ഇടി മുഴങ്ങാത്ത വസന്തങ്ങള്‍

എ.എം. സജിത്ത് കെ. വേണു എന്ന പഴയ നക്‌സലൈറ്റ് ജീവിതം പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട്. സഫാരി ടെലിവിഷനില്‍, ഒരു കാലഘട്ടത്തിലെ ചരിത്രം തന്നിലൂടെ ഇതള്‍ വിടര്‍ത്തുന്നത് വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാവം തീര്‍ച്ചയായും കുറ്റബോധത്തിന്റേയോ ക്ഷമാപണത്തിന്റെയോ ആയിരുന്നില്ല. അറുപതാണ്ട് തികഞ്ഞ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു കാലത്തിന്റെ ഓര്‍മ നിര്‍മമതയോടെയും നിസ്സംഗതയോടെയും ഒട്ടൊരു പരിഹാസത്തോടെയുമാണ് അദ്ദേഹം പങ്കുവെക്കുന്നത്. വികാര തീവ്രതയോ ഗൃഹാതുരതയുടെ ഏച്ചുകെട്ടലുകളോ ഇല്ലാതെ സ്വതസ്സിദ്ധമായ ചിരിയോടെ, ചിലപ്പോഴൊക്കെ നല്ല പൊട്ടിച്ചിരിയുടെ അകമ്പടിയോടെ, അതേസമയം ബുദ്ധിപരമായ സത്യസന്ധതയോടെ […]

nnഎ.എം. സജിത്ത്

കെ. വേണു എന്ന പഴയ നക്‌സലൈറ്റ് ജീവിതം പറയുന്നത് കേള്‍ക്കാന്‍ രസമുണ്ട്. സഫാരി ടെലിവിഷനില്‍, ഒരു കാലഘട്ടത്തിലെ ചരിത്രം തന്നിലൂടെ ഇതള്‍ വിടര്‍ത്തുന്നത് വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാവം തീര്‍ച്ചയായും കുറ്റബോധത്തിന്റേയോ ക്ഷമാപണത്തിന്റെയോ ആയിരുന്നില്ല. അറുപതാണ്ട് തികഞ്ഞ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു കാലത്തിന്റെ ഓര്‍മ നിര്‍മമതയോടെയും നിസ്സംഗതയോടെയും ഒട്ടൊരു പരിഹാസത്തോടെയുമാണ് അദ്ദേഹം പങ്കുവെക്കുന്നത്. വികാര തീവ്രതയോ ഗൃഹാതുരതയുടെ ഏച്ചുകെട്ടലുകളോ ഇല്ലാതെ സ്വതസ്സിദ്ധമായ ചിരിയോടെ, ചിലപ്പോഴൊക്കെ നല്ല പൊട്ടിച്ചിരിയുടെ അകമ്പടിയോടെ, അതേസമയം ബുദ്ധിപരമായ സത്യസന്ധതയോടെ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പൊട്ടിവിടര്‍ന്ന് കൊഴിഞ്ഞുപോയ നക്‌സലൈറ്റ് വിപ്ലവത്തിന്റെ ചരിത്രവും വര്‍ത്തമാനവും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ചുവന്ന സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് തികഞ്ഞ ജനാധിപത്യവാദിയായി, പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി മാറി, വിപ്ലവ പാതകളില്‍നിന്ന് വേറിട്ടു നടക്കുന്ന വേണു, ഒരു കാലത്ത് കേരളത്തിന്റെ ചിന്തയെ ജ്വലിപ്പിച്ച മറ്റനേകം നക്‌സലൈറ്റുകളെപ്പോലെ ഇന്നും നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലും വര്‍ത്തമാനത്തിലും പ്രസക്തമായൊരു സാന്നിധ്യമായി നിറയുന്നുണ്ട്. സമകാലീന ഇടതുപക്ഷത്തെക്കുറിച്ചും, ഇടതുമൂല്യങ്ങളെക്കുറിച്ചും സി.പി.ഐ, സി.പി.എം തുടങ്ങിയ പാര്‍ട്ടികളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ തനതായ നിരീക്ഷണങ്ങളില്‍ നിലപാടുകളുടെ സത്യസന്ധതയും നിര്‍ഭയത്വവും വേറിട്ടുനില്‍ക്കുന്നു. പരാജയപ്പെട്ടുപോയ നക്‌സലൈറ്റ് രാഷ്ട്രീയ പരീക്ഷണങ്ങള്‍ കേരളത്തിന്റെ സിരാപടലങ്ങളില്‍ പടര്‍ത്തിയ സമരോര്‍ജത്തിന്റേയും നാടിന് പകര്‍ന്നുനല്‍കിയ മൂല്യങ്ങളുടെയും സ്മൃതിരേഖകളാണ് വേണുവിന്റെ വാക്കുകള്‍.
കേരളം ഇന്ന് മനുഷ്യാവകാശ സംരക്ഷണത്തിലും പൗരാവകാശ പോരാട്ടങ്ങളിലും മുന്‍നിരയില്‍ നില്‍ക്കുന്നുവെങ്കില്‍, നക്‌സലൈറ്റ് പ്രസ്ഥാനം ഉയര്‍ത്തിവിട്ട രാഷ്ട്രീയ ചിന്തകള്‍ക്ക് അതില്‍ വലിയൊരു സ്ഥാനമുണ്ട്്. പൊതുധാരയിലെ രാഷ്ടീയ പാര്‍ട്ടികളില്‍ മാത്രമല്ല, വിപ്ലവ പ്രവര്‍ത്തനം ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച മത, സാമുദായിക ചിന്തകളില്‍ അധിഷ്ഠിതമായ പ്രസ്ഥാനങ്ങളെപ്പോലും സ്വാധീനിക്കാന്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്നത് അത്ഭുതകരമായ യാഥാര്‍ഥ്യമാണ്. അവര്‍ ഉയര്‍ത്തിവിട്ട ചിന്തയുടെ കൊടുങ്കാറ്റ്, ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനരീതിയേയും, സംഘടനാ സംവിധാനങ്ങളേയും പ്രസിദ്ധീകരണങ്ങളെയും എന്തിന്, ഭാഷാരീതിയെപ്പോലും സ്വാധീനിച്ചുവെന്നത് നിസ്തര്‍ക്ക യാഥാര്‍ഥ്യമത്രെ. വസന്തത്തിന്റെ ഇടിമുഴക്കവും, അറബ് വസന്തവും തമ്മിലുള്ള അത്ഭുതകരമായ പദസാമ്യവും അത് നിര്‍ധാരണം ചെയ്യുന്ന വാഗര്‍ഥങ്ങളും കേരളത്തിലെങ്കിലും എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ സംജഞകളാണ്.
സ്ഥാപനവത്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍പോലും നക്‌സലിസം ഉയര്‍ത്തിവിട്ട കാല്‍പനിക വിപ്ലവത്തിന്റെ ആരവങ്ങളില്‍ വല്ലപ്പോഴും മുങ്ങിനിവരുമ്പോഴാണ് ജനകീയതയുടെയും ജനാഭിലാഷത്തിന്റേയും പ്രതിരൂപമെന്ന തോന്നലുളവാക്കുന്നത്. ഇടതുപക്ഷ ഭരണകൂടങ്ങള്‍, ഘടനയിലും പ്രവര്‍ത്തനത്തിലും സമീപനത്തിലുമെല്ലാം മുതലാളിത്ത പാര്‍ട്ടികളെ തോല്‍പിക്കുംവിധം വലതുപക്ഷവത്കരിക്കപ്പെടുകയും ഇരുപക്ഷങ്ങള്‍ തമ്മിലുള്ള മൗലിക വ്യത്യാസം മനസ്സിലാകാതെ വോട്ടുചെയ്ത സാധാരണ പൗരന്‍ അന്തംവിട്ടു നില്‍ക്കുകയും ചെയ്യുന്ന കാലത്ത്, പുള്ളിപ്പുലിയുടെ പുള്ളി തിരിച്ചറിയാന്‍ സഹായിക്കുന്നത് തീവ്ര ഇടതുപക്ഷം അവശേഷിപ്പിച്ചുപോയ നിഷ്‌കളങ്ക സ്വപ്‌നങ്ങളുടേയും ബൗദ്ധിക നിലപാടുകളെയും പച്ചപ്പിലാണ്. ആ അര്‍ഥത്തില്‍ കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം കേരളീയന്റെ ബൗദ്ധിക ജീവിതത്തിലെ വിജയിച്ച പ്രസ്ഥാനമായിത്തന്നെ നിലകൊള്ളുന്നു.
കെ. വേണു തന്നെ മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍, കമ്യൂണിസം വിജയകരമായ ഒരു ഭരണകൂടത്തെ മുന്‍പോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന പ്രത്യയശാസ്ത്രമെന്ന നിലയില്‍ പരാജയപ്പെട്ടതായി പറയുന്നുണ്ട്. കമ്യൂണിസം ഏകാധിപതികളെ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രമായി മാറുന്നതിന്റെ എമ്പാടും ഉദാഹരണങ്ങള്‍ വേണു പറയാതെ തന്നെ നമുക്കു ചുറ്റും യാഥാര്‍ഥ്യങ്ങളായി നിലകൊളളുന്നത് തിരിച്ചറിയാനാകും. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ, വിശിഷ്യാ സി.പി.എമ്മിനെ വിലയിരുത്തുമ്പോള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വേരുപടര്‍ത്തുന്ന ഏകാധിപത്യ പ്രവണതകളെ വേണു നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ നക്‌സലൈറ്റ് പോരാട്ടത്തിലെ മുന്‍നിരപ്പോരാളികളിലൊരാളായ പി.ടി. തോമസും ഇതേ വികാരം പങ്കുവെക്കുന്നയാളാണ്. വിമോചനപ്പോരാട്ടങ്ങളിലൂടെ നിലവില്‍ വരുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തീവ്രമായ സ്വേഛാധിപത്യമായി മാറുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വലിയ ഉന്മൂലനങ്ങള്‍ നടന്നത്, പ്രത്യേകിച്ച് സ്റ്റാലിന്‍ നടത്തിയത് വലിയ ഞെട്ടലോടെയാണ് നാം പിന്നീട് വായിക്കുന്നത്. അപ്പോള്‍ കമ്യൂണിസത്തോടുള്ള വിശ്വാസം പോകുന്നുണ്ട്. നമ്മുടെ പൂര്‍വികരുടെ സുകൃതം കൊണ്ടാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈര്‍ക്കില്‍ പാര്‍ട്ടികളായിപ്പോയതെന്നും അവരെ ഭരണത്തില്‍ കയറ്റാന്‍ കൊള്ളില്ലെന്നും കിട്ടിയാല്‍ അവര്‍ ചെയ്യുന്നതു ഉന്മൂലനമാണെന്നും മാതൃഭൂമി അഭിമുഖത്തില്‍ പി.ടി തോമസ് തുറന്നു പറയുന്നത് കമ്യൂണിസത്തോടുള്ള വെറുപ്പില്‍നിന്നല്ല. റഷ്യയില്‍ സംഭവിച്ചപോലെ അടുത്ത സഖാക്കളെപ്പോലും തട്ടിക്കളയുമെന്നും മനുഷ്യാവകാശങ്ങള്‍ ഉണ്ടാകില്ലെന്നും തോമസ് പറയുന്നത് സ്ഥാപനവത്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പോക്കിനെക്കുറിച്ച പരമ്പരാഗത നക്‌സലൈറ്റ് കാഴ്ചപ്പാട് പുലര്‍ത്തിക്കൊണ്ടുതന്നെയാണ്. അതേശ്വാസത്തില്‍ തന്നെയാണ് പ്രതിരോധത്തിന്റേയും ചെറുത്തുനില്‍പിന്റേയും പോരാട്ടത്തിന്റേയും പ്രത്യയശാസ്ത്രം മാര്‍ക്‌സിസമാണെന്നും അത് കാലഹരണപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നത്. മാര്‍ക്‌സിസം അധികാര ബാഹ്യമായ പോരാട്ടങ്ങളുടെ പ്രത്യയശാസ്ത്രം മാത്രമാണെന്നും ഒരു തിരുത്തല്‍ ശക്തിയായാണ് അതിന്റെ പ്രസക്തിയെന്നുമുള്ള നിലപാടിന്റെ ഊട്ടിയുറപ്പിക്കലാണത്. ജനാധിപത്യത്തിന്റെ മഹത്വവും ജനാധിപത്യ ഭരണകൂടങ്ങളിലുള്ള വിശ്വാസവും ഊന്നിപ്പറയുമ്പോള്‍ കെ. വേണുവും ഇതേ നിലപാടിലേക്ക് വരുന്നതായി കാണാം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളായായാലും മത, സാമൂഹിക, നവ വിപ്ലവ പ്രസ്ഥാനങ്ങളായാലും ഊര്‍ജം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതും ഈ നിലപാടില്‍നിന്നാണ്. അതുകൊണ്ടാണ് തോറ്റുപോയ വിപ്ലവം ഇപ്പോഴും കേരളത്തിന്റെ സമര സിരാപടലങ്ങളെ കോള്‍മയിര്‍ കൊള്ളിക്കുന്നത്.
സമീപകാല ചരിത്രത്തില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ഓപറേഷനെ പൊതുസമൂഹം സ്വീകരിച്ച രീതി തന്നെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങള്‍ സാധാരണക്കാരില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ തെളിവായി പലരും എടുത്തുകാട്ടുകയുണ്ടായി. വലതുപക്ഷ ചിന്തയും രാഷ്ട്രീയവും പിന്തുടരുന്ന ഒരു സമൂഹത്തില്‍ വലിയ ആഘോഷമായി മാറേണ്ടതായിരുന്നു നിലമ്പൂര്‍ കാടുകളിലെ മാവോവേട്ട. മാവോയിസ്റ്റ് നേതാക്കളെ വെടിവെച്ചുകൊന്ന പോലീസിന് വീരോചിത സ്വീകരണം കിട്ടേണ്ടതായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. മുഖ്യഭരണകക്ഷികളിലൊന്ന് തന്നെ പോലീസ് ആക്്ഷനെതിരെ പരസ്യമായി രംഗത്തുവന്നു. മാവോവേട്ടയില്‍ പോലീസിനെ അഭിനന്ദിക്കാന്‍ പ്രതിപക്ഷ നേതാവാണ് രംഗത്തുണ്ടായിരുന്നത് എന്നത് കൗതുകകരമായ യാഥാര്‍ഥ്യമായി. മാവോയിസം രാഷ്ട്രത്തിന്റെ വികസന സ്വപ്‌നങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായി വിശേഷിപ്പിക്കപ്പെട്ട ഒരു രാജ്യത്ത്് വാസ്തവത്തില്‍ സര്‍ക്കാരിന്റെ വന്‍ നേട്ടമായി വിലയിരുത്തപ്പെടേണ്ടതായിരുന്നു നിലമ്പൂര്‍ കൊലപാതകങ്ങള്‍. എന്നാല്‍ ഉന്നതമായ മനുഷ്യാവകാശത്തിന്റേയും മാനവികതയുടേയും ഉദാത്തബോധമാണ് ഈ സംഭവം വിലയിരുത്തുന്നതില്‍ കേരളീയ പൊതുസമൂഹം കാണിച്ചത്.
നക്‌സലൈറ്റുകളുടെ പാത ശരിയാണെന്നോ അവര്‍ വിപ്ലവം തോക്കിന്‍കുഴലിലൂടെ വരുത്തുമെന്നോ ഇവിടെയാരും വിശ്വസിക്കുന്നില്ല. ഉന്മൂലന സിദ്ധാന്തമാകട്ടെ, സ്വയം ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലുമാണ്. ഹിംസ, ആരുടെ ഭാഗത്തുനിന്നായാലും, എന്തിനുവേണ്ടിയായാലും അംഗീകരിക്കാന്‍ പറ്റുന്ന വിശ്വാസമല്ല നമ്മേടേത്. എന്നിട്ടും നക്‌സലൈറ്റുകളില്‍ എന്തൊക്കെയോ ശരികള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കുന്നുവെന്നതും പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലും അത് സ്വാധീനിക്കുന്നുവെന്നതും ശക്തമായ യാഥാര്‍ഥ്യമായി നിലകൊള്ളുന്നു. സമരങ്ങള്‍ക്ക് ജനകീയ പിന്തുണ ഉണ്ടാകുമ്പോഴും ചെറു സംഘങ്ങള്‍ ഒരു സര്‍ക്കാരിന്റെ സര്‍വസന്നാഹങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും അതിന് പിന്നില്‍ നക്‌സലൈറ്റുകളുടെ സ്വാധീനം നമ്മുടെ രാഷ്ട്രീയ നേതാക്കളും ഭരണകൂടവും കണ്ടെത്തുന്നത് ഈ അനിഷേധ്യ യാഥാര്‍ഥ്യത്തില്‍നിന്ന് ഉടലെടുത്ത ഭീതികൊണ്ടാണ്.
കേരളത്തില്‍ ജനകീയ പിന്തുണയാര്‍ജിച്ച അനേകം സമരങ്ങള്‍ക്ക് നക്‌സല്‍ ചിന്തകള്‍ പ്രചോദനമേകിയിട്ടുണ്ട് എന്നത് അവിതര്‍ക്കിതമാണ്. നക്‌സല്‍ സംഘടനകള്‍ക്കോ നേതാക്കള്‍ക്കോ ഇത്തരം സമരങ്ങളില്‍ വലിയ പങ്കൊന്നുമില്ലെങ്കിലും അവ അങ്ങനെ വിലയിരുത്തപ്പെടുന്നതില്‍ ആരും അപകടവും കാണുന്നില്ല. നക്‌സല്‍ അവശേഷിപ്പുകളായി നിലകൊള്ളുന്ന ചെറുസംഘങ്ങളും ഒറ്റപ്പെട്ട നേതാക്കളും ചിലപ്പോഴൊക്കെ ഇത്തരം സമരങ്ങളുടെ ഭാഗമായി മാറാറുണ്ടെങ്കിലും അതൊന്നും നക്‌സലൈറ്റ് വിപ്ലവമായോ സമരമായോ വിലയിരുത്തപ്പെടാറില്ല. മാത്രമല്ല, നക്‌സലിസത്തിന് പ്രചോദനമായി വര്‍ത്തിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയല്ല ഇത്തരം സമരങ്ങള്‍ക്കുള്ളതെന്നതും സത്യമാണ്. കേരളത്തിലെ ശ്രദ്ധേയമായ ഭൂസമരങ്ങള്‍, ആദിവാസി സമരങ്ങള്‍, മാലിന്യ വിരുദ്ധ സമരങ്ങള്‍ എന്നിവയിലൊക്കെ ഇത്തരം പ്രചോദനങ്ങള്‍ കാണാമെന്നത് അവര്‍ സൃഷ്ടിച്ച ചിന്താപരമായ വിപ്ലവത്തിന്റെ അനന്തരഫലമായി വിലയിരുത്താനാവും. നക്‌സലൈറ്റ്, മാവോയിസ്റ്റ് അനുഭാവമുള്ളവരും അങ്ങനെ മേനി നടിക്കുന്നവരുമായ നിരവധി മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ, അവരുടെ മൗലിക ചിന്തയുടെ വിരുദ്ധ ഭാഗത്ത് നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുമായും പ്രസിദ്ധീകരണങ്ങളുമായും മനഃക്ലേശമില്ലാതെ താദാത്മ്യപ്പെടുന്നത് തീവ്ര ഇടതുപക്ഷമൂല്യങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വീകാര്യതയുടെ വലിയ തെളിവായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വസന്തത്തിന്റെ ഇടിമുഴക്കവുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച നക്‌സല്‍ബാരിക്ക് അരനൂറ്റാണ്ട് പ്രായമാകുമ്പോള്‍, അത് അവശേഷിപ്പിക്കുന്നത് ചിന്തയുടെ ഈ സ്ഫുലിംഗങ്ങള്‍ മാത്രമാണ്. പകരുന്നത് നിതാന്തമായ സമരോര്‍ജമാണ്. പഠിപ്പിക്കുന്നത് മനുഷ്യാവകാശങ്ങളുടെ പുതിയ പാഠങ്ങളാണ്. മാറിയ കേരളീയ സാഹചര്യത്തില്‍, ഗള്‍ഫും മധ്യവര്‍ഗ സാമ്പത്തിക പരീക്ഷണങ്ങളും സൃഷ്ടിച്ച പുതിയ മലയാളിക്ക് നക്‌സലൈറ്റിനെ ആവശ്യമില്ല. അതിനാല്‍ ആദിവാസിക്കുടികളിലും ദളിത് കൂരകളിലും മാത്രമാണ് അത് വിമോചന പ്രതീക്ഷകള്‍ പകരുന്നത്. അറുപതാണ്ടത്തെ ജനാധിപത്യം പാകപ്പെടുത്തിയ കേരളത്തില്‍ ഇനിയുള്ള വസന്തങ്ങളില്‍ ഇടിമുഴങ്ങില്ല. വിപ്ലവത്തിന്റെ പുതുനാമ്പുകള്‍ മുളക്കില്ല. അപ്പോഴും നമ്മുടെ സ്വപ്‌നങ്ങളില്‍ പക്ഷെ, ഒരു നക്‌സലൈറ്റ്് തോക്കും തിരയും ചുവന്ന പ്രതീക്ഷകളുമായി ആവേശം പടര്‍ത്തിക്കൊണ്ടിരിക്കും.

മലയാളം ന്യൂസ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply