ഇവരും ദുരിതബാധിതരാണ്

കെ സഹദേവന്‍ വയനാട് കലക്ടറേറ്റിലേക്ക് ഒരു ദിവസം ഏതാണ്ട് 15നും 20നും ഇടയില്‍ വലിയ ട്രക്കുകളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണുന്ന കാഴ്ചയാണ്. ദുരിതാശ്വാസ സാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് പുതുതായെത്തുന്ന സാധനങ്ങള്‍ മാറ്റുന്നുണ്ട്. അവിടെയും സാധനങ്ങളുടെ പെരുക്കം കാണാം. വയനാട്ടില്‍ ആദിവാസികളുടെ അവസ്ഥ ദയനീയമാണെന്നും അവരെ സഹായിക്കണമെന്നും കാണിച്ച് പലരും അഭ്യര്‍ത്ഥന നടത്തുന്നുണ്ടെന്നും അത് വിശ്വസിക്കരുത് എന്നും അവിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉള്ള പോസ്റ്റുകള്‍ കണ്ടിരുന്നു. ആദിവാസികളുടെ […]

aaaകെ സഹദേവന്‍

വയനാട് കലക്ടറേറ്റിലേക്ക് ഒരു ദിവസം ഏതാണ്ട് 15നും 20നും ഇടയില്‍ വലിയ ട്രക്കുകളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കാണുന്ന കാഴ്ചയാണ്. ദുരിതാശ്വാസ സാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് പുതുതായെത്തുന്ന സാധനങ്ങള്‍ മാറ്റുന്നുണ്ട്. അവിടെയും സാധനങ്ങളുടെ പെരുക്കം കാണാം. വയനാട്ടില്‍ ആദിവാസികളുടെ അവസ്ഥ ദയനീയമാണെന്നും അവരെ സഹായിക്കണമെന്നും കാണിച്ച് പലരും അഭ്യര്‍ത്ഥന നടത്തുന്നുണ്ടെന്നും അത് വിശ്വസിക്കരുത് എന്നും അവിടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉള്ള പോസ്റ്റുകള്‍ കണ്ടിരുന്നു. ആദിവാസികളുടെ പേര് പറഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതുകൊണ്ടും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലുകളെ സംബന്ധിച്ചുള്ള മുന്‍കാല ബോദ്ധ്യങ്ങള്‍ ഉള്ളതുകൊണ്ടും വയനാട്ടിലെ ഏതാനും ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കണമെന്ന തീരുമാനത്തോടെയായിരുന്നു ചുരം കയറിയത്. ഡോ.പി.ജി.ഹരി, കെ.സന്തോഷ് കുമാര്‍ എന്നിവരുടെ കൂട്ടായ്മയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ആദിവാസി മേഖലകളിലേക്ക് കടന്നുചെന്നത്.
ചൂണ്ടക്കൊല്ലി, ചാലിഗദ്ദ, ചീപ്രന്‍ കോളനി, അംബ്ദേകര്‍ ഗ്രാമം കോളനി, മുള്ളന്‍ തറ തുടങ്ങി നിരവധി കോളനികളില്‍ ഞങ്ങള്‍ ചെല്ലുന്നതുവരെയും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. പുല്‍പ്പള്ളി പോലുള്ള ടൗണില്‍ നിന്നും നാലോ അഞ്ചോ കിലോമീറ്റുകള്‍ മാത്രം അകലെയുള്ള സ്ഥലങ്ങളുടെ കാര്യമാണ് പറഞ്ഞത്. കാടിന്റെ ഉള്‍ഭാഗത്തുള്ള ചെതലയം പോലുള്ള പ്രദേശങ്ങളില്‍ ആദിവാസി കുടുംബങ്ങള്‍ പട്ടിണിയിലാണ്. പനിയും മറ്റ് അസുഖങ്ങളും ബാധിച്ച കുഞ്ഞുങ്ങളും അമ്മമാരും വലയുകയാണ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവരാല്‍ കഴിയുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ചില ഭാഗങ്ങളില്‍ നടത്തുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്ന് വെള്ളം വാര്‍ന്നുപോയെങ്കിലും മണ്ണ് കൊണ്ടുണ്ടാക്കി വീടിന്റെ തറയില്‍ നിന്ന് ഈര്‍പ്പം കുറയണമെങ്കില്‍ ഇനിയും കുറേ ദിവസങ്ങള്‍ വേണ്ടിവരും. ആ നിലത്ത്, തണുപ്പില്‍ കഴിയേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്. ചില സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ 5 കിലോ അരി അടങ്ങുന്ന കിറ്റുകള്‍ ലഭ്യമായിട്ടുണ്ട്. അത് പാചകം ചെയ്ത് കഴിക്കാനുള്ള അവസ്ഥയില്ല.
ദുരിതാശ്വാസ സാമഗ്രികള്‍ യഥേഷ്ടം വയനാട്ടിലേക്ക് ഒഴുകുന്നുണ്ടെങ്കിലും അത് കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനങ്ങള്‍ അവിടെയുണ്ടെന്ന് തോന്നുന്നില്ല. 2300 + ആദിവാസി ഊരുകളില്‍ ഏതാനും ഊരുകളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിഞ്ഞുള്ളൂ. ഇനിയും എത്രയോ ഊരുകളില്‍ അവസ്ഥ ഇതിലും ദയനീയമായിരിക്കാം. സാമഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ ഈ ഊരുകളിലേക്ക് തിരിയേണ്ടതുണ്ട്. ദുരിതാശ്വാസ സാമഗ്രികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കാന്‍ ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും പാര്‍ട്ടി പ്രവര്‍ത്തകരും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരും ഉണ്ടാകാം. എങ്കില്‍ കൂടിയും സര്‍ക്കാര്‍ സംവിധാനത്തിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഈ പ്രശ്‌നത്തെ നേരിടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പ്രളയക്കെടുതി ഏറ്റവും അനുഭവിക്കുന്ന ഒരു വിഭാഗമെന്ന നിലയില്‍ ആദിവാസികളുടെ പ്രശ്‌നത്തെ സവിശേഷ ശ്രദ്ധയോടെ പരിഗണിക്കാന്‍ നാമെല്ലാവരും തയ്യാറാകണം.
ഒരു സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളോട് അവിടുത്തെ ഭരണാധികാരികളും പൊതുസമൂഹവും എങ്ങിനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കണം ആ സമൂഹത്തിന്റെ പുരോഗമന സ്വഭാവം നിര്‍ണ്ണയിക്കപ്പെടേണ്ടത്. ദുരിതകാലങ്ങളില്‍ ഈ വിഭാഗങ്ങളായിരിക്കും ഏറ്റവും അധികം പ്രയാസപ്പെടുക. കേരളത്തില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ ഏറ്റവും വലിയ കെടുതികള്‍ ഇനിയങ്ങോട്ട് ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത്, കോളനികളിലും മറ്റും താമസിക്കുന്ന ദളിത് വിഭാഗങ്ങള്‍, ആദിവാസികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. ഈ സാമൂഹ്യവിഭാഗങ്ങളെ തുടര്‍ന്നുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എങ്ങിനെയാണ് പരിഗണിക്കാന്‍ പോകുന്നത് എന്നതിനെ ആശ്രയിച്ചുമാത്രമായിരിക്കും ഭരണാധികാരികളുടെ കാര്യനിര്‍വ്വഹണശേഷിയും സമൂഹത്തിന്റെ പുരോഗമന സ്വഭാവവും നിര്‍ണ്ണയിക്കപ്പെടുക. നഗരങ്ങളെ സാധാരണനിലയിലേക്ക് കൊണ്ടുവരിക എന്നത് ഏതൊരു ഭരണാധികാരികളും ചെയ്യുന്ന പ്രവൃത്തികള്‍ മാത്രമാണ്. പണവും ഊര്‍ജ്ജവും അത്തരം കേന്ദ്രങ്ങളിലേക്ക് കൂടുതലായി ഒഴുക്കപ്പെടും. വിലപേശല്‍ ശക്തിയുള്ള മധ്യവര്‍ഗ്ഗങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇത്തരം പ്രദേശങ്ങളില്‍ നടക്കുന്ന ഏത് തരം പ്രവര്‍ത്തനങ്ങളും വാഴ്ത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരുപോലെ വഴിപ്പെടും; മാധ്യമശ്രദ്ധ കൂടുതല്‍ ലഭിക്കും. അവരത് വാങ്ങിച്ചെടുക്കും. അതിനുമപ്പുറത്ത് ജീവിക്കുന്ന ലക്ഷക്കണക്കായ ആളുകളെ മുന്നില്‍ കാണണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തി വേണ്ടിവരും. സാധാരണക്കാരായ ജനങ്ങളോടുള്ള കരുതലും സ്‌നേഹവും വേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply