ഇനി പരിസ്ഥിതി തീവ്രവാദത്തിന്റെ നാളുകള്‍….??

തീവ്രവാദങ്ങള്‍ വളരുന്നതിന് പലവിധ കാരണങ്ങളുണ്ട്. അവയില്‍ മുഖ്യം തന്റെ വിശ്വാസം മാത്രമാണ് ശരിയെന്ന ധാരണയും മറ്റു വിശ്വാസങ്ങളെല്ലാം തകര്‍ക്കപ്പെടമെന്ന നിലപാടുമാണ്. അത്തരം തീവ്രവാദങ്ങള്‍ അപകടകരമാണ്. എന്നാല്‍ പലപ്പോഴും മറ്റെതെങ്കിലും മൗലികവാദമോ തീവ്രവാദമോ സൃഷ്ടിക്കുന്ന അവസാനിക്കാത്ത ചൂഷണത്തിനും പീഡനത്തിനുമെതിരായ പ്രതികരണങ്ങള്‍ തീവ്രവാദപരമായി മാറാറുണ്ട്. അത്തരം തീവ്രവാദങ്ങള്‍ ചില ഘട്ടങ്ങളിലെങ്കിലും പുരോഗമനപരമായിരിക്കുകയും ചെയ്യും. അതിഭയാനകമായ ചൂഷണത്തിലൂടെ പ്രകൃതിയെ നശിപ്പിക്കുകയും അതുവഴി മുഴുവന്‍ ജീവജാലങ്ങളേയും നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന വികസന മൗലികവാദത്തിനെതിരെ ലോകത്തു പലയിടത്തും വളരുന്ന പരിസ്ഥിതി തീവ്രവാദം ഇത്തരത്തിലുള്ള ഒന്നായാണ് […]

eco

തീവ്രവാദങ്ങള്‍ വളരുന്നതിന് പലവിധ കാരണങ്ങളുണ്ട്. അവയില്‍ മുഖ്യം തന്റെ വിശ്വാസം മാത്രമാണ് ശരിയെന്ന ധാരണയും മറ്റു വിശ്വാസങ്ങളെല്ലാം തകര്‍ക്കപ്പെടമെന്ന നിലപാടുമാണ്. അത്തരം തീവ്രവാദങ്ങള്‍ അപകടകരമാണ്. എന്നാല്‍ പലപ്പോഴും മറ്റെതെങ്കിലും മൗലികവാദമോ തീവ്രവാദമോ സൃഷ്ടിക്കുന്ന അവസാനിക്കാത്ത ചൂഷണത്തിനും പീഡനത്തിനുമെതിരായ പ്രതികരണങ്ങള്‍ തീവ്രവാദപരമായി മാറാറുണ്ട്. അത്തരം തീവ്രവാദങ്ങള്‍ ചില ഘട്ടങ്ങളിലെങ്കിലും പുരോഗമനപരമായിരിക്കുകയും ചെയ്യും.
അതിഭയാനകമായ ചൂഷണത്തിലൂടെ പ്രകൃതിയെ നശിപ്പിക്കുകയും അതുവഴി മുഴുവന്‍ ജീവജാലങ്ങളേയും നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന വികസന മൗലികവാദത്തിനെതിരെ ലോകത്തു പലയിടത്തും വളരുന്ന പരിസ്ഥിതി തീവ്രവാദം ഇത്തരത്തിലുള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. സംഹാരാത്മകമായ വികസനവാദത്തെ അതേ നാണയത്തിലാണിവര്‍ നേരിടുന്നത്. പരിസ്ഥിതിയെ തകര്‍ക്കുന്ന പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇവര്‍ സ്‌ഫോടനങ്ങള്‍ നടത്തി തകര്‍ക്കുന്നു. ഗറില്ലാ മോഡല്‍ അക്രമങ്ങള്‍ നടത്തുന്നു. ഇത്തരം സംഘങ്ങള്‍ വ്യാപകമായിട്ടില്ലെങ്കിലും അങ്ങനെയുള്ള ചിന്താഗതികള്‍ വേരുപിടിക്കുന്നതായാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷെ കേരളത്തിലും ഇന്ത്യയിലും ഈ ചിന്താഗതി വളര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല.
ഇപ്പോഴത്തെ സംഭവങ്ങള്‍ തന്നെ നോക്കൂ. ഈ കൊടുംവരള്‍ച്ചയും ജലക്ഷാമവും വികസനവാദത്തിന്റെ സൃഷ്ടിയാണെന്നതില്‍ സംശയമുണ്ടോ? ഭൂഗര്‍ഭജലമൂറ്റിയെടുത്ത് കുത്തകകള്‍ നടത്തുന്ന അനിയന്ത്രിതമായ കരിമ്പുകൃഷിയും കോട്ടന്‍ കൃഷിയും മറ്റുമല്ലേ മഹാരാഷ്ട്രയിലെ വരള്‍ച്ച അതിരൂക്ഷമാക്കിയത്? ഏതാനും പേരുടെ സുഖസൗകര്യങ്ങള്‍ക്കും ആര്‍ത്തിക്കുമായി ബഹുഭൂരിപക്ഷവും സഹിക്കുന്ന അവസ്ഥയിലേ തീവ്രവാദത്തിനു വളരാന്‍ അനുകൂലമായ മണ്ണൊരുക്കുക? കേരളത്തിലും സ്ഥിതി പകല്‍ പോലെ വ്യക്തമല്ലേ..? പശ്ചിമഘട്ടത്തിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റവും ക്വാറികളുമല്ലേ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്? അക്കാര്യം ഗാഡ്ഗില്‍ കൃത്യമായി ചൂണ്ടികാട്ടുകയും ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും കുറെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോള്‍ അതിനേക്കാല്‍ പ്രാധാന്യം വോട്ടിനു നല്‍കുന്ന നമ്മുടെ പ്രസ്ഥാനങ്ങളുടെ നിലപാടെന്തായിരുന്നു? ഈ ക്വാറികളല്ലേ നമ്മുടെ നഗരങ്ങളിലെ ആവശ്യത്തേക്കാള്‍ പതിന്മടങ്ങളുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്നത്?എന്നിട്ടോ, ലക്ഷകണക്കിനു വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞു കിടക്കുന്നു. അതിനായി അധികൃതമായും അനധികൃതമായും മണലെടുത്ത് നാം നദികളേയും കൊന്നു. ആ നദികളെ ആശ്രയിച്ചു ജീവിക്കുന്നവര്‍ എന്തുചെയ്യണം? ഒപ്പം അപകടകരമായ ഫാക്ടറികല്‍ നദീതീരത്തു നിര്‍മ്മിച്ചു നദികളേയും മത്സ്യങ്ങളടക്കമുള്ള ജൈവവൈവിധ്യത്തേയും നശിപ്പിക്കുന്നു. വന്‍തോതില്‍ പാടവും ജലാശയങ്ങളും നികത്തി മണ്ണിന്റെ ജലശേഖരണവും നശിപ്പിച്ചു. പാതകളും മുറ്റങ്ങളുമെല്ലാം കോണ്‍ക്രീറ്റ്വല്‍ക്കരിച്ചും ടൈല്‍സ് പതിച്ചും വെള്ളത്തിന് ഭൂമിക്കടിയിലേക്ക് പോകാനുള്ള മാര്‍ഗ്ഗങ്ങളടച്ചു. അനിയന്ത്രിതമായ വാഹനപെരുപ്പത്തെ നിയന്ത്രിക്കുന്നതിനു പകരം പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള ഓരോ പ്രവര്‍ത്തനവും ഭൂമിയുടെ അവകാശികളാണ് മുഴുവന്‍ പേരുമെന്നതില്‍ നിന്ന് കുറച്ചുപേര്‍ എന്നതാക്കി മാറ്റി. എന്നിട്ടിപ്പോള്‍ താപതരംഗത്തെ കുറിച്ച് നാം ബേജാറാകുന്നു. അതിനെ നേരിടാന്‍ എ സിയുടെ വി്ല്‍പ്പന വന്‍തോതിലാണത്രെ വര്‍ദ്ധിക്കുന്നത്. ഓരോ എ സി പ്രവര്‍ത്തിക്കുന്തോറും ചൂടു പിന്നേയും പുറന്തള്ളും. അപ്പോള്‍ എ സിയുടെ വില്‍പ്പന വീണ്ടും കൂടും.
ഇത്തരത്തിലുള്ള വികസന തീവ്രവാദം ശക്തമായ പ്രദേശങ്ങളാണ് പരിസ്ഥിതി തീവ്രവാദവും ശക്തമായത്. പരിസ്ഥിതി തീവ്രവാദികളുടെ സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊള്ളുന്നുണ്ട്. ഇംഗ്ലണ്ടിലും ഹോളണ്ടിലും മെക്‌സിക്കോയിലും മറ്റും ഇവര്‍ വ്യാപകമായിട്ടുണ്ട്. വാഹനങ്ങള്‍, നിര്‍മ്മാണത്തിനുപയോഗിക്കുന്ന നിര്‍മ്മാണ സാമഗ്രികള്‍, കെട്ടിടങ്ങള്‍, ജനിതകമായി മാറ്റം വരുത്തിയ വിളകള്‍ എന്നിവ ഈ ഇക്കോ ടെററിസ്റ്റുകള്‍ നശിപ്പിക്കുന്നു. എര്‍ത്ത് ലിബറേഷന്‍ ഫ്രണ്ട് എന്നാണ് ഇക്കൂട്ടര്‍ സ്വയം വ്‌ശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ വികസന അജണ്ട ജീവികളുടെ വംശനാശ ഭീഷണിക്കു കാരണണാകുന്നു എന്നാണ് അവരുടെ പ്രധാന വിമര്‍ശനം. പവര്‍ലൈനുകള്‍, പുതിയ റോഡുകള്‍, ഡാമുകള്‍, ട്രാന്‍സ്മിറ്ററുകള്‍, വനനശീകരണ സാമഗ്രികള്‍ എന്നിവയെയും ഇവര്‍ നശിപ്പിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി നികത്തിയെടുക്കുന്നത് തടയുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന ഭരണാധികാരികളേയും മള്‍ട്ടി നാഷനല്‍ കമ്പനികളെയും അക്രമിക്കുന്നു. 2008 മാര്‍ച്ചില്‍ യു.എസിലെ സിയാറ്റ് നഗരത്തില്‍ ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതാനും സൗധങ്ങള്‍ അഗ്‌നിക്കിരയാക്കിയ സംഭവമാണ് ഈ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. സിയാറ്റ് സബ് ഡിവിഷന്‍ എന്ന പ്രദേശത്ത് അനേകം വീടുകള്‍ പുതുതായി പണിതുയര്‍ത്തിയത് സമീപ നദിയിലെ സാല്‍മണ്‍ മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ചൂണ്ടികാട്ടിയായിരുന്നു അക്രമം. അക്രമത്തിനു പുറമെ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഓഫിസുകളിലേക്ക് ചീഞ്ഞു നാറുന്ന മാലിന്യം പാഴ്‌സലായി അയക്കുക. മൃഗാവശിഷ്ടങ്ങള്‍ ഫാക്ടറികളിലും മറ്റും വിതറുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്താറുണ്ട്.
കേരളത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പിരസ്ഥിതി തീവ്രവാദമെന്നു പറയാനാകില്ല എങ്കിലും ആ ദിശയിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കോഴിക്കോട് ഒരു ക്വാറിക്കെതിരേയും എറണാകുളത്ത് നിറ്റാ ജിലാറ്റിന്‍ കമ്പനി ഓഫീസിനെതിരേയും നടന്ന അക്രമങ്ങള്‍ ഉദാഹരണം. പ്ലാച്ചിമട കൊക്കകോള കമ്പനിക്കെതിരെ അക്രമണം നടക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് അവിടെ തോക്കുധാരികള്‍ കാവല്‍ നിന്നിരുന്നു. അത്ര തീവ്രമല്ലെങ്കിലും ഈ ലിസ്റ്റില്‍ പെടുത്താവുന്ന വേറേയും ചില സമരമുറകളും നടന്നിട്ടുണ്ട്. തൃശൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടുതട്ടിയിരുന്ന ലാലൂര്‍ ഗ്രാമ നിവാസികള്‍ അവിടെനിന്ന് മാലിന്യങ്ങള്‍ ലോറിയില്‍ കയറ്റി നഗരവീഥികളിലും നഗരസഭാ ഓഫീസിലും തട്ടുകയും ലോറികള്‍ തകര്‍ക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.
എന്തായാലും പരിസ്ഥിതി തീവ്രവാദത്തിനു വളരാന്‍ പാകമായ മണ്ണാണ് നാം ഒരുക്കി കൊണ്ടിരിക്കുന്നത്. അത് ശക്തമായതിനുശേഷം നേരിടുന്നതിനേക്കാള്‍ വിവേകം നമ്മുടെ വികസന അജണ്ട ഒരു പുനപരിശോധനക്കു വിധേയമാക്കുന്നതാണ്. അവിടെ ഗാന്ധിയുടെ വാക്കുകള്‍ തന്നെയാണ് ഏറ്റവും പ്രസക്തം. എല്ലാവരുടേയും ആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ട്, ആര്‍ത്തിക്കുള്ളത് ഇല്ല എന്ന്. വികസനമല്ല, പരിസ്്ഥിതി തന്നെയാണ് മുഖ്യം എന്ന ശക്തമായ നിലപാടുതന്നെയാണ് ഇനി കാലം ആവശ്യപ്പെടുന്നത്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply