ഇയോബിന്റെ പുസ്‌തകം – ഒരു വിഷ്വല്‍ വിരുന്ന്‌

മൂന്നാറിന്റെ ദൃശ്യഭംഗി ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുത്തിരിക്കുന്നു അമല്‍ നീരദ്‌ ചിത്രം ഇയോബിന്റെ പുസ്‌തകം. ഒരേസമയം കലാമൂല്യവും വാണിജ്യ താല്‌പ്പര്യവുമുള്ള ഒരു സിനിമയാണ്‌ ഇയോബിന്റെ പുസ്‌തകം. മനോഹരമായ ഫ്രായിമുകളും പശ്ചാത്തല സംഗീതവുമാണ്‌ ചിത്രത്തെ അവിസ്‌മരണീയമാക്കുന്നത്‌. ചൈനീസ്‌ ഫോക്‌ മ്യൂസിക്കിന്റെയും കേരളത്തിന്റെ തനതായ നാടന്‍ വായ്‌ത്താരികളുടെയും നാടന്‍ ശീലുകളുടെയും ഒരു ആകെ തുകയാണ്‌ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.. 1939ല്‍ തുടങ്ങി അടിയന്തരാവസ്ഥക്കാലം വരെയുള്ള കാലഘട്ടമാണ്‌ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌. 1976 ലെ അടിയന്തരാവസ്ഥകാലത്ത്‌ പോലീസ്‌ തിരയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ തന്റെ ഓര്‍മ്മകളിലൂടെ […]

iyobമൂന്നാറിന്റെ ദൃശ്യഭംഗി ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുത്തിരിക്കുന്നു അമല്‍ നീരദ്‌ ചിത്രം ഇയോബിന്റെ പുസ്‌തകം. ഒരേസമയം കലാമൂല്യവും വാണിജ്യ താല്‌പ്പര്യവുമുള്ള ഒരു സിനിമയാണ്‌ ഇയോബിന്റെ പുസ്‌തകം. മനോഹരമായ ഫ്രായിമുകളും പശ്ചാത്തല സംഗീതവുമാണ്‌ ചിത്രത്തെ അവിസ്‌മരണീയമാക്കുന്നത്‌. ചൈനീസ്‌ ഫോക്‌ മ്യൂസിക്കിന്റെയും കേരളത്തിന്റെ തനതായ നാടന്‍ വായ്‌ത്താരികളുടെയും നാടന്‍ ശീലുകളുടെയും ഒരു ആകെ തുകയാണ്‌ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം..
1939ല്‍ തുടങ്ങി അടിയന്തരാവസ്ഥക്കാലം വരെയുള്ള കാലഘട്ടമാണ്‌ ചിത്രത്തില്‍ പ്രതിപാദിക്കുന്നത്‌. 1976 ലെ അടിയന്തരാവസ്ഥകാലത്ത്‌ പോലീസ്‌ തിരയുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്‌ തന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നതാണു സിനിമ. വൃദ്ധന്മാരെല്ലാം ജ്ഞാനികളാകണമെന്നില്ല. പ്രായക്കൂടുതല്‍ നീതി ബോധത്തിന്റെ അളവു കോലല്ല എന്ന്‌ എഴുതികാണിച്ചു കൊണ്ടാണു ഇയോബിന്റെ പുസ്‌തകം ആരംഭിക്കുന്നത്‌. ചൈനയില്‍ നിന്നുള്ള തേയിലയുടെ വരവ്‌ നിലച്ചപ്പോള്‍ ബ്രിട്ടീഷ്‌ രാഞ്‌ജിയുടെ അനുമതിയോടെ മൂന്നാറില്‍ നാട്ടുകാരെ അടിമകളാക്കി കാടുവെട്ടിത്തെളിച്ച്‌ തേയിലകൃഷിയിറക്കിയ ഹാരിസണ്‍ സായിപ്പിന്റെ കഥയില്‍ നിന്നാണ്‌ സിനിമ തുടങ്ങുന്നത്‌. ഹാരിസണ്‍ സായിപ്പിന്റെ അടിമയായ ഇയോബ്‌ (ലാല്‍) സായിപ്പിനു ശേഷം മൂന്നാറിലെ കറുത്ത സായിപ്പായി മാറുമ്പോഴും നടപ്പാക്കുന്നത്‌ കാട്ടുനീതി. ഭയാനകമായ ക്രൂരതയിലൂടെയാണ്‌ ഇയോബ്‌ തന്റെ സാമ്രാജ്യം വളര്‍ത്തുന്നത്‌. മക്കളായ ദിമിത്രിയും (ചെമ്പന്‍ വിനോദ്‌) ഐവാനും (ജിനു ജോസഫ്‌) അപ്പനെ അനുകരിച്ച്‌ വളരുന്നു – മലനിരകള്‍ വെട്ടിപ്പിടിച്ചു, തടയാന്‍ നിന്നവരെ തുടച്ചുനീക്കിയും. അതേസമയം ഇളയവന്‍ അലോഷി (ഫഹദ്‌ ഫാസില്‍) വഴിവിട്ടു നടക്കുന്നു. അമ്മയുടെ വേര്‍പാടും സഹോദരങ്ങളുടെ ക്രൂരതയും അവനെ ഒളിച്ചോട്ടത്തിനു പ്രേരിപ്പിക്കുന്നു. ബ്രീട്ടീഷ്‌ നാവികസേനയില്‍ ചേരുന്ന അലോഷി ബ്രട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ കലാപമുയര്‍ത്തി മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ്‌ ആയിട്ടാണ്‌ തിരിച്ചെത്തുന്നത്‌. നാവികകലാപത്തില്‍ ഉള്‍പ്പെട്ട്‌ സൈനികജോലി വലിച്ചെറിഞ്ഞ്‌ നാട്ടിലെത്തി പിന്നീട്‌ ഉജ്വല നടനായി മാറിയ സാക്ഷാല്‍ പി ജെ ആന്റണിക്ക്‌ ഒപ്പം അലോഷിയും ഉണ്ടായിരുന്നു എന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. ഒപ്പം മൂന്നാറില്‍ നിന്ന്‌ ജയിച്ച്‌ ആദ്യ ഐക്യകേരള നിയമസഭയില്‍ അംഗമായ റോസമ്മ പുന്നൂസും ഭര്‍ത്താവ്‌ പി ടി പുന്നൂസും സിനിമയില്‍ കഥാപാത്രങ്ങളാണ്‌.
കമ്യൂണിസ്റ്റുകാരനായ ഇളയമകനെ ഇയോബ്‌ വീട്ടില്‍ നിന്ന്‌ പുറത്താക്കുമ്പോള്‍ സഹോദരങ്ങള്‍ അവന്‌ ചതിക്കുഴി ഒരുക്കുകയാണ്‌. അപ്പനെ പോലും ചതിക്കാന്‍ അവര്‍ അങ്കൂര്‍ റാവുത്തര്‍ എന്ന തമിഴന്‍ കച്ചവടക്കാരനെ (ജയസൂര്യ) കൂട്ടുപിടിക്കുന്നു. പാര്‍ടി വളര്‍ത്താന്‍ കാട്ടില്‍ കഞ്ചാവ്‌ കൃഷി നടത്തുന്ന കോണ്‍ഗ്രസ്‌ നേതാവും കാട്ടിലെ ആധിപത്യത്തിനുവേണ്ടി പരസ്‌പരം പോരടിക്കുന്ന ജന്മിമാര്‍ക്കിടയില്‍ പക്ഷംചേരാതെ പോരാടുന്ന കമ്മ്യൂണിസ്റ്റുകാരും ചരിത്രത്തിന്റെ നേര്‍സാക്ഷ്യമാണ്‌.
മണ്ണിനും പെണ്ണിനുംവേണ്ടി പരസ്‌പരം പോരടിച്ച ഇയോബിന്റെ സന്തതികളുടെ കഥയോടൊപ്പം കീഴ്‌ക്കാംതൂക്കായ മലകള്‍ക്ക്‌ മുകളില്‍ മൃഗങ്ങളോട്‌ പോരടിച്ച്‌ കൃഷിയിറക്കിയ തൊഴിലാളികളുടേയും അവരെ സംഘടിപ്പിച്ചവരുടെ കഥ കൂടി കഥയാണിത്‌. ചിത്രത്തിലെ നായകന്‍ ഫഹദ്‌ ആണെങ്കിലും ഇയോബ്‌ ലാലാണ്‌. പത്മപ്രിയയുടെ റാഹേലും ലെനയുടെ കഴലിയും ശക്തമായ സ്‌ത്രീകഥാപാത്രങ്ങളാണ്‌. വിനായകന്റെ ചെമ്പനും സഖാവായി എത്തുന്ന ടി ജി രവിയും ശ്രീജിത്ത്‌ രവിയുമെല്ലാം കഥാപാത്രത്തോട്‌ നീതിപുലര്‍ത്തുന്നു.
കുട്ടിക്കാലത്ത്‌ മലനിരകളെ നോക്കി തന്റെ തോളില്‍ തലചായ്‌ച്ചിരുന്നിരുന്ന മാര്‍ത്തയെന്ന പെണ്‍കുട്ടിയെ അലോഷി തന്നോടു തന്നെചേര്‍ത്തു നിര്‍ത്തുന്നു. ഇഷാ ഷെര്‍വാണിയാണു മാര്‍ത്തയെ അവതരിപ്പിക്കുന്നത്‌. മനോഹരമായ ഒരു പ്രണയകഥയുമായി ഇയോബ്‌ മാറി.
ചരിത്രസിനിമകള്‍ കാണുമ്പോഴുള്ള ഇഴച്ചിലിന്‌ ഇടം കൊടുത്തിട്ടില്ല സ്ലോ സിനിമകളുടെ സംവിധായകനെന്നറിയപ്പെടുന്ന അമല്‍ നീരദ്‌. ഒപ്പം ചിത്രത്തില്‍ പഴയകാലം പുനര്‍ജനിപ്പിക്കാനായി ചെയ്‌തിരിക്കുന്ന പരിശ്രമങ്ങള്‍ കൊള്ളാം.
പഴയനിയമം എന്നു കൂടി അറിയപ്പെടുന്ന ഹെബ്രായ ബൈബിളിലെ ഖണ്ഡങ്ങളില്‍ ആശയഗാംഭീര്യത്തിലും സാഹിത്യമേന്മയിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ്‌ ഇയ്യോബിന്റെ പുസ്‌തകം. നീതിമാന്മാര്‍ക്കുപോലും ജീവിതം മിക്കവാറും ക്ലേശകരമായിരിക്കുന്നുവെന്നത്‌, ദൈവത്തിന്റെ നീതിയുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ എന്ന അന്വേഷണമാണ്‌ ഈ കൃതി. സിനിമയും ഒരര്‍ത്ഥത്തില്‍ ചെയ്യുന്നത്‌ അത്‌ തന്നെ. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply