ഈ പെരുമഴയത്തുനിന്ന് ആദിവാസികള്‍ ആവശ്യപ്പെടുന്നത് പൊതുസംവാദം.

എം ഗീതാനന്ദന്‍ മഴ തകര്‍ത്തു പെയ്യുമ്പോള്‍ ആദിവാസികള്‍ നില്‍ക്കുകയാണ്. സെക്രട്ടറിയേറ്റിനുമുന്നില്‍ അവര്‍ നില്‍പ്പു സമരത്തിലാണ്. കേരളരാഷ്ട്രീയം തീരാത്ത വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴും പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള ഏറ്റവും പ്രാഥമിക അവകാശമാണ് ഈ മണ്ണിന്റെ  യഥാര്‍ത്ഥ മക്കള്‍ ആവശ്യപ്പെടുന്നത്. അതിനായി ഭരണകൂടവും പ്രബുദ്ധരെന്ന് സ്വയം കരുതുന്നവരുമായ കേരളീയ ജനതയുമായൊരു സംവാദം – അതാണ് അവര്‍ പ്രതീക്ഷിച്ചത്, പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രബുദ്ധരെന്ന് സ്വയം വിശ്വസിക്കുന്ന നമുക്ക് അത്തരമൊരു സംവാദത്തിനു സമയമെവിടെ? നമ്മുടെ ഭരണാധികാരികള്‍ക്കു സമയമെവിടെ? വര്‍ഷങ്ങള്‍ക്കുമുമ്പും ഇവരിവിടെ വന്നിരുന്നു. […]

adivasiഎം ഗീതാനന്ദന്‍

മഴ തകര്‍ത്തു പെയ്യുമ്പോള്‍ ആദിവാസികള്‍ നില്‍ക്കുകയാണ്. സെക്രട്ടറിയേറ്റിനുമുന്നില്‍ അവര്‍ നില്‍പ്പു സമരത്തിലാണ്. കേരളരാഷ്ട്രീയം തീരാത്ത വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴും പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള ഏറ്റവും പ്രാഥമിക അവകാശമാണ് ഈ മണ്ണിന്റെ  യഥാര്‍ത്ഥ മക്കള്‍ ആവശ്യപ്പെടുന്നത്. അതിനായി ഭരണകൂടവും പ്രബുദ്ധരെന്ന് സ്വയം കരുതുന്നവരുമായ കേരളീയ ജനതയുമായൊരു സംവാദം – അതാണ് അവര്‍ പ്രതീക്ഷിച്ചത്, പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രബുദ്ധരെന്ന് സ്വയം വിശ്വസിക്കുന്ന നമുക്ക് അത്തരമൊരു സംവാദത്തിനു സമയമെവിടെ? നമ്മുടെ ഭരണാധികാരികള്‍ക്കു സമയമെവിടെ?
വര്‍ഷങ്ങള്‍ക്കുമുമ്പും ഇവരിവിടെ വന്നിരുന്നു. അന്ന് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ കുടില്‍ കെട്ടിയായിരുന്നു ഇവരുടെ പോരാട്ടം. പിന്നാലെ മുത്തങ്ങ, ആറളം, പിന്നെ ചെങ്ങറ മുതല്‍ അരിപ്പവരെ. ഒരു തുണ്ട് ഭൂമിക്കായുള്ള പോരാട്ടം. ഇപ്പോഴുമത് തുടരുന്നു. സ്വന്തം ചോരയിലൂടെ ആദിവാസികള്‍ കണ്ടെത്തിയ നേതൃത്വം സി കെ ജാനു, വിപ്ലവപ്രസ്ഥാനത്തിലൂടെ കടന്നുവന്ന് ഇന്ന് ആദിവാസി – ദളിത് വിഭാഗങ്ങളുടെ കരുത്തുറ്റ നേതൃത്വമായി മാറിയ എം ഗീതാനന്ദന്‍.. അവര്‍ തന്നെയാണ് ഈ പോരാട്ടവും നയിക്കുന്നത്. എന്തിനാണ് കാറ്റത്തും മഴയത്തുമുള്ള ഈ നില്‍പ്പുസമരം.. ?  ഗീതാനന്ദന്‍ സംസാരിക്കുന്നു.

വൈദേശികാധിപത്യ കാലഘട്ടത്തില്‍ തുടങ്ങിയ ചെറുത്തുനില്‍പ് സമരം ആദിവാസികള്‍ ഇപ്പോഴും തുടരുകയാണ്. വനമേഖലയിലേക്കുള്ള കടന്നുകയറ്റം, നാണ്യവിളകളുടെ വ്യാപനം, ബ്രിട്ടീഷ് വനനിയമങ്ങള്‍, ജന്മിത്തസമ്പ്രദായം തുടങ്ങിയ രീതികളിലൂടെ ആദിവാസികള്‍ എന്നും ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു..ജനാധിപത്യ കേരളത്തിലും ബ്രിട്ടീഷ് വനനിയമങ്ങളും വനനശീകരണവും നിര്‍ബാധം തുടര്‍ന്നു. സംഘടിതമായ കുടിയേറ്റത്തെ സര്‍ക്കാര്‍തന്നെ പ്രോത്സാഹിപ്പിച്ചു. വികസനത്തിന്റെ പേരില്‍ പാരമ്പര്യ ആവാസ വ്യവസ്ഥകള്‍ തകര്‍ത്തു.
അധികാരത്തിലെ പങ്കാളിത്തത്തിനും അവസരസമത്വത്തിനുംവേണ്ടി 19-ാം നൂറ്റാണ്ടില്‍ സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്നെങ്കിലും, ആദിവാസികള്‍ക്ക് ഒരു സംഘടിതശക്തിയാകാനോ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമാക്കാനോ കഴിഞ്ഞില്ല. വികസനത്തിന്റെയും കയ്യേറ്റത്തിന്റെയും കാലഘട്ടം അവരെ പ്രതിരോധത്തിലാക്കി.

ഭൂപരിഷ്‌കരണ പ്രസ്ഥാനം ആദിവാസികളെ പരിഗണിച്ചതേയില്ല എന്ന വിമര്‍ശനത്തെ കുറിച്ച്…….?
ഭൂപരിഷ്‌കരണ പ്രസ്ഥാനത്തിന്റെ കാലത്തുപോലും ഭരണഘടനയുടെ ശക്തമായ പിന്‍ബലമുണ്ടായിട്ടും ആദിവാസികളുടെ സ്വയംഭരണവും ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാനുള്ള ഭരണഘടനയുടെ 244ാം വകുപ്പ് 5ാം പട്ടികയും 6ാം പട്ടികയും  കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. മാത്രമല്ല, വനമേഖലയില്‍ അധികാരം ഉറപ്പിച്ചവര്‍ ആദിവാസികളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടേയിരുന്നു. നിയമത്തിന്റെ പരിരക്ഷകള്‍ ആദിവാസികള്‍ക്ക് ലഭിച്ചതേയില്ല. തുടര്‍ന്ന് പട്ടികവര്‍ഗക്കാരുടെ ദേശീയ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ധേബര്‍ കമ്മീഷന്റെ നിര്‍ദേശം പരിഗണിച്ചുകൊണ്ടാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ 1975ല്‍ കേരള നിയമസഭ ആദ്യമായി ഒരു നിയമം പാസാക്കിയത്. ഈ നിയമം നടപ്പാക്കികിട്ടാനുള്ള നീക്കമാരംഭിച്ചതോടെയാണ് ആദിവാസികള്‍ പുതിയ ഒരു മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

ഈ മുന്നേറ്റത്തിനു ലഭിച്ച പ്രതികരണം എന്തായിരുന്നു?
വളരെ നിഷേധാത്മകമായിരുന്നു. 1990കളില്‍ പുതിയ മുന്നേറ്റമാരംഭിച്ചതോടെ പ്രസ്തുത നിയമം റദ്ദാക്കാനും ആദിവാസികളെ പാര്‍ശ്വവല്‍ക്കരിക്കാനും രാഷ്ട്രീയസംവിധാനം ഒറ്റക്കെട്ടായി അണിനിരന്നു. സ്വകാര്യവനം ദേശസാല്‍ക്കരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ ആദിവാസികളുടെ വനാവകാശം ഭാഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും, പ്രസ്തുത നിയമവും കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെപോയി. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചെടുക്കാന്‍ ഡോ. നല്ലതമ്പി തേറയെപോലുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിവച്ച നിയമയുദ്ധവും ഭൂരഹിതര്‍ക്ക് ഭൂമി കിട്ടാന്‍ സി.കെ.ജാനുവിനെപ്പോലുള്ള നേതൃത്വങ്ങള്‍ 1990കളുടെ ആരംഭത്തില്‍ തുടക്കം കുറിച്ച പ്രക്ഷോഭങ്ങളുമാണ് ആദിവാസികളെ രാഷ്ട്രീയ സമൂഹവുമായി ഒരു സംവാദത്തിന് പ്രാപ്തമാക്കിയത്.

ജാനുവിലൂടെയല്ലേ ആദിവാസികള്‍ക്കിടയില്‍ നിന്ന് ഒരു നേതൃത്വം ആദ്യമായി ഉയര്‍ന്നു വരുന്നത്?
അതെ. 1990 ല്‍ നടന്ന സൗത്ത് ഇന്ത്യന്‍ ആദിവാസി ഫോറത്തിന്റെ സംഗമത്തിനുശേഷമാണ്  സി.കെ.ജാനുവിനെപ്പോലുള്ള പുതിയ നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നത്. ജാനുവിന്റെ നേതൃത്വത്തില്‍ അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി, ചീങ്ങേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഭൂസമരങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഭൂമിയിലുള്ള അവകാശസ്ഥാപനത്തോടൊപ്പം, നിരാഹാര സമരങ്ങള്‍ ഉള്‍പ്പെടെയുള്ള സഹനസമരം പ്രക്ഷോഭത്തിന്റെ രീതിയായി മാറി. സ്ത്രീശക്തിയുടെ സാന്നിധ്യമായിരുന്നു പ്രക്ഷോഭങ്ങളുടെ പ്രത്യേകത. അതേസമയത്തുതന്നെയാണ് പൗരാവകാശ പ്രവര്‍ത്തകനായ ഡോ: നല്ലതമ്പിതേറ ഹൈക്കോടതിയെ സമീപിച്ചത്. നിയമാനുസൃതം ഭൂമി തിരിച്ചെടുത്തു അവകാശികള്‍ക്ക് കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് 1975ലെ നിയമം മറികടക്കാന്‍ കേരള സര്‍ക്കാര്‍ 1996ല്‍ ഒരു ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് ഇന്ത്യന്‍ പ്രസിഡന്റ് തിരിച്ചയച്ചു. ഇടതുവലതു പ്രസ്ഥാനങ്ങള്‍, കക്ഷിരാഷ്ട്രീയം മാറ്റിവെച്ച്  ഒറ്റക്കെട്ടായി ദേശീയതലത്തില്‍ കൊണ്ടുപോയ ഒരേ ഒരു വിഷയം ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനുള്ള നിയമം റദ്ദാക്കുക എന്ന ആവശ്യമാണ്. 1996 ലെ ഭേദഗതിനിയമം പരാജയപ്പെട്ടപ്പോള്‍ 1999ലെ ഇടതുപക്ഷ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി നിയമം കൊണ്ടുവന്നു. കയ്യേറ്റക്കാര്‍ കൈവശം വെക്കുന്ന ആദിവാസിഭൂമിക്ക് 5 ഏക്കര്‍വരെ സാധുത നല്‍കി പകരം ഭൂമി സര്‍ക്കാര്‍ നല്‍കാനും, 5 ഏക്കറില്‍ കൂടുതല്‍ ഉള്ളത് തിരിച്ചുപിടിച്ച് നല്‍കാനുമായിരുന്നു ഭേദഗതി നിര്‍ദേശിച്ചിരുന്നത്. അതോടെപ്പം, 1975 ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിര്‍ദേശിച്ചു. ഇടതുവലതു പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിയമം പാസാക്കി. ഗൗരിയമ്മ മാത്രം നിയമത്തെ എതിര്‍ത്തു. 1999 ലെ നിയമഭേദഗതി ഡോ: നല്ലതമ്പി തേറയും, പി.യു.സി.എല്‍. തുടങ്ങിയ സംഘടനകളും ആദിവാസികളും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചു. കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപിച്ചു.  2009ല്‍ ഭേദഗതി നിയമം ഭാഗികമായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതിനിയമമോ, സുപ്രീംകോടതി നിര്‍ദേശങ്ങളോ നാളിതുവരെ നടപ്പാക്കിയിട്ടില്ല.

തുടര്‍ന്നായിരുന്നല്ലോ ആദിവാസി ഭൂസമരം ശക്തമായത്?
അതെ. 1975 ലെ നിയമം അട്ടിമറിച്ചതോടെ കേരളത്തിലെ ആദിവാസി ഭൂസമരം അവസാനിക്കും എന്നാണ് ഭരണവര്‍ഗങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ വ്യാപ്തിയോടെ ആദിവാസി ഭൂസമരം ശക്തിപ്പെടുകയാണുണ്ടായത്. സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ക്ക് ഭൂരഹിതരുടെയും ദലിതരുടേയും ജനാധിപത്യവിശ്വാസികളുടെയും വിശാലമായ പിന്തുണ ലഭിച്ചു. 1997-98 കാലഘട്ടത്തില്‍ ആരംഭിച്ച കണ്ണൂര്‍ ജില്ലയിലെ തിരുവോണപ്പുറം ആറളം ഭൂസമരം, തുടര്‍ന്ന് കുണ്ടളയിലും അട്ടപ്പാടിയിലെ തൂവൈപ്പതിയിലും നടന്ന ഭൂസമരം തുടങ്ങിയവയെല്ലാം ഭൂസമരപ്രസ്ഥാനങ്ങളെ സമഗ്രമായ രൂപത്തില്‍ അവതരിപ്പിച്ചു തുടങ്ങി. 1999-2000 കാലഘട്ടത്തില്‍ കേരളത്തിലെമ്പാടും ആദിവാസി മേഖലയില്‍ ഉണ്ടായ പട്ടിണിമരണം അതിശക്തമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കി.  ആദിവാസികള്‍ സെക്രട്ടേറിയറ്റ് പടിക്കലും മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലും കുടില്‍കെട്ടി സമരം നടത്തി. 2001 ആഗസ്റ്റ് 29 ന് തുടങ്ങിയ പ്രക്ഷോഭം ഒക്‌ടോബര്‍ 16 വരെ നീണ്ടുനിന്നു. പട്ടിണിമരണത്തിന് അറുതിവരുത്താന്‍ കൃഷിഭൂമി നല്‍കി പുനരധിവസിപ്പിക്കുക എന്നതായിരുന്നു ആവശ്യം. ആദിവാസി ഭൂമി 5 ാം പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ക്കൊപ്പം കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ ഭൂരഹിതരുടെ പുനരധിവാസ പ്രശ്‌നവും ഉയര്‍ന്നു വന്നു.

അതിനുള്ള ഭൂമി ലഭ്യമായിരുന്നോ?
കേരള സര്‍ക്കാരിന്റെ കയ്യില്‍ ലഭ്യമായ റവന്യൂഭൂമി, പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവശം വെയ്ക്കുന്ന എസ്‌റ്റേറ്റ് ഭൂമി, ആദിവാസി പ്രോജക്ടുകള്‍, ടാറ്റാ ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വെയ്ക്കുന്ന ഭൂമി, വനഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിന് നടപ്പാക്കിയ 1971 ലെ നിയമമനുസരിച്ച് കൊടുക്കാവുന്ന വനഭൂമി തുടങ്ങിയ മേഖലകളില്‍ നിന്നും കണ്ടെത്താവുന്ന ഭൂമിയുടെ കണക്കാണ് ഭൂരഹിതരെ പുനരധിവധിപ്പിക്കാനുള്ള സാധ്യതകളായി ചൂണ്ടിക്കാട്ടിയത്. ആ സമരത്തോടെയാണ് കേരളത്തിലെ വൈവിധ്യമാര്‍ന്ന ഗോത്രവര്‍ഗ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന ‘ആദിവാസി ഗോത്രമഹാസഭ’ എന്ന പ്രസ്ഥാനം രൂപംകൊണ്ടത്. 2001 ഒക്‌ടോബര്‍ 16 ന് സര്‍ക്കാര്‍ ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കിയതോടെ പ്രഷോഭം അവസാനിപ്പിച്ചു.

ആ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള ശ്രമം ആത്മാര്‍ത്ഥമായി ആരംഭിച്ചു എന്നാണല്ലോ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്?
2002 ജനുവരി ഒന്നുമുതല്‍ വ്യവസ്ഥകളനുസരിച്ച പുനരധിവാസ പദ്ധതി നടപ്പാക്കിതുടങ്ങി. ഇടുക്കി ജില്ലയിലെ മറയൂര്‍, കുണ്ടള, ചിന്നക്കനാല്‍, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ ചാവശ്ശേരി, കൊല്ലം ജില്ലയിലെ കുരിയോട്ടുമല തുടങ്ങിയ സ്ഥലങ്ങളിലും പുനരധിവാസം ആരംഭിച്ചു. അപ്പോള്‍തന്നെ പദ്ധതി ദുര്‍ബലപ്പെടുത്താന്‍ വനം റവന്യൂ വകുപ്പുകളും ചില ഭരണകക്ഷി അംഗങ്ങളും ശക്തമായി ശ്രമിച്ചിരുന്നു. സര്‍ക്കാരിന് പുറത്ത് ഇടതുപക്ഷ പ്രസ്ഥാനവും ഇതേ നിലപാട് കൈക്കൊണ്ടു രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് ഭൂമിയിലുള്ള അവകാശസ്ഥാപന സമരത്തിന്റെ ഭാഗമായി ആറളംഫാം, മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂസമരത്തിന് തുടക്കം കുറിച്ചത്. 2003 ജനുവരി 3 ന് നൂറുകണക്കിന് ആദിവാസികള്‍ വനഭൂമിയിലുള്ള അവകാശം ഉന്നയിച്ച് മുത്തങ്ങ വനഭൂമിയില്‍ കുടില്‍കെട്ടി. മുത്തങ്ങ വനഭൂമിയിലെ 28 ഓളം ആദിവാസി സങ്കേതങ്ങളില്‍ ഭരണഘടനയും, നിലവിലുള്ള നിയമങ്ങളും അനുശാസിക്കുന്ന ആദിവാസി ഗ്രാമസഭകളാണ് രൂപംകൊണ്ടത്. എന്നാല്‍ 2003 ഫെബ്രുവരി 19 ന് പരിസ്ഥിതി പുന:സ്ഥാപനവും സ്വയംഭരണവും സ്വപ്നംകണ്ട ആദിവാസികളുടെ കുടിലുകളും വനഭൂമിയും അഗ്‌നിക്കിരയാക്കി. ആദിവാസികള്‍ക്കെതിരെ വെടിയുതിര്‍ത്ത ഭരണകൂടം ഒരു ശത്രുരാജ്യത്തെ ആക്രമിച്ചു കീഴടക്കുന്ന രീതിയില്‍ അവരെ തുരത്തുകയും ‘മുത്തങ്ങയെ മോചിപ്പിക്കുക’യും ചെയ്തു! പോലീസ് വെടിവെപ്പില്‍ ആദിവാസിയായ ജോഗി കൊലചെയ്യപ്പെട്ടു. ഒരു പോലീസുകാരന്‍ മരണമടഞ്ഞു. നിരവധി പേര്‍ വേട്ടയാടപ്പെട്ടു. 1000 ത്തോളം വരുന്ന ആദിവാസികളെ ജയിലിലടക്കുകയും, മൃഗീയമായ അതിക്രമത്തിനിരയാക്കുകയും ചെയ്ത ഭരണാധികാരികള്‍, ഒരു ദശകം കഴിഞ്ഞിട്ടും നൂറുകണക്കിന് ആദിവാസികളെ കുറ്റവാളികളായി മുദ്രകുത്തി വിചാരണ നടപടിക്ക് വിധേയരാക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും കേസു തുടരുകയാണ്.

മുത്തങ്ങ എന്തിന്റെ പ്രതീകമാണ്?
കീഴാളരുടെ പൊതുധാരയിലേക്കുള്ള പ്രവേശനത്തിനെതിരെ വെടിയുതിര്‍ത്ത ചരിത്ര മുഹൂര്‍ത്തമാണ് മുത്തങ്ങ. ജന്മിത്തബോധവും, പാശ്ചാത്യ മാനേജ്‌മെന്റ ് മന ശ്ശാസ്ത്രവും, മാഫിയാ താല്‍പര്യവും സമന്വയിപ്പിച്ച ഒരു മലയാളി അധികാര രാഷ്ട്രീയത്തിന്റെ കടന്നാക്രമണമായിരുന്നു മുത്തങ്ങയില്‍ കണ്ടത്. ആദിവാസികള്‍, ദലിതര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കേള്‍ക്കാനുള്ള ജനാധിപത്യ സാധ്യതകളെ നിരോധിക്കുമെന്നും, അവരുടെ പൊതുധാരാ പ്രവേശനത്തിനുള്ള വാതിലുകള്‍ കൊട്ടിയടക്കുമന്നും ഈ ആക്രമണത്തിലൂടെ ഭരണകൂടം ലോകത്തിന് സന്ദേശം നല്‍കി. ആദിവാസികള്‍ ഉയര്‍ത്തിയ ഭരണഘടനാ പ്രശ്‌നങ്ങളെ ഭരണകൂടത്തിന്റെ തീവ്രവാദ നടപടിയും അക്രമാസക്തമായ നടപടിയും വഴി നിശബ്ദമാക്കി; ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. ആദിവാസി ഭൂമി, സ്വയംഭരണം, വനാവകാശം എന്നീ കാര്യങ്ങളില്‍ പൊതു സമൂഹത്തിന്റെ നിഷ്‌ക്രിയത്വം ലക്ഷ്യംവെച്ച ഭരണകൂട നടപടി വലിയൊരളവുവരെ വിജയിച്ചു. അതിപ്പോഴും തുടരുന്നു.

എന്നാല്‍ അതോടെ മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയുണ്ടായെന്ന് പറയാനാകുമോ?
ഇല്ല. ആദിവാസികളുടെ അതിജീവനസമരങ്ങള്‍  തുടരുകയാണുണ്ടായത്.  ചെങ്ങറ സമരം, അരിപ്പ സമരം, ആറളം സമരം എന്നിങ്ങനെ പൊതു സമൂഹവുമായി കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ സംവദിച്ചുകൊണ്ടിരിക്കുന്നു. മുത്തങ്ങാ സംഭവത്തിനു ശേഷം കേരളത്തിലെ ആദിവാസി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒരു ഘട്ടത്തില്‍ വേഗത കൈവരിക്കുകയുണ്ടായി. ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തില്‍നിന്നും 19,600 ഏക്കര്‍ ഭൂമി ലഭിച്ചു; 7500 ഏക്കര്‍ വരുന്ന ആറളം ഫാം കേന്ദ്രം വിലയ്ക്ക് നല്‍കി; മുത്തങ്ങ സമരത്തിനുശേഷം ദേശീയതലത്തില്‍ വനാവകാശനിയമം നിലില്‍വന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ പുതിയ സാധ്യതകളെ ബോധപൂര്‍വം തിരസ്‌കരിക്കുകയാണുണ്ടായത്.

എന്താണ് ഇപ്പോഴത്തെ യഥാര്‍ത്ഥപ്രശ്‌നം?
കേരളത്തിലെ ആദിവാസികള്‍ ഇന്ന് മൂന്ന് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു കിട്ടാനുള്ള നിയമപരമായ നടപടി; ഭൂരഹിതരെ പുനരധിവസിപ്പിക്കല്‍; വനാവകാശ നിയമമനുസരിച്ച് വനഭൂമിയിലുള്ള അവകാശം സ്ഥാപിക്കല്‍ എന്നിവയാണവ. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണകൂടവുമായുള്ള ഒരു സംവാദമാണ് ഈ നില്‍പ്പു സമരത്തിന്റെ ലക്ഷ്യം.
2001ലെ കുടില്‍കെട്ടല്‍ സമരത്തിന്റെ അവസാനത്തില്‍ ആദിവാസികള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയതായി ഏവര്‍ക്കുമറിയാം. ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധികാരികള്‍ നല്‍കിയ ഉറപ്പുകള്‍, കരാറുകള്‍, ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ പാലിക്കാനുള്ളതാണ്. അത് പാലിക്കുന്നത് ജനാധിപത്യമര്യാദയാണ്. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കും; ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ വനഭൂമി പതിച്ചു നല്‍കും; പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും; അന്യാധീനപ്പെട്ട ഭൂനിയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി മാനിക്കും; ഒരു ദൗത്യസംഘം (മിഷന്‍ മാതൃകയില്‍) നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആദിവാസികളെ പങ്കാളികളാക്കും തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുരധിവാസം അവസാനിപ്പിച്ച മട്ടാണ്; പുനരധിവാസത്തിന് വേണ്ടി ഏറ്റെടുത്ത ഏഷ്യയിലെ ബൃഹത്പദ്ധതിയായ ആറളം ഫാമില്‍ സ്വകാര്യ മുതലാളിമാരുടെ പൈനാപ്പിള്‍ കൃഷി വ്യാപിപ്പിച്ചിരിക്കയാണ്. ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പൂക്കോട്ട് വനഭൂമിയില്‍ നിയമങ്ങള്‍ ലംഘിച്ച് വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നു; വംശഹത്യയെ നേരിടുന്ന അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു; മുത്തങ്ങയിലെ ആദിവാസികള്‍ നീതിക്കുവേണ്ടി കോടതികള്‍ കയറുന്നു. കരാറിലെ കക്ഷിയായ ആദിവാസികള്‍ നില്‍പ്പുസമരവും ആവലാതികളുമായി ഭരണസിരാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കാത്തു നില്‍ക്കേണ്ടിവരുന്നു.

എന്താണ് ഈ സമരത്തിലെ പ്രധാന ആവശ്യങ്ങള്‍?
ജൂലൈ 9ന് സെക്രട്ടറിയറ്റ് പടിക്കല്‍ ആരംഭിച്ച ഈ നില്‍പ്പ് സമരത്തിലൂടെ പൊതു സമൂഹവുമായി ഒരു സംവാദമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ആദിവാസി ഊര്ഭൂമി സംരക്ഷിക്കാന്‍ പട്ടികവര്‍ഗ്ഗ മേഖല പ്രഖ്യാപിക്കുക, വംശഹത്യയില്‍ നിന്നും രക്ഷിക്കാന്‍ ഭൂമിയും സംസ്‌ക്കാരം സംരക്ഷിക്കുക, ശിശുമരണവും പട്ടിണിമരണവും തുടരുന്ന അട്ടപ്പാടിയില്‍ കാര്‍ഷികപദ്ധതിയും ആദിവാസിഗ്രാമസഭാനിയമവും നടപ്പാക്കുക, വനാവകാശനിയമം നടപ്പാക്കുക വനവാസികളുടെ ഭൂമിയും സംസ്‌ക്കാരവും സംരക്ഷിക്കാന്‍ ഗ്രാമസഭകളെ പ്രവര്‍ത്തനക്ഷമമാക്കുക. പണിയ അടിയ മുതുവാന്‍ മന്നാന്‍ മലമ്പണ്ടാരം തുടങ്ങിയ ആദിവാസികളുടെ ഭൂമി, സംസ്‌കാരം എന്നിവ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കുക, കുണ്ടള മറയൂര്‍ ചിന്നക്കനാല്‍ ആറളംഫാം അട്ടപ്പാടി തുടങ്ങിയ ഭൂമിയിലെ കയ്യേറ്റങ്ങളും വിഭവകൊളളയും അവസാനിപ്പിക്കുക, അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുക, ആറളം ഫാമിലെ വിഷമാലിന്യ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കുക ആറളം കമ്പനി പിരിച്ച് വിട്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കുക. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ വനഭൂമി പതിച്ചു നല്‍കുക; വനഭൂമിയില്‍ പണിയുന്ന വെറ്റിനറി യൂണിവേഴ്‌സിറ്റി മാറ്റി സ്ഥാപിക്കുക, 2001ലെ ആദിവാസി കരാര്‍ നടപ്പാക്കുക, മാവോവാദിവേട്ടയുടെ പേരില്‍ ആദിവാസിമേഖലയില്‍ നടപ്പാക്കുന്ന പോലീസ് രാജ് അവസാനിപ്പിക്കുക, പട്ടികവര്‍ഗ്ഗ വകുപ്പിനെ ശക്തപ്പെടുത്തുക, മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക, വേടന്‍ ഗോത്രത്തിന് പട്ടികവര്‍ഗ്ഗപദവി നല്‍കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക തുടങ്ങിയവയാണ് ഈ സമരത്തിന്റെ മുഖ്യ ആവശ്യങ്ങള്‍. എന്താണ് ഈ ആവശ്യങ്ങൡ ഒരു തീരുമാനത്തിനു ഭരണകൂടമോ ഒരു സംവാദത്തിനു സമൂഹമോ മടിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply