ഇറ്റ്‌ഫോക്കില്‍ നിന്ന് നാടകം അകലുന്നു, പ്രേക്ഷകര്‍ ഇടപെടുന്നു

കേരളത്തിന്റെ അന്താരാഷ്്ട്ര നാടകോത്സവം – ഇറ്റ്‌ഫോക് – കാര്‍ണിവലായി മാറുകയോമോ? . നല്ല നാടകമെന്ന സ്വപ്‌നത്തില്‍നിന്ന് മാറി ബാലെയും ഒാപ്പറെയും പോലുള്ള അവതരണങ്ങളാണ് ഇപ്പോള്‍ മുഖ്യമായും ഉണ്ടാകുന്നത്. നാടകോത്സവത്തെ കേവലം നാടകങ്ങളുടെ എക്‌സിബിഷന്‍ മാത്രമായൊതുക്കുകയാണ്. ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ ഇറ്റ് ഫോകിന്റെ തുടര്‍ച്ചയായി നല്ല ഒരു നാടകം പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒരു നാടകക്കാരനെയും സൃഷ്ടിച്ചിട്ടില്ല. അതേസമയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഫലമെന്നോണം ചുരുങ്ങിയത് പത്തുപന്ത്രണ്ട് നവ ചലച്ചിത്രപ്രവര്‍ത്തകരുണ്ടായി. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചെലുത്തുന്ന സ്വാധീനംപോലെ ഇറ്റ്‌ഫോക്കിനുണ്ടാക്കാനാവുന്നില്ലെന്ന കാര്യത്തില്‍ പരിശോധന വേണം. കേവലം […]

Cheerleader of Europe (Singapore)

കേരളത്തിന്റെ അന്താരാഷ്്ട്ര നാടകോത്സവം – ഇറ്റ്‌ഫോക് – കാര്‍ണിവലായി മാറുകയോമോ? . നല്ല നാടകമെന്ന സ്വപ്‌നത്തില്‍നിന്ന് മാറി ബാലെയും ഒാപ്പറെയും പോലുള്ള അവതരണങ്ങളാണ് ഇപ്പോള്‍ മുഖ്യമായും ഉണ്ടാകുന്നത്. നാടകോത്സവത്തെ കേവലം നാടകങ്ങളുടെ എക്‌സിബിഷന്‍ മാത്രമായൊതുക്കുകയാണ്. ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ ഇറ്റ് ഫോകിന്റെ തുടര്‍ച്ചയായി നല്ല ഒരു നാടകം പോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒരു നാടകക്കാരനെയും സൃഷ്ടിച്ചിട്ടില്ല. അതേസമയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഫലമെന്നോണം ചുരുങ്ങിയത് പത്തുപന്ത്രണ്ട് നവ ചലച്ചിത്രപ്രവര്‍ത്തകരുണ്ടായി. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ചെലുത്തുന്ന സ്വാധീനംപോലെ ഇറ്റ്‌ഫോക്കിനുണ്ടാക്കാനാവുന്നില്ലെന്ന കാര്യത്തില്‍ പരിശോധന വേണം. കേവലം അക്കാദമിയുടെ പരിപാടിയായി മാറുകയും നാടകപ്രവര്‍ത്തകര്‍ക്ക് ഇടമില്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ഒരു സാംസ്‌കാരിക ഇടപെടല്‍ ഉണ്ടാവണം.
അന്താരാഷ്ട്ര നാടകോത്സവത്തെ സംബന്ധിച്ച അതിന്റെ പ്രോദ്ഘാടകനായ നടന്‍ മുരളി കണ്ട സ്വപ്‌നം യാഥാര്‍ഥ്യമായിട്ടില്ല. അത് യാഥാര്‍ഥ്യമാക്കുക എന്നത് പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ്. നാടകോത്സവത്തെ സാധാരണ സര്‍ക്കാര്‍ പരിപാടിയില്‍ നിന്നു മാറ്റി ജനകീയപരിപാടിയാക്കി മാറ്റുകയാണ് പ്രേക്ഷകര്‍ ചെയ്യേണ്ടത്. വെറും 40 ലക്ഷം രൂപ മാത്രമാണ് അന്താരാഷ്ട്ര നാടകങ്ങള്‍ക്കായി ചെലവാക്കുന്നത്. ബാക്കി തുക നിര്‍മ്മാണങ്ങള്‍ക്കാണ് ചെലവാക്കുന്നത്. നാടകങ്ങളുടെ തെരഞ്ഞെടുപ്പ് രീതി തന്നെ മാറിയിരിക്കുന്നു. കുറഞ്ഞ പ്രതിഫലം മാത്രം വാങ്ങുന്ന, അഭിനേതാക്കളുടെ എണ്ണം കുറഞ്ഞ നാടകങ്ങളാണ് തെരഞ്ഞെടുക്കപ്പെടുന്നത്. സാധ്യമായവയില്‍ മികച്ചവയല്ല. ചില താല്പര്യങ്ങളുള്ള ചില സ്‌പോണ്‍സേഡ് നാടകങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇസ്രായേല്‍, ശ്രീലങ്കന്‍ നാടകങ്ങള്‍ ഉദാഹരണം. അവ പ്രകടമായും പാലസ്തീനും എല്‍ടിടിഎക്കും എതിരായിരുന്നു.
സത്യത്തില്‍ 210 ഡിസംബറില്‍ അരങ്ങേറിയ മൂന്നാം പതിപ്പ്, ഇറ്റ്‌ഫോക്കിന്റെ തന്നെ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളിലൊന്നായി മാറിയിരുന്നു. പുതിയതായി ഭരണ സാരഥ്യം ഏറ്റെടുത്ത അധ്യക്ഷന്‍ മുകേഷ് സെക്രട്ടറി രാവുണ്ണി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട ഈ പതിപ്പോടെയാണ് യഥാര്‍ത്ഥത്തില്‍ ഇറ്റ്‌ഫോക്ക് ഇന്ത്യയിലെത്തന്നെ സുപ്രധാന നാടകോത്സവമായി അവരോധിക്കപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കന്‍ നാടകവേദിയെ പ്രതിനിധീകരിച്ച ഈ പതിപ്പിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ശ്രീ. അഭിലാഷ് പിള്ള തന്നെയായിരുന്നു. ഇറ്റ്‌ഫോക്കിന്റെ രൂപകല്പന, സംഘാടനം, ആസൂത്രണം തുടങ്ങിയ വിവിധ മേഖലകളില്‍ ചിട്ടയായ പ്രവര്‍ത്തനരീതികളും കീഴ്‌വഴക്കങ്ങളും രൂപപ്പെടുവാനാരംഭിച്ചത് ഈ പതിപ്പിലൂടെയാണ്. സാമ്പത്തിക ആസൂത്രണം, നാടകങ്ങളുടെ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഒരു കമ്മിറ്റി, സുശക്തവും അന്താരാഷ്ട്ര നിലവാരവുമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ നാടകോത്സവത്തില്‍ കൂട്ടിചേര്‍ക്കപ്പെട്ടത് ഈ പതിപ്പിലായിരുന്നു. കൂടാതെ പദ്ധതി നിര്‍വ്വഹണത്തില്‍ വിപുലവും സമഗ്രവുമായ പൊതുജന പങ്കാളിത്തം പ്രാരംഭ ദശയില്‍ത്തന്നെ, ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. നാടകങ്ങളുടെ എണ്ണം കൊണ്ടും, സമഗ്രതകൊണ്ടും മറ്റ് അനുബന്ധ അവതരണ കലകളും സാന്നിധ്യം കൊണ്ടും അതിവിപുലവും അനന്യവുമായി മാറിയ പതിപ്പായിരുന്നു ഇറ്റ്‌ഫോക്ക് 2010.
ഒന്നരക്കോടി രൂപ ചിലവുചെയ്ത് 2010ലെ മൂന്നാംപതിപ്പ് സംഘടിപ്പിക്കപ്പെടുമ്പോള്‍ അക്കാദമിയുടെ വാര്‍ഷികപദ്ധതിക്ക് അനുവദിക്കപ്പെട്ടിരുന്ന തുക ഇറ്റ്‌ഫോക്കിനുള്ള അമ്പതുലക്ഷം അടക്കം രണ്ടുകോടി മാത്രമായിരുന്നു. അതേസമയം ഇന്ന് അത് നാലുകോടി രൂപയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം വിമാനയാത്രാക്കൂലി, ഹോട്ടല്‍, ഭക്ഷണച്ചിലവുകള്‍, പ്രതിഫലം എന്നിവയില്‍ വന്നിട്ടുള്ള ഭീമമായ വര്‍ധനയ്ക്ക് ശേഷവും ഇറ്റ്‌ഫോക്കിന്റെ ഓരോ പതിപ്പും ഏകദേശം ഒന്നേകാല്‍ കോടി രൂപയ്ക്കുള്ളില്‍ ഒതുക്കി നിര്‍ത്തുകയെന്നതാണ് നിലവിലുള്ള കമ്മിറ്റിയുടെ ലക്ഷ്യം. ഇത് കുപ്പായം തുന്നിയ ശേഷം പാകത്തിനുള്ള വ്യക്തിയെ കണ്ടെത്തുന്ന സമീപനമാണ്. ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ട്, ജനങ്ങളുടെ നികുതിപ്പണത്തിന്റെ ഓരോ വ്യയവും കൃത്യമായ ഫലപ്രാപ്തിയില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്വമാണ്,. ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിയാല്‍ അവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല.
സത്യത്തില്‍ എവിടേയാണ് പിഴച്ചത്? 2011ല്‍ അധികാരമേറ്റ പുതിയ ഭരണസമിതിക്കു മുന്‍പില്‍ തീര്‍ച്ചയായും ഏറ്റവും കുറഞ്ഞത് അഞ്ചു പതിപ്പുകളെങ്കിലും കൈവശമുണ്ടായിരുന്നു. മികച്ച ഉള്‍ക്കാഴ്ചയോടെയും അവധാനതയോടെയും ഇറ്റ്‌ഫോക്കിനെ കണക്കിലെടുത്തിരുന്നുവെങ്കില്‍ ലഭ്യമാക്കുമായിരുന്ന നേട്ടങ്ങള്‍ നിരവധിയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് ഇല്ലാതെ പോയി എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം. ഈ ഫെസ്റ്റിവല്‍ എന്താണ? എന്തിനാണ്? ആര്‍ക്കുവേണ്ടിയാണ്? എന്നീ പ്രാഥമിക ചോദ്യങ്ങള്‍ക്കൊപ്പം അടുത്ത അഞ്ചുപതിപ്പുകള്‍ക്ക് ശേഷം ഈ ഫെസ്റ്റിവല്‍ ഏത് അവസ്ഥയെ കൈവരിക്കണം എന്ന ക്രാന്തദര്‍ശിത്വവും ദീര്‍ഘദര്‍ശനവും കൈക്കൊള്ളേണ്ടതായിരുന്നു. ഈ കാഴ്ചപ്പാടിന് വിപരീതമായി ഫെസ്റ്റിവലിനെ കേവലെ ഒരു വാര്‍ഷിക അടിയന്തിരം എന്ന നിലയില്‍ സമീപിക്കാനേ ഇവര്‍ക്ക് സാധിച്ചുള്ളു എന്നതാണ് വസ്തുത. തല്‍ഫലമായി ഇറ്റ്‌ഫോക്കിന് സ്വാഭാവികമായും ലഭിക്കേണ്ടുന്ന മുന്തിയ പരിഗണനയോ ശൈശവാവസ്ഥയില്‍ ലഭിക്കേണ്ടതായ പരിചരണമോ വാത്സല്യമോ ലഭിക്കുകയുണ്ടായില്ല എന്നതാണ് വസ്തുത. ഈ സമീപനത്തിന് നാം വലിയ വിലകൊടുക്കേണ്ടതായ അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
മലയാളത്തില്‍നിന്ന് ഇത്തവണ നാലു നാടകങ്ങള്‍ മാത്രമാണുള്ളത്. എന്തുകൊണ്ടാണിത്. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ മൂന്നു നാടകമത്സരങ്ങള്‍ നടക്കുന്നുണ്ട്. സ്‌കൂള്‍, കോളജുതലങ്ങളില്‍പ്പോലും എത്രയോ മികച്ച നാടകങ്ങളുണ്ടാകുന്നു. അവയില്‍ ഒന്നുപോലും ഇവിടെയില്ല. നേരത്തെ പ്ലാറ്റ്‌ഫോം നാടകങ്ങള്‍ എന്ന പേരില്‍ ലഘുനാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. ലോകത്തിലെ നല്ല നാടകങ്ങള്‍ നമുക്ക് കാണാനാവുന്നതുപോലെ മലയാളത്തിലെ ഏറ്റവും മികച്ച നാടകങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കാന്‍ നമുക്കാവേണ്ടതല്ലേ? സംവിധായകരും പ്രേക്ഷകരും തമ്മില്‍ സംവദിക്കുന്ന ഓപ്പണ്‍ ഫോറവും ഇല്ലാതായി. ഇന്ത്യയിലെ മികച്ച നാടകക്കാരന് നല്‍കിയിരുന്ന പുരസ്‌കാരവും ഇപ്പോഴില്ല. സംഘാടനത്തില്‍ നാടകപ്രവര്‍ത്തകര്‍ക്ക് ഒരു പങ്കുമില്ല. അത്തരമൊരു സാഹചര്യത്തില്‍ നാടകത്തെ ഇഷ്ടപ്പെടുന്നവരുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ഒരു കണക്കെടുപ്പിന് സമയമായിരിക്കുന്നു. അത് ഓരോ നാടകപ്രേമിയുടേയും കടമയാണ്. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള സോഷ്യല്‍ ഓഡിറ്റിങ് വേണം. ഇതിന്റെ ഭാഗമായാണ് അവരുടെ മുന്‍കൈയില്‍ തേഡ് ബെല്‍ എന്ന ഡെയ്‌ലി ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്.
തീര്‍ച്ചയായും പ്രേക്ഷകരുടെ സമീപനവും മാറണം. വെറും 20 രൂപക്ക് നാടകം കാണുക എന്നതു തന്നെ എത്ര ബാലിശമാണ്. നാടകത്തോടുള്ള ആദരവ് ഇല്ലാതാക്കാനേ അതുപകരിക്കൂ. സിനിമ കാണാനോ പുസ്തകം വാങ്ങാനോ ചിത്രങ്ങളോ ശില്‍പ്പങ്ങളോ വാങ്ങാനോ എത്രയോ പണം നാം ചിലവഴിക്കുന്നു. നാടകം ഫ്രീ ആയി കാണേണ്ടതാണെന്ന ചിന്ത ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു. എങ്കിലോ നാടകത്തോട് ബഹുമാനമുണ്ടാകൂ. നാടകപ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്തം കൂടും. നാടകമെന്നത് സാംസ്‌കാരികപ്രവര്‍ത്തനം മാത്രമല്ല എന്നു പ്രേക്ഷകരും മനസ്സിലാക്കിയാലേ ഇറ്റ്‌ഫോക്കും നാടകവേദിയും നിലനില്‍ക്കൂ, മുന്നോട്ടുപോകൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply