ഇത് വികാസമല്ല, വിനാശമാണ് – നര്‍മ്മദ പോരാട്ടത്തെ പിന്തുണക്കുക

പിറന്ന മണ്ണില്‍ നിന്ന് അന്യായമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ നര്‍മ്മദാ തീരത്തെ പാവപ്പെട്ട ജനങ്ങള്‍ ജീവന്മരണ പോരാട്ടം തുടരുകയാണ്. സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടികളും മേധയടക്കമുള്ളവരുടെ അറസ്റ്റും. മദ്ധ്യപ്രദേശില്‍ സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരായി മേധാ പട്കറും നര്‍മ്മദയിലെ ദളിതരും ആദിവാസികളുമായ ഗ്രാമവാസികളും കഴിഞ്ഞ 32 വര്‍ഷമായി അതിജീവനത്തിനായുള്ള പോരാട്ടം ഇപ്പോള്‍ പുതിയൊരു ഘട്ടത്തിലാണ്. യാതൊരുവിധ പുനരധിവാസങ്ങളും നടപ്പാക്കാതേയും നഷ്ടപരിഹാരം നല്‍കാതേയും അണക്കെട്ടിന്റെ ഉയരം 17 മീറ്റര്‍ ഉയര്‍ത്തുന്നതിനെതിരെ മേധാപട്ക്കറുടെ നേതൃത്വത്തില്‍ […]

nn

പിറന്ന മണ്ണില്‍ നിന്ന് അന്യായമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ നര്‍മ്മദാ തീരത്തെ പാവപ്പെട്ട ജനങ്ങള്‍ ജീവന്മരണ പോരാട്ടം തുടരുകയാണ്. സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടികളും മേധയടക്കമുള്ളവരുടെ അറസ്റ്റും.
മദ്ധ്യപ്രദേശില്‍ സര്‍ദാര്‍ സരോവര്‍ പദ്ധതിക്കെതിരായി മേധാ പട്കറും നര്‍മ്മദയിലെ ദളിതരും ആദിവാസികളുമായ ഗ്രാമവാസികളും കഴിഞ്ഞ 32 വര്‍ഷമായി അതിജീവനത്തിനായുള്ള പോരാട്ടം ഇപ്പോള്‍ പുതിയൊരു ഘട്ടത്തിലാണ്. യാതൊരുവിധ പുനരധിവാസങ്ങളും നടപ്പാക്കാതേയും നഷ്ടപരിഹാരം നല്‍കാതേയും അണക്കെട്ടിന്റെ ഉയരം 17 മീറ്റര്‍ ഉയര്‍ത്തുന്നതിനെതിരെ മേധാപട്ക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരം 10 ദിവസം പിന്നിട്ടപ്പോഴാണ് പോലീസ് നടപടിയുണ്ടായിരിക്കുന്നത്.
നര്‍മ്മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം 122 മീറ്ററില്‍ നിന്ന് 139 മീറ്ററാക്കിയാണ് ഉയര്‍ത്തുന്നത്. അശാസ്ത്രീയവും ജനവിരുദ്ധവും വികലവുമായ ഈ വികസന പദ്ധതിയുടെ ദുരന്തഫലമായി നര്‍മ്മദാ താഴ്വരയില്‍ മദ്ധ്യപ്രദേശില്‍ മാത്രം 40000ലധികം വീടുകള്‍ വെള്ളം കയറി മുങ്ങി പോകുന്ന അവസ്ഥയിലാണ്..192 ഗ്രാമങ്ങളും ഒരു നഗരവും അടക്കം 30000 ഹെക്ടര്‍ അതീവ ഫലപുഷ്ടകൃഷിസ്ഥലങ്ങള്‍, ജൈവ വൈവിദ്ധ്യപ്രധാനമായ ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി എല്ലാം വെള്ളത്തിനടിയിലാകും. ഒരു ലക്ഷത്തോളം കന്നുകാലികളെയും മറ്റു ജീവജാലങ്ങളെയും ഇതു നേരിട്ട് ബാധിക്കും. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷoമായ കറുത്ത മണ്ണുള്ള, ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയിടങ്ങളെയാണ് ഇത്മുക്കിക്കളയുന്നത്.
ഇത്രയും മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിനായുള്ള യാതൊരു തരത്തിലുള്ള സംവിധാനങ്ങളും മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. മാത്രമല്ല, മുഴുവനാളുകളെയും മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാണെന്നുള്ള പച്ചക്കള്ളം പറഞ്ഞ് മദ്ധ്യപ്രദേശ് സര്‍ക്കാരും അനുബന്ധ ഉദ്യോഗസ്ഥവൃന്ദങ്ങളും വിവിധ സര്‍ക്കാര്‍ സമിതികളെയും കോടതിയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന സെന്ററുകളുടെ നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. ഇരുമ്പുകമ്പികള്‍ക്ക് മുകളില്‍ തകിടുകള്‍ നിരത്തി,വശങ്ങളിലും തകരഷീറ്റു വെച്ച ചെറിയ രണ്ടു മുറികളാണ് ഓരോ കുടുംബത്തിനും ലഭിക്കുന്നത്. ഇത്തരം മുറികളുടെ നീണ്ട നിരകള്‍ ഒന്നിച്ച് നിര്‍മ്മിക്കുകയാണ്. തറ പോലും കെട്ടാതെയാണ് പല സ്ഥലത്തും ഇതു ചെയ്യുന്നത്. ഇത്തരം ഷെഡുകളുടെ നിര്‍മ്മാണം തുടങ്ങിയിട്ടെ ഉള്ളൂ. വൈദ്യുതി ബന്ധമോ ജലവിതരണ സംവിധാനമോ റോഡുകളോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ഇത്തരം ഇടങ്ങളിലേക്കാണ് ജനങ്ങള്‍ മാറിതാമസിക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുനരധിവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന പച്ചക്കളം സത്യപ്രസ്താവനയായി സര്‍ക്കാരുദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചാണ് ഇത്തരത്തിലൊരു വിധി നേടിയെടുത്തത്. അമ്മമാര്‍ ചോദിക്കുന്നു, ഞങ്ങള്‍ പോകുമ്പോള്‍ മക്കള്‍ ടെ സ്‌കൂള്‍ എന്ത് ചെയ്യും? ഞങ്ങളുടെ ദൈവങ്ങളെ എന്തു ചെയ്യണം? കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കൃഷിയിടം ജലസമാധിയാവുന്നത് ചിന്തിക്കാനാവില്ല. മുക്കാലും ഭക്ഷ്യവിളകള്‍ .കൃഷിയുടെ തുടക്കസമയമാണ്. ചോളവും കരിമ്പും പച്ചമുളകും വെണ്ടയും വഴുതനയും സാലഡ് വെള്ളരിയും പാവലും മുരിങ്ങയും … ഇല്ലാത്തതെന്ത്? ഇടക്ക് ഏക്കറുകണക്കിന് പരുത്തി കൃഷിയും .ചെറുതയ്ക്കളുടെ ഇടയില്‍ മഴ കൊണ്ട് കുതിര്‍ന്ന മണ്ണ് കറുത്ത് കിടക്കുന്നുണ്ട്. എല്ലാം ജലത്തിനടിയിലേക്ക് ആണ്ടു പോകും. പതിനായിരത്താണ്ടിന്റെ ചരിത്രമുള്ള നദീതട സംസ്‌കൃതി, ജീവിതങ്ങള്‍… ..
മേധാ പട്കര്‍ പറയുന്നു, ഇത് വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടിയുള്ള തിരക്കല്ല. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള തത്രപ്പാടാണ്. അണക്കെട്ടിലെ വെള്ളം ഓരോ ദിവസവും 30 ലക്ഷം ലിറ്റര്‍ കോള കമ്പനിക്കും 60 ലക്ഷം ലിറ്റര്‍ കാറ് കമ്പനിക്കുമാണു് കൊടുക്കുന്നത്. സാധാരണക്കാരന്റെയും ദരിദ്രന്റെയും ജീവിതം വഴിയാധാരമാക്കി കോര്‍പ്പറേറ്റുകളുടെ സാമ്രാജ്യ വാഴ്ചക്ക് അവസരമൊരുക്കുകയാണ്.
ലോകം മുഴുവന്‍ വന്‍ ഡാാമുകള്‍ക്ക് എതിരെ ചിന്തിക്കുന്ന കാലത്ത് മനുഷ്യരെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും വിഴുങ്ങാന്‍ പാകത്തിന് ഡാമിന്റെ ഉയരം കൂട്ടി രസിക്കുകയാണ് ഭരണാധികാരികള്‍.
വീടുകളും കൃഷിയിടങ്ങളും മാത്രമല്ല സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ തുടങ്ങി ഗ്രാമവാസികള്‍ വര്‍ഷങ്ങളുടെ പ്രയത്‌നഫലമായി കരുപ്പിടിപ്പിച്ച അവരുടെ ജീവിതവും അവിടത്തെ സംസ്‌കാരവും എല്ലാം വെള്ളത്തിനടിയിലാകും. അതിനാല്‍ തന്നെ ജനങ്ങള്‍ ജന്മനാടും വീടും കൃഷിയും കന്നുകാലികളെയും ഉപേക്ഷിച്ച് പോകാന്‍ തയ്യാറല്ല. ഗ്രാമങ്ങള്‍ വിട്ടുപോകുവാന്‍ തയ്യാറല്ലാത്തവരെ ബല പ്രയോഗിത്തിലുടെ ഒഴപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ ഗ്രാമവാസികള്‍ അങ്ങേയറ്റം ആശങ്കയോടെയാണ് കാണുന്നത്. പുനരധിവാസ സംവിധാനങ്ങള്‍ പൂര്‍ണ്ണമാകാതെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടരുത് എന്ന് വിവിധ സര്‍ക്കാര്‍ സമിതികള്‍ വളരെ ശക്തമായി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ അതെല്ലാം മറികടന്നുകൊണ്ട് കോടതികളെയും മാധ്യമങ്ങളെയും കഴിഞ്ഞ 32 വര്‍ഷമായി നടക്കുന്ന ജനകീയ സമരത്തെയും പരിപൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടുള്ള ഈ കുടിയൊഴിപ്പിക്കല്‍ ഒരു തരത്തിലും നീതീകരിക്കാവുന്നതല്ല. ജൂലായ് 31നകം ഒഴിയണമെന്നുള്ള ഉത്തരവ് താല്‍ക്കാലികമായി മാത്രമാണ് സ്‌റ്റേ ചെയ്തിട്ടുള്ളത്. ഏതുനിമിഷവും ഷട്ടര്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
കച്ചവട താല്‍പ്പര്യങ്ങളും രാഷ്ട്രീയ താല്‍പ്പര്യങ്ങളും മാത്രം മുന്‍നിര്‍ത്തിയുള്ള ഈ ജനവിരുദ്ധ പദ്ധതിക്കെതിരെ നര്‍മ്മദ താഴ്വരയിലെ ദളിതരും ആദിവാസികളുമായ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍,മത്സ്യതൊഴിലാളികള്‍ തുടങ്ങി നര്‍മ്മദയുടെ വിവിധ മേഖലയിലുള്ള ഗ്രാമവാസികള്‍ ശക്തമായ സത്യാഗ്രഹ സമരം തുടരുകയാണ്. ഇത് വികാസമല്ല, വിനാശമാണ് എന്ന മുദ്രാവാക്യമാണ് അവര്‍ മുഴക്കുന്നത്. അവരുടെ ആരോഗ്യ സ്ഥിതി ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സമര സമിതിയുമായി ചര്‍ച്ച നടത്തി പുനരധിവാസവുമായി ബന്ധപ്പെട്ട മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കാതെ നിരാഹാര സമരത്തില്‍ നിന്നു പിന്മാറാന്‍ തയ്യാറല്ല എന്നാണു മേധയും ഗ്രാമവാസികളായ സത്യാഗ്രഹികളും പറയുന്നത്. ഈ ജീവന്മരണപോരാട്ടത്തോട് ഐക്യപ്പെടുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply