ഈ പോരാട്ടം ജനാധിപത്യത്തിനും ഫെഡറലിസത്തിനുമായി..

ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം എട്ടു ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്. പ്രശ്‌നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ ഇതുവരേയും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. രാജ്യത്ത് ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ ്അവഗണിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലെ നാലു മുഖ്യമന്ത്രിമാരും ഈ ആവശ്യമുന്നിയിച്ച് രംഗത്തു വന്നിട്ടും പ്രധാനമന്ത്രിക്ക് കുലുക്കമില്ല. നീതി അയോഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ […]

kkk

ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം എട്ടു ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്. പ്രശ്‌നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാല്‍ ഇതുവരേയും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. രാജ്യത്ത് ജനാധിപത്യസംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ ്അവഗണിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലെ നാലു മുഖ്യമന്ത്രിമാരും ഈ ആവശ്യമുന്നിയിച്ച് രംഗത്തു വന്നിട്ടും പ്രധാനമന്ത്രിക്ക് കുലുക്കമില്ല. നീതി അയോഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലയിലെത്തിയ പശ്ചിമബംഗാള്‍, കേരള, കര്‍ണാടക, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാരാണ് ലെഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജരിവാള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്തിനു പ്രധാനമന്ത്രി? ലഫ്‌ററനന്റ് ഗവര്‍ണ്ണര്‍ പോലും കെജ്രിവാളിനോ മറ്റു മുഖ്യമന്ത്രിമാര്‍ക്കോ സന്ദര്‍ശനാനുമതി നല്‍കുന്നില്ല. ഇതൊരു ചെറിയ വിഷയമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമാകേണ്ട ഫെഡറലിസത്തെയാണ് കേന്ദ്രം വെല്ലുവിളിക്കുത്. അതിന പക്ഷെ ആ ഗൗരവത്തോടെ കാണാന്‍ കാര്യമായിട്ടാരും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
ഡെല്‍ഹിയില്‍ ഇതെല്ലാം നടക്കുമ്പോള്‍ തന്നെ കാര്യമായി ആരും ശ്രദ്ധിക്കാത്ത മറ്റൊരു സംഭവവും അരങ്ങേറിയിരുന്നു. കേരളത്തിന്റെ റേഷന്‍ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രിയുടെ നേരതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘത്തിനും പ്രധാനമന്ത്രി സന്ദര്‍ശനനാനുമതി നഷേധിച്ചു. തുടര്‍ച്ചയായി ഇതു മൂന്നാം തവണയാണ് ഇത്തരത്തില്‍ അനുമതി നിഷേധിക്കുന്നത്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളുന്നയിക്കാനാണ് സര്‍വ്വകക്ഷിസംഘം സന്ദര്‍ശനത്തിനു അനുമതി ചോദിക്കുന്നത്. എന്നാല്‍ ഇതു ജനാധിപത്യസംവിധാനമല്ല, രാജഭരണമാണെന്ന ധാരണയിലാണെന്നു തോന്നുന്നു ചക്രവര്‍ത്തിമാര്‍ സാമതരാജാക്കന്മാരെ അവഗണിക്കുന്നപോലെ മോദി പിണറായിയെ അവഗണിക്കുന്നത്. ഇവിടേയും വെല്ലുവിളിക്കപ്പെടുന്നത് ഫെഡറലിസമാണ്. വര്‍ഷാവര്‍ഷം ആവശ്യത്തിനും അനാവശ്യത്തിനും ലോകം മുഴുവന്‍ കറങ്ങുന്ന പ്രധാനമന്ത്രിയാണ് സ്വന്തം രാജ്യത്തെ മുഖ്യമന്ത്രിക്കും സര്‍വ്വകക്ഷിസംഘത്തിനും അനുമതി നിഷേധിക്കുന്നത്.
ഡെല്‍ഹിയില്‍ നടപ്പാക്കുന്ന ജനാപകാരനടപടികളെ തകര്‍ക്കാനായി നിസ്സഹകരണവുമായി ഐ എ എസ് ഓഫീസര്‍മാര്‍ ശ്രമിക്കുന്നതിനെതിരെ ആരംഭിച്ച സമരം ഇപ്പോള്‍ ഡെല്‍ഹിക്കു പൂര്‍ണ്ണസംസ്ഥാന പദവി നല്‍കുക എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. തികച്ചും ന്യായമായ ആവശ്യമാണിത്. രാജ്യതലസ്ഥാനമെന്ന പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു ഭംഗിയായി ഭരിക്കാനുള്ള അവകാശമാണ് കേന്ദ്രം തന്നെ നിഷേധിക്കുന്നത്. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും ശക്തമായ സുരക്ഷ ആവശ്യമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സുരക്ഷാസംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടത്തുക എന്നതിലുപരി ഡെല്‍ഹിയിലെ മറ്റുകാര്യങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിനു എന്തവകാശമാണുള്ളത്? 2014ല തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപിതന്നെ ഡെല്‍ഹിക്കു പൂര്‍ണ്ണസംസ്ഥാനപദവി വാഗ്ദാനം ചെയ്തിരുന്നു എന്നതുപോലും മറന്നാണ് കെജ്രിവാളിന്റെ ന്യായമായ ആവശ്യത്തിനു നേരെ മോദിയും കൂട്ടരും കണ്ണടക്കുന്നത്.
ഫെഡറലിസത്തിനായുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയാണ് ഈയവസരത്തില്‍ കെജ്രിവാളിന്റെ സമരത്തോട് ഐക്യപ്പെടേണ്ടത്. ഫെഡറല്‍ ഭരണഘടനയാണ് ഇവിടെ നിലനില്‍ക്കുന്നതെന്നു പറയുമ്പോഴും അതല്ല വാസ്തവമെന്നതു വ്യക്തമാണ്. ഡെല്‍ഹിയെപോലെതന്നെ സംസ്ഥാനങ്ങള്‍ക്കര്‍ഹപ്പെട്ട പല പ്രധാന അധികാരങ്ങളും കേന്ദ്രത്തിന്റെ കൈവശമാണ്. അതാകട്ടെ കൂടികൊണ്ടിരിക്കുകയുമാണ്. എന്നിട്ടാണ് സംസ്ഥാനമുഖ്യമന്ത്രിമാരെപോലും പിച്ചക്കാരാക്കി മാറ്റുന്നത്. പ്രതേക രാഷ്ട്രീയ സാഹചര്യത്തില്‍ കാശമീരിനു നല്‍കിയ പ്രത്യേക പദവി പോലും എടുത്തുകളയാനും നീക്കങ്ങള്‍ ശക്തമാകുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന മധുരവാക്കുകള്‍ കൊണ്ടൊന്നും മറക്കാവുന്ന രാഷ്ട്രീയമല്ല ഇത്. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള നിലപാടായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും പിന്തുടര്‍ന്നിരുന്നത്. പിന്നീട് ഇരുകൂട്ടരും ആ നിപാടൊക്കെ കൈവിട്ടു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഫെഡറലിസത്തെ ഉയര്‍ത്തിപിടിക്കുമെന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ സഭവിച്ചത് തിരിച്ചും. അതിനെതിരായ പോരാട്ടങ്ങളായിരുന്നു പഞ്ചാബിലും ആസാമിലും മറ്റും നടന്നത്. ഈ പോരാട്ടങ്ങളെ വിഘടനവാദമായി ആക്ഷേപിച്ച് തകര്‍ക്കാന്‍ മിക്കവാറും പ്രസ്ഥാനങ്ങള്‍ കൂട്ടുനിന്നു. രാജ്യത്തിന്റെ ഐക്യത്തിന്റേയും അഖണ്ഡതയുടേയും പേരില്‍ എല്ലാം ന്യായീകരിക്കപ്പെട്ടു. എന്നിരിക്കിലും പല സംസ്ഥാനങ്ങളിലും ശക്തമായ പ്രാദേശിക പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു. ഹിന്ദുത്വരാഷ്ട്രീയമുയര്‍ത്തി ബിജെപിയും സംഘപരിവാര്‍ ശക്തികളും ശക്തമായതോടെ സ്വാഭാവികമായും ഫെഡറലിസത്തോടെ തകര്‍ക്കാനുളള നീക്കങ്ങളും ശക്തപ്പെട്ടു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഇപ്പോള്‍ ഡെല്‍ഹിയില്‍ നടക്കുന്ന സംഭവങ്ങളും.
വളരെ നിര്‍ണ്ണായകമായ ലോകസഭാതെരഞ്ഞടുപ്പിനു രാജ്യം തയ്യാറാകുമ്പോഴാണ് ഈ രാഷ്ട്രീയസംഭവങ്ങള്‍ അരങ്ങേറുന്നത് എന്നതു പ്രസക്തമാണ്. ജാധിപത്യവും മതേതരത്വവും ഭരണഘടനയുമെന്ന പോലെ ഫെഡറലിസവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. അതിനാല്‍ ത്‌ന്നെ കെജ്രിവാളിന്റെ സമരത്തോട് ഐക്യപ്പെടുന്നത് ഇവയെല്ലാം സംരക്ഷിക്കണമെന്നു വിശ്വസിക്കുന്നവരുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. കഴിയുമെങ്കില്‍ അത്തരമൊരു ഐക്യവേദി ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ രാഷ്ട്രീയ ഐക്യമുന്നണിയായി മാറുകയും വേണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത്തരമൊരു മുന്നണിയില്‍ പ്രധാന പങ്കുവഹിക്കേണ്ട കോണ്‍ഗ്രസ്സ് ഈ പോരാട്ടത്തിന്റെ എതിര്‍വശത്താണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നു എന്നവകാശപ്പെടുമ്പോഴാണ് ഈ രാഷ്ട്രീയ നെറികേട് ഇതേപാര്‍ട്ടി ചെയ്യുന്നത്. കോണ്‍ഗ്രസ് ഇതര മിക്കവാറും പ്രതിപക്ഷ പാര്‍ടികള്‍ കെജ്‌രിവാളിന് പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. സിപിഎം മുഖ്യമന്ത്രി പിണറായി തൃണമൂല്‍ മുഖ്യമന്ത്രി മമതക്കൊപ്പം എത്താന്‍ പോലും തയ്യാറായി. തങ്ങള്‍ക്ക് ഡെല്‍ഹിയില്‍ പലതും നഷ്ടപ്പെടാനുണ്ടെന്നും മറ്റുള്ളവര്‍ക്ക് അതില്ലെന്നുമുള്ള ഉത്തരവാദിത്തമില്ലാത്ത വിശദീകരണമാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്‍കുന്നത്. രാഹുല്‍ഗാന്ധി പോലും എ എ പിയേയും ബിജെപിയേയും ഒരുപോലെ കാണുന്നു എന്നാണ് പറയുന്നത്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി ഫാസിസ്റ്റ് വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുന്നതിനുപകരം ഇത്തരത്തില്‍ സങ്കുചിതമായ രാഷ്ട്രീയതാല്‍പ്പര്യമാണ് കോണ്‍ഗ്രസ്സിനു പ്രധാനമെങ്കില്‍ മതേതരത്വത്തിനും ഫെഡറലിസത്തിനും ജനാധിപത്യത്തിനുമൊപ്പം കുഴിച്ചുമൂടപ്പെടുന്നത് കോണ്‍ഗ്രസ്സുമായിരിക്കും എന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply