ഇനി പറയാതിരിക്കാന്‍ വയ്യ.. ഔദ്യോഗിക ഫ്രോഡുകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുന്നു

ഹരിനാരായണന്‍ ആലപ്പുഴ ജില്ലയിലുള്ള തകഴി, പച്ച, കരുമാടി, നീരേറ്റുപുറം, എടത്വ, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനം വലിയ പരാജയമാണ്.. (മറ്റു ജില്ലകളിലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയുന്നുണ്ട് ). പ്രളയം നാശം വിതച്ച ആദ്യ അഞ്ചു ദിവസങ്ങളില്‍ ആരുടേയും ക്ഷണം നോക്കി നില്‍ക്കാതെ സ്വയം ദുരിതാശ്വാസ പ്രവര്‍ത്തനവുമായിറങ്ങിയ വലിയ ഒരു വിഭാഗം യുവാക്കളെ ഇപ്പോള്‍ ഔദ്യോഗിക ക്യാമ്പുകള്‍ക്ക് പുറത്തു നിര്‍ത്തിയിരിക്കയാണ്. പട്ടിണി കിടന്നും ഉറക്കമിളച്ചും ഇവര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി (മറ്റാരും പ്രവര്‍ത്തിച്ചില്ല […]

kഹരിനാരായണന്‍

ആലപ്പുഴ ജില്ലയിലുള്ള തകഴി, പച്ച, കരുമാടി, നീരേറ്റുപുറം, എടത്വ, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനം വലിയ പരാജയമാണ്.. (മറ്റു ജില്ലകളിലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അറിയുന്നുണ്ട് ). പ്രളയം നാശം വിതച്ച ആദ്യ അഞ്ചു ദിവസങ്ങളില്‍ ആരുടേയും ക്ഷണം നോക്കി നില്‍ക്കാതെ സ്വയം ദുരിതാശ്വാസ പ്രവര്‍ത്തനവുമായിറങ്ങിയ വലിയ ഒരു വിഭാഗം യുവാക്കളെ ഇപ്പോള്‍ ഔദ്യോഗിക ക്യാമ്പുകള്‍ക്ക് പുറത്തു നിര്‍ത്തിയിരിക്കയാണ്. പട്ടിണി കിടന്നും ഉറക്കമിളച്ചും ഇവര്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി (മറ്റാരും പ്രവര്‍ത്തിച്ചില്ല എന്നല്ല )വലിയ ഭീതിയില്‍ നിന്ന് നാട് കര കയറിപ്പോള്‍
‘ഇനി ഞങ്ങള്‍ നോക്കിക്കോളാം, നിങ്ങള് പൊയ്‌ക്കോ, നിങ്ങള് ഇനി സാധനങ്ങള്‍ മാത്രം എത്തിച്ചാല്‍ മതി ‘ എന്ന രീതിയില്‍ കുറെ ഔദ്യോഗിക ഫ്രോഡുകള്‍ എല്ലാ ക്യാമ്പുകളിലും ഇറങ്ങിയിട്ടുണ്ട്. അവര്‍ ചെയ്‌തോട്ടെ, ആര് ചെയ്താലും അര്‍ഹതപ്പെട്ടവര്‍ക്ക് എന്തെങ്കിലും കിട്ടണം എന്നേയുള്ളൂ. വളരെ സങ്കടമുണ്ട് ഇതെഴുതുമ്പോള്‍. ആലപ്പുഴ എസ് ഡി കോളേജില്‍ സാധനങ്ങള്‍ കുന്നു കൂടി കിടക്കുകയാണ്. അതെ സമയം 10കിലോമീറ്റര്‍ അപ്പുറത്ത് ഒരുപാട് മനുഷ്യര്‍ പട്ടിണി കിടക്കുന്നു. അമ്പലപ്പുഴ വില്ലജ് ഓഫീസുള്‍പ്പെടെ പല ഔദ്യോഗിക വൃത്തങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് Registered ക്യാമ്പുകളിലേക്ക് മാത്രമേ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ അവര്‍ക്ക് അധികാരം ഉള്ളു എന്നാണ്. പശുക്കളും താറാവുകളുമായി ഒറ്റപ്പെട്ട തുരുത്തുകളില്‍, ചാണകത്തിലും മൂത്രത്തിലും ചവിട്ടി നേരം കഴിയുന്ന ജനതയെ ഔദ്യോഗിക നടത്തിപ്പുകാര്‍ മനുഷ്യരായി പരിഗണിച്ചിട്ടില്ല ഇത് വരെ, (അവരൊന്നും registered ക്യാമ്പിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടില്ല).
കൃഷിയും വീടും നശിച്ച ആ ജനതയോട് ആകെ ബാക്കിയുള്ള സ്വത്തായ ആടിനെയും മാടിനെയും പശുക്കളേയും താറാവുകളെയും ഉപേക്ഷിച്ചു ക്യാമ്പിലേക്ക് പോകാന്‍ പറയുന്നത് എന്തൊരു തോന്ന്യവാസം ആണ്. അവര്‍ക്ക് നേരിട്ട് അത്യാവശ്യം ഭക്ഷണവും സാധനങ്ങളും എത്തിച്ചു കൊണ്ടിരുന്ന യുവാക്കളുടെ സാധനങ്ങള്‍ ബലമായി പോലീസ് പിടിച്ചെടുക്കുകയും അതൊക്കെ എസ് ഡി കോളേജില്‍ കൊണ്ട് നിക്ഷേപിക്കുകയും ചെയ്തു. ഇതൊക്കെ എന്തൊരു തോന്ന്യവാസം ആണ്. ഈ നാട്ടില്‍ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സഹായിക്കുന്നതില്‍ നിയമതടസ്സം ഉണ്ടെന്ന് പറയുന്നവരെ ചെരുപ്പൂരി അടിക്കണം. കുറേ മനുഷ്യര്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യം സാധനങ്ങള്‍ എത്തിക്കാന്‍ പോലും സര്‍ക്കാരുണ്ടാക്കിയ കോപ്പിലെ സംവിധാനത്തിന് കഴിയുന്നില്ല. എന്ത് പ്രളയം വന്നാലും ഏതു സര്‍ക്കാര്‍ വന്നാലും ഈ വൃത്തികെട്ട ബ്യുറോക്രസി അതിന്റെ എല്ലാ മോശം വശങ്ങളോടും കൂടി ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന വസ്തുത ആരും തള്ളിക്കളയരുത്.
Registered ക്യാമ്പുകളിലും മോശം അവസ്ഥയാണ്. ‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന രീതിയിലാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. സാമുദായിക രാഷ്ട്രീയ സ്വാധീനമുള്ളവര്‍ കൂടുതല്‍ സാധനങ്ങള്‍ കൈക്കലാക്കുന്നു. കുറേ പേര്‍ ഭക്ഷണം മാത്രം കിട്ടി ജീവന്‍ നിലനിര്‍ത്തുന്നു. ഭക്ഷണം പോലും നേരാം വണ്ണം കിട്ടാത്തവരും ക്യാമ്പുകളിലുണ്ട്. ഇതിനിടെ പലരും സ്വന്തം സംഘടനയുടെ പേരില്‍ ഓണം കിറ്റ് വിതരണം ചെയ്യാന്‍ വലിയ അളവില്‍ സാധനങ്ങള്‍ കടത്തുന്നുമുണ്ട്. വ്യക്തിപരമായി സ്വന്തം നിലയിലുള്ള കടത്തലുകളുമുണ്ട് (മോഷണം). ഇന്നലെ ക്യാമ്പിലെ ഒരു അന്തേവാസി പറഞ്ഞത് ‘കുഞ്ഞുങ്ങള്‍ ഇല്ലാത്ത ഞങ്ങടെ വാര്‍ഡ് മെമ്പര്‍ ക്യാമ്പില്‍ നിന്നും കുഞ്ഞുങ്ങള്‍ക്കുള്ള തുണിയടങ്ങിയ വലിയ പെട്ടിയുമായി വീട്ടില്‍ പോയി’ എന്നാണ്..
ആലപ്പുഴ എസ് ഡി കോളേജില്‍ കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങള്‍ ഏതു മറ്റവന്മാര്‍ക്ക് ഓണ കിറ്റ് വിതരണം ചെയ്യാനായിരുന്നു? ഇനിയും അവിടെ കുന്നു കൂടി കിടക്കുന്ന സാധനങ്ങള്‍ ആരുടെ പേര്‍സണല്‍ സ്റ്റോക്കിലേക്കാണ് പോകുന്നത്? സര്‍ക്കാരിന് പോസിറ്റീവ് ആയ, വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടെങ്കില്‍, ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ തീര്‍ച്ചയായും സുതാര്യമായിരിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അല്ലാതെ പാര്‍ട്ടി സെക്രട്ടറി അല്ല. ഈ വസ്തുത അടിയന്തരമായി തിരിച്ചറിയേണ്ട കുറേ സി പി ഐ എം പ്രവര്‍ത്തകര്‍ കൂടി ആലപ്പുഴയിലുണ്ട്.. കഴിയാവുന്നതും ഉള്ളില്‍ വച്ചു തീര്‍ക്കാനായിരുന്നു ഇത്ര ദിവസം ശ്രമിച്ചത്. പലയിടത്തും കുറേ പേര്‍ എത്തുമെന്ന് കരുതി. പക്ഷെ തെറ്റിപ്പോയി. ഞാന്‍ ഒരുപാട് ബഹുമാനിച്ച ഒരു സഖാവ് നടത്തിയ ഒരു പരാമര്‍ശം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ തുരുത്തുകളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് സഹായം കിട്ടുന്നില്ല എന്ന് സൂചിപ്പിച്ചപ്പോള്‍ ആ സഖാവ് പറഞ്ഞ ഒരു നെറികെട്ട ന്യായീകരണം ഉണ്ട്; ‘അവര്‍ക്കൊക്കെ ജാതിചിന്ത ഉള്ളിലുള്ളത് കൊണ്ടാണത്രേ ക്യാമ്പിലേക്ക് പോകാത്തത്, സാധനങ്ങള്‍ വേണമെങ്കില്‍ അവര്‍ ക്യാമ്പിലേക്ക് പോകട്ടെ’ എന്ന്. ഒരു കൂട്ടം യുവാക്കള്‍ പോലീസിനെയും പല ഔദ്യോഗിക നേതൃത്വങ്ങളെയും ഭയന്നാണ് പലര്‍ക്കും ഭക്ഷണം എത്തിക്കുന്നത്. എന്തൊരു ഗതികേടാണിത്. പട്ടിണിയും കരച്ചിലും കണ്ടിട്ട് മനസ്സില്‍ നന്മയുള്ള ഒരു വില്ലേജ് ഓഫീസര്‍ തങ്ങള്‍ക്ക് ഇരുനൂറ് ബ്രെഡിന്റെ പാക്കറ്റ് മോഷ്ടിച്ചു നല്‍കിയതായി ഒരു പ്രദേശവാസി എന്നോട് നേരിട്ട് പറഞ്ഞിരുന്നു.. താഴേക്കിടയിലേക്ക് ശരിയായി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുപാട് പരാജയപ്പെട്ടിട്ടുണ്ട് എന്ന് ഇതൊക്കെ നേരില്‍ കാണുന്നവര്‍ക്ക് ബോധ്യപ്പെടും.
സംസ്ഥാനത്തിന്റെ ആ ഭീതി നിറഞ്ഞ മണിക്കൂറുകള്‍ തരണം ചെയ്യാന്‍ ചോര വിയര്‍പ്പാക്കിയ ഒരു വലിയ വിഭാഗം യുവത്വത്തിന്റെയും ഇപ്പോഴും ഇവിടെ പട്ടിണി കിടക്കുന്ന സാധാരണക്കാരുടെയും, തലയില്‍ ചവിട്ടി നിന്ന് കൊണ്ട് മാത്രമേ ‘നമ്മുടെ മുഖ്യമന്ത്രി കൊലമാസ്സ്’ എന്നൊക്കെ പറയാന്‍ കഴിയൂ.. ഉറങ്ങിക്കിടന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ രണ്ടു ദിവസം കൊണ്ട് ഉണര്‍ത്തിയിട്ടും, ചില രാഷ്ട്രീയക്കാരെ പോലെ കണ്ണീരൊപ്പല്‍ നാടകങ്ങള്‍ക്ക് പോകാതെ മികച്ച ഒരു മാനേജ്‌മെന്റ് പ്രവര്‍ത്തനം നടത്തിയിട്ടും വലിയ ഒരു ദുരന്തത്തെ വളരെ പോസിറ്റീവ് ആയ മനസ്സോടു കൂടി സമീപിച്ചിട്ടും മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ഞാന്‍ കയ്യടിക്കാത്തത് മുകളില്‍ പറഞ്ഞ വിവരങ്ങള്‍ മനസ്സിലുള്ളത് കൊണ്ടാണ്. കുറച്ചു ദിവസം അടക്കിപ്പിടിച്ചു നില്‍ക്കേണ്ടി വന്നു, അതിന്റെ കാരണം; സ്വന്തം നാട് ദുരിതത്തെ നേരിടുമ്പോഴും സംഘപരിവാറുകാര്‍ വെറുപ്പും വിഷവും കലര്‍ന്ന നുണപ്രചരണങ്ങള്‍ ഒരു വശത്തു നടത്തുന്നു എന്നതാണ്. നമ്മുടെ സംസ്ഥാനത്തിനെതിരെ ദേശീയ തലത്തില്‍ ഹേറ്റ് ക്യാമ്പയിന്‍ നടത്തുന്നവര്‍ക്ക് ചില തുറന്നു പറച്ചിലുകള്‍ മുതലെടുക്കാന്‍ ആയേക്കും. ന്നാലും ഇനി അടക്കിപ്പിടിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സംഘപരിവാറിന്റെ ചതികളെയും നുണകളെയും മലയാളികള്‍ രാഷ്ട്രീയം പറഞ്ഞു തന്നെ അതിജീവിക്കുമെന്ന ബോധ്യം ഇപ്പോഴുണ്ട്.
സേഫ് സോണില്‍ ഇരുന്ന് ഫേസ്ബുക്കില്‍ മാത്രം ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഈ വിവരങ്ങള്‍ ദഹിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണെന്ന് അറിയാം, അവരോട് എനിക്ക് പറയാനുള്ളത് ; ‘ നിങ്ങള്‍ കുട്ടനാട്ടിലേക്ക് വരൂ, ഞാന്‍ പറഞ്ഞ സ്ഥലങ്ങള്‍ നേരില്‍ കാണിച്ചു തരാം, സൗകര്യം ഉള്ളവര്‍ക്ക് നാളെ വരാം, ഞങ്ങള്‍ രണ്ടു ചാക്ക് അരിയും കുറച്ചു വസ്ത്രങ്ങളുമായി നാളെ തകഴി എടത്വ ഭാഗങ്ങളിലേക്ക് പോവുന്നുണ്ട്. വരുന്നവര്‍ എന്തെങ്കിലും കൈയ്യില്‍ കരുതുക, ഒരു കുപ്പി വെള്ളമാണെങ്കിലും ഒരു മൊന്ത അരിയായാലും മതി, ഇവിടൊക്കെ അതിനു സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്. നേരില്‍ കണ്ടു ബോധ്യപ്പെട്ടാല്‍ മാത്രം സഹായിച്ചാല്‍ മതി.
ഏതു പോലീസ് വന്നാലും നാളെ എത്തിക്കാനുള്ളത് ഞങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കും, ഞങ്ങള്‍ ഈ സാധനങ്ങള്‍ കഷ്ട്ടപ്പെട്ടുണ്ടാക്കിയത് കുറേ രാഷ്ട്രീയകിഴവന്മാര്‍ക്ക് സ്വന്തം വീട്ടിലേക്കു സ്റ്റോക്ക് ചെയ്യാനോ കുറേ മൊതലാളിമാര്‍ക്ക് സ്വന്തം പേരില്‍ സ്വന്തക്കാര്‍ക്ക് ഓണകിറ്റ് കൊടുത്തു ഞെളിയാനോ അല്ല. തല്ല് കൊടുക്കാനും എറിഞ്ഞു പൊട്ടിക്കാനും അറിയാത്തതു കൊണ്ടല്ല അങ്ങനെ ചെയ്യാത്തത്. അങ്ങനൊക്കെ ചെയ്യുന്നത് രാഷ്ട്രീയമായി ശരിയല്ല എന്ന ബോധ്യമുള്ളത് കൊണ്ടാണ്. പക്ഷെ ഇനിയും കിഴവന്മാരുടെ ചില പരിപാടികള്‍ തുടര്‍ന്നാല്‍ ഉള്ളിലുള്ള രാഷ്ട്രീയശരികളെ തല്‍ക്കാലത്തേക്ക് മാറ്റി വെക്കേണ്ടി വരും.. ഞങ്ങള്‍ യുവാക്കളാണ്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply