ഈ പുരസ്‌കാരം പെരിങ്ങോട് ഗ്രാമത്തിന്

മികച്ച സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സുദേവന്റെ ക്രൈം നമ്പര്‍ 89 നേടുമ്പോള്‍ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയത് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമം. സാധാരണ ഇവിടത്തെ നിഷ്‌കളങ്കരായ ഗ്രാമവാസികള്‍ ടിവിക്കുമുന്നില്‍ ഒത്തുചേരുന്നത് സംസ്ഥാന യുവജനോത്സവങ്ങളിലെ പഞ്ചവാദ്യത്തിന്റേയും മറ്റും ഫലം പ്രഖ്യാപിക്കുമ്പോഴാണ്. ലോകത്തെ ഏറ്റവും വലിയ സിംഫണിയായ പഞ്ചവാദ്യത്തിന്റെ പറുദീസയായ പെരിങ്ങോടിലേക്ക് ഏറ്റവും ആധുനികമായ ദൃശ്യകലാരൂപം സിനിമയുമായി സുദേവന്‍ എത്തിയപ്പോള്‍ ഈ ഗ്രാമം ഒന്നടങ്കം അത് ഏറ്റെടുക്കുകയായിരുന്നു. തന്റെ നാട്ടില്‍ നിന്ന് സുദേവന്‍ സിനിമ പഠിച്ചു. സുദേവനില്‍ നിന്ന് നാട്ടുകാരും. […]

CR No. 89- Movie stillമികച്ച സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സുദേവന്റെ ക്രൈം നമ്പര്‍ 89 നേടുമ്പോള്‍ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിയത് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമം. സാധാരണ ഇവിടത്തെ നിഷ്‌കളങ്കരായ ഗ്രാമവാസികള്‍ ടിവിക്കുമുന്നില്‍ ഒത്തുചേരുന്നത് സംസ്ഥാന യുവജനോത്സവങ്ങളിലെ പഞ്ചവാദ്യത്തിന്റേയും മറ്റും ഫലം പ്രഖ്യാപിക്കുമ്പോഴാണ്. ലോകത്തെ ഏറ്റവും വലിയ സിംഫണിയായ പഞ്ചവാദ്യത്തിന്റെ പറുദീസയായ പെരിങ്ങോടിലേക്ക് ഏറ്റവും ആധുനികമായ ദൃശ്യകലാരൂപം സിനിമയുമായി സുദേവന്‍ എത്തിയപ്പോള്‍ ഈ ഗ്രാമം ഒന്നടങ്കം അത് ഏറ്റെടുക്കുകയായിരുന്നു. തന്റെ നാട്ടില്‍ നിന്ന് സുദേവന്‍ സിനിമ പഠിച്ചു. സുദേവനില്‍ നിന്ന് നാട്ടുകാരും. അങ്ങനെയാണ് കേവലം ഏഴുലക്ഷം രൂപ ചിലവില്‍ ക്രൈം നമ്പര്‍ 89 രൂപം കൊണ്ടത്.

ബാല്യം മുതല്‍ സുദേവന് സിനിമ ആവേശമായിരുന്നു. സിനിമാ കൊട്ടകകളില്‍ നിന്ന് കൊട്ടകകളിലേക്കുള്ള യാത്രകളായിരുന്നു ബാല്യവും കൗമാരവും. അതൊക്കെ സാധാരണ കമ്മേഴ്‌സ്യല്‍ സിനിമകള്‍. സിനിമയുടെ മറ്റൊരു ലോകമുണ്ടെന്ന് മനസ്സിലായത് ഏറെ കഴിഞ്ഞായിരുന്നു. ഫിലിം സൊസൈറ്റികളിലൂടെയാണ് മുഖ്യമായും മികച്ച സിനിമകള്‍ കാണാനവസരം കിട്ടിയത്. ആ കാഴ്ചകള്‍ നല്‍കിയ വിസ്മയമാണ് തന്റെ തട്ടകം സിനിമ തന്നെ എന്ന് സുദേവന്‍ തീരുമാനിക്കാന്‍ കാരണമായത്.
കോടികള്‍ ഒഴുകുന്ന സിനിമയുടെ ഭ്രമാത്മകലോകത്തായിരുന്നില്ല പക്ഷെ സുദേവന്‍. നല്ല സിനിമയായിരുന്നു ലക്ഷ്യം. ചെറുസിനിമകളില്‍ നിന്നു തുടക്കം. നാലു ചെറുസിനിമകളാണ് ഇതിനുമുമ്പ് ചെയ്തത്. വീട്, പ്ലാനിംഗ്, രണ്ട്, തട്ടിന്‍പുറത്തപ്പന്‍ എന്നിവയാണവ. എല്ലാം ഈ ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ഉല്‍പ്പന്നങ്ങളായിരുന്നു. ചിത്രീകരണ വേളകളില്‍ നാട്ടുകാര്‍ ഒന്നടങ്കം പങ്കാളികളായിരുന്നു. പകല്‍ തൊഴിലിനു പോകുന്നവരായിരുന്നു മിക്കവാറും പേര്‍. വൈകുന്നേരങ്ങളിലും ഒഴിവുള്ള മറ്റു സമയങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. നിര്‍മ്മാതാവിനെ തേടിയലയാനോ അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഉള്ളിലെ സിനിമയെ മാറ്റിയെടുക്കാനോ സുദേവന്‍ തയ്യാറായിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച ചെറിയ ചെറിയ സംഭാവനകളില്‍ നിന്നായിരുന്നു ചിലവെല്ലാം കണ്ടെത്തിയത്. സ്വന്തമായൊരു ഹാന്റി കാം ക്യാമറയുണ്ടായിരുന്നു. പെട്രോള്‍ മാക്‌സ് വെളിച്ചത്തിലായിരുന്നു പലപ്പോഴും ഷൂട്ടിംഗ്. ഒരു താരത്തേയും തേടിയലഞ്ഞില്ല സുദേവന്‍. അഭിനേതാക്കള്‍ നാട്ടുകാര്‍ തന്നെ. അങ്ങനെയാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിയ അശോക് കുമാറും മറ്റും ഉയര്‍ന്നുവന്നത്. അക്ഷരാര്‍ത്ഥത്തില്‍ പെരിങ്ങോട് ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ഉല്‍പ്പന്നങ്ങളായിരുന്നു നാലു ചെറുസിനിമകളും. അച്യുതാന്ദന്‍, സന്തോഷ്, കല്ല്യാണ്‍, പാര്‍ത്ഥസാരഥി, നാരായണന്‍, വാപ്പുക്ക, ബീന, അസീസ്….. ഇവരെല്ലാവരുടേതുമായിരുന്നു ആ സിനിമകള്‍.
ലാളിത്യമുള്ള ഫ്രെയിമുകളിലൂടെ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് സുദേവന്‍ തന്റെ സിനിമകളിലൂടെ പറയാന്‍ ശ്രമിച്ചത്. അതിനാല്‍ തന്നെ അവയെല്ലാം അടിമുടി രാഷ്ട്രീയമാണ്. ദുരൂഹമായ വഴികളിലൂടെ ലക്ഷ്യം തേടിയലയുന്ന ഒരു യുവാവിനെയാണ് വരൂ എന്ന സിനിമയില്‍ ചിത്രീകരിച്ചതെങ്കില്‍ മനുഷ്യന്റെ തെറ്റിപോകുന്ന ആസൂത്രണമാണ് പ്ലാനിംഗിന്റെ പ്രമേയം. മനുഷ്യമനസ്സിലെ കുടിലതകളും അക്രമണോത്സുകതയുമാണ് രണ്ടിന്റെ പ്രമേയം. ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ചാണ് ഏറെ ശ്രദ്ധേയമായ തട്ടിന്‍ പുറത്തപ്പന്‍ പറയുന്നത്. ഈ സിനിമകളിലൂടെ ചെറുസിനിമകളുടെ ലോകത്ത് സുദേവന്‍ തന്റെ സിംഹാസനമുറപ്പിക്കുകയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ ഇവ പ്രദര്‍ശിപ്പിച്ചു. സംസ്ഥാന ടിവി പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍. ധാരാളം സിഡികള്‍ വിറ്റഴിഞ്ഞു.
ഈ ചെറുസിനിമകളുടെ വിജയമാണ് സുദേവനും പെരിങ്ങോട് ഗ്രാമത്തിനും ക്രൈം നമ്പര്‍ 89 എന്ന ഫീച്ചര്‍ ഫിലിം ചെയ്യാനുള്ള ഊര്‍ജ്ജം നല്‍കിയത്. ഇതൊരു ചെറുത്തുനില്‍പ്പിന്റെ കഥയാണ്. മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും വിലസുന്ന സമകാലിക കേരളത്തില്‍ ഒരു പാവം മെക്കാനിക്ക് ഒറ്റക്കു നടത്തുന്ന ചെറുത്തുനില്‍പ്പ്. ഭയാനകമായ രീതിയില്‍ മര്‍ദ്ദനങ്ങളേറ്റിട്ടും മാരകായുധങ്ങളുമായി എത്തിയ ജീപ്പ് റിപ്പയര്‍ ചെയ്യാന്‍ അയാള്‍ തയ്യാറാകുന്നില്ല. അയാളതു ചെയ്തു കൊടുത്തെങ്കില്‍ എന്നു പ്രേക്ഷകര്‍ പോലും ആഗ്രഹിക്കും. എന്നാല്‍ അയാളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തോറ്റുമടങ്ങുകയാണ് ക്രിമിനല്‍ സംഘം. പിന്നില്‍ പ്രസ്ഥാനങ്ങളോ സമ്പത്തോ ഒന്നുമില്ലാതെ നിശബ്ദരായ ഇങ്ങനേയും ചിലരുണ്ട് ഈ ഭൂമിയില്‍ എന്നറിയുമ്പോഴുണ്ടാകുന്ന പ്രത്യാശതന്നെ ഈ ലളിതമായ സിനിമയുടെ രാഷ്ട്രീയം. മെക്കാനിക്കായുള്ള അഭിനയത്തിലൂടെ പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തുന്നു അശോക് കുമാര്‍. തന്റെ തന്നെ ഭീതിയും ഉത്ക്കണ്ഠയുമാണ് ഈ സിനിമയുടെ പ്രമേയമായതെന്ന് സുദേവന്‍ പറയുന്നു.
കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ നെറ്റ് പാക്ക് പുരസ്‌കാരം നേടിയ ക്രൈം നമ്പര്‍ 89 പിന്നീട് ജോണ്‍ അബ്രഹാം പുരസ്‌കാരം, ജി അരവിന്ദന്‍ പുരസ്‌ക്കാരം എന്നിവയും നേടി. പരിപൂര്‍ണ്ണമായും ജനകീയ പങ്കാളിത്തത്തോടെ ഏറ്റവും കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച തന്റെ ചിത്രം അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സുദേവന്‍ പറഞ്ഞു. സിനിമ ദന്തഗോപുരങ്ങളില്‍ താഴേക്കിറങ്ങട്ടെ. അതേസമയം ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ തിയറ്ററുകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും സുദേവന്‍ പറഞ്ഞു. പ്രേക്ഷകര്‍ സിനിമ കാണാന്‍ വരാത്തിടത്തോളം തിയറ്ററുകളെ കുറ്റപ്പെടുത്തുന്നതില്‍ എന്തുകാര്യം. അതേസമയം സിനിമയെ ഗൗരവമായി വീക്ഷിക്കുന്നവര്‍ ഫിലിം സൊസൈറ്റികള്‍ വഴിയും ചലചിത്രമേളകളിലൂടേയും തന്റെ സിനിമ കാണുന്നുണ്ടെന്നും സുദേവന്‍ പറയുന്നു. അടുത്തൊരു സിനിമയെ കുറിച്ച് ഇതുവരേയും ഈ ചെറുപ്പക്കാരന്‍ ചിന്തിച്ചിട്ടില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply