ഈ കത്ത് വായിക്കാതെ പോകരുത്…

ഹാഷിം ചേന്നാമ്പിള്ളി ബഹുമാന്യനായ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ അശോകന്‍ സാര്‍ മുമ്പാകെ ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നാമ്പിള്ളി സമര്‍പ്പിക്കുന്ന പരാതി. സര്‍, ഇന്ന് (24.5.17) ന് മാതൃഭൂമി പത്രത്തില്‍ മലപ്പുറം റിപ്പോര്‍ട്ടര്‍ ഫഹ്മി റഹ്മാനി നല്‍കിയ വാര്‍ത്ത സംബന്ധിച്ച് സംസാരിക്കാന്‍ അങ്ങയെ നേരില്‍ വിളിച്ചത് ഓര്‍ക്കുമല്ലോ? വിഷയം കേള്‍ക്കാന്‍ പോലും തയ്യാറാവാതെ താങ്കള്‍ ഫോണ്‍ കട്ട് ചെയ്തത് വളരെ ഖേദകരമായിപ്പോയി. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ പത്രത്തിന്റെ ഉത്തരവാദപ്പെട്ട ആള്‍ […]

eleഹാഷിം ചേന്നാമ്പിള്ളി

ബഹുമാന്യനായ മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ അശോകന്‍ സാര്‍ മുമ്പാകെ ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്നാമ്പിള്ളി സമര്‍പ്പിക്കുന്ന പരാതി.

സര്‍, ഇന്ന് (24.5.17) ന് മാതൃഭൂമി പത്രത്തില്‍ മലപ്പുറം റിപ്പോര്‍ട്ടര്‍ ഫഹ്മി റഹ്മാനി നല്‍കിയ വാര്‍ത്ത സംബന്ധിച്ച് സംസാരിക്കാന്‍ അങ്ങയെ നേരില്‍ വിളിച്ചത് ഓര്‍ക്കുമല്ലോ? വിഷയം കേള്‍ക്കാന്‍ പോലും തയ്യാറാവാതെ താങ്കള്‍ ഫോണ്‍ കട്ട് ചെയ്തത് വളരെ ഖേദകരമായിപ്പോയി. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ പത്രത്തിന്റെ ഉത്തരവാദപ്പെട്ട ആള്‍ എന്ന നിലക്കാണ് ഞാന്‍ അങ്ങയെ വിളിച്ചത്. ഇരകളുമായി ചര്‍ച്ചക്ക് പോലും തയ്യാറാവാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടികള്‍ മുന്നോട്ട് കൊണ്ട് പോകുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഞങ്ങള്‍ ഏറെ സഹായ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്.

പത്രത്തില്‍ എന്ത് അച്ചടിക്കണമെന്ന സ്വാതന്ത്ര്യം തീര്‍ച്ചയായും പത്രസ്ഥാപനത്തിന് മാത്രമാണ്. എന്നാല്‍ പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ആരോ പറയുന്ന വിവരം സ്രോതസ്സ് പോലും രേഖപ്പെടുത്താതെ അച്ചടിച്ച് വിടുന്നത് പത്രധര്‍മ്മത്തിന് നിരക്കുന്നതാണോ?

ശ്രീ ഫഹ്മി റഹ്മാനിയുടെ ഇന്നത്തെ റിപ്പോര്‍ട്ടില്‍ ദേശീയപാത സ്ഥലമെടുപ്പിന് കമ്പോള വിലയുടെ 4 ഇരട്ടി വില നല്‍കും, കെട്ടിടങ്ങള്‍ 25% ബാധിക്കുന്നുളളൂ എങ്കിലും മുഴുവന്‍ ഭാഗത്തിന്റെയും അതും കാലപ്പഴക്കം പരിഗണിക്കാതെ മുഴുവന്‍ വില നല്‍കും, പുതിയത് നിര്‍മ്മിക്കാന്‍ വരുന്ന വിലയായിരിക്കും നല്‍കുക, ബാധിക്കുന്ന ഭാഗം മാത്രമേ പൊളിച്ചു മാറ്റേണ്ടതുളളൂ എന്നിങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഈ വാര്‍ത്തയുടെ സ്രോതസ്സ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല. താങ്കളോട് ചോദിച്ചപ്പോള്‍ താങ്കള്‍ എന്നോട് പറഞ്ഞത് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണെന്നാണ്. എന്നാല്‍ മറ്റ് പത്രങ്ങളൊന്നും ഇത് വാര്‍ത്തയാക്കിയിട്ടുമില്ല. ഇരകളില്‍ ചിലരോട് റിപ്പോര്‍ട്ടര്‍ പറഞ്ഞതാകട്ടെ ജില്ലാ കളക്ടര്‍ പറഞ്ഞതായാണ്.

ഈ വാര്‍ത്ത സത്യമെങ്കില്‍ കേരളത്തില്‍ ദേശീയപാത വികസനത്തിന് 1 ലക്ഷം കോടിയിലധികം രൂപ വേണ്ടി വരും.

കണക്കുകള്‍ കാണുക;

ഏറ്റെടുക്കേണ്ട ഭൂമി
സര്‍ക്കാര്‍ ഭാഷ്യം 3700 acr
കമ്പോള വില 4 ലക്ഷം വച്ച് കൂട്ടിയാല്‍ പോലും 14,800 കോടിയിലധികം രൂപ വേണം.
ഇതിന്റെ 4 ഇരട്ടി എന്നാല്‍ 59, 200 കോടി രൂപ വേണം

സംസ്ഥാനത്ത് ആകെ
പൊളിക്കേണ്ട കെട്ടിടങ്ങള്‍;
സര്‍ക്കാര്‍ ഭാഷ്യം 40, 000
കെട്ടിടങ്ങള്‍.
പലതും 5000sqft മുകളിലുളളതാണെങ്കിലും ശരാശരി 2000sqft വച്ച് കൂട്ടിയാല്‍ പോലും 800 ലക്ഷം sqft കെട്ടിടങ്ങള്‍ പൊളിക്കണം.
ഇന്നത്തെ നിര്‍മ്മാണ ചിലവ് കൊടുക്കുമെന്ന് പറയുമ്പോള്‍ sqft ന് 2000 രൂപയെങ്കിലും കൊടുക്കണം. അതായത് ആകെ 16,000 കോടിരൂപ.

റോഡ് നിര്‍മ്മാണചിലവ്:
പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് പത്രവാര്‍ത്തകള്‍ അവലംബിച്ചാല്‍ കി.മീറ്റര്‍ ന് 45 കോടി രൂപയാകുമെന്ന് പറയുന്നു. അതായത് 640 കി.മീറ്റര്‍ ന് ആകെ 28, 800 കോടിരൂപ.

ടെലഫോണ്‍, kseb,OFC കേബിള്‍, വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍, മരങ്ങള്‍ അങ്ങനെ പല വക ചിലവകള്‍ ഇനിയുമുണ്ട്. അത് വിടാം.

മുകളില്‍ പറഞ്ഞ മൂന്ന് പ്രധാന ഇനങ്ങളുടെ ചിലവ് മാത്രം 640 കി.മീറ്റര്‍ ന് ആകെ 1,04,000 കോടിരൂപ വേണ്ടി വരും.അതായത് ശരാശരി ഓരോ കി.മീറ്റര്‍ പാത നിര്‍മ്മിക്കാന്‍ 162.5 കോടി രൂപ!!!

ഇത് സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ റവന്യൂ വരുമാനത്തേക്കാള്‍ എത്രയോ കൂടുതലാണ്. ദേശീയപാത അതോറിറ്റി പ്രതിവര്‍ഷം ഇന്ത്യയിലാകെ പാത വികസനത്തിന് ഇതിന്റെ നാലില്‍ ഒന്ന് പോലും ചിലവിടുന്നില്ല.

സര്‍, ഇത് സത്യമാണെങ്കില്‍
ജനങ്ങളെ കുടിയൊഴിപ്പിക്കാതെ, സമരവും തടസവുമില്ലാതെ എലവേറ്റഡ് ഹൈവേ നിര്‍മ്മിക്കാമല്ലോ?
എലവേറ്റഡ് ഹൈവേക്ക് കി.മീന് 100 കോടി രൂപ ചിലവാകും, അത് കൊണ്ടാണ് പരിഗണിക്കാത്തത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇവിടെ അതിന് പകരം 45മീറ്റര്‍ പദ്ധതിക്ക് കി. മീറ്റര്‍ ന് 162.5 കോടി ചലവിടുമെന്ന് പറയുന്നു.

പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ പൊതുവേ വിശ്വസിക്കാറുണ്ട്. അങ്ങയുടെ പത്രത്തിലെ ഈ വ്യാമോഹിപ്പിക്കുന്ന വാര്‍ത്തയില്‍ ഭ്രമിച്ച് പാവപ്പെട്ട ഇരകള്‍ കുടിയൊഴിഞ്ഞ് തെരുവില്‍ ഇറങ്ങിയതിന് ശേഷം ഈ പറയുന്ന ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ആര് സമാധാനം പറയും? മാതൃഭൂമി പത്രം ഉത്തരവാദിത്വം ഏറ്റെടുക്കുമോ? സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഇറക്കിയ മൂലമ്പിള്ളി പാക്കേജിന്റെ അവസ്ഥ കേരളത്തില്‍ എല്ലാവരും ഓര്‍ക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.

വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ശക്തമായ പിന്തുണയും സംഭാവനയും നല്‍കിയ പത്രമാണ് മാതൃഭൂമി എന്നത് അഭിമാനത്തോടെ സ്മരിക്കുന്നു. കേരളത്തിലെ നിരവധി ജനകീയ സമരങ്ങളില്‍ ഇരകള്‍ക്കൊപ്പം നിന്ന് നീതിക്ക് വേണ്ടി ശബ്ദിച്ച പാരമ്പര്യവും മാതൃഭൂമിക്കുണ്ട്. അത് കൊണ്ടാണ് ദേശീയപാത പ്രക്ഷോഭത്തിലെ ഇരകള്‍ അങ്ങയുടെ പത്രത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ഇന്ന് പാലിയേക്കരയിലെ ടോള്‍ കൊള്ള സംബന്ധിച്ച് മിക്കവാറും എല്ലാ പത്രങ്ങളും എഴുതുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി ദേശീയപാതയോരത്തെ ഇരകളുടെ പ്രക്ഷോഭം ഒന്ന് കൊണ്ട് മാത്രമാണ് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അത്തരത്തില്‍ 20 ല്‍ അധികം ടോള്‍ പ്ലാസ്സകള്‍ ഉയരാത്തത് എന്നും ഈ സമരം മാത്രമാണ് ഏക തടസം എന്നതും വിസ്മരിക്കരുത്. എവിടെയൊക്കെ 45മീറ്റര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയോ അവിടെയൊക്കെ കുത്തക കമ്പനികളുടെ ടോള്‍ കൊള്ളക്ക് ലൈസന്‍സ് നല്‍കി ടോള്‍ പ്ലാസ്സകള്‍ ഉയര്‍ന്നു എന്നത് ഓര്‍ക്കുക.

അറിയാതെയാണെങ്കില്‍ പോലും അങ്ങയുടെ പത്രത്തില്‍ വന്ന വാര്‍ത്ത മൂലം ഇരകള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം
ഹാഷിം ചേന്നാമ്പിള്ളി,
സംസ്ഥാന കണ്‍വീനര്‍,
ദേശീയപാത സംരക്ഷണ സമിതി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply