ഇതാ ഒരു ജനവിരുദ്ധ ഹര്‍ത്താല്‍ കൂടി

വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും തടസമായി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കുലറിനെതിരെ പൂരങ്ങളുടെ നാടായ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ! സംഘടിതശക്തികള്‍ അസംഘടിതരെ വെല്ലുവിളിക്കുന്നതിനു ഒരു ഉദാഹരണം കൂടിയായി ഈ ജനവിരുദ്ധഹര്‍ത്താല്‍ മാറുകയാണ്. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയും സിപിഐയുമടക്കമുള്ള പാര്‍ട്ടികളും മന്ത്രിമാരും എംഎല്‍എമാരുമൊക്കെ അണിനിരന്നിരുന്നു. ആ പിന്തുണയാണ് ഒരിക്കലുമുണ്ടാകാത്ത രീതിയില്‍ ഹര്‍ത്താല്‍ ആഹ്വാനത്തിന് അവര്‍ക്ക് കരുത്തുനല്‍കിയിരിക്കുന്നത്. മന്ത്രി എ സി മൊയ്തീനും മുന്‍ എം […]

vvv

വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും തടസമായി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കുലറിനെതിരെ പൂരങ്ങളുടെ നാടായ തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ! സംഘടിതശക്തികള്‍ അസംഘടിതരെ വെല്ലുവിളിക്കുന്നതിനു ഒരു ഉദാഹരണം കൂടിയായി ഈ ജനവിരുദ്ധഹര്‍ത്താല്‍ മാറുകയാണ്. ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപിയും സിപിഐയുമടക്കമുള്ള പാര്‍ട്ടികളും മന്ത്രിമാരും എംഎല്‍എമാരുമൊക്കെ അണിനിരന്നിരുന്നു. ആ പിന്തുണയാണ് ഒരിക്കലുമുണ്ടാകാത്ത രീതിയില്‍ ഹര്‍ത്താല്‍ ആഹ്വാനത്തിന് അവര്‍ക്ക് കരുത്തുനല്‍കിയിരിക്കുന്നത്. മന്ത്രി എ സി മൊയ്തീനും മുന്‍ എം എല്‍ എയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയും മാത്രമല്ല, പാരിസ്ഥിതിക വിഷയങ്ങള്‍ എപ്പോഴും ഉന്നയിക്കുന്ന മന്ത്രി വി എസ് സുനില്‍കുമാറും ടി എന്‍ പ്രതാപനും അനില്‍ അക്കര എം എല്‍ എയുമടക്കമുള്ളവര്‍ ഇവര്‍ക്കൊപ്പമുണ്ട്. ഇപ്പോഴിതാ കേന്ദ്രനിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിസഭയും രംഗത്തുവന്നിരിക്കുന്നു. പിന്നീട് ചോദ്യം ചെയ്യപ്പെട്ട 2008ലെ നിയമം പാലിച്ച് വെടിക്കെട്ട് നടത്താമെന്നാണ് അതാത് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ഇന്നത്തെ നിലക്കുള്ള വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിരോധിച്ചത് കേന്ദ്രമാണ്. കളക്ടര്‍ അതു മാറ്റാനാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. എന്തെങ്കിലും അപകടമുണ്ടായാലോ ആരെങ്കിലും കോടതി കയറിയാലോ തന്റെ ഒപ്പം ആരുമുണ്ടാകില്ലെന്നറിവുന്ന കളക്ടര്‍ അതിനു തയ്യാരാവുമോ? അതിനാലാണ് ഉത്രാളിക്കാവ് പൂരത്തില്‍ ഇതു രണ്ടിനും കളക്ടര്‍ അനുമതി കൊടുക്കാത്തത്. അതിന്റെ പേരിലാണ് ഈ ജനവിരുദ്ധ ഹര്‍ത്താല്‍. അതേസമയം എല്ലാ പ്രതിസന്ധിയും മറികടന്ന് തൃശൂര്‍ പൂരം ”പൂര്‍വ്വാധികം” ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ ഇടപെടുമത്രെ.
‘വിവിധ മതങ്ങളുടെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചില ഉത്സവങ്ങള്‍, ആലോഷങ്ങള്‍ തുടങ്ങിയവ പലപ്പോഴും രാജ്യത്തിന്റെ മതേതര സൗഹൃദ കൂടിച്ചേരലുകളായിട്ടാണ് ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും അനുഭവപ്പെടാറുള്ളത്. അതു കൊണ്ട് തന്നെ എല്ലാ മത വിഭാഗങ്ങളും ഇവ ഒരുമിച്ചാഘോഷിക്കാറുമുണ്ട്. അയല്‍ രാജ്യങ്ങളില്‍ പലതും മത വര്‍ഗ്ഗീയതയുടെ ചോരക്കളങ്ങളായി മാറിയപ്പോഴും മത സൗഹാര്‍ദ്ദത്തിന്റെ പച്ചത്തുരുത്തായി നമ്മുടെ നാട് നിലനിന്നതും ഇതു കൊണ്ടൊക്കെ കൂടിയാണ്. തൃശൂര്‍ ജില്ലയില്‍ ഈയടുത്ത് ഉണ്ടായ ഉത്സവ തടസ്സങ്ങള്‍ സ്‌നേഹത്തോടെ, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്, പൂര്‍ണ്ണ സംരക്ഷിതത്തോടെ നമുക്ക് അതിജീവിക്കണം. അതിനായി ചര്‍ച്ചകളാണ് വേണ്ടത്. അല്ലാതെ സൗഹാര്‍ദ്ദങ്ങള്‍ തകര്‍ക്കുന്ന സമര എടുത്തു ചാട്ടങ്ങളല്ല.’ പത്തുവര്‍ഷം കൊണ്ട് ആയിരത്തോളം പേരുടെ ജീവനെടുത്തു കഴിഞ്ഞ ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനുമെതിരായ നിലപാടിനെ ഉത്സകമ്മിറ്റിക്കാരുടെ രക്ഷാധികാരിയായി രംഗത്തുവന്നിട്ടുള്ള ബാബു എം പാലിശ്ശേരി തള്ളിക്കളയുന്നത് ഇങ്ങനെയാണ്.
പോയവര്‍ഷം കൊല്ലത്തുണ്ടായ അതിദാരുണമായ വെടിക്കെട്ടു ദുരന്തത്തിനുശേഷം തൃശൂര്‍ പൂരത്തിനു വെടിക്കെട്ടു ഒഴിവാക്കണമെന്ന് ശക്തമായ വാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ആനയെഴുന്നെള്ളിപ്പിലും വെടിക്കെട്ടിലും എപ്പോഴും സംഭവക്കാറുള്ള പോലെ കഴിഞ്ഞ വര്‍ഷവും എല്ലാ അധികാരസ്ഥാപനങ്ങളേയും സ്വാധീനിച്ച് രണ്ടും പതിവുപോലെ നടന്നു. ഏതൊ ഒരു വര്‍ഷം സുപ്രിം കോടതി നല്‍കിയ പ്രതേക ഇളവായിരുന്നു തുരുപ്പുചീട്ട്. അപ്പോഴും എല്ലാം നിയമപരമായി മാത്രം നടക്കുമെന്ന് എല്ലാവരും കരുതി. സര്‍ക്കാരും ദേവസ്വങ്ങളും മറ്റു ബന്ധപ്പെട്ടവരും അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അ്ത്തരമൊരു സാഹചര്യത്തില്‍ പോലും നിയമവിരുദ്ധവും അപകടകരവുമായ രാസവസ്തുക്കള്‍ വെടിക്കെട്ടില്‍ ഉപയോഗിച്ചതായ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ എഡിഎം തൃശൂര്‍ പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ വെടിക്കെട്ട് കരാറുകാരുടെയടക്കം ലൈസന്‍സ് റദ്ദാക്കിയിരുന്നു. വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ എക്‌സ്പ്‌ളോസീവ് വിഭാഗം കര്‍ശനമാക്കി. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് കേന്ദ്രസര്‍ക്കുലര്‍ എന്നതാണ് മറച്ചുവെക്കുന്നത്.
ഗുണ്ടും അമിട്ടും അടക്കമുള്ള സ്‌ഫോടക ശേഷിയുള്ളവക്ക് നിയന്ത്രണം. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ല. പൊട്ടാസ്യം ക്‌ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇത് തൃപ്തികരമെങ്കില്‍ മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കു. ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്‌സ്‌പോളീസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനം എന്നിങ്ങനെ പോകുന്നു നിബന്ധനകള്‍. ഈ നിബന്ധനകള്‍ അനുസരിച്ച് ഒരു വെടിക്കെട്ടും നടക്കില്ലെന്നാണ് വെടിക്കെട്ട് വാദികളുടെ വാദം. തികച്ചും അടിസ്ഥാനരഹിതമായ വാദമാണിത്. വെടിക്കെട്ട് ഇന്നൊരു ചര്‍ച്ചാവിഷയമാകേണ്ടതുപോലുമില്ല. ലോകത്തെല്ലായിടത്തും വെടിക്കെട്ടുകള്‍ നടക്കുന്നുണ്ട്. തൃശൂരിനേക്കാള്‍ എത്രയോ വന്‍നഗരങ്ങളില്‍.. ഒളിബിക്‌സിനും ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കുമൊക്കെ എത്ര ഗംഭീരമായാണ് ജനകൂട്ടങ്ങള്‍ക്കിടയില്‍ വെടിക്കെട്ട് നടക്കുന്നത്. അതുപക്ഷെ ഡിജിറ്റല്‍ വെടിക്കെട്ടാണെന്നു മാത്രം. എന്തുകൊണ്ട് കാലും മാറുന്നതനുസരിച്ച് മാറാന്‍ നമുക്കു മാത്രം കഴിയുന്നില്ല. വെടിക്കെട്ടിനേയും ആനയെഴുന്നള്ളിപ്പേനേയും ന്യായീകരിക്കുന്ന വാദങ്ങള്‍ ഒന്നുമാത്രം. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ളതാണെന്നും വെടിക്കെട്ടും ആനകളേയും ഒഴിവാക്കിയാല്‍ പൂരങ്ങളില്ലെന്നും. ജസ്റ്റീസ് വി ചിദംബരേഷ് ചോദിച്ച ആചാരങ്ങേളാ ജീവനോ വലുത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഏത് ആചാരമാണ് മാറ്റത്തിന് വിധേയമാകാത്തത്? ഒരു കാലത്ത് കതിനകള്‍ മാത്രമായിരുന്നില്ലേ വെടിക്കെട്ടിന് ഉപയോഗിച്ചിരുന്നത്? ഇപ്പോഴോ? എങ്ങനെയാണിത് മാറിയത്? വെടിക്കെട്ടില്ലാത്ത പൂരങ്ങള്‍ക്കൊക്കെ വെടിക്കെട്ട്, ആനകളില്ലാതിരുന്ന ഉത്സവങ്ങള്‍ക്ക് ആനകള്‍.. ഇതെല്ലാം വന്നത് ആചാരങ്ങളില്‍ മാറ്റം വരുത്തിയല്ലേ..? ഗുരുവായൂരില്‍ ആനയെനടക്കിരുത്താന്‍ ഇപ്പോള്‍ ആന വേണ്ട, പണം മതി.. ആരാധനാലയങ്ങളില്‍ ഭണ്ഡാരത്തിനു പകരം സൊയിപ്പിങ്ങ് മെഷിനിുകള്‍… എന്തിനേറെ, ആചാരങ്ങള്‍ മാറിയില്ലെങ്കില്‍ ക്ഷേത്രപ്രവേശന വിളംബരം നടക്കുമായിരുന്നോ.?
കഴിഞ്ഞ നൂറ്റാണ്ടിനാരംഭത്തില്‍ തിരുവിതാംകൂര്‍ ജഡ്ജിയായിരുന്ന കൊട്ടിലില്‍ കൊച്ചുകൃഷ്ണമാരാര്‍ മദ്രാസില്‍ പോയപ്പോള്‍ ഒരു വെടിക്കെട്ടില്‍ വെച്ച് അമിട്ടു പൊട്ടുന്നതു കണ്ടു. അവിടെനിന്ന് ലഭിച്ച പൊട്ടാത്ത അമിട്ട് അദ്ദേഹം ഇങ്ങോട്ടുകൊണ്ടുവന്നു. അവയെങ്ങനെയുണ്ടാക്കി എന്നു പഠിച്ചാണ് ഇവിടത്തെ വെടിക്കെട്ടുനിര്‍മാമതാക്കള്‍ അമിട്ടുണ്ടാക്കിയതും ഇപ്പോഴത്തെ വന്‍ദുരത്തത്തിനു കാരണമായ അവ ഉത്സവങ്ങള്‍ക്ക് പൊട്ടിക്കാന്‍ തുടങ്ങിയതും. എന്തുകൊണ്ട് കാലത്തിനനുസരിച്ച് മാറ്റം ഇപ്പോഴും ആയിക്കൂട? പൂരം കഴിഞ്ഞാല്‍ തൃശൂരില്‍ ഏറ്റവുമധികം ജനം കൂടുന്ന പുലിക്കളിക്ക് ഇക്കുറി നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് എത്രയോ ഗംഭീരമായിരുന്നു. അതുപോലും ഇവരുടെ കണ്ണുതുറപ്പിക്കാത്തതെന്താണാവോ?
വെടിക്കെട്ടിന്റെ മറുവശം തന്നെ ആനയെഴുന്നള്ളെത്തും. ആനപ്രേമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ഭീകരമായ ആനപീഡനങ്ങളാണ് ആഘോഷവേളകളിലെ കുരുതികള്‍ക്ക് മറ്റൊരു കാരണമാകുന്നത്. ആനയെഴുന്നള്ളിപ്പിലും നിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനവും ആനപ്രേമികളെന്നു നടിച്ച് അവയെ ഭീകരമായി രീതിയില്‍ പീഡിപ്പിക്കുന്ന ഉത്സവകമ്പക്കാരെ ചൊടിപ്പച്ചിരിക്കുകയാണ്. പോയ വര്‍ഷം ഉത്സവകാലത്ത് നൂറുകണക്കിനു പ്രദേശത്ത് ആനകളിടഞ്ഞിരുന്നു.. നിരവധി പേര്‍ മരിച്ചു. അമിതമായ ജോലിഭാരവും പീഡനങ്ങളും മദമുള്ളപ്പോള്‍ പോലും എഴുന്നള്ളിക്കുന്നതും മറ്റുമാണ് ആനകളിടയാന്‍ കാരണമാകുന്നത്. ഉത്സവങ്ങള്‍ക്ക് ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനകത്ത് മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുക, പകല്‍ 11 മുതല്‍ മൂന്നുമണിവരെ ആനയെഴുന്നള്ളത്തുകള്‍ നടത്തുക, മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കുക തുടങ്ങിയ നിയമവിരുദ്ധമായ നടപടികള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന വനംസെക്രട്ടറിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം, മൂന്ന് ആനകളെയാണെങ്കില്‍ ജില്ലാകലക്ടറുടെ പക്കല്‍നിന്നും 72 മണിക്കൂറിനു മുന്നേ അനുമതിപത്രം വാങ്ങണം. ആനകള്‍ക്ക് മദമില്ലെന്നും പരുക്കുകള്‍ ഇല്ലെന്നും വ്യക്തമാക്കി എഴുന്നള്ളിപ്പു ദിവസം എഴുന്നള്ളിപ്പ് സ്ഥലത്തെ വെറ്ററിനറി സര്‍ജന്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എഴുന്നള്ളിക്കാവൂ, പകല്‍ എഴുന്നള്ളിച്ച ആനകളെ രാത്രി എഴുന്നള്ളിക്കരുത്, എഴുന്നള്ളിപ്പുകഴിഞ്ഞ് 12 മണിക്കൂര്‍നേരം വിശ്രമം നല്‍കിയ ശേഷമേ ആനകളെ പിന്നീട് എഴുന്നള്ളിക്കാവൂ, എഴുന്നള്ളിപ്പ് സ്ഥലത്ത് 12 മണിക്കൂര്‍ മുന്നേ ആനകളെ എത്തിച്ചിരിക്കണം തുടങ്ങിയ 2008 മാര്‍ച്ച് 16 ലെ കേരള ഹൈക്കോടതി വിധികളെല്ലാം ലംഘിക്കപ്പെടുകയാണ്. 14 ദിവസം മുന്നേ ലഭ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനകളെ തുടര്‍ച്ചയായി എല്ലാദിവസവും രാവുംപകലും എഴുന്നള്ളിക്കുകയാണ്. ആനകളെ സ്‌നേഹിക്കുന്നു എന്ന വ്യാജേന നടത്തുന്ന ഈ പീഡനങ്ങള്‍ അവസാനിപ്പിച്ചേ പറ്റൂ. മാത്രമല്ല നാട്ടാന എന്ന വാക്കുതന്നെ മനുഷ്യസൃഷ്ടിയാണ്. കാട്ടാന മാത്രമേയുള്ളു.
കരിയും കരിമരുന്നും ഒഴിവാക്കാനാവശ്യപ്പെട്ട ഗുരുവിന്റെ നാട്ടിലാണിത് നടക്കുന്നത്. മറ്റെല്ലാ ഗുരുവചനങ്ങളേയും പോലെ ഇതും നാം മറക്കുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ മാത്രമല്ല. കടയുദ്ഘാടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പാര്‍ട്ടികളുടെ പരിപാടികളുമായി ബന്ധപ്പെട്ടതുമായ എല്ലാ ആഘോഷങ്ങള്‍ക്കും ബാധകമാക്കണം. അതിനായാണ് ഇനി കേരളം ശബ്ദമുയര്‍ത്തേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply