്ന് സധൈര്യം പറയുകയാണ്. അതിനെ ആ വീട്ടകത്ത് നിര്‍ത്തുക. അതാണ് സെക്കുലറിസത്തിന്റെ ഒരു കര്‍മ്മ പരിപാടി ആവേണ്ടത്. അല്ലെങ്കില്‍ നമ്മളും ഈ പുരോഗനമ ശീലമാരെപ്പോലെ/ശീലാക്ഷികളെപ്പോലെയാകും. അല്ലെങ്കില്‍ ഇവിടെ എന്താണ് നടന്നത്? നമ്മുക്കറിയാം, അദ്വാനിയുടെ രാമന്‍ തെരുവിലൂടെ അല്ല മോഡിയുടെ റോഡ് ഷോ വന്നത്. അത് വന്നത് പാര്‍ലിമെന്ററിസത്തിന്റെ പോപ്പുലിസ്റ്റ് റോഡിലൂടെയായിരുന്നു. ജീവിതമുക്തിക്കല്ല, ജീവിത സന്ധാരണത്തിനായി പാടുപെടുന്ന ശതകോടി ഇന്ത്യക്കാരുടെ ദൈനംദിനമോഹം വെച്ചു പിടിച്ചായിരുന്നു, ആ വരവ്. അപ്പോള്‍, ബി ജെ പ്പിയുടെ /ആര്‍ എസ് എസ്സിന്റെ സാംസ്‌കാരിക രംഗത്തെ ഹിന്ദുവല്‍ക്കരണത്തെ എങ്ങനെ നേരിടും? അതിനു പ്രധാനമായും ചെയ്യേണ്ടത്, ഭാഷയുടെയുംദേശീയതയുടെയും പ്രാദേശിക സ്വത്വ(സ്വത്വങ്ങളെ)ത്തെ , അതിന്റെ പാരമ്പര്യത്തെ ചലനാത്മകമായ രാഷ്ട്രീയ ബോധ്യങ്ങള്‍ കൊണ്ട് ലോകത്തോടും സമൂഹത്തോടും സംവദിക്കാന്‍ പ്രാപ്തമാക്കുക എന്നാണ്. അതിനുള്ള ഭാവനയാണ് കലയിലും രാഷ്ട്രീയത്തിലും കണ്ടുപിടിക്കേണ്ടത്. അതാണ് നമുക്ക് മുമ്പിലുള്ള വെല്ലുവിളി തന്നെ.
മതേതരത്വത്തെ മതസഹവര്‍ത്തിത്വം എന്ന് ഗാന്ധിജി പറഞ്ഞതിന്റെ ഇന്ത്യന്‍ ആഴം സിവിക് ചന്ദ്രനില്‍, ടി ടി ശ്രീകുമാറില്‍, അല്ലെങ്കില്‍ കൊഞ്ചം കൊഞ്ചം രാമനുണ്ണിമാരില്‍ വറ്റുന്നത് മതേതരത്വത്തെ യുക്തിവാദം എന്ന് വെട്ടിച്ചുരുക്കുന്ന ആലോചനാ ശോഷണത്തിലൂടെയാണ്. മലയാളി ബുദ്ധിജീവി സാകൂതം ജീവിക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ ബൗദ്ധിക തട്ടിപ്പ് കൂടി അതിലുണ്ട് എന്നത് വേറെ കാര്യം. മതേതരത്വത്തെ മതസഹജീവിതത്തിനു പുറത്ത് നടക്കുന്ന സാമൂഹ്യനീതിയുടെ ഇടമായും ധീരമായ ജനാധിപത്യ സ്ഥാപന നിര്‍മ്മാണമായും കാണാന്‍ ഇന്നും ഈ ബുദ്ധിജീവികള്‍ക്ക് കഴിയാത്തതിന്റെ കാരണം വേറെ എവിടെ തപ്പും? തങ്ങളുടെ വായനക്കാരില്‍ ഇന്നും ഉണ്ടെന്നു കരുതുന്ന (അത് ഉണ്ട്, അല്ലെ?) പോപ്പുലിസ്റ്റ് രുചികള്‍ തങ്ങളെയും പോപ്പുലര്‍ ആക്കി നില നിര്‍ത്തും എന്ന അളിഞ്ഞ വിശ്വാസത്തില്‍ അല്ലാതെ?
ഇത്രയും പറഞ്ഞത് കോഴിക്കോട് നടക്കാന്‍ പോകുന്ന കര്‍ക്കിടക രാമായണ പരിപാടിയെപറ്റിയുള്ള പരസ്യ പോസ്റ്റുകള്‍ കണ്ടാണ്. അതിന്റെ പ്രിയ സംഘാടകരെ , നിങ്ങള്‍ക്ക് ഇനിയും അറിയില്ല? നമ്മളെ വേവലാതിപ്പെടുത്തേണ്ടത് ബി ജെ പിയുടെ രാമായണമല്ല, അതിനേക്കാള്‍ സ്വാതന്ത്ര്യബോധം നഷ്ടപ്പെട്ട നമ്മുടെ തന്നെ കലാബോധമാണ്, രാഷ്ട്രീയത്തിലും കലയിലും കൈമോശം വന്ന നമ്മുടെതന്നെ ഭാവനാജീവിതമാണ്. നമ്മുടെ സിനിമ, നമ്മുടെ തിയേറ്റര്‍ അതൊക്കെയാണ്…ബി ജെ പിയുടെ സാംസ്‌കാരിക ഫാഷിസത്തെ നേരിടാന്‍ നമ്മുടെ ഈ സബ് ആള്‍ട്ടേന്‍ ഫാഷന്‍ വായന അപ്രാപ്തമാണ് , അതിനോട് സംവദിക്കാന്‍ പുതിയ കലതന്നെ വേണം, പുതിയ രാഷ്ട്രീയം തന്നെ വേണം. അതിന്റെ സംഘാടനം വേണം. ഈ ഇടത് അനുഷ്ടാന പരിപാടികള്‍ ശരിക്കും ബോറാണ് സര്‍. അല്ലെങ്കില്‍ നിങ്ങള്‍ക്ക്് ഇനിയും വേറെ വഴികള്‍ ഒന്നും തോന്നാത്തത് എന്തുകൊണ്ടാണ് എന്ന് ആലോചിക്കാത്തത് എന്തുകൊണ്ടാണ്? ശരിയായ സമയത്ത് ശരിയായ കാര്യം ചെയ്യണം. പക്ഷെ അതിനു ഇനിയും കുറുക്കു വഴികള്‍ എന്തിന് പിടിക്കണം?നമ്മുടെ തോല്‍വി നമ്മുടെ മാത്രം തോല്‍വിയാണ് സാറന്മാരെ….

ഫേസ് ബു്ക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply