ഈ ഗ്ലാമര്‍ ഒരു കുറ്റം തന്നെയാണ് സഖാക്കളെ

പാഠഭേദം ഡെസ്‌ക് ഇത് മൂന്ന് താര മന്ത്രിമാരെപ്പറ്റിയാണ്. ജനപ്രിയര്‍, കക്ഷി ഭേദങ്ങള്‍ക്കതീതമായി സമ്മതിയുള്ളവര്‍, ജനകീയ പ്രസ്ഥാനങ്ങള്‍ക്കിടയിലും ആക്ടിവിസ്റ്റുകള്‍ക്കിടയിലും തങ്ങളുടേതായ നിയോജക മണ്ഡലങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത്, നിശ്ചയമായും നിയമസഭയിലെത്തേണ്ടവര്‍ എന്ന പാഠഭേദം ഗാലപ്പ് പോളില്‍ അനായാസം ഇടം പിടിച്ചവരിലും ഇവരുണ്ട്. അത്തരമൊരു ചമ്മല്‍ മനസ്സില്‍ വെച്ചുകൊണ്ട് ഇപ്പോള്‍ പറയേണ്ടി വരുന്നു: ഇവര്‍ തികഞ്ഞ പരാജയമാണ്- കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, അതെ നിങ്ങള്‍ വായിക്കുന്നത് ശരിയാണ്, ധനമന്ത്രി തോമസ് ഐസക്. പ്രതീക്ഷകളുടെ […]

mmm.pmd

പാഠഭേദം ഡെസ്‌ക്

ഇത് മൂന്ന് താര മന്ത്രിമാരെപ്പറ്റിയാണ്. ജനപ്രിയര്‍, കക്ഷി ഭേദങ്ങള്‍ക്കതീതമായി സമ്മതിയുള്ളവര്‍, ജനകീയ പ്രസ്ഥാനങ്ങള്‍ക്കിടയിലും ആക്ടിവിസ്റ്റുകള്‍ക്കിടയിലും തങ്ങളുടേതായ നിയോജക മണ്ഡലങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത്, നിശ്ചയമായും നിയമസഭയിലെത്തേണ്ടവര്‍ എന്ന പാഠഭേദം ഗാലപ്പ് പോളില്‍ അനായാസം ഇടം പിടിച്ചവരിലും ഇവരുണ്ട്. അത്തരമൊരു ചമ്മല്‍ മനസ്സില്‍ വെച്ചുകൊണ്ട് ഇപ്പോള്‍ പറയേണ്ടി വരുന്നു: ഇവര്‍ തികഞ്ഞ പരാജയമാണ്- കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, അതെ നിങ്ങള്‍ വായിക്കുന്നത് ശരിയാണ്, ധനമന്ത്രി തോമസ് ഐസക്.
പ്രതീക്ഷകളുടെ ഭാരം കൊണ്ട് പ്രതിഛായ മങ്ങിപ്പോയവരെന്ന തെറ്റിദ്ധാരണ ഇവരെക്കുറിച്ച് വേണ്ട. ഭരണ നൈപുണ്യത്തിന്റെ അളവുകോല്‍ വെച്ചല്ല പ്രാഥമികമായ കാര്യക്ഷമതയുടേയും ഉത്തരവാദിത്വത്തിന്റേയും ജാഗ്രതയുടേയും അളവുകോല്‍ വെച്ചു തന്നെ ഇവരുടെ പരാജയം അടിവരയിടപ്പെടണം.
തൃശൂരിലെ സാംസ്‌കാരിക കൂട്ടായ്മകള്‍ തൊട്ട് കേരളമെമ്പാടുമുള്ള ജൈവ കര്‍ഷകര്‍ വരെ ആവേശഭരിതരാവും കൃഷിമന്ത്രി സുനില്‍കുമാറെന്നു കേട്ടാല്‍. എങ്ങിനെ ആവേശം കൊള്ളാതിരിക്കും? കാല്‍ നൂറ്റാണ്ടിനിടക്ക് കേരള ജൈവകര്‍ഷക സമിതിക്ക് വിളിപ്പുറത്ത് ഇതുപോലൊരു മന്ത്രിയെ കിട്ടിയിട്ടുണ്ടോ? ജി.എം.കടുകിനെതിരെ സമരം നയിക്കാന്‍ മുതല്‍ കോള്‍പ്പാടത്ത് വിത്തെറിയാനും വിള കൊയ്യാനും വരെ ഒരു ഫോണ്‍കോള്‍ ചിലവില്‍ സുനിലേട്ടന്‍ റെഡി. പക്ഷേ ഒരു കൃഷി മന്ത്രിയുടെ ഭരണ മികവ് അളക്കേണ്ട കാര്യങ്ങളില്‍? വിപണിവില കിലോക്ക് പതിനഞ്ചില്‍ താഴെയായ കാലത്തെ നാളികേര സംഭരണം? ഭരണമേറിയിട്ട് രണ്ടാം കൊയ്ത്തു കാലത്തും അലങ്കോലമായി കിടക്കുന്ന നെല്ല് സംഭരണം? ഒന്നൊഴിയാതെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്ന നീര കമ്പനികളും നാളികേര ഉല്പാദന സംരംഭങ്ങളും? കോടികള്‍ മുടക്കിയിട്ട് തുരുമ്പെടുത്ത് നശിക്കുന്ന സംസ്‌ക്കരണ ശാലകള്‍? ഇടതും വലതുമായി കൊണ്ടു നടന്നിരുന്ന രണ്ട് ഐ.എ.എസ് ശിങ്കങ്ങള്‍ പരസ്പരം കൊത്തിക്കീറി കൃഷിവകുപ്പ് സ്തംഭനാവസ്ഥയിലെത്തിയപ്പോള്‍ കാഴ്ചക്കാരനായി നിന്നത്?
സംസ്ഥാനത്തിന്റെ കൃഷിമന്ത്രി പ്രാഥമികമായും അക്കൗണ്ടബിള്‍ ആവേണ്ടത് ഇനിയും ഒരു ന്യൂനപക്ഷം മാത്രമായ ജൈവ കര്‍ഷകരെക്കാളുപരി, കൃഷിയല്ലാതെ മറ്റൊരു ഉപജീവന മാര്‍ഗ്ഗമില്ലാത്ത ലക്ഷക്കണക്കിന് വരുന്ന സാമ്പ്രദായിക കൃഷിക്കാരോടാണെന്നത് സുനില്‍കുമാര്‍ മറക്കുന്നു. പോട്ടെ, മന്ത്രിയുടെ അരുമ വിഷയമായ ജൈവകൃഷി പ്രോത്സാഹനത്തിന്റേയും നാട്ടാര്‍ക്ക് വിഷരഹിത ഭക്ഷണമെത്തിക്കുന്നതിന്റേയും കാര്യമോ? കുറ്റകരമായ ശത്രുതയോടെ ജൈവ കൃഷിയെ കാണുന്ന വകുപ്പുദ്യോഗസ്ഥരുടേയും കാര്‍ഷിക ഗവേഷണ മേധാവികളുടേയും സമീപനത്തില്‍ തരിമ്പും മാറ്റം വരുത്താന്‍ മന്ത്രിക്കിതുവരെ ആയിട്ടില്ല. പത്രത്താളുകളില്‍ നിറഞ്ഞു നില്‍ക്കുന്ന മന്ത്രിയുടെ വീണ്‍ വാക്കുകളൊന്നും സര്‍ക്കാര്‍ പദ്ധതിയോ പരിപാടിയോ ആയി രൂപം മാറുന്നേയില്ല, അതിനാല്‍. വിതയെത്തി തീരുമ്പോഴേക്കും കൊയ്ത്തു തുടങ്ങുന്ന ഫോട്ടോകളില്‍ വര്‍ഷാവര്‍ഷം നിറഞ്ഞു നിന്ന് ഭരണകാലം തിരക്കാനാവുമോ ഈ കൃഷിമന്ത്രിയുടെ വിധി? ഇതാ ഏറ്റവും ഒടുവിലത്തെ പ്രസ്താവന കൃഷിവകുപ്പിന്റെ നാളിനിയുള്ള എല്ലാ പരിപാടികള്‍ക്കും ഒരു മരത്തൈ നട്ടിരിക്കണമത്രേ. കാലവും പക്കവും നോക്കണ്ട, മഴയെന്നോ വെയിലെന്നോ മഞ്ഞെന്നോ വകതിരിവു വേണ്ട. തന്റെ പ്രഖ്യാപനങ്ങളുടെ ആയുസ്സിനപ്പുറമെന്തിന്, ആ തൈകള്‍ക്കും ജീവന്‍?
ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ ആദ്യമായി നടന്ന ഓര്‍ഗാനിക് വേള്‍ഡ് കോണ്‍ഗ്രസ്സിലെ കേരള സര്‍ക്കാരിന്റെ ഔദ്യോഗിക സാന്നിധ്യം കാല്‍ നൂറ്റാണ്ടിലേറെയായി ജൈവ കൃഷി രംഗത്ത് സംസ്ഥാനം നടത്തിയ മുന്നേറ്റത്തെ അപ്പാടെ റദ്ദു ചെയ്യുന്നതാക്കി മാറ്റി മന്ത്രിയുടെ ഉദ്യോഗസ്ഥവൃന്ദം. അവരെഴുതിക്കൊടുത്ത അബദ്ധ പഞ്ചാംഗം ഒരു അന്താരാഷ്ട്ര സദസ്സിനു മുന്നില്‍ മന്ത്രി വിളമ്പുന്നതു കണ്ട് തല കുനിച്ചിരിക്കേണ്ടി വന്നു മലയാളക്കരയിലെ കാമ്പുള്ള ജൈവ കര്‍ഷകര്‍ക്ക്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് പോലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ആവശ്യമുയരുന്ന കേരളത്തിന്റെ ഔദ്യോഗിക പവലിയന്‍ പ്ലാസ്റ്റിക്കും സ്റ്റിറോഫോമും കൊണ്ടുള്ള വികൃത കോലങ്ങളലങ്കരിച്ച് കൃഷി വകുപ്പുദ്യോഗസ്ഥര്‍ മന്ത്രിയുടെ ജൈവകൃഷി പ്രേമത്തോട് കൃത്യമായി കണക്കു തീര്‍ക്കുകയും ചെയ്തു. പവലിയന്റെ കൃത്രിമ കോലത്തിനിണങ്ങുന്ന വിധം വ്യാജ ജൈവകര്‍ഷകരെ ഉല്പന്നങ്ങളുമായി അണിനിരത്തിയതോടെ ചിത്രം പൂര്‍ണ്ണമായി.
കൗമാര കാലത്തിലെ സി.രവീന്ദ്രനാഥിന്റെ മുഖ പ്രസാദത്തിലൊരു കാവിഛവി കലര്‍ന്നിരുന്നോ എന്ന സന്ദേഹം അനാവശ്യമായി ഉയര്‍ത്തപ്പെട്ടതാണ്. ഇനി അങ്ങനെ ആണെങ്കില്‍തന്നെ, അശോകന്‍ ചെരുവിലാണ് ശരി, ആ മന പരിവര്‍ത്തനത്തില്‍ നമ്മള്‍ ആഹ്ലാദിക്കുകയാണ് വേണ്ടത്. പക്ഷെ രാജ്യത്താകമാനം ഭീതിദമാം വിധം കാവിശോഭ പടരുമ്പോള്‍ നമ്മുടെ സ്‌കൂള്‍ കുരുന്നുകളില്‍ അതിന്റെ നിഴല്‍ പോലും പതിയാതിരിക്കാനുള്ള ജാഗ്രതയാണ് ഒരു ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രിയില്‍നിന്നും കേരളം പ്രതീക്ഷിക്കുന്നത്. ഹിന്ദുത്വം ഉന്നമിടുന്ന അധിനിവേശ മേഖലകളില്‍ പ്രഥമ സ്ഥാനം വിദ്യാഭ്യാസമാണെന്ന തിരിച്ചറിവില്ലാത്ത രവീന്ദ്രനാഥിന്റെ പരിഷത്ത് പാരമ്പര്യത്തെക്കുറിച്ച് ലജ്ജയല്ലാതെന്ത് തോന്നണം? മോഹന്‍ ഭാഗവത്മാര്‍ക്ക് സ്‌കൂള്‍ കവാടങ്ങള്‍ മലര്‍ക്കെ തുറന്നു കൊടുക്കപ്പെടുന്നു. ദീനദയാല്‍ ഉപാധ്യായയെക്കുറിച്ച് സ്‌കൂള്‍ കുട്ടികളോട് മംഗളപത്രം രചിക്കാനാവശ്യപ്പെടുന്നു. മന്ത്രിയും ഉത്തരവാദിത്വത്തിലുള്ള വിദ്യാഭ്യാസ ഭരണ സംവിധാനവും നിശ്ചേഷ്ടമായി നോക്കി നില്‍ക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അരുതായ്മകള്‍ പെരുകുന്നു, പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു, സ്വകാര്യ മാനേജ്‌മെന്റുകളുടെ അധ്യാപക നിയമനങ്ങളുടെ പണ ബാധ്യത മുഴുവന്‍ പൊതു ഖജനാവ് പേറേണ്ടി വരുന്നു. ചെകിടടപ്പിക്കുന്ന നിശ്ശബ്ദത കൊണ്ട് മാത്രം മന്ത്രി സി.രവീന്ദ്രനാഥ് ഇവയെ നേരിടുന്നു. വിലക്ഷണമാവട്ടെ, തോന്ന്യാക്ഷരങ്ങളാവട്ടെ, ഹിന്ദുത്വത്തിനെതിരായി കോളേജ് മാഗസിനുകളില്‍ ചില കോറി വരയലുകള്‍ എങ്കിലും നടത്തുന്നുണ്ടല്ലോ ചില എസ്.എഫ്.ഐ പിള്ളേര്‍. അറസ്റ്റും കേസ്സും ഭയക്കാതെ ആ സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ക്കെങ്കിലും വഴി നടക്കാനാവുമെന്ന് ഉറപ്പു തരാനാവുന്നില്ലല്ലോ ഈ മന്ത്രിക്ക്.
ഇനി താരങ്ങളില്‍ താരത്തെക്കുറിച്ച് : ധനമന്ത്രി തോമസ് ഐസക്. നയം, പദ്ധതി, പരിപാടി എന്നൊരു ശ്രേണീക്രമമുണ്ട്, ഉണ്ടാവണം ഭരണത്തിനെന്ന് തോമസ് ഐസക്കിനെപ്പോലൊരു അക്കാദമീഷ്യനോട് പറയേണ്ടി വരരുത്. ദൗര്‍ഭാഗ്യവശാല്‍ ഡോക്ടര്‍ക്ക് പരിപാടികളേയുള്ളൂ; അല്പം ആര്‍ഭാടമായി പറഞ്ഞാല്‍ പ്രോജക്ടുകള്‍. മാരാരിക്കുളം പ്രോജക്ടിന്റെ വിപുലീകരണമായി പോലുമല്ല, വ്യാപനമായി മാത്രം കേരള ഭരണത്തെ കാണുന്നു എന്നതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കണ്ണഞ്ചിക്കുന്ന പരാജയത്തിന്റെ മൂല കാരണം. പഴയ ‘പാഠം’ വിമര്‍ശനവുമായി പുല ബന്ധം പോലുമില്ലാതെ പറയുന്നു, ഭരണത്തിന്റെ ഈ എന്‍.ജി.ഒ വല്‍ക്കരണം മാത്രം തോമസ് ഐസക്കിന്റെ ലെഗസിയായി ബാക്കി നിന്നേക്കും. കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ലെഗസി നേര്‍ വിപരീതമായിരുന്നു. നയങ്ങളായി ആവിഷ്‌ക്കരിച്ച്, പദ്ധതികളായി രൂപകല്പന ചെയ്ത്, പ്രോജക്ടുകളായി തരം തിരിച്ച് പരിപാടികളായി നടപ്പില്‍ വരുത്തുന്ന കാര്യങ്ങളാണ്, നല്ലതാവട്ടെ തിയ്യതാവട്ടെ ഇടതുപക്ഷ ഭരണ നിര്‍വ്വഹണമായി ജനങ്ങള്‍ക്ക് അനുഭവവേദ്യമായത്. ആ നയങ്ങളെ നിങ്ങള്‍ക്ക് മുച്ചൂടം വിമര്‍ശിക്കാം. പക്ഷേ നയങ്ങളില്‍ നിന്നായിരുന്നു ഇ.എം.എസ് തുടങ്ങിയതെന്നത്, നയങ്ങളായിരുന്നു അദ്ദേഹത്തിന് എല്ലാമെന്നത് നിസ്തര്‍ക്കം.
നയമെന്തായാലും പ്രോജക്ടുകളുടെ ധന സമാഹരണമാണ് പ്രധാനമെന്ന അക്ഷന്തവ്യമായ അരാഷ്ട്രീയതയാണ് ജി.എസ്.ടി യുടെ അഖിലേന്ത്യാ ഉത്സാഹക്കമ്മിറ്റിയില്‍ തോമസ് ഐസക്കിനെ മുന്‍ നിരയില്‍ തന്നെ അണി ചേര്‍ത്തത്. ഫെഡറലിസത്തിന്റെ മരണമണിയാണ് ജി.എസ്.ടി യെന്ന് ഐസക്കിന് വെളിവുദിച്ചില്ലെങ്കില്‍ പിന്നെ ആര്‍ക്ക്? രജിസ്‌ട്രേഷന്‍ ഫീസും തല്‍ക്കാലത്തേക്ക് കള്ളുകാശുമല്ലാതെ മറ്റെന്ത് സ്വതന്ത്ര ധന സ്രോതസ്സുകള്‍ മുന്‍ നിര്‍ത്തിയാണ് വരുന്ന ഫെബ്രുവരിയില്‍ ഡോക്ടര്‍ സംസ്ഥാന ബജറ്റവതരിപ്പിക്കാന്‍ പോകുന്നത്? ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ഖജനാവില്‍ പത്ത് പുത്തന്‍ കൂടുതല്‍ വീഴുമല്ലോ എന്ന മോഹ ചിന്തയില്‍ സംസ്ഥാനങ്ങളുടെ നികുതി പിരിവിനുള്ള മൗലീകാവകാശം ഒരു നേരിയ ചെറുത്തുനില്‍പ്പു പോലുമില്ലാതെ അടിയറവു വെക്കപ്പെട്ടു. ഇപ്പോഴും ധനമന്ത്രി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു: ജി.എസ്.ടി സംസ്ഥാനത്തിന് ഗുണം ചെയ്യും; തുടക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മാത്രം. (ബാക്കിയെല്ലാം കൊള്ള ലാഭക്കാരായ കച്ചവടക്കാരെ നിലക്ക് നിര്‍ത്തി പരിഹരിക്കാവുന്നതു മാത്രം. കലിപ്പ് മുഴുവന്‍ അവരുടെ നേരെ. ഒരു ഐ.ടി.വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഒരുമിച്ചിരുന്ന് തലകുത്തി മറിഞ്ഞാലും ഫയല്‍ ചെയ്യാനാവാത്ത സങ്കീര്‍ണ്ണമായൊരു സംവിധാനം നാട്ടിലെ പതിനായിരക്കണക്കിന് കച്ചവടക്കാരുടെ തലയില്‍ കെട്ടിവെച്ചതിനെ കുറിച്ച് ഐസക്ക് ഒരു ബഹളവുമുയര്‍ത്തിയതായി റിപ്പോര്‍ട്ടുകളില്ല). മാരാരിക്കുളത്തെ പെട്ടിക്കടകളില്‍ പോലും ഹിന്ദുസ്ഥാന്‍ ലിവറിന്റെ വില്പന കുറക്കാത്ത ഒരു ‘മാരി’സോപ്പ്, ഓരോ വോട്ടിനും ഒരു പ്ലാവിന്‍ തൈ, വേസ്റ്റിന്റെ പൊളിറ്റിക്കല്‍ ഇക്കോണമിയെക്കുറിച്ച് സമ്പൂര്‍ണ്ണ നിരക്ഷരത നടിച്ച് പ്ലാസ്റ്റിക്ക് മണ്ണിട്ടു മൂടല്‍, ജി.എസ്.ടി വന്ന് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ നാളെ മലര്‍ക്കെ തുറന്നിടാനുള്ള ചെക്ക് പോസ്റ്റുകള്‍ ആധുനീകരിക്കാനായി കോടികളുടെ ചെലവിടല്‍. ഇവയൊക്കെയും നല്ലത്, തോമസ് ഐസക് ഒരു എന്‍.ജി.ഒ ഡയറക്ടര്‍ ആയിരുന്നെങ്കില്‍. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം കേരളത്തിന്റെ ധനകാര്യ മന്ത്രിയാണ്.
മൂന്ന് ഗ്ലാമര്‍ മന്ത്രിമാര്‍, ഇപ്പോഴും മലയാളിയുടെ ഇടതുപക്ഷ ഭാവനയെ പൊള്ളയായി ഉത്തേജിപ്പിക്കുന്നവര്‍. എല്ലാം പറയണമല്ലോ, നമുക്ക് ലഭ്യമായതില്‍ മികച്ച ജന പ്രതിനിധികള്‍. പക്ഷെ പിണറായി വിജയന്‍ മന്ത്രിസഭയിലെ തികഞ്ഞ പരാജയങ്ങള്‍.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply