ഇത് ബീഹാറാണ്, ബീഹാര്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചലനങ്ങള്‍ സൃഷ്ടിച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് മലയാളികള്‍ പൊതുവെ പുച്ഛിക്കുന്ന ബീഹാര്‍. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ ജനതാപാര്‍ട്ടി മുന്നേറ്റമായിരുന്നു ഒരുകാലത്ത് ഫാസിസത്തെ പ്രതിരോധിച്ചത്. കര്‍പ്പൂരി ഠാക്കൂര്‍ തുടക്കമിട്ട ദളിത് രാഷ്ട്രീയത്തിന്റെ ഈറ്റില്ലം. ബാബറി മസ്ജിദ് കാലത്ത് കബന്ധങ്ങള്‍ക്കു മുകളില്‍ കൂടി ചലിച്ച അദ്വാനിയുടെ ഫാസിസ്റ്റ് രഥത്തെ തടഞ്ഞ ചരിത്രം വേറെ. മണ്ഡല്‍ കമ്മീഷന്റെ കാലഘട്ടത്തിലും ബീഹാറിലെ ചലനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇപ്പോഴിതാ ഫാസിസം ഇന്നോളം കാണാത്ത രീതിയില്‍ ആരംഭിച്ച അശ്വമേധത്തെ തടയാും ബീഹാര്‍. അതെ, […]

nl

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചലനങ്ങള്‍ സൃഷ്ടിച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് മലയാളികള്‍ പൊതുവെ പുച്ഛിക്കുന്ന ബീഹാര്‍. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുണ്ടായ ജനതാപാര്‍ട്ടി മുന്നേറ്റമായിരുന്നു ഒരുകാലത്ത് ഫാസിസത്തെ പ്രതിരോധിച്ചത്. കര്‍പ്പൂരി ഠാക്കൂര്‍ തുടക്കമിട്ട ദളിത് രാഷ്ട്രീയത്തിന്റെ ഈറ്റില്ലം. ബാബറി മസ്ജിദ് കാലത്ത് കബന്ധങ്ങള്‍ക്കു മുകളില്‍ കൂടി ചലിച്ച അദ്വാനിയുടെ ഫാസിസ്റ്റ് രഥത്തെ തടഞ്ഞ
ചരിത്രം വേറെ. മണ്ഡല്‍ കമ്മീഷന്റെ കാലഘട്ടത്തിലും ബീഹാറിലെ ചലനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇപ്പോഴിതാ ഫാസിസം ഇന്നോളം കാണാത്ത രീതിയില്‍ ആരംഭിച്ച അശ്വമേധത്തെ തടയാും ബീഹാര്‍. അതെ, ഇന്ത്യക്കഭിമാനിക്കാം ഈ സംസ്ഥാനത്തേയും അവിടത്തെ ജനതയേയും ലാലുവിനേയും നിതീഷ് കുമാറിനേയും പോലുള്ള നേതാക്കളേയുമോര്‍ത്ത്.
ഒരു ഭാഗത്ത് മോദിയും അമിത് ഷായും, മറുവശത്ത് ലാലുവും നിതീഷും. ആരെന്ന ചോദ്യത്തിന് ബീഹാര്‍ ജനതക്ക് കൃത്യമായ മറുപടിയുണ്ടായി. നിതീഷും ലാലുവും തന്നെ. നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം മോദിയുടേയും അമിത് ഷായുടേയും സകല കണക്കുകൂട്ടലുകളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഉജ്വല വിജയത്തോടെ അധികാരത്തിലെത്തി.
243 അംഗ നിയമസഭയില്‍ 157 സീറ്റ് സ്വന്തമാക്കിയാണ് മഹാസഖ്യം അധികാരം പിടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന് കരുതിയിരുന്ന ബി.ജെ.പി.ക്ക് വന്‍ തിരിച്ചടി നേരിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചാരണം നയിച്ചതന്നത് മറക്കരുത്. അവസാനഘട്ടങ്ങളില്‍ എത്രയോ റാലികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. പശുവിനെ ഗോദയിലിറക്കിയുള്ള മതരാഷ്ട്രീയവും ലക്ഷ്യം പിഴച്ചു. എന്‍.ഡി.എയ്ക്ക് 74 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പി.ക്ക് 58 സീറ്റാണ് തനിച്ച് ലഭിച്ചത്. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും തോറ്റു തൊപ്പിയിട്ടു.
ഒരിടവേളക്കുശേഷം ലാലുപ്രസാദ് യാദവ് ബീഹാറിന്റെ മുഖ്യകേന്ദ്രമായി. ഒരു കാലത്തും ബിജെപിയോട് അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കാത്ത നേതാവ്. ലോകസഭാ തെരഞ്ഞെടുപ്പിലെ ഫലം കണ്ടപ്പോള്‍ തന്നെ ലാലു തീരുമാനിക്കുകായയിരുന്നു, നിയമസഭയില്‍ അതിന്റെ ആവര്‍ത്തനം അനുവദിക്കില്ലെന്ന്. നിതീഷിന് ഒറ്റ ഫോണ്‍കോള്‍. ആ കോളായിരുന്നു ബീഹാറിന്റേയും ഇന്ത്യയുടെ തന്നേയും രാഷ്ട്രീയമിതാ മാറ്റി മറക്കാന്‍ പോകുന്നത്. ഫാസിസത്തിന്റെ രഥത്തിന്റെ സഞ്ചാരത്തിന് ബ്രേക്കിട്ടിരിക്കുന്നത്. ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ തീര്‍ത്തും അപ്രസക്തമായിപ്പോയിരുന്ന കോണ്‍ഗ്രസ് ജെ.ഡി.യുവിന്റെയും ആര്‍.ജെ.ഡിയുവിന്റെയും തണലില്‍ പതിമൂന്ന് സീറ്റ് നേടി. അതേസമയം ബിജെപിക്കൊപ്പം കൂടിയ രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് നാലും ഉപേന്ദ്ര കുശ്‌വാഹയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്കും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും (സെക്യുലര്‍) രണ്ടും സീറ്റ് കൊണ്ട് തൃപ്തിപ്പേടേണ്ടിവന്നു. ഇരുമുന്നണികളും ഒരുപോലെ എന്നു പറഞ്ഞ് ഈ ചരിത്രപോരാട്ടത്തോട് മുഖം തിരിച്ച ഇടതുപക്ഷത്തിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ ലഭിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് അവര്‍ വീണ്ടും വീണ്ടും അപ്രസക്തരാകുന്നു.
ബി.ജെ.പി.ക്കെതിരെ മഹാസഖ്യം രൂപവത്കരിക്കുമ്പോഴോ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യദിവസങ്ങലിലോ ഇത്തരമൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. മഹാസഖ്യത്തിന്റെ റാലിയില്‍ ലാലുവിനൊപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വേദി പങ്കിടാന്‍ വിസമ്മതിക്കുകയും ചെയ്തപ്പോള്‍ ബിജെപി നേതാക്കള്‍ ഉള്ളില്‍ ചിരി. വിജയമാഘോഷിക്കാന്‍ പാര്‍്ടടി ഓഫീസില്‍ 100 കിലോ മധുരം വാങ്ങി വെക്കുന്നതുവരെയെത്തി ആ ചിരി. എന്നാലാ മധുരമെല്ലാം അവര്‍ക്കിപ്പോള്‍ കയ്ക്കുകയാണ്. ബീഹാറില്‍ മഹാസഖ്യം ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്നുള്ള വര്‍ഗ്ഗീയപ്രചരണം വരെ അവര്‍ നടത്തിയിരുന്നു. ഫാസിസത്തിനെതിരെ പ്രതികരിക്കുന്നവരെല്ലാം പാക്കിസ്ഥാനില്‍ പോകാനും ഉത്തരവുണ്ടായി. പശുവിറച്ചി തിന്നെന്നും സ്വതന്ത്രമായി ചിന്തിച്ചു എന്നും പറഞ്ഞുപോലും കൊലകളുണ്ടായി. ഒപ്പം സംവരണവും തര്‍ക്കവിഷയമായി. തന്റെ പിന്നോക്ക അസ്ഥിത്വം മോദി വീണ്ടും ഉയര്‍ത്തികാട്ടി. എല്ലാറ്റിന്റേയും ലക്ഷ്യം വര്‍ഗ്ഗീയ വികാരമിളക്കികൊണ്ട് വിജയം കൊയ്യുക എന്നത്. എന്നാല്‍ അതിനെല്ലാം ബീഹാറിലെ പ്രബുദ്ധജനത മറുപടി നല്‍കി. ആ മറുപടി ഭാവി ഇന്ത്യ നല്‍കുന്ന മറുപടിയല്ലാതെ മറ്റെന്ത്?
നിതീഷിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു പോരാട്ടമെങ്കിലും കിംഗ് മെയ്ക്കര്‍ ലാലുതന്നെ. 1990 മുതല്‍ 2004 വരെ സംസ്ഥാന മുഖ്യമന്ത്രിയും 2004 മുതല്‍ 2009വരെ യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ മന്ത്രിയുമായിരുന്ന ലാലുവിന് ആരോപണങ്ങളും ആക്ഷേപങ്ങളും എന്നും കരുത്ത് പകര്‍ന്നിട്ടേയുള്ളൂ. കാലിതീറ്റ കുംഭകോണത്തേയും മറികടക്കാന്‍ ലാലുവിന് കഴിഞ്ഞത് ചെറിയ കാര്യമല്ല. ദളിത് – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ശക്തമായ ആഭിമുഖ്യം തന്നെയാണ് ലാലുവിന് എന്നു കരുത്തായത്. ഒപ്പം എഴുപതുകളിലെ സോഷ്യലിസ്റ്റ് പരീക്ഷണശാലയുടെ മൂശയില്‍ വളര്‍ന്നതിന്റെ അനുഭവങ്ങളും. . പഴയ സഹപ്രവര്‍ത്തകനായ നിതീഷ് ബി.ജെ.പി. ബാന്ധവത്തിന് തയ്യാറായപ്പോള്‍ പോലും ലാലുവതിനു തയ്യാറായില്ല. മോദിയുടെ ഒന്നര ലക്ഷം കോടി രൂപയുടെ ബിഹാര്‍ പാക്കേജിനേക്കാല്‍ ജനം തെരഞ്ഞെടുത്തത് ലാലുവിന്റെ രാഷ്ട്രീയചരിത്രംതന്നെ. ഒപ്പം നിതീഷിന്റെ വ്യക്തിപ്രഭാവവും.
നിതീഷിന്റെ ഡി.എന്‍.എ പരിശോധിക്കണമെന്ന മോദിയുടെ പ്രസ്താവന പോലും അവര്‍ക്ക് പാരയാകുകയായിരുന്നു. അവസാനം പശുവുമായി ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ചിത്രവും എന്തുവന്നാലും താന്‍ ബീഫ് കഴിക്കുമെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവരുടെ പ്രസ്താവനകളും ചേര്‍ത്ത പത്രപരസ്യവും ്അവരെ തുണച്ചില്ല.
തീര്‍ച്ചയായും ബീഹാര്‍ ഒരു സൂചകം. ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെ ദിശ അതു നല്‍കുന്നു. ഫാഷിസത്തിനെതിരെ ദേശീയ രാഷ്ട്രീയത്തില്‍ പരീക്ഷിക്കാവുന്ന കരുത്തുറ്റ സഖ്യത്തിന് പുതിയ വിത്തിടുക കൂടിയാണ് ‘നിതീഷ് – ലാലു’കൂട്ടുകെട്ട് ചെയ്തിരിക്കുന്നത്. വൈവിധ്യങ്ങളുടെ ഉത്സവമായ ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിന്‍രേയും. അതുമനസ്സിലാക്കാത്തവര്‍ ആ രാഷ്ട്രീയചരിത്രത്തില്‍ ഇടം തേടാതെ പോകും. അല്ലാതെന്ത്?

വാല്‍ക്കഷ്ണം : അടിയന്തരാവസ്ഥക്കെതിരെ ഉത്തരേന്ത്യ വിധിയെഴുതിയപ്പോള്‍ പ്രബുദ്ധ കേരളം അതിനനുകൂലമായി വോട്ടുചെയ്തു. ഇനിയും ആ ചരിത്രമാവര്‍ത്തിക്കുമോ? ബീഹാറില്‍ ബിജെപി ശക്തമായ തിരിച്ചടി നേരിട്ടപ്പോള്‍ ഇവിടെയവര്‍ നടത്തിയിരിക്കുന്നത് വന്‍മുന്നേറ്റമാമെന്ന് ഓര്‍ക്കുന്നത് നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഇത് ബീഹാറാണ്, ബീഹാര്‍

 1. “ഇരുമുന്നണികളും ഒരുപോലെ എന്നു പറഞ്ഞ് ഈ ചരിത്രപോരാട്ടത്തോട് മുഖം തിരിച്ച ഇടതുപക്ഷത്തിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ ലഭിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് അവര്‍ വീണ്ടും വീണ്ടും അപ്രസക്തരാകുന്നു.”
  തികച്ചും വസ്തുതാ വിരുദ്ധമായ പ്രസ്താവം.!
  സി പി ഐ എം എൽ ലിബറേഷൻ ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭാട്ടാചാര്യ ഏതാനും മണിക്കൂറുകൾക്ക് മുൻപ് നടത്തിയ ഹ്രസ്വമായ ഒരു അവലോകനം ഉൾക്കൊള്ളുന്ന പ്രസ്താവനയുടെ പൂർണ്ണ രൂപം നോക്കൂ :
  ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ : സി പി ഐ എം എൽ പ്രസ്താവന
  “ബി ജെ പി യുടേയും നരേന്ദ്ര മോദിയുടേയും വിഭാഗീയ രാഷ്ട്രീയത്തിന്നും വിനാശകാരിയായ നയങ്ങൾക്കും ചുട്ട മറുപടി നല്കുന്ന ഒരു വിധിയെഴുത്ത് നല്കിയ ബീഹാർ ജനതയെ സി പി ഐ എം എൽ ഊഷ്മളമായി അഭിനന്ദിക്കുന്നു .ബീഹാർ മുഴുവൻ രാജ്യത്തിന് വേണ്ടിയും സംസാരിച്ചിരിക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള ഈ ജനവിധി രാജ്യത്താകമാനം ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി കർഷകരും തൊഴിലാളികളും വിദ്യാർഥികളും എഴുത്തുകാരും ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഇന്ന് നടത്തിപ്പോരുന്ന വൈവിദ്ധ്യപൂർണ്ണമായ പോരാട്ടങ്ങൾക്ക് ഉത്തേജനവും കരുത്തും പകരുന്നതാണ്.
  ഇങ്ങനെയൊരു ചരിത്ര പ്രധാനമായ തെരഞ്ഞെടുപ്പ് വിധിയെഴുത്തിനു പ്രാഥമികമായി കളമൊരുക്കിയത് മഹാസഖ്യം ആണെന്നത് തർക്കമറ്റ സംഗതിയാണ്. എന്നാൽ കാതലായ ജനകീയപ്രശ്നങ്ങൾ ഉയർത്തുന്ന പോരാട്ടവേദികളിൽ നിലയുറപ്പിച്ചിട്ടുള്ള സി പി ഐ എം എൽ ലും മറ്റ് ഇടതു പാർട്ടികളിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസവും പ്രതീക്ഷകളും അസന്ദിഗ് ദ്ധതയോടെ വിളിച്ചോതുന്നതു കൂടിയാണ് ഈ ജനവിധി.
  ബിഹാർ നിയമസഭയിലേയ്ക്ക് മൂന്ന് സി പി ഐ എം എൽ അംഗങ്ങളെ തെരഞ്ഞെടുത്ത് അയച്ച സംസ്ഥാനത്തെ സമ്മതിദായകരോട് നന്ദി രേഖപ്പെടുത്താൻ പാർട്ടി ഈയവസരത്തിൽ ആഗ്രഹിക്കുന്നു. തൊട്ടടുത്ത എതിർ സ്ഥാനാർഥിയേക്കാൾ ഏകദേശം 22000, 10000, 400 എന്നീ ക്രമത്തിലുള്ള വോട്ടുവ്യത്യാസത്തിൽ ബൽരാംപൂരിലും , ദരൗലിയിലും, തരാരിയിലും സി പി ഐ എം എൽ ന്റെ മൂന്ന് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു . ഇതിന് പുറമേ, മറ്റനേകം നിയമസഭാ മണ്‍ഡലങ്ങളിൽ ഇടതുപക്ഷ ത്തിന്റെ സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി. ഇടതു പക്ഷം സംയോജിതമായ ഒറ്റ ബ്ലോക്ക്‌ ആയി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഉണ്ടായതാണ് മേൽപ്പറഞ്ഞ നേട്ടങ്ങൾ എന്നത് ഇടത് പക്ഷ ഐക്യം എന്ന ആശയത്തിന് സാധൂകരണം നല്കുന്നതോടൊപ്പം, ജനപക്ഷത്ത് നിന്നുള്ള വികസന സങ്കല്പ്പത്തിനും, നീതിയ്ക്കും അവകാശങ്ങൾക്കും മതേതരത്വത്തിനും വേണ്ടിയുള്ള ഇടത് അജണ്ടയ്ക്ക് കരുത്തേകുകയും ചെയ്യും.”
  [ദീപങ്കർ ഭട്ടാചാര്യ,
  ജനറൽ സെക്രട്ടറി, സി പി ഐ എംഎൽ ലിബറേഷൻ]
  http://cpimlmalayalam.blogspot.in/2015/11/blog-post.html
  CPIML Lib Kerala: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ : സി പി ഐ എം എൽ…
  cpimlmalayalam.blogspot.com|By CPIML Liberation Kerala

Leave a Reply