ഇ.എം.എസിനെ സ്മരിക്കുമ്പോള്‍

കേരളം ഒരിക്കല്‍കൂടി ഇ.എം.എസിനെ സ്മരിക്കുന്നു. ആധുനിക കേരളത്തിന്റെ ശില്‍പി എന്ന് വീണ്ടും വീണ്ടും വാഴ്ത്തുന്നു. ശങ്കരാചാര്യര്‍ക്കും നാരായണഗുരുവിനും ശേഷം കേരളം ജന്മം കൊടുത്ത ഏറ്റവും വലിയ പ്രതിഭ. കലാലയമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലൂടെ രാഷ്ട്രീയത്തില്‍… വി.ടി.ക്കൊപ്പം നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ശ്രമിച്ച സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍…. പക്ഷെ സാമൂഹ്യനവോതാഥാനത്തിന്റെ പാത പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു ഇ.എം.എസ്. നാരായണഗുരുവും അയ്യങ്കാളിയും വി.ടിയുമടക്കമുള്ള നവോത്ഥാനനായകര്‍ ഉഴുതുമറിച്ച ഭൂമിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നെടുനായകത്വം വഹിച്ചു. എന്നാല്‍ സാമൂഹ്യമാറ്റത്തിന് അനിവാര്യമായിരുന്ന 2 കാലുകളില്‍ ഒന്നുപേക്ഷിക്കുകയും ചെയ്തു. ചെങ്കൊടിയേന്തുകയും […]

EMS-250x300

കേരളം ഒരിക്കല്‍കൂടി ഇ.എം.എസിനെ സ്മരിക്കുന്നു. ആധുനിക കേരളത്തിന്റെ ശില്‍പി എന്ന് വീണ്ടും വീണ്ടും വാഴ്ത്തുന്നു. ശങ്കരാചാര്യര്‍ക്കും നാരായണഗുരുവിനും ശേഷം കേരളം ജന്മം കൊടുത്ത ഏറ്റവും വലിയ പ്രതിഭ. കലാലയമുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലൂടെ രാഷ്ട്രീയത്തില്‍… വി.ടി.ക്കൊപ്പം നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ശ്രമിച്ച സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍…. പക്ഷെ സാമൂഹ്യനവോതാഥാനത്തിന്റെ പാത പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു ഇ.എം.എസ്. നാരായണഗുരുവും അയ്യങ്കാളിയും വി.ടിയുമടക്കമുള്ള നവോത്ഥാനനായകര്‍ ഉഴുതുമറിച്ച ഭൂമിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നെടുനായകത്വം വഹിച്ചു. എന്നാല്‍ സാമൂഹ്യമാറ്റത്തിന് അനിവാര്യമായിരുന്ന 2 കാലുകളില്‍ ഒന്നുപേക്ഷിക്കുകയും ചെയ്തു. ചെങ്കൊടിയേന്തുകയും വര്‍ഗ്ഗബോധത്താല്‍ ഉത്തേജിതരാകുകയും ചെയ്തപ്പോള്‍ കേരളത്തിലെ അധസ്ഥിതന് നഷ്ടപ്പെട്ടത് ആത്മബോധമായിരുന്നു. ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളില്‍ പോലും ദളിതന്‍ പോരാട്ടത്തിന്റെ പാതയില്‍ അണിനിരന്നപ്പോള്‍ കേരളത്തില്‍ അതുണ്ടായില്ല. സമൂഹത്തിന്റെ എറ്റവും അടിത്തട്ടില്‍നിന്ന് മായാവതിയെ പോലുള്ളവര്‍ മുഖ്യമന്ത്രിയാകുന്നത് നാം കണ്ടു.. മഹാരാഷ്ട്രയും തമിഴ്‌നാടും കര്‍ണാടകയുമെല്ലാം ദളിത് സാഹിത്യത്തില്‍ സമ്പന്നമായി. കേരളത്തിലോ? സാമൂഹ്യനവോത്ഥാനവും ജാതിവിരുദ്ധ പോരാട്ടവും മുന്നേറാതെ, അധസ്ഥിതന് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാതെ സ്വാതന്ത്ര്യം നേടിയാലും അത് ഗുണകരമാകില്ല എന്ന് വാദിച്ച അംബേദ്കര്‍ ചിന്തകള്‍ കേരളത്തില്‍ എത്തുന്നതില്‍നിന്ന് തടഞ്ഞത് മുഖ്യമായും ഇ.എം.എസ്. വര്‍ഗ്ഗസമരത്തിലെ അടിയുറച്ച വിശ്വാസം മറ്റു ചിന്താധാരകളെ വിശകലനം ചെയ്യുന്നതില്‍ നിന്ന് ഇ.എം.എസിനെ തടഞ്ഞു. ഏറെ കൊട്ടിഘോഷിച്ച ഭൂപരിഷ്‌കരണത്തിലും ഇതേ പരിമിതിയുണ്ടായിരുന്നെന്ന് ഇന്ന് കൂടുതല്‍ കൂടുതല്‍ വെളിവാകുന്നു. ചെങ്ങറയും മുത്തങ്ങയും ഡിഎച്ച്ആര്‍എമ്മുമൊക്കെ ഭീഷണിയായപ്പോള്‍ ആദിവാസികളേയും ദളിതുകളേയും അണിനിരത്താന്‍ പാര്‍ട്ടി, സംഘടനകളുണ്ടാക്കി. എന്നാല്‍ ലക്ഷ്യം ഇ.എം.എസ് പണ്ടുപറഞ്ഞ വര്‍ഗ്ഗസമരത്തില്‍ ഈ വിഭാഗങ്ങളെ അണിനിരത്തുകതന്നെ. സാമ്പത്തിക സംവരണത്തിനനുകൂലമായി ആദ്യം കുറിപ്പ് തയ്യാറാക്കിയ മുഖ്യമന്ത്രി മറ്റാരുമല്ല. സംവരണം സാമ്പത്തികനീതിയേക്കാള്‍ സാമൂഹ്യനീതിയെ ലക്ഷ്യമാക്കിയാണെന്നു മനസ്സിലാക്കാന്‍ അദ്ദേഹത്തിനായില്ല. ‘കേരളം മലയാളികളുടെ മാതൃഭൂമി‘ എന്ന പ്രശസ്ത കൃതിയില്‍ അയ്യങ്കാളിയെ കുറിച്ച് ഒരു വരിപോലും പോലുമില്ല എന്നതും കൗതുകകരം. ഇ.എം.എസ്. മുന്നോട്ടുനടന്നപ്പോള്‍ വി.ടി. പിന്തിരിഞ്ഞു എന്നത് ഈ മാറ്റങ്ങളുടെ പ്രതീകാത്മക ചിത്രമായിരുന്നു.
ഒരു കാലത്ത് വിപ്ലവകരമാണെന്ന ധാരണയില്‍ ചെയ്‌തെതെല്ലാം ദുരന്തപര്യവസായിയായി മാറുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നു ഇ.എം.എസിന്.
ഇ.എം.എസ് നേതൃത്വം കൊടുത്ത ആദ്യമന്ത്രിസഭ തുടക്കം കുറിച്ച ഭൂപരിഷ്‌കരണനിയമം നടപ്പാക്കി പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ കേരളത്തില്‍ കൃഷി നശിച്ചു. തമിഴ്‌നാട്ടില്‍ ലോറിപണിമുടക്കുണ്ടായാല്‍ കേരളം പട്ടിണി. അധ്വാനത്തെ മഹത്‌വല്‍ക്കരിക്കുന്ന മാര്‍ക്‌സിസത്തിന് ഏറ്റവും വേരോട്ടമുള്ള മണ്ണില്‍ അധ്വാനത്തോട് പുച്ഛം. വെള്ളക്കോളര്‍ സംസ്‌കാരം സമൂഹത്തിന്റെ മുഖമുദ്ര. എന്തിനും ഏതിനും ഒറീസ്സയില്‍നിന്നും ബംഗാളില്‍നിന്നും ആളെത്തണം. ഉല്പാദനശക്തികളുടെ വികാസമാണ് സാമൂഹ്യവികാസത്തിന്റെ അടിത്തറ എന്നു പഠിപ്പിക്കുമ്പോഴും യന്ത്രവല്‍ക്കരണത്തെയും ആധുനികവല്‍ക്കരണത്തേയും തടഞ്ഞ ചരിത്രം. വിമോചന സമരത്തിന് കാരണമായ വിദ്യാഭ്യാസ ബില്ലിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസരംഗം പൂര്‍ണ്ണമായും സ്വകാര്യമാനേജ്‌മെന്റിന്റെയും മത ശക്തികളുടെയും കൈപിടിയില്‍. ഉന്നതവിദ്യാഭ്യാസം തകര്‍ന്നു. മറ്റെന്തിനേക്കാള്‍ മനുഷ്യനില്‍ വിശ്വാസമര്‍പ്പിച്ച പ്രത്യയശാസ്ത്രത്തിന്റെ നാട്ടില്‍ അന്ധവിശ്വാസത്തിനും വര്‍ഗ്ഗീയതക്കും വര്‍ഗ്ഗസമരം വഴിമാറി.
മുന്നണിരാഷ്ട്രീയമോ? ജനാധിപത്യത്തിന്റെ മഹനീയ മാതൃകയായ മുന്നണി ഭരണത്തിന് തുടക്കമിട്ടത് ഇ.എം.എസ്. പിന്നീട് ഇന്ത്യ മുഴുവന്‍ ആ പാത പിന്തുടര്‍ന്നു. പക്ഷേ ഇന്ന് രാഷ്ട്രീയരംഗത്തെ മുരടിപ്പിന്റെ പ്രതീകമായി മുന്നണിരാഷ്ട്രീയം മാറി. അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണവും മുന്നണിരാഷ്ട്രീയവും ഇല്ലാതാക്കിയത് രാഷ്ട്രീയത്തിലെ നൈതികതയും പ്രതിപക്ഷ ബഹുമാനവും മൂല്യങ്ങളും. എന്തുകാര്യവും നോക്കികാണുന്നത് കക്ഷിരാഷ്ട്രീയകണ്ണിലൂടെ. പാര്‍ട്ടി വിട്ടുപോകുന്നവര്‍ കൊലക്കത്തിക്കിരയായി. ഇപ്പോഴും ജനാധിപത്യത്തെ സത്യസന്ധമായി അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറില്ല.
ഇ.എം.എസിന്റെ ഏറ്റവും വലിയ സംഭാവനയായി പല പണ്ഡിതരും വിലയിരുത്തുന്നത് കേരളചരിത്രത്തെകുറിച്ചുള്ള നിഗമനങ്ങളും ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പ്രശസ്ത ഗ്രന്ഥവും. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യയെ 17 ദേശീയ സമൂഹങ്ങളായി വിലയിരുത്തുകയും ഓരോ ദേശീയതക്കും സ്വയം നിര്‍ണ്ണായവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയുംചെയ്ത പാര്‍ട്ടി തീരുമാനമനുസരിച്ചായിരുന്നു ഗ്രന്ഥരചന. സത്യത്തില്‍ അതുമാത്രമായിരുന്നു ആ ഗ്രന്ഥത്തിന്റെ സവിശേഷത. എന്നാല്‍ പാര്‍ട്ടി ആ നിലപാട് പിന്നീട് കൈവിട്ടു. ഇന്ന് എന്തിനും ഏതിനും കേന്ദ്രത്തിനു മുന്നില്‍ പിച്ചപാത്രവുമായി കാത്തുനില്ക്കുന്നു മലയാളി സമൂഹം.
കലാസാംസ്‌കാരികമേഖലയില്‍ ഇ.എം.എസ് നടത്തിയ ആശയ സമരം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കല കലക്കുവേണ്ടിയോ സമൂഹത്തിനുവേണ്ടിയോ, രൂപഭദ്രതാവാദം തുടങ്ങിയവ കേരളത്തിലെ സാംസ്‌കാരിക രംഗത്തെ പിടിച്ചുകുലുക്കിയത് മറക്കാത്തവര്‍ നിരവധി. പുരോഗമന സാഹിത്യത്തിന്റെ ശക്തനായ വക്താവായി ഇ.എം.എസ്. എതിര്‍ വശത്ത് മുണ്ടശ്ശേരി, മാരാര്‍, സഞ്ജയന്‍….. ഏതു വിപ്ലവത്തിന്റെ വെള്ളിനക്ഷത്രമാണ് ആശാന്‍ എന്നുപോലും ചോദിച്ചു ഇ.എം.എസ്. അത്രമാത്രം ശക്തമായിരുന്നു മാര്‍ക്‌സിസത്തോടുള്ള പ്രതിബദ്ധത. തുടര്‍ന്ന് ആധുനികതാ പ്രസ്ഥാനം, സാംസ്‌കാരികവേദി, ഉത്തരാധുനികത.. എന്നാല്‍ പു.ക.സ എന്തുനേടി? എടുത്തുപറയാവുന്ന ഒരു എഴുത്തുകാരന്‍? വൈലോപ്പിള്ളിക്ക് പ്രസിഡന്റായി ഇരിക്കാന്‍ കഴിഞ്ഞത് എതാനും ദിവസം മാത്രം. കാലത്തോടു സംവേദിച്ച എഴുത്തുകാര്‍ സ്വീകരിച്ചത് സ്വന്തം വഴി. കാലങ്ങള്‍ക്കുശേഷം വിജയന്‍ മാഷ്, കടമ്മനിട്ട, യു.എ ഖാദര്‍. അതിനിടെ പെരുമ്പാവൂര്‍ സമ്മേളനത്തില്‍ ഇ.എം.എസിന്റെ തെറ്റുതിരുത്തല്‍. കാര്യമായി ആരും അതുള്‍കൊണ്ടില്ല. ഇന്ന് സ്ഥാനമോഹികളായ എഴുത്തുകാരാണ് പ്രസ്ഥാനത്തിനൊപ്പം എന്ന വിമര്‍ശനം ബാക്കി. ദുരന്തങ്ങളുടെ പട്ടിക നീളുന്നു.
1920കളിലെയും 40കളിലേയും സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ ചരിത്രം കണ്ടു ഇ.എം.എസ്. അതേകുറിച്ച് നിരവധി എഴുതി. എന്നാല്‍ എണ്‍പതുകളിലാരംഭിച്ച മറ്റൊരു സ്ത്രീ മുന്നേറ്റം കാണാന്‍ അദ്ദേഹത്തിനോ അനുയായികള്‍ക്കോ കഴിഞ്ഞില്ല. അത്രമാത്രം ശക്തമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര കണ്ണട. മറുവശത്ത് സ്ത്രീ സാക്ഷരതക്കൊപ്പം സ്ത്രീ പീഢനത്തിലും സംസ്ഥാനം ഒന്നാം സ്ഥാനത്ത്… ലൈംഗികന്യൂനപക്ഷങ്ങളും മറ്റും ഇന്നും പാര്‍ട്ടി അജണ്ടയിലില്ല.
മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചപ്പോള്‍ സ്വാഭാവികമായും പ്രകൃതിയും പരിസ്ഥിതിയുമൊന്നും ഇഎംഎസിന്റേയും കമ്യൂണിസ്റ്റുകാരുടേയും അജണ്ടയില്‍ ഉണ്ടായില്ല. എല്ലാ എതിര്‍പ്പുകേയും മറികടന്ന് പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍ വളര്‍ന്നിട്ടുപോലും ഈ വിഷയത്തില്‍ ആശയപരമായ നിലപാട് ഇഎംഎസിനുണ്ടായില്ല. അനുയായികള്‍ക്ക് ഇപ്പോഴുമില്ല. മാത്രമല്ല, തൊഴിലാളികളുടെ പേരില്‍ ഭയാനകമായ പരിസ്ഥിതി നശീകരണം പോലും ന്യായീകരിക്കപ്പെടുന്നു.
റഷ്യ, ചൈന, കിഴക്കന്‍ യൂറോപ്പ് സംഭവ വികാസങ്ങള്‍ക്കുശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രായോഗികവും ആശയപരവുമായ പ്രതിസന്ധി നേരിട്ടപ്പോള്‍ രക്ഷകനായി രംഗത്തെത്തിയത് മറ്റാരുമല്ല. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ നടന്നത് മുതലാളിത്തപുനസ്ഥാപനമാണെന്ന നക്‌സലൈറ്റുകളടക്കമുള്ളവരുടെ വാദത്തെ ഖണ്ഡിച്ച് മനുഷ്യന് കുരങ്ങനാകാന്‍ കഴിയില്ല എന്നായിരുന്നു ഇ.എം.എസിന്റെ പ്രശസ്തമായ വാദം. ആശയപരമായ ഒരു പരിശോധനക്കും പാര്‍ട്ടി തയ്യാറാകാതിരുന്നതിനു കാരണം ഇ.എം.എസിന്റെ ധൈഷണിക നേതൃത്വം. ഇന്നെന്താണവസ്ഥ? പിണറായിയില്‍നിന്ന് ആരംഭിച്ച് പിണറായയില്‍ എത്തിനില്‍ക്കുന്ന പാര്‍ട്ടിയുടെ അവസ്ഥയും എന്താണ്?
വായിക്കുകയും എഴുതുകയും ചെയ്ത ആദ്യത്തേയും അവസാനത്തേയും മുഖ്യധാരാ രാഷ്ട്രീയനേതാവ് ഇ.എം.എസായിരുന്നു. എഴുത്തുകള്‍ സമാഹരിച്ചപ്പോള്‍ 100 വലിയ ഗ്രന്ഥങ്ങള്‍. സത്യമെന്താണ്? ബഹുഭൂരിപക്ഷവും അതതുകാലത്തെ നിലപാടുകള്‍ അണികളെ പഠിപ്പിക്കാന്‍ എഴുതിയവ. അത്തരമൊരു നേതാവില്ലാത്ത നഷ്ടം പാര്‍ട്ടിക്ക്. പ്രസ്ഥാനത്തെ വളര്‍ത്തിയതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തി ഇ.എം തന്നെ. അദ്ദേഹത്തിന്റെ ബുദ്ധിയും എ.കെ.ജിയുടെ ചലനാത്മകതയുമായിരുന്നു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിന്റെ ശക്തി. എന്നാല്‍ പാര്‍ട്ടിയോടും പ്രത്യയശാസ്ത്രത്തോടുമുള്ള അമിതമായ പ്രതിബദ്ധത മൂലം അദ്ദേഹത്തിന്റെ യാത്ര ദുരന്തങ്ങളുടെ പട്ടികയിലൂടെയായി. കേരളത്തിന്റേയും. ആ അര്‍ത്ഥത്തില്‍ ആധുനികകേരളത്തിന്റെ ശില്‍പി ഇ.എം.എസ് തന്നെ.
”അന്ധമായ ദൈവവിശ്വാസം, മതവിശ്വാസം, ജാതിചിന്ത, അഴിമതി, ആഡംബരഭ്രമം, പൊങ്ങച്ചം, ഉപഭോഗാസക്തി, മദ്യപാനാസക്തി, മുതലാളിവിധേയത്വം, കായികാധ്വാനവൈമുഖ്യം, ആത്മവഞ്ചന, പണക്കൊതി, അധികാരകൊതി, കൊലപാതകരാഷ്ട്രീയം, കൈക്കൂലി, ലൈംഗിക അരാജകത്വം, മനുഷ്യത്വമില്ലായ്മ തുടങ്ങിയ നൂറുനൂറു തിന്മകള്‍ മുഖമുദ്രയായ ഒരു സമൂഹമാണ് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളത്തില്‍ രൂപം കൊണ്ടത്. അല്ലാതെ ഇ.എം.എസ് ലക്ഷ്യമാക്കിയ സമത്വ സുന്ദര സാമൂഹ്യവ്യവസ്ഥയല്ല. ആ പരാജയം ഇ.എം.എസിന്റേതു കൂടിയാണ്. ആധുനിക കേരളത്തിന്റെ ശില്‍പി ഇ.എം.എസ്. ആണ് എന്ന് പറയുമ്പോള്‍ കേരളം ഇന്നത്തെ അവസ്ഥയിലായതിന് ഇ.എം.എസ്.നുകൂടി പങ്കുണ്ട് എന്നാണര്‍ത്ഥം” – ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

വാല്‍ക്കഷ്‌ണം : രാഷ്ട്രീയം പറയരുതെന്നാണത്രെ ഇളംകുളം മനയിലെത്തുന്നവരോട്‌ അവിടെയുള്ളവര്‍ ഇപ്പോള്‍ പറയുന്നത്‌. (മാധ്യമം ദിനപത്രം 19-03-2014 ). ഇതില്‍പരം ദുരന്തം ഒരു നേതാവിന്‌ വരാനുണ്ടോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply