ഇരയെ പ്രതിയാക്കുന്ന മുന്‍വിധികള്‍

ബിജു ഡോമിനിക് ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരോട് സാധാരണക്കാര്‍ മാത്രമല്ല നീതിപീഠം പോലും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് – എന്തുകൊണ്ട് നിങ്ങള്‍ ചെറുത്തുനിന്നില്ല?. ചെറുത്തുനില്‍പ്പിന്റെ സൂചനകളില്ലെങ്കില്‍ പീഡനം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് അനുമാനിക്കപ്പെടുകയാണ് പതിവ്. യഥാര്‍ത്ഥ ഇര ചെറുത്തുനില്‍ക്കുകയോ രക്ഷപ്പെടുകയോ ചെയ്തിരിക്കണം എന്നതാണ് അലോസരപ്പെടുത്തുന്ന പൊതു ധാരണ. ഒരു സ്ത്രീക്ക് ജീവിതത്തില്‍ നേരിടാവുന്ന ഏറ്റവും ഭീതിതമായ അനുഭവമാണ് ബലാത്സംഗം. വൈകാരിക ആഘാതത്തിന്റെ ആ നിമിഷങ്ങളില്‍ ഇരയുടെ മസ്തിഷ്‌കത്തിലും ശരീരത്തിലും ഹോര്‍മോണുകളുടെ മഹാപ്രളയമാണ് സംഭവിക്കുന്നത്. യുക്തിസഹമായി ചിന്തിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന മസ്തിഷ്‌കത്തിലെ […]

rrrബിജു ഡോമിനിക്

ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരോട് സാധാരണക്കാര്‍ മാത്രമല്ല നീതിപീഠം പോലും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് – എന്തുകൊണ്ട് നിങ്ങള്‍ ചെറുത്തുനിന്നില്ല?. ചെറുത്തുനില്‍പ്പിന്റെ സൂചനകളില്ലെങ്കില്‍ പീഡനം ഉഭയസമ്മതപ്രകാരമായിരുന്നു എന്ന് അനുമാനിക്കപ്പെടുകയാണ് പതിവ്. യഥാര്‍ത്ഥ ഇര ചെറുത്തുനില്‍ക്കുകയോ രക്ഷപ്പെടുകയോ ചെയ്തിരിക്കണം എന്നതാണ് അലോസരപ്പെടുത്തുന്ന പൊതു ധാരണ.

ഒരു സ്ത്രീക്ക് ജീവിതത്തില്‍ നേരിടാവുന്ന ഏറ്റവും ഭീതിതമായ അനുഭവമാണ് ബലാത്സംഗം. വൈകാരിക ആഘാതത്തിന്റെ ആ നിമിഷങ്ങളില്‍ ഇരയുടെ മസ്തിഷ്‌കത്തിലും ശരീരത്തിലും ഹോര്‍മോണുകളുടെ മഹാപ്രളയമാണ് സംഭവിക്കുന്നത്. യുക്തിസഹമായി ചിന്തിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന മസ്തിഷ്‌കത്തിലെ പ്രിഫ്രോണ്ടല്‍ കോര്‍ട്ടെക്സിന്റെ പ്രവര്‍ത്തനംതന്നെ അവതാളത്തിലാകുന്ന സാഹചര്യം.

മസ്തിഷ്‌കം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് താന്‍ ചെയ്യേണ്ടതെന്ത് എന്ന് വിവേചന ബുദ്ധിയോടെ തീരുമാനമെടുക്കാനാകും. പക്ഷെ, നിസ്സഹായയായ ഒരു ഇരയെ സംബന്ധിച്ചിടത്തോളം ‘ഇപ്പോള്‍ ഇങ്ങനെയെങ്കില്‍, അപ്പോള്‍ അങ്ങനെ’ എന്ന രീതിയില്‍ ചിന്തിക്കാന്‍ സാധിക്കുകയില്ല.

സമ്മര്‍ദ്ദവും ഭീതിയും നിറഞ്ഞ സാഹചര്യങ്ങളെ നേരിടുന്നവരുടെ സ്വാഭാവിക പ്രതികരണം സ്തംഭനാവസ്ഥയാണെന്ന് പൊതുവേ മനസിലാക്കപ്പെടുന്നില്ല. ലൈംഗീക പീഡനം പോലെ അതിസമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യം ശരീരത്തെ ആകമാനം ഒരു മരവിപ്പിലേക്ക് നയിച്ചേക്കാം. ഈ സ്ഥിതിയില്‍ ഒരാള്‍ക്ക് ചലിക്കാനോ സഹായത്തിനുവേണ്ടി നിലവിളിക്കാനോ സാധിച്ചേക്കില്ല. ഇത്തരമൊരു അവസ്ഥ ഇര സ്വയം നിര്‍ണയിക്കുന്നതല്ല, മിറച്ച് യാന്ത്രികമായ പ്രതികരണമാണ്. ബലാത്സംഗത്തിന് ഇരകളാകുന്നവരില്‍ അന്‍പത് ശതമാനത്തോളം പേര്‍ ചലിക്കാന്‍പോലുകമാകാത്ത ഈ മരവിപ്പില്‍ പെടുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

90 ശതമാനം കേസുകളിലും ഇരയുടെ ഉറ്റവരോ പരിചിതരോ ആണ് അക്രമികളായി മാറുന്നതെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തനിക്ക് വളരെ അടുത്തറിയാവുന്ന, തന്റെ സംരക്ഷകനാകേണ്ട വ്യക്തി ക്രൂരത ചെയ്യുമ്പോള്‍ ഇര മാനസികമായും ശാരീരികമായും തളര്‍ന്നു പോകുന്നു. പീഡനത്തിന് ഇരയായതിന്റെ ഭീതിയില്‍ 95 ശതമാനം പേരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍(പി.ടി.എസ്.ഡി) എന്ന് വിശേഷിപ്പിക്കാവുന്ന കടുത്ത കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നു. വലിയ ആഘാതങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന മാനസിക വൈകല്യമാണിത്.

പീഡനത്തിനുശേഷം പലരും സാധാരണജീവിതവുമായി പൊരുത്തപ്പെടാന്‍ പരിശ്രമിക്കും. പുറമേക്ക് സാധാരണ നിലയിലാണെന്ന് സ്ഥാപിക്കാന്‍ പരിശ്രമിക്കുമ്പോള്‍തന്നെ ഉള്ളിന്റെ ഉള്ളില്‍ ദുരന്ത നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മകളും വികാരവിചാരങ്ങളും അമര്‍ത്തിവയ്ക്കാന്‍ പാടുപെടുകയായിരിക്കും. ഈ ഘട്ടത്തില്‍ ഇര സാധാരണ നിലയിലെത്തിയതായി മറ്റുള്ളവര്‍ക്ക് തോന്നുമെങ്കിലും സ്വകാര്യ നിമിഷങ്ങളില്‍ അവര്‍ കടുത്ത വൈകാരിക പ്രതിസന്ധി നേരിടുകയായിരിക്കും. ഇരയെ സാധാരണ നിലയില്‍ കാണുന്നതുകൊണ്ടുമാത്രം അവര്‍ അതിക്രമത്തിന് ഇരയായിട്ടില്ല എന്ന നിഗമനത്തിലെത്താനാവില്ല എന്ന് സാരം.

പീഡനത്തിന് ഇരയായ സ്ത്രീ വിവരം പുറത്തു പറയുകയോ പരാതി നല്‍കുകയോ ചെയ്യാതെ വീണ്ടും അക്രമം ആവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നത് എന്തുകൊണ്ടാണ്? വലിയൊരു വിഭാഗം കേസുകളിലും പീഡകനാകുന്നത് ഇരയോട് അടുപ്പമുള്ളയാളായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അടുപ്പം രക്തബന്ധമോ തൊഴില്‍പരമോ മതപരമോ ആയ ബന്ധമോ ആകാം. ഇതില്‍തന്നെ താഴേ തലത്തിലുള്ളയാളാകും ഇര. പരാതി നല്‍കിയാല്‍ ബന്ധം തകരുമെന്നും തന്റെയും കുടുംബത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാകുമെന്നുമുള്ള ഭയമാണ് പലപ്പോഴും നിശബ്ദയാകാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. ഏറെ വേദനാജനകമായ ഈ ബന്ധത്തില്‍നിന്ന് പുറത്തുകടക്കുക എന്നത് ഇരയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.

വിവാഹാനന്തര പീഡനത്തിന് വിധേയാരാകുന്ന അനേകം സ്ത്രീകള്‍ ആക്രമണകാരിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ സ്വതന്ത്രമായ ജീവിതം കെട്ടിപ്പടുക്കാമെന്ന ആത്മാവിശ്വാസമില്ലാത്തതുകൊണ്ടുമാത്രം നിശബ്ദം സഹിക്കുന്നതിനെ ഇതുമായി കൂട്ടിവായിക്കണം. പരാതി നല്‍കാനുള്ള ആത്മവിശ്വാസം നേടിയെടുത്താലും തുടര്‍ന്നുള്ള അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാകും.

പ്രബലനായ ഒരു വ്യക്തി പീഡനം നടത്തി എന്ന വിവരം പുറത്തുവരുമ്പോള്‍ സമൂഹത്തിന്റെ ആദ്യ പ്രതികരണം എന്തായിരിക്കും? 70 ശതമാനം കേസുകളിലും പീഡന സമയത്ത് ധരിച്ചിരുന്ന വസ്ത്രം ഏതാണ്, പീഡനത്തിന് തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാകും പോലീസ് ഇരയോട് ചോദിക്കുക. അതായത് ക്രമസമാധാന സംവിധാനം പോലും ഇരയെ വിശ്വാസത്തിലെടുക്കുന്നില്ല എന്നു സാരം.

കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തില്‍പോലും പീഡനം നടന്നിട്ടല്ല എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ കാരണങ്ങള്‍ തേടുന്നവര്‍ അനവധിയാണ്. പീഡനം നടന്നു എന്നതിന് തെളിവുണ്ടെങ്കില്‍പോലും ഒരുമ്പെട്ടിറങ്ങിയതാണ്, അന്ന് സുഖിച്ചുകാണും തുടങ്ങിയ മുന്‍വിധികളിലൂടെ ഇരയെ പ്രതിയാക്കാനുള്ള ശക്തമായ പരിശ്രമങ്ങള്‍ നടക്കുക പതിവാണ്.

കന്യകാത്വത്തിന് ഏറെ വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തില്‍ ബലാത്സംഗത്തിനിരയാകുന്നതോടെ ഇരയ്ക്ക് വിവാഹം കുടുംബ ജീവിതം തുടങ്ങിയ സാധ്യതകളും ഇല്ലാതാകുകയാണ്. പരാതി സമര്‍പ്പിക്കുന്നതുമുതല്‍ കോടതി നടപടികളിലൂടെ കടന്നുപോകുമ്പോള്‍ ജീവിതം തകര്‍ന്ന നിമിഷങ്ങളെക്കുറിച്ച് പലവട്ടം വിവരിക്കേണ്ടിവരുന്നതിലൂടെ ആ ദുരന്തത്തിന്റെ മാനസിക സമ്മര്‍ദ്ദം അവരെ വിടാതെ പിന്തുടരുന്നു.

പീഡിപ്പിക്കപ്പെടുന്നത് ഒരിക്കല്‍ മാത്രമാണെങ്കില്‍പോലും അത് ഇരയുടെ മനസിലുണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. നിലവിലെ സാഹചര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ട ശേഷം പരാതി നല്‍കുന്നത് ആ മുറിവുകളില്‍ സ്വയം എരിവു പുരട്ടുന്നതിന് തുല്യമാകും. അതുകൊണ്ടുതന്നെ എല്ലാം രഹസ്യമാക്കിവച്ച് സ്വകാര്യ നിമിഷങ്ങളില്‍ കരഞ്ഞു ജീവിക്കാനാകും ഭൂരിഭാഗം സ്ത്രീകളും തീരുമാനിക്കുക. ഇരയുടെ ഈ നിര്‍ബന്ധിത മൗനം ക്രൂരത ആവര്‍ത്തിക്കാന്‍ പീഡകന് കരുത്തേകുന്നു.

13 തവണ പീഡിപ്പിക്കപ്പെട്ട ശേഷവും കന്യാസ്ത്രീ പരാതി നല്‍കിയില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്തേണ്ടതില്ല. മറിച്ച് നമ്മളെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്. പീഡനത്തിനിരയാകുന്ന സ്ത്രീയുടെ മാനസിക സമ്മര്‍ദ്ദമെന്തെന്ന് മനസിലാക്കാന്‍ ഒരിക്കലും ശ്രമിക്കാത്ത നമ്മുടെ കപട മനോനിലയെയാണ് കുറ്റപ്പെടുത്തേണ്ടത്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply