ഇന്ത്യയെ ഉലച്ച ജിഎസ്ടിക്ക് ഒരു വര്‍ഷം

സി ആര്‍ ജോസ് പ്രകാശ് ഇന്ത്യയിലെ സ്വാതന്ത്ര്യപ്രഖ്യാപനം ഒരര്‍ത്ഥരാത്രിയിലായിരുന്നു. അത്തരം ഒരു ചരിത്രപ്രാധാന്യവും നാടകീയതയും ജിഎസ്ടി നടപ്പിലാക്കുന്ന കാര്യത്തിലും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഗ്രഹിച്ചു. 2017 ജൂണ്‍ 30 ന് പാതിരാത്രിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹം ജിഎസ്ടി നടപ്പിലാക്കുന്ന പ്രഖ്യാപനം നടത്തി. മൂന്നുവര്‍ഷം മുമ്പുവരെ താനും തന്റെ പാര്‍ട്ടിയും ജിഎസ്ടിയെ നഖശിഖാന്തം എതിര്‍ത്തിരുന്നു എന്നത് അദ്ദേഹത്തിന്റെ ആവേശത്തെ കെടുത്തിയില്ല. ഈ നിയമത്തിന് രൂപം നല്‍കിയ കോണ്‍ഗ്രസിന് ഇതിനെ എതിര്‍ക്കുന്നതിലും ഒരു മനഃസാക്ഷിക്കുത്തുണ്ടായതായി കണ്ടില്ല. സ്വതന്ത്ര ഇന്ത്യ കണ്ട […]

gstസി ആര്‍ ജോസ് പ്രകാശ്

ഇന്ത്യയിലെ സ്വാതന്ത്ര്യപ്രഖ്യാപനം ഒരര്‍ത്ഥരാത്രിയിലായിരുന്നു. അത്തരം ഒരു ചരിത്രപ്രാധാന്യവും നാടകീയതയും ജിഎസ്ടി നടപ്പിലാക്കുന്ന കാര്യത്തിലും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഗ്രഹിച്ചു. 2017 ജൂണ്‍ 30 ന് പാതിരാത്രിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അദ്ദേഹം ജിഎസ്ടി നടപ്പിലാക്കുന്ന പ്രഖ്യാപനം നടത്തി. മൂന്നുവര്‍ഷം മുമ്പുവരെ താനും തന്റെ പാര്‍ട്ടിയും ജിഎസ്ടിയെ നഖശിഖാന്തം എതിര്‍ത്തിരുന്നു എന്നത് അദ്ദേഹത്തിന്റെ ആവേശത്തെ കെടുത്തിയില്ല. ഈ നിയമത്തിന് രൂപം നല്‍കിയ കോണ്‍ഗ്രസിന് ഇതിനെ എതിര്‍ക്കുന്നതിലും ഒരു മനഃസാക്ഷിക്കുത്തുണ്ടായതായി കണ്ടില്ല. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരത്തിന്റെ കാര്യത്തില്‍ പോലും ഭരണംമാറി എന്ന കാരണത്താല്‍, വളരെ വേഗത്തില്‍ നിലപാട് കീഴ്മേല്‍ മറിച്ചിട്ട് പ്രവര്‍ത്തിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും എങ്ങനെ കഴിഞ്ഞു എന്ന ചര്‍ച്ച് അന്ന് ശക്തമായി ഉയര്‍ന്നു വന്നില്ല. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതികേടാണ്.
ജിഎസ്ടി നിലവില്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പ് ജനയുഗം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ‘ഭരണകൂടം വഴിതെറ്റുമ്പോള്‍ ഇടപെടാന്‍ പൊതു സമൂഹം ജാഗ്രതയോടെ ഉണര്‍ന്നിരുന്നിരുന്നില്ലെങ്കില്‍, ഇന്ത്യയില്‍ നിരവധി നിയമങ്ങള്‍ മുന്‍പ് നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച കൂട്ടക്കുഴപ്പവും അപകടവും ജിഎസ്ടിയുടെ കാര്യത്തിലും സംഭവിക്കും. നിയമത്തിന്റെ പ്രയോജനം ഇന്ത്യയിലെ കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തും. അവര്‍ക്ക് അമിത ലാഭം ലഭിക്കാവുന്ന വകുപ്പുകള്‍ ജിഎസ്ടി നിയമത്തില്‍ ധാരാളമാണ്. ഈ നിയമം, നിയമത്തിന്റെ വഴിക്ക് പോയാല്‍ പോര, നിയമം ജനങ്ങളുടെ വഴിക്ക് വരിക തന്നെ വേണം.’ അന്നത്തെ ലേഖനത്തില്‍ ജിഎസ്ടി നിയമത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അക്കമിട്ട് പറഞ്ഞിരുന്നു. ലോകത്തെ 151 രാജ്യങ്ങളില്‍ ഈ നിയമം നടപ്പിലാക്കിയതിന്റെ അനുഭവങ്ങളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ അന്ന് പറഞ്ഞിരുന്ന മിക്ക കാര്യങ്ങളും ശരിയായിരുന്നു എന്ന് വസ്തുതകള്‍ മനസിലാവുന്ന ആര്‍ക്കും ബോദ്ധ്യമാകും. (മലേഷ്യയില്‍ മാത്രമാണ് ജിഎസ്ടി പിന്‍വലിക്കപ്പെട്ടത്)

‘ഒരു രാജ്യം ഒരു നികുതി, ഒരു ഉത്പന്നത്തിന് രാജ്യത്തെവിടെയും ഒരു വില, രാജ്യത്ത് ബിസിനസ് അനുകൂല അന്തരീക്ഷം മെച്ചപ്പെടും, വ്യവസായ-വാണിജ്യ മേഖലകളിലെ കൊടുക്കല്‍- വാങ്ങലുകള്‍ ഏകീകൃതമാകും, നികുതി ബാഹുല്യം ഒഴിവാകും, നികുതിക്ക് മേല്‍ മറ്റൊരുനികുതി ഇല്ലാതാകും, ചരക്കു നീക്കത്തില്‍ കാലതാമസം ഒഴിവായി 20 ശതമാനത്തിലധികം വേഗത കൈവരിക്കും, ചെക്ക്പോസ്റ്റുകളിലെ കൂട്ടക്കുഴപ്പവും അഴിമതിയും ഗതാഗതക്കുരുക്കും ഒഴിവാകും, നികുതി നല്‍കുന്നവരുടെ എണ്ണം കുത്തനെ ഉയരും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനം വന്‍തോതില്‍ ഉയരും, രാജ്യത്തെ അഴിമതിയും മാഫിയാ പ്രവര്‍ത്തനവും നിയന്ത്രിക്കാനാകും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കങ്ങളും ഗണ്യമായി കുറയും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, സമ്പദ്ഘടന മെച്ചപ്പെടുകയും രാജ്യം കൂടുതല്‍ വളര്‍ച്ചനിരക്ക് കൈവരിക്കും’ ഇങ്ങനെ നേട്ടങ്ങളുടെ വലിയ പട്ടികയായിരുന്നു ഒരു വര്‍ഷത്തിനു മുന്‍പ് അവതരിപ്പിക്കപ്പെട്ടത്.

നിയമം നടപ്പിലാക്കി തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. കൂട്ടക്കുഴപ്പത്തിലേക്കും ജീവിത തകര്‍ച്ചയിലേക്കും കാര്യങ്ങള്‍ ചെന്നെത്തി. കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടും ജാഗ്രതക്കുറവും ദീര്‍ഘവീക്ഷണമില്ലായ്മയും എടുത്തുചാട്ടവും കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ചൈനയും യൂറോപ്യന്‍ യൂണിയനും ജപ്പാനും കാനഡയും ഉള്‍പ്പെടെ 151 രാജ്യങ്ങള്‍ ജിഎസ്ടി നടപ്പിലാക്കിയ അനുഭവം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ അവരുടെയൊക്കെ അനുഭവം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. ലോകത്തൊരു രാജ്യത്തുമില്ലാത്തത്ര സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് നമ്മുടെ സമ്പദ്വ്യവസ്ഥ. ഓരോ സംസ്ഥാനത്തെയും നികുതി ഘടനകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഉല്‍പാദനം, വിതരണം, തൊഴില്‍രംഗം, സര്‍വീസ് രംഗം ഇവിടെയൊന്നും ഏകീകൃത സംവിധാനങ്ങളല്ല. ഇക്കാര്യങ്ങള്‍ ആഴത്തില്‍ മനസിലാക്കാന്‍ ഒരു ജാഗ്രതയും കാട്ടിയില്ല. 40 നു താഴെ ആളുകള്‍ ഇരുന്ന് വല്ലപ്പോഴും ഒരിക്കല്‍ ചര്‍ച്ച ചെയ്യുന്ന സംവിധാനമായ ‘ജിഎസ്ടി കൗണ്‍സിലി’ലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകുമെന്ന് മോഡിയും ജയ്റ്റ്ലിയും ചിന്തിച്ചു. അതിന്റെ ദുരന്തമാണ് രാജ്യം അനുഭവിച്ചത്; ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

തൊഴില്‍ മേഖല തകര്‍ന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, വിലക്കയറ്റം രൂക്ഷമായി, ചരക്കുകളുടെ നീക്കം ഉദ്ദേശിച്ച വേഗതയില്‍ നടന്നില്ല, നികുതി പരിവ് കുത്തനെ കുറഞ്ഞു. നോട്ടുമരവിപ്പിച്ചതിന്റെ ദുരിതങ്ങള്‍ മാറുന്നതിനു മുന്‍പാണ് ജിഎസ്ടി വന്നത് എന്നതിനാല്‍ ജനജീവിതത്തിലുണ്ടായ ദുരിതങ്ങള്‍ ഒരു ലേഖനത്തില്‍ ഒതുക്കാവുന്നതല്ല. ജിഎസ്ടിയെ സംബന്ധിച്ച് മൗലികമായ ചില കുറവുകള്‍ ഇടതുപക്ഷം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ‘ഈ നിയമം ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനെതിരാണ്, സംസ്ഥാനങ്ങളുടെ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി നികുതി നിശ്ചയിക്കുവാനുള്ള അധികാരം ഇല്ലാതാകും, കേന്ദ്രസര്‍ക്കാരും ഒപ്പം നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകളും ബോധപൂര്‍വം നീങ്ങിയാല്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത സര്‍ക്കാരുകളെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കാനാകും’ തുടങ്ങിയ കാര്യങ്ങള്‍ ഒരു വര്‍ഷം കഴിഞ്ഞ് പരിശോധിക്കുമ്പോഴും പ്രസക്തം തന്നെ. എന്നാല്‍ ഇന്ത്യയെ ഒന്നായി കാണുവാനുള്ള വിശാലമായ കാഴ്ചപ്പാടുള്ള കേന്ദ്രസര്‍ക്കാരുണ്ടായിരുന്നുവെങ്കില്‍ ഈ കുറവുകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമായിരുന്നു.

ഒരു ചരക്കിന്, കോര്‍പ്പറേറ്റുകളും ചെറുകിടക്കാരും ഒരേ നിരക്കിലാണ് നികുതി നല്‍കേണ്ടത്. അതങ്ങനെയെ കഴിയുകയുമുള്ളു. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ മിക്ക ചരക്കുകളും ഉത്പാദിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വന്‍തോതിലായിരിക്കും എന്നതിനാല്‍ ഉല്‍പാദന ചെലവില്‍ വലിയ കുറവുണ്ടാകും. (റോബോട്ടിസത്തിന്റെ പുതിയ കാലഘട്ടം ഈ സ്ഥിതിയെ കൂടുതല്‍ ത്വരിതപ്പെടുത്തും.) ഇതിനോടു മത്സരിക്കാന്‍ ചെറുകിടക്കാര്‍ക്ക് കഴിയില്ല. ഫലത്തില്‍ 90 ശതമാനത്തിലധികം വരുന്ന ചെറുകിടക്കാര്‍ കമ്പനി പൂട്ടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. ചെറുകിടക്കാര്‍ക്ക് താങ്ങാവുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ഇ-വേബില്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം വന്നു എന്നുമാത്രമല്ല ഇന്നും അത് പൂര്‍ണതയില്‍ എത്തിയിട്ടുമില്ല. കള്ളരേഖ ചമച്ച് നികുതി വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നികുതി നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം കേരളത്തിനും ഇല്ലാതാകുമെങ്കിലും ഉപഭോക്തൃ സംസ്ഥാനമായതിനാലും വിദേശപണത്തിന്റെ ഒഴുക്ക് ശക്തമായതിനാലും കേരളം നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. 22-25 ശതമാനം വരെ ആയിരുന്നു പ്രതീക്ഷ. എന്നാല്‍ അതുണ്ടായില്ല എന്നു മാത്രമല്ല, നികുതി വര്‍ധനവ് 14 ശതമാനത്തില്‍ പോലും എത്തിയതുമില്ല. വാര്‍ഷിക നികുതി വരുമാന വളര്‍ച്ച 14 ശതമാനത്തില്‍ കുറവാണെങ്കില്‍, കുറവു വരുന്ന തുക കേന്ദ്രത്തില്‍ നിന്നും നഷ്ടപരിഹാരമായി കിട്ടും. അങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 7,648 കോടി രൂപ കിട്ടിയതുകൊണ്ടാണ് കേരളം പിടിച്ചു നിന്നത്. എന്നാല്‍ ജിഎസ്ടിയില്‍ 22 ശതമാനം വാര്‍ഷിക വര്‍ധനവെങ്കിലും ഉണ്ടായില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. അത്രവലിയ കടക്കെണിയിലാണ് സംസ്ഥാനം. ശമ്പളം, പെന്‍ഷന്‍, പലിശ, സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍, വിദ്യാഭ്യാസം, ചികിത്സ, റോഡു വികസനം ഇക്കാര്യങ്ങളിലുള്ള ചെലവുകള്‍ യാതൊന്നും കുറയ്ക്കാനാകില്ല. ഓരോ വര്‍ഷവും ഇവയില്‍ 12-14 ശതമാനം വര്‍ധനവുണ്ടാകുകയും ചെയ്യും.
ജിഎസ്ടി നടപ്പിലാക്കി ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കേരളവും ഇക്കാര്യത്തില്‍ പ്രത്യേകമായ പഠനം നടത്തേണ്ടതാണ്. വിവിധതരം ഉല്‍പന്നങ്ങളുടെ വില്പനയിലൂടെ മുന്‍വര്‍ഷങ്ങളില്‍ സമാഹരിച്ച നികുതി, കഴിഞ്ഞ ഒരു വര്‍ഷം സമാഹരിച്ച നികുതി, മറ്റു സംസ്ഥാനങ്ങളിലെ നികുതി പിരിവിലെ പുരോഗതി ഇതെല്ലാം പഠിക്കേണ്ടതുണ്ട്. കേരളം കഴിഞ്ഞ ഒരു വര്‍ഷം 14 ശതമാനം നികുതി വര്‍ദ്ധനവ് പോലും കൈവരിക്കാതിരിക്കെ, മഹാരാഷ്ട്ര സംസ്ഥാനം 26 ശതമാനം നികുതി വര്‍ധനവ് എങ്ങനെ കൈവരിച്ചു, തമിഴ്നാട് എങ്ങനെ 11,834 കോടി രൂപ അധിക നികുതി പിരിച്ചു ഇതൊക്കെ പഠിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും കേരളത്തിനും ഉത്തരവാദിത്വമുണ്ട്.

കേരളത്തെ പോലെ തന്നെ കേന്ദ്രവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്. എണ്ണവിലവര്‍ധനവിലൂടെ വന്‍ നേട്ടം കൊയ്യുകയും കൂടുതല്‍ പേരെ ഇന്‍കം ടാക്സിന്റെ പരിധിയില്‍ കൊണ്ടുവന്ന് വരുമാനം കൂട്ടുകയും ആദായനികുതി റിട്ടേണുകളുടെ എണ്ണം 5.43 കോടിയായിരുന്നത് 6.84 ലക്ഷം കോടിയായി ഉയരുകയും നികുതിദായകരായ ബിസിനസുകാരുടെ എണ്ണം 64 ലക്ഷത്തില്‍ നിന്ന് 1.14 കോടിയായി ഉയരുകയും 1.12 കോടി രൂപയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും ബജറ്റ് പ്രകാരമുള്ള ചെലവില്‍ 3.4 ശതമാനം കുറവു വരുത്തുകയും ചെയ്തു. ഇതിനൊക്കെ പുറമെ 6.14 ലക്ഷം കോടി രൂപ കടമെടുക്കുകയും ചെയ്തു. ഇതില്‍ നിന്നും ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം കേന്ദ്രം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. എന്നാല്‍ ഇതെല്ലാം പൊതിഞ്ഞുവച്ചാണ് ജിഎസ്ടിയുടെയും നോട്ടുനിരോധനത്തിന്റെയും നേട്ടങ്ങളെക്കുറിച്ച് കേന്ദ്രം വാചാലമാകുന്നത്.
ജിഎസ്ടി രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ നേട്ടമുറപ്പിക്കുന്നതാകാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും. കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവം ആഴത്തില്‍ വിലയിരുത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തണം, ചെറുകിടക്കാര്‍ക്ക് താങ്ങാകുന്ന പദ്ധതികള്‍ നടപ്പിലാക്കണം, 16 ശതമാനം നികുതി വര്‍ധനവില്ലാത്ത സംസ്ഥാനങ്ങളുടെ (നിലവില്‍ 14 ശതമാനം) നഷ്ടം നികത്തണം, നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സമയപരിധി അഞ്ച് വര്‍ഷം എന്നത് എട്ടുവര്‍ഷമായി നിശ്ചയിക്കണം, ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്ലാബുകളുടെ എണ്ണം അഞ്ചില്‍ നിന്നു കുറയ്ക്കുകയും സ്ലാബ് നിരക്കുകളില്‍ ആവശ്യമായ ക്രമീകരണം വരുത്തുകയും വേണം (ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്ക്), സങ്കീര്‍ണതകള്‍ കണ്ടെത്തി അതിവേഗം പരിഹരിക്കണം, ഇ-വേബില്‍ സംവിധാനം ഡിസംബറിനുമുന്‍പ് കുറ്റമറ്റതാക്കണം, (2018 ഡിസംബറില്‍ റിട്ടേണുകള്‍ പൂര്‍ണതോതില്‍ സമര്‍പ്പിച്ചിരിക്കണമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം) പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ കൊണ്ടുവരുകയും സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള നഷ്ടം നികത്തുകയും വേണം, ഒരു സംസ്ഥാനത്തുനിന്നുവാങ്ങി മറ്റൊരു സംസ്ഥാനത്ത് കൊണ്ടുവരുന്ന ഉല്‍പന്നത്തിന്റെ നികുതി വിഹിതം ഉല്‍പന്നം എത്തുന്ന സംസ്ഥാനത്തിന് കിട്ടി എന്നുറപ്പാക്കണം, ഓണ്‍ലൈന്‍ വില്പനയില്‍ നടക്കുന്ന വെട്ടിപ്പ് അവസാനിപ്പിക്കണം, സോഫ്റ്റ്വെയറുകള്‍ കുറ്റമറ്റതാക്കണം, കൃത്രിമ രേഖകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, കണക്കുകള്‍ തിരിമറി നടത്തി ജിഎസ്ടിയുടെ പരിധിയില്‍ വരാതെ നില്‍ക്കുന്നവരെ കണ്ടെത്തി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം, ജിഎസ്ടി കൗണ്‍സില്‍ കൂടുതല്‍ ജനകീയവും ചലനാത്മകവുമാക്കണം, വിദേശരാജ്യങ്ങളില്‍ ഈ നിയമം നടപ്പിലാക്കിയതിന്റെ അനുഭവം പഠിക്കണം ഇങ്ങനെ ധാരാളം കാര്യങ്ങള്‍. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും ജിഎസ്ടി നിയമത്തില്‍ നിന്നൊരു മടക്കയാത്ര ഇന്ത്യയ്ക്ക് സാധ്യമല്ല. പക്ഷേ മനസിലും ഹൃദയത്തിലും തലച്ചോറിലും ഇരുട്ടു നിറച്ച ബിജെപി സര്‍ക്കാരിന്, ജിഎസ്ടിയിലൂടെ ലോകരാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാനാകുമോ എന്നതാണ് കാലം ഉയര്‍ത്തുന്ന ചോദ്യം.

ജനയുഗം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply