ഇരു മാനിഫെസ്റ്റോകളും ഒന്നല്ല, രണ്ടാണ്

ചരിത്രപ്രധാനമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. ഇനിയും നിരവധി ഘട്ടങ്ങള്‍ ബാക്കിയാണ്. പ്രധാനമായും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വം അംഗീകരിക്കാനിടയുള്ള വിവിധ പാര്‍ട്ടികളുടെ വൈവിധ്യമാര്‍ന്ന മുന്നണികളുമാണ് മത്സരം നടക്കുന്നത്. അത്തരമൊരു സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുടേയും പ്രകടനപത്രികക്ക് കാര്യമായ പ്രസക്തിയില്ല. മാത്രമല്ല പതിവുപോലെ നടപ്പാക്കാനിടയില്ലാത്ത, കേള്‍ക്കാന്‍ നല്ല രസമുള്ള നിരവധി വാഗ്ദാനങ്ങള്‍ ഇരുപക്ഷവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ പ്രകടനപത്രികകള്‍ കാര്യമായി ചര്‍ച്ചയായില്ല. അതിനാല്‍ തന്നെ പ്രധാന എതിരാളികളായ കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും പ്രകടനപത്രികകളിലെ […]

mm

ചരിത്രപ്രധാനമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. ഇനിയും നിരവധി ഘട്ടങ്ങള്‍ ബാക്കിയാണ്. പ്രധാനമായും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വം അംഗീകരിക്കാനിടയുള്ള വിവിധ പാര്‍ട്ടികളുടെ വൈവിധ്യമാര്‍ന്ന മുന്നണികളുമാണ് മത്സരം നടക്കുന്നത്. അത്തരമൊരു സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിയുടേയും പ്രകടനപത്രികക്ക് കാര്യമായ പ്രസക്തിയില്ല. മാത്രമല്ല പതിവുപോലെ നടപ്പാക്കാനിടയില്ലാത്ത, കേള്‍ക്കാന്‍ നല്ല രസമുള്ള നിരവധി വാഗ്ദാനങ്ങള്‍ ഇരുപക്ഷവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ തന്നെ പ്രകടനപത്രികകള്‍ കാര്യമായി ചര്‍ച്ചയായില്ല. അതിനാല്‍ തന്നെ പ്രധാന എതിരാളികളായ കോണ്‍ഗ്രസ്സിന്റേയും ബിജെപിയുടേയും പ്രകടനപത്രികകളിലെ കാതലായ വ്യത്യാസങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു.
ഇരുകൂട്ടരും ജനക്ഷേമപരവും കാര്‍ഷികപ്രധാനവുമായ നിരവധി വാഗ്ദാനങ്ങള്‍ വാരിവിതറിയിട്ടുണ്ട്. അതെല്ലാം മാറ്റിവെച്ചാല്‍ കാതലായ വ്യത്യാസം കാണുന്നത് മനുഷ്യാവകാശങ്ങളുടെ വിഷയത്തിലാണ്. രാജ്യരക്ഷയുടെ പേരില്‍ മനുഷ്യാവകാശങ്ങളെല്ലാം ലംഘിക്കുന്നതാണ് ബിജപിയുടെ പ്രകടനപത്രികയെങ്കില്‍ ഒരു പരിധിവരെയെങ്കിലും മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതാണ് കോണ്‍ഗ്രസ്സ് പ്രകടനപത്രിക. ഈ വ്യത്യാസം കാണാതെ പോകുന്നത് ചരിത്രപരമായി ഒരു തെറ്റായിരിക്കും.
വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യും, രാജ്യദ്രോഹക്കുറ്റം എടുത്തുകളയും, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും, സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്‌കരിക്കും, ക്രിമിനല്‍ നടപടി നിയമം സമഗ്രമായി പരിഷ്‌കരിക്കും, മൂന്ന് വര്‍ഷമോ അതില്‍ത്താഴെയോ താഴെ ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തതിന് തടവിലിട്ടിരിക്കുന്ന മൂന്ന് മാസം തടവ് പൂര്‍ത്തിയാക്കിയ മുഴുവന്‍ വിചാരണത്തടവുകാരെയും മോചിതരാക്കും, ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാര്‍ ആറ് മാസം തടവ് പൂര്‍ത്തിയാക്കിയെങ്കില്‍ വിട്ടയക്കും, ജയില്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കും, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വംശീയ അതിക്രമങ്ങള്‍, കലാപം തുടങ്ങിയവ ഇല്ലാതാക്കും, കാശ്മീരിന്റ പ്രതേക പദവി നിലനിര്‍ത്തും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ്സ് പ്രകടനപത്രിക മുന്നോട്ടുവെക്കുമ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ്, 370-ാം വകുപ്പ് എടുത്തുകളയല്‍, സൈന്യത്തിനു പൂര്‍ണ്ണസ്വാതന്ത്ര്യം, പൗരത്വബില്‍, ശബരിമലയിലെ ആചാരസംരക്ഷണം തുടങ്ങിയവയാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. എല്ലാവരും ഒരുപോലെയാണെന്ന നാടന്‍ശാലിയില്‍ ഒതുക്കാവുന്ന വ്യത്യാസമല്ല ഇവ തമ്മിലുള്ളത്.
ഈ വാഗ്ദാനങ്ങളില്‍ ചിലത് മാത്രമെടുത്ത് പരിശോധിക്കാം. പട്ടാളത്തിനു പൂര്‍ണ്ണസ്വാതന്ത്ര്യം എന്ന് ബിജെപിയും അഫ്‌സപ എടുത്തുകള.ുമെന്ന് കോണ്‍ഗ്രസ്സും പറയുന്നത് തമ്മിലുള്ള അന്തരം ചെറുതല്ല. 1958 സെപ്റ്റംബര്‍ 11നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ട് 1958 (AF-SPA) പാസ്സാക്കിയത്. വെറും ആറു സെക്ഷനുകള്‍ മാത്രമുള്ള ഒരു നിയമമാണിത്. 1942 കാലഘട്ടത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇതിനു തുല്യമായ ഒരു നിയമം ഉപയോഗിച്ചിരുന്നു. ഇതേ കാരണത്താല്‍, ഈ നിയമം അടിച്ചേല്‍പ്പിക്കുന്ന മേഖലകളില്‍ കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകും എന്നൊരു ആരോപണം നിലനിന്നിരുന്നെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അത് പാസ്സാക്കപ്പെട്ടു. അന്നു നിലനിന്നിരുന്ന നാഗാലാന്‍ഡ് വിമോചന പ്രവര്‍ത്തനങ്ങളും സംസ്ഥാനസേനയുടെ അപര്യാപ്തതയും മൂലം, ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍മിക്ക് മേഖലകളില്‍ പൂര്‍ണ അധികാരം ആണ് ഈ നിയമം അനുശാസിച്ചിരുന്നത്. കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും, അസ്സം, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിമോചന വാദം വ്യാപകമായി അലയടിക്കുന്നുണ്ടായിരുന്നു. ഈ നിയമം അന്നാട്ടിലെ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണമായ ആധിപത്യമാണ് റിബലുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍, അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍മി വിഭാഗമായ ആസ്സാം റൈഫിള്‍സിനു നേടിക്കൊടുത്തത്. ആറു മാസം കൂടമ്പോള്‍ നിയമം പുനപരിശോധിക്കേണ്ടതുണ്ടായിട്ടും അതൊന്നും പതിവില്ല.. കേന്ദ്രമോ സംസ്ഥാനമോ സേനയുടെ റിേപ്പാര്‍ടുകള്‍ മാത്രം മുന്‍നിര്‍ത്തി പ്രശ്നബാധിത പദവി പുതുക്കലാണ് പതിവ്. നിയമത്തിന്റെ മറവില്‍ സംസ്ഥാനത്ത് സൈന്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിവരുന്നതെന്നു പറയുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെയാണ്. തീവ്രവാദികളെ നേരിടാനെന്ന വ്യാജേന നിരപരാധികളെ വേട്ടയാടുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. സൈനികരുട ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളും ഇവിടെ നിരവധിയാണ്. മാതാപിതാക്കളുടെയും മക്കളുടെയും സഹോദരന്മാരുടെയും മുന്നിലിട്ട് സ്തീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളും വിഘടനവാദികളുമായി മുദ്രകുത്തി തോക്കിനിരയാക്കുന്നു. തീവ്രവാദ, വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലുകളെന്ന വ്യാജേനയാണ് സൈന്യം ഇവിടെ നിരപരാധികള്‍ക്കു നേരെ നിറയൊഴിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍ എച്ച് ആര്‍ സി) നടത്തിയ പഠനത്തില്‍ ഈ ഏറ്റുമുട്ടലുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ‘അഫ്സ്പ’ നല്‍കുന്ന പ്രത്യേകാധികാരത്തിന്റെ ബലത്തില്‍ യാതൊരു ശിക്ഷാ നടപടിയും ഉണ്ടാകില്ലെന്ന ധൈര്യമാണ് സൈന്യത്തിനും പോലീസിനും ഇത്തരം പ്രവണതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. അതിന് മുമ്പ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ അന്വേഷിച്ച സന്തോഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കണ്ടെത്തലുകളും സമാനമായിരുന്നു. അഫ്‌സഫക്കെതിരെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഇറോം ഷര്‍മിളയുടെ പോരാട്ടവും ഫലം കണ്ടില്ല. ഈ സാഹചര്യത്തില്‍ അഫ്‌സപ പിന്‍വലിക്കുമെന്ന കോണ്‍ഗ്രസ്സ് വാഗ്ദാനവും പട്ടാളത്തിന് പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന ബിജെപി വാഗ്ദാനവും അജ ഗജാന്തരമുണ്ട്. ജനാധിപത്യസംവിധാനത്തിന്റെ അന്തസത്തയെ തന്നെ തകര്‍ക്കുന്നതാണ് പട്ടാളത്തിന്റെ പൂര്‍ണ്ണ സ്വാതന്ത്ര്യം.
കാശ്മീരിന്റെ പ്രതേക പദവിയുടെ കാര്യവും പരിശോധിക്കുക. അത് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ്സ് പറയുമ്പോള്‍ എടുത്തുകളയുമെന്നാണ് ബിജെപി പറയുന്നത്. തീര്‍ത്തും ചരിത്രവിരുദ്ധമായ നിലപാടാണ് ബിജപിയുടേതെന്ന് പറയാതെ വയ്യ. ഇന്ത്യാ ഗവണ്‍മെന്റ് ആ സംസ്ഥാനത്തിനു നല്‍കിയ ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല അത്. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേര്‍ന്നു; ചിലത് ഇന്ത്യയോട് ചേര്‍ന്നു. എന്നാല്‍ രണ്ടുരാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. ഹൈദരാബാദ്, തിരുകൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയ ചില നാട്ടുരാജ്യങ്ങളാണ് ഇങ്ങനെ തീരുമാനമെടുത്തത്.
ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മൂന്നാമന്‍ മുസ്ലീം. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭായ് പട്ടേല്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനും ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ ഇന്ത്യയുടെ ഭാഗമാക്കി. ഡിസംബര്‍ മാസത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 99.95 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായ തീരുമാനം. എന്നാല്‍ ഇതിനു വിപരീതമായിട്ടായിരുന്നു കാശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്യപ്പെട്ടത്. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയവര്‍ക്കുനേരെ സര്‍ക്കാര്‍ വെടിവെക്കുകയായിരുന്നു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം ശക്തമായി. പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ ജമ്മുവില്‍ നിന്ന് പലായനം ചെയ്തു. ജമ്മുവിലെ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് കാണിച്ച് 1947 ഒക്ടോബര്‍ 12ാം തീയതി പാകിസ്ഥാന്‍ കാശ്മീര്‍ രാജാവിന് ടെലിഗ്രാം അയച്ചു. പാക് സഹായത്തോടെ കാശ്മീരിനെതിരെ അക്രമണവും നടന്നു. അക്രമണത്തെ തടയാന്‍ ജമ്മുകാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഹരിസിംഗിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. IOA യോടൊപ്പമുള്ള ധവളപത്രത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: ഇത് താല്‍ക്കാലിക ഏര്‍പ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു. ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്ന് പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. അതിന്നോളം നടന്നില്ല. അതിനു പകരമാണ് പ്രത്യേക പദവി നല്‍കിയത്. ഈ ചരിത്രം മറക്കാന്‍ ബിജെപിക്ക് ആയാലും കോണ്‍ഗ്രസ്സിനു സാധ്യമാകില്ലല്ലോ.
ഇനി രാജ്യദ്രോഹനിയമത്തിന്റെ കാര്യം നോക്കാം. 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന്റെ നിര്‍വചനം ഇപ്രകാരമാണ്: എഴുതുകേയാ പറയുകയാ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യദ്രോഹമാവും. 1860 -ല്‍ രൂപീകരിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. 1837 -ല്‍ രാജ്യദ്രോഹക്കുറ്റം ഐ.പി.സിയില്‍ ഉള്‍പെടുത്തണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും അത് നടപ്പാക്കിയില്ല. തോമസ് മക്കാളെ പ്രഭുവാണ് ഈ വകുപ്പു ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പിന്നീട് 1870 -ല്‍ ഐ.പി.സി ഭേദഗതി നിയമത്തില്‍ പ്രസ്തുത വകുപ്പ് ഉള്‍പ്പെടുത്തി. അതിനു ശേഷം 1898 -ല്‍ മറ്റൊരു ഭേദഗതി നിയമത്തിലൂടെ ഇപ്പോള്‍ നിലവിലുള്ള രൂപത്തില്‍ 124 എ വകുപ്പ് രൂപീകരിക്കപ്പെട്ടു. ഈ നിയമത്തിന്റെ ആദ്യ രൂപത്തില്‍ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള ‘മമതക്കുറവാണ്’ രാജ്യദ്രോഹമായി നിര്‍വചിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികളും ശിക്ഷാര്‍ഹമായി. ഭരണകൂടത്തോടുള്ള ‘മമതക്കുറവ്’ എന്നതില്‍ എല്ലാ തരത്തിലുള്ള ശത്രുതയും ഉള്‍പ്പെടും.രാജ്യദ്രോഹക്കുറ്റം കൃത്യമായി നിര്‍വചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാം. 1962 -ലെ കേദാര്‌നാഥ് v/s ബിഹാര്‍ ഗവണ്മെന്റ്‌റ് കേസില്‍ സുപ്രീം കോടതി, ഈ നിയമം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടത്തിയതാണ്. ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഈ നിയമത്തിനെതിരായിരുന്നു. ലോകസഭയിലെ തന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കവേ, ‘ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്’, എന്നാണദ്ദേഹം പറഞ്ഞത്. ‘പൌരന്റെ സ്വാതന്ത്ര്യം അടിച്ചമര്താനായി രൂപീകരിച്ച വകുപ്പ് ‘എന്നാണു ഗാന്ധിജി ഈ വകുപ്പിനെക്കുറിച്ച് പറഞ്ഞത്. ഇനിയും അതു നീക്കം ചെയ്യുന്നില്ലെങ്കില്‍ നമ്മുടേത എങ്ങനെയാണ് ജനാധിപത്യമാകുക?
മറ്റൊന്ന പൗരത്വബില്ലാണ്. കൃത്യമായ മുസ്ലിം വിവേചനമാണ് അതിലുള്ളത്. ഒരു മതേതര – ജനാധിപത്യ രാഷ്ട്രത്തിന് അതംഗീകരിക്കാനാവുമോ? ആരംഭത്തില്‍ സൂചിപ്പിച്ച മറ്റു വിഷയങ്ങള്‍ പരിശോധിച്ചാലും ജനാധിപത്യത്തോടും മതേതരത്വത്തോടും ഇരുപാര്‍ട്ടികളുടേയും നിലപാടുകളിലെ അന്തരം പ്രകടമാണ്. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കുമെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വംശീയ അതിക്രമങ്ങള്‍, കലാപം തുടങ്ങിയവ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ്സ് പറയുന്നതും സമകാലിക ഇന്ത്യയില്‍ വളരെ പ്രസക്തമാണ്. രാമക്ഷേത്ര നിര്‍മ്മാണം, ശബരിമല പോലുള്ള ബിജെപി വാഗ്ദാനങ്ങള്‍ നമ്മെ എവിടേക്കാണ് നയിക്കുക എന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.
അതേസമയം ഈ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ കോണ്‍ഗ്രസ്സിനോ ജനാധിപത്യ – മതേതര ശക്തികള്‍ക്കോ സാധിക്കുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ വലിയ ദുരന്തം. കിസാന്‍ ബജറ്റ്, കര്‍ഷകര്‍ വായ്പയെടുത്ത് തിരിച്ചടക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ അവ സിവില്‍ കേസായി പരിഗണിക്കും, 17ാം ലോക്സഭയുടെ ആദ്യ സിറ്റിങില്‍ തന്നെ വനിതാ സംവരണ ബില്‍ പ്രഖ്യാപിക്കും, 2006 ലെ വന നിയമം നടപ്പിലാക്കും, വനത്തില്‍ നിന്ന് ആരെയും അന്യായമായി ഇറക്കിവിടില്ല, പരിസ്ഥിതി സംരക്ഷണത്തിനും ആഗോള താപനത്തെ നേരിടാനും ശക്തമായ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും, റിസര്‍വ് ബാങ്ക്, വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, സിബിഐ എന്നിവയെ പൂര്‍വ്വസ്ഥിതിയിലാക്കും തുടങ്ങിയ കോണ്‍ഗ്രസ്സ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങളിലെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply