ആ ഏഴുലക്ഷം ഹെക്ടര്‍ വയലുണ്ടായിരുന്നുവെങ്കില്‍..

കെ. പി. ഇല്യാസ് വയലും ഒരു പുഴയാണ്. നീണ്ട് പരന്ന് ആഴം കുറഞ്ഞ പച്ചപ്പട്ടു വിരിച്ച് പുഴകള്‍ക്ക് സമാന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന മറ്റൊരു പുഴ. ഓരോ പാടശേഖരവും അതിന് താഴെയുള്ള മറ്റൊരു പാടശേഖരവുമായി കണ്ണി ചേര്‍ക്കുന്ന ചാലുകളും തോടുകളുമുള്ള പുഴ. ആ തോടുകള്‍ വന്ന് ചേരുന്നത് മിക്കവാറും അടുത്തുള്ള പുഴകളിലേക്കോ ജലാശയങ്ങളിലേക്കോ ആകും. പുഴകളില്‍ വെള്ളം കൂടുമ്പോള്‍ നേരെ തിരിച്ചും ഈ തോടുകള്‍ നിറഞ്ഞ് ഈ വെള്ളം വയലുകളില്‍ വന്ന് നിറയും. പുഴയുടെ റിസര്‍വോയറുകളായി വയലുകള്‍ മാറും. മലമേട്ടില്‍ […]

nel

കെ. പി. ഇല്യാസ്

വയലും ഒരു പുഴയാണ്. നീണ്ട് പരന്ന് ആഴം കുറഞ്ഞ പച്ചപ്പട്ടു വിരിച്ച് പുഴകള്‍ക്ക് സമാന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന മറ്റൊരു പുഴ. ഓരോ പാടശേഖരവും അതിന് താഴെയുള്ള മറ്റൊരു പാടശേഖരവുമായി കണ്ണി ചേര്‍ക്കുന്ന ചാലുകളും തോടുകളുമുള്ള പുഴ. ആ തോടുകള്‍ വന്ന് ചേരുന്നത് മിക്കവാറും അടുത്തുള്ള പുഴകളിലേക്കോ ജലാശയങ്ങളിലേക്കോ ആകും. പുഴകളില്‍ വെള്ളം കൂടുമ്പോള്‍ നേരെ തിരിച്ചും ഈ തോടുകള്‍ നിറഞ്ഞ് ഈ വെള്ളം വയലുകളില്‍ വന്ന് നിറയും. പുഴയുടെ റിസര്‍വോയറുകളായി
വയലുകള്‍ മാറും. മലമേട്ടില്‍ നിന്നൊഴുകി വന്ന ഈ വളക്കൂറുള്ള വെള്ളം സംഭരിക്കാന്‍ വയലിന് ഇഷ്ടമാണ്. വയലിന്റെ മണ്ണിന് ഉര്‍വരത നല്‍കുന്നത് ഈ മലവെള്ളമാണ്. ഉള്‍നാടന്‍ മത്സ്യങ്ങളും ഈ തോടുകള്‍ വഴി വയലിലേക്കെത്തും. മഴ കുറയുമ്പോള്‍ ജൈവാംശം എടുത്ത് വെള്ളം തിരിച്ച് പുഴയിലേക്കു തന്നെ വയല്‍ നല്‍കും. അതിനിടയ്ക്ക് ലക്ഷ കണക്കിന് ലിറ്റര്‍ ജലം വേനല്‍ക്കാലത്തേയ്ക്കുള്ള നീക്കിയിരിപ്പിനായി മണ്ണിലേക്കാഴ്ത്തും.
പുഴകള്‍ക്കു കുറുകെയുള്ള അണക്കെട്ടുകള്‍ പോലെ വയലുകള്‍ക്കു കുറുകെയും ആയിരക്കണക്കിന് അണക്കെട്ടുകള്‍ പണിതിട്ടുണ്ട്. വയലിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഷട്ടറുകള്‍ വെയ്ക്കാത്ത അണക്കെട്ടുകള്‍! പേരിന് നടുവിലൊരു ഓവ് പണിയും. ചിലയിടങ്ങളില്‍ അതുപോലുമുണ്ടാകില്ല. വയലിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന റോഡുകളും റെയില്‍പാളങ്ങളുമായ ഈ അണക്കെട്ടുകള്‍ ജലാഗമന നിര്‍ഗമന മാര്‍ഗങ്ങളെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ പലയിടത്തും നെല്‍കൃഷി ദുഷ്‌കരമായിതീര്‍ന്നു. ആവശ്യത്തിന് ഓവുകളില്ലാത്തതു കൊണ്ട് വെള്ളം നിയന്ത്രിക്കാന്‍ പ്രയാസമായി. റോഡുകളിലൂടെ നാട്ടിലേക്ക് വികസനം കടന്നു വന്നു. ആ വികസനം നാണ്യവിളകളായി, കെട്ടിടങ്ങളായി വന്ന് നെല്‍കൃഷി ചെയ്യാത്ത വയലുകളെ കാര്‍ന്നു തിന്നു. വികസന ബ്രാഹ്മണ്യത്തിന്റെ കാഴ്ചപ്പാടില്‍ വയലും നെല്‍കൃഷിയും തീണ്ടാപാടകലെയായി. ഒരു പഞ്ചായത്തിന്റെ അഞ്ചു വര്‍ഷത്തെ വികസന പദ്ധതികളില്‍ റോഡുകള്‍ക്കാണ് പ്രഥമ പരിഗണന. ആ നാട്ടിലെ വയലുകള്‍ക്കോ വയലില്‍ വിളയുന്ന അന്നത്തിനോ മറ്റു ജലസ്രോതസ്സുകള്‍ക്കോ അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കോ വേണ്ടത്ര സ്ഥാനമില്ല. ഏറ്റവും അവസാനം, ചട്ടപ്പടി സബ്‌സിഡിയായി വര്‍ഷാവര്‍ഷം തുച്ചമായ തുക നെല്‍കൃഷിക്ക് മാറ്റിവെച്ചത് മാത്രം കിട്ടുന്നു. ഈ വയലുകള്‍ വഹിക്കുന്ന പരിസ്ഥിതി സാമൂഹിക സേവനങ്ങളുടെ മൂല്യമെടുത്തു നോക്കിയാല്‍ ഈ തുക ഒന്നുമല്ല. വയലിനെക്കാളും പ്രാധാന്യം കരഭൂമിക്കാണ് ഇന്ന്. ഒരു നാട്ടിലെ വയലുകളേക്കാളും ഇരുപതോ മുപ്പതോ ഇരട്ടിയാണ് ആ നാട്ടിലെ കരഭൂമിയുടെ വില. ശരിക്കും നേരെ തിരിച്ചാണ് വേണ്ടത്. ഒരു ഹെക്ടര്‍ വയല്‍ വര്‍ഷാവര്‍ഷം നല്‍കുന്ന പാരിസ്ഥിതിക സാമൂഹിക സാമ്പത്തിക മൂല്യം 90. 97 ലക്ഷം രൂപയാണ്. നെല്ലിന് വിലയില്ലാത്തുകൊണ്ട് മറ്റേതൊരു തൊഴില്‍മേഖലയേക്കാളും വരുമാനം കുറഞ്ഞ തൊഴിലായി നെല്‍കൃഷി മാറി. വിലയില്ലാത്ത വയലും വിലയില്ലാത്ത നെല്ലും കര്‍ഷകര്‍ ഉപേക്ഷിക്കുവാന്‍ തുടങ്ങി. നിര്‍ബാധം വയലുകള്‍ നികത്തി.
1975-76 കാലഘട്ടത്തില്‍ നമ്മുടെ നാട്ടില്‍ 8.76 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്നു. അത് 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഇതാ വീണ്ടും കുറഞ്ഞ് ഹെക്ടറായി കുറഞ്ഞിരിക്കുന്നു. ഇത് 1975-76 അപേക്ഷിച്ച് 80.43 ശതമാനമാണ് കുറഞ്ഞത്. 2008 ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വന്നതിനു ശേഷം പോലും ഏകദേശം 61000 ഹെക്ടര്‍ നെല്‍കൃഷി വീണ്ടും കുറഞ്ഞു. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ഇത് സംഭവിച്ചത്. ഇന്ന് തരിശ് കിടക്കുന്ന നെല്‍വയലുകള്‍ ഒരു ലക്ഷം ഹെകടറിനടുത്തു വരുമെന്നാണ് കണക്ക്. ഇപ്പോള്‍ 2008 ലെ നിയമം ഭേദഗതി ചെയ്ത് വീണ്ടും വയല്‍ നികത്താനുള്ള ഒത്താശകള്‍ ചെയ്തു കൊടുക്കുന്നു. കൂടുതല്‍ അപകടത്തിലേക്കായിരിക്കും ഇത് കൊണ്ടു പോകുക. കഴിഞ്ഞ 40 വര്‍ഷത്തിനിടയ്ക്ക് മാത്രം ഏഴു ലക്ഷം ഹെക്ടറിനടുത്ത് വയലുകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. ആ വയലുകള്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ ഈ പ്രളയദുരിതത്തിന്റെ കെടുതികള്‍ കുറയ്ക്കാമായിരുന്നു. ചിലപ്പോള്‍ ചിലയിടങ്ങളില്‍ നെല്‍കൃഷി നശിക്കുമായിരിക്കും. അത് ഞങ്ങള്‍ കര്‍ഷകര്‍ക്ക് ഒരു പ്രശ്‌നമല്ല. അല്ലെങ്കിലും വലിയ ലാഭമുണ്ടായിട്ടല്ല ഈ നെല്‍കൃഷി തുടര്‍ന്നു പോരുന്നത്. ഒരു സീസണിലെ കൃഷി നശിച്ചാലൊക്കെ സഹിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്ക് അതിനെക്കാളും വലുതാണ് മനുഷ്യജീവനുകള്‍. ദയവായി ഈ നാടിന്റെ രക്ഷയ്ക്കുവേണ്ടി ഇനിയുള്ള വയലുകളെങ്കിലും നമുക്ക് സംരക്ഷിക്കണം. അല്ലെങ്കില്‍ ഇതിനെക്കാളും വലിയ ദുരന്തം നാം നേരിടേണ്ടി വരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply