ഇത് വൈകിവന്ന വിവേകമല്ല. ജീര്‍ണ്ണത തന്നെ.

തിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ തല്‍സ്ഥാനത്തുനിന്നു നീക്കാനും നിയമസഭാ കക്ഷി നേതാവ് സി. ദിവാകരനെ സംസ്ഥാന എക്‌സിക്യുട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലസിലിലേയ്ക്കും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.രാമചന്ദ്രന്‍ നായരെ ജില്ലാ കൗണ്‍സിലിലേയ്ക്കും തരംതാഴ്ത്താനും എടുത്ത തീരുമാനം വൈകിവന്ന വിവേകമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. രാമചന്ദ്രന്‍ നായരെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ സി.എം.ഡി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. സത്യത്തില്‍ വൈകി വന്ന വിവേകമല്ല, പാര്‍ട്ടിയില്‍ ഒരുവിഭാഗം ഈ വിഷയം വിടാതെ പിന്തുടരുകയും […]

cpiതിരുവനന്തപുരത്ത് ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ തല്‍സ്ഥാനത്തുനിന്നു നീക്കാനും നിയമസഭാ കക്ഷി നേതാവ് സി. ദിവാകരനെ സംസ്ഥാന എക്‌സിക്യുട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലസിലിലേയ്ക്കും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.രാമചന്ദ്രന്‍ നായരെ ജില്ലാ കൗണ്‍സിലിലേയ്ക്കും തരംതാഴ്ത്താനും എടുത്ത തീരുമാനം വൈകിവന്ന വിവേകമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. രാമചന്ദ്രന്‍ നായരെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ സി.എം.ഡി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. സത്യത്തില്‍ വൈകി വന്ന വിവേകമല്ല, പാര്‍ട്ടിയില്‍ ഒരുവിഭാഗം ഈ വിഷയം വിടാതെ പിന്തുടരുകയും ശക്തമായി ഉന്നയിക്കുകയും ചെയ്തതാണ് നടപടിക്ക് കാരണമായത്.
ലോകവ്യാപകമായിതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതിന്റെ ശരിയായ കാരണങ്ങളിലേക്ക് പോകാതെ ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുത്ത് അവസാനിപ്പിക്കുകയാണ് പതിവ്. എന്തുകൊണ്ട് തെറ്റുകള്‍ സംഭവിക്കുന്നു എന്നു പരിശോധിക്കാറില്ല. ഇവിടേയും അതുതന്നെയാണ് സംഭവിച്ചത്.  സുതാര്യതയുടേതായ ഇന്നത്തെ കാലത്ത് എന്താണ് സംഭവിച്ചതെന്ന് വിശദമായി ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരുവിധ സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.  ബെന്നറ്റ് എബ്രഹാമില്‍ നിന്ന് സംഭാവനയൊന്നും വാങ്ങിയിട്ടില്ല. പാര്‍ട്ടി അംഗങ്ങള്‍ നൂറ് രൂപ വച്ചെടുത്താണ് തിരഞ്ഞെടുപ്പ് ചിലവ് വഹിച്ചത്. മറിച്ച് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയിട്ടുണ്ട്. അതാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ചര്‍്ച്ചാവിഷയമായത്. അല്ലാതെ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലുള്ള സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ല. അതെല്ലാം മാധ്യമങ്ങളില്‍ വന്ന നിറംപിടിപ്പിച്ച കഥകളാണ് എന്നാണ് പന്ന്യന്‍ പറയുന്നത്. പക്ഷെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ തയാറുമല്ല.
പാര്‍ട്ടിയുടെ പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ചതിനാണ് മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതെന്നും  നടപടികള്‍ ഇനിയും തുടരുമെന്നും  ജില്ലാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തായിരിക്കും തുടര്‍ന്ന നടപടികള്‍ കൈക്കൊള്ളുക എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നല്ല, ഇന്നത്തെ അവസ്ഥയില്‍ എല്ലാ പാര്‍ട്ടിയിലേയും സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കുന്നത് സംസ്ഥാനകമ്മിറ്റിയാണെന്ന് ആര്‍ക്കാണറിയാത്തത്. പ്രത്യകിച്ച് ലോകസഭയിലേക്ക്. രണ്ടോ മൂന്നോ പേര്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്ന കാര്യമല്ല അത്. പണമിടപാടുതന്നെയാണ് വിഷയം. അതാണ് പന്ന്യന്‍ മൂടിവെക്കുന്നത്.  തെരഞ്ഞെടുപ്പിനുമുമ്പെ ഇക്കാര്യം കേരളത്തില്‍ പാട്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ ഈ വിഷയം ഉയര്‍ന്നു വരുമായിരുന്നില്ല. അന്നൊക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പൂര്‍ണ്ണമായും ന്യായീകരിക്കുകയായിരുന്നു നേതാക്കള്‍. ഇപ്പോള്‍ അന്വഷണം നടത്തി നടപടിയെടുക്കുന്നത് കുറച്ചുപേരുടെ കയ്യടി നേടാമെന്നു വെച്ചായിരിക്കാം. എന്നാല്‍ അത്തരമൊരു കയ്യടി പാര്‍ട്ടി അര്‍ഹിക്കുന്നില്ല എന്നതാണ് സത്യം.
പേയ്‌മെന്റ് സീറ്റ് വിവാദത്തിലും സ്ഥാനാര്‍ഥിയില്‍ നിന്ന് കോടികളുടെ ഫണ്ട് വാങ്ങിയ സംഭവത്തിലും വലിയ വിമര്‍ശങ്ങളാണ് പാര്‍ട്ടിക്കകത്ത് ഉയര്‍ന്നത്.  ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ. സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ബെന്നറ്റ് എബ്രഹാം കോണ്‍ഗ്രസിന്റെ ശശി തരൂരിന്റെയും ബി.ജെ.പി.യുടെ ഒ.രാജഗോപാലിനും പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇതാദ്യമായാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്നത്.
മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്. സത്യത്തില്‍ ബന്നറ്റ് സിപിഎം നോമിനിയെന്ന് പറയാവുന്ന ആളാണ്. മുമ്പത്തെപോലെ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തിരുവനന്തപുരത്ത് മത്സരിക്കുന്നതിനുപകരം സിപിഎം നിര്‍ദ്ദേശിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് പാര്‍ട്ടി ചെയ്തത്. എല്ലാ വിഷയങ്ങളിലും സമീപകാലത്ത് സിപിഎമ്മിന്റെ വാലാകുകയാണല്ലോ സിപിഐ. തീര്‍ച്ചയായും ഇക്കാര്യത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം എല്‍ഡിഎഫിനു മൊത്തമുണ്ട് സിപിഎമ്മിനും പെയ്ഡ് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നെന്ന ആരോപണം ശക്തമാണല്ലോ. മൂന്നുപേരില്‍ ഒതുക്കാവുന്ന വിഷയമല്ല ഇതെന്നര്‍ത്ഥം.
സിപിഎമ്മിനെ പോലെ അധപതിച്ചിട്ടില്ല സിപിഐ എന്നാണല്ലോ കേരളത്തിലെ പൊതുവിലയിരുത്തല്‍. അപചയത്തിന്റെ പേരില്‍ സിപിഎമ്മിനെ സിപിഐ വിമര്‍ശിക്കാറുണ്ട്. പേരിനു പുറകിലെ ജാതിവാല്‍ കളയാന്‍ മടിയായിരുന്നെങ്കിലും മികച്ച ചില നേതാക്കള്‍ പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്. അന്നെന്തായാലും അഴിമതി ആരോപണം ഉണ്ടായിരുന്നില്ല ഇപ്പോഴാകട്ടെ ഉയര്‍ന്നു വന്നിരിക്കുന്നത് പണം വാങ്ങി സ്ഥാനാര്‍ത്ഥിയാക്കി എന്ന ജനാധിപത്യത്തിലെ ഏറ്റവും മോശമായ ആരോപണങ്ങളില്‍ ഒന്നാണ്. എന്തുകൊണ്ടിത് സംഭവിച്ചു എന്നു ജനങ്ങളോട് തുറന്നു പറഞ്ഞ് സ്വയം തിരുത്താന്‍ ശ്രമിക്കാതെ എല്ലാം നിഷേധിച്ച്
രണ്ടോ മൂന്നോ പേരെ രക്തസാക്ഷികളാക്കുന്നതില്‍ എന്താണര്‍ത്ഥം?
ഇനി പന്ന്യന്‍ പറഞ്ഞതല്ല സംഭവങ്ങളെന്ന് നടപടി നേരിട്ടവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. സി ദിവാകരന്‍ വെട്ടിത്തുറന്നൊന്നും പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ കാര്യങ്ങളുണ്ട്. എന്നാല്‍ മറ്റു രണ്ടുപേരുടേയും അവസ്ഥയതല്ല. സി.പി.ഐ.യില്‍ ഇനി തുടര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന്  വെഞ്ഞാറമൂട് ശശി പറഞ്ഞു. പാര്‍ട്ടി വിഭാഗീയതയുടെ പിടിയിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടികയില്‍ ബെന്നറ്റ് എബ്രഹാമിന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നീട്   ബിനോയ് വിശ്വത്തിന്റെയും ഇ. ചന്ദ്രശേഖരന്‍ നായരുടെയും ബെന്നറ്റിന്റെയും പേരുകള്‍ ചിലര്‍ ശുപാര്‍ശ ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും ബെന്നറ്റില്‍ നിന്ന് ഒരു കോടി 87 ലക്ഷം രൂപ വാങ്ങി തിരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി ചിലവിട്ടുവെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  ബെന്നറ്റിന്റെ തോല്‍വിക്ക് കാരണക്കാരായവര്‍ക്ക് എതിരെയും നടപടി വേണമെന്നും ശശി ആവശ്യപ്പെട്ടു. ബെന്നറ്റിന്റെ സ്ഥാര്‍ഥിത്വത്തെ കുറിച്ച് അന്വേഷിച്ച സമിതി ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചത്. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതിനെ കുറിച്ചു മാത്രമാണ് അവര്‍ അന്വേഷണം നടത്തിയത്. ബെന്നറ്റിനെ തോല്‍പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ അവര്‍ അന്വേഷണം നടത്തിയില്ല എന്നും ശശി കൂട്ടിചേര്‍ത്തു. ബെന്നറ്റ് എബ്രഹാം പലരില്‍ നിന്നു സ്വരൂപിച്ചാണ് ഒരു കോടി 87 ലക്ഷം രൂപ പാര്‍ട്ടിക്ക് കൈമാറിയത്. ഓരോ സി.എസ്.ഐ. യൂണിറ്റും ഇതിനുവേണ്ടി സംഭാവന നല്‍കിയിട്ടുണ്ട്. പി.രാമചന്ദ്രന്‍ നായരാണ് ഈ തുക വാങ്ങിയവും ചിലവഴിച്ചതും ഇതിന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയുണ്ടെന്നാണ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞതെന്നും ശശി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാതിമത പരിഗണനകളുമുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
മറുവശത്ത് പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്ന് പി.രാമചന്ദ്രന്‍ നായരും പറഞ്ഞു.  എം.എന്‍. ഗോവിന്ദന്‍ നായരുടെയും പി.കെ.വാസുദേവന്‍ നായരുടെയും പന്ന്യന്‍ രവീന്ദ്രന്റെയും മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. വര്‍ഷങ്ങളായി സി.പി.ഐ. ജില്ലാ സെക്രട്ടറിയുമായിരുന്നു. ഇക്കാലത്തൊന്നും ഇത്തരത്തിലുള്ള ഒരു ആരോപണം തന്റെ പേരില്‍ ഉണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന വിഭാഗയത തന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനം. പല കാര്യങ്ങളും തനിക്ക് വെളിപ്പെടുത്താനുണ്ടെന്നും  വൈകാതെ അതെല്ലാം മാധ്യമങ്ങളെ വിളിച്ചുവരുത്തി പറയുമെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
സി.പി.ഐ.യില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അച്ചടക്ക നടപടികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ബെന്നറ്റ് എബ്രഹാമും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുവരെ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ്  മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മറ്റൊന്ന് ബന്നറ്റ് പറഞ്ഞത് ഇക്കാര്യത്തില്‍ സഭാ നേതൃത്വവും തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നാണ്. സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിച്ചിരുന്ന ചിലരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ബെന്നറ്റ് പറഞ്ഞു.
ഇത്രയും കാര്യങ്ങള്‍ പുറത്തുവരുമ്പോള്‍ ഇനിയും പന്ന്യന്‍ പറയുന്നത് നാം വിശ്വസിക്കണോ?
ഇനിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യേണ്ടത് കാര്യങ്ങള്‍ സത്യസന്ധമായി ജനങ്ങളോട് പറയുകയും സ്വയം സുതാര്യമാകാന്‍ തയ്യാറാകുകയുമാണ്. ജനാധിപത്യസംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അംഗീകരിക്കുക. കാലഹരണപ്പെട്ട ആശയസംഹിതകള്‍ ഉപേക്ഷിക്കുക. ജനം എല്ലാം മനസ്സിലാക്കുന്നു എന്നംഗീകരിക്കുക. എങ്കില്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ പോയികിട്ടും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply