ആലഞ്ചേരിയും തേലേക്കാട്ടും ഉരുണ്ടുകളിക്കുന്നു….

ജോസഫ് കഴിഞ്ഞ ദിവസം പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയില്‍ മാര്‍പാപ്പ പ്രപഞ്ചോല്‍പത്തിയെക്കുറിച്ചു പോപ്പ് നടത്തിയ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നു. പ്രപഞ്ചോല്‍പത്തിയെയും ജീവോല്‍പത്തിയേയും കുറിച്ച് കാലങ്ങളായുള്ള സഭയുടെ വിശ്വാസങ്ങള്‍ തിരുത്താന്‍  ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായപ്പോള്‍ അതിനെ തള്ളാനും കൊള്ളാനും പറ്റാതെ എല്ലാ മൗലിക വിശ്വാസികളും പറയാറുള്ള പോലെ ദൈവം ചെയ്തത് ശാസ്ത്രം കണ്ടെത്തി എന്നാണ് കേരളത്തിലെ സഭാ വക്താവ് ഫാ : പോള്‍ തേലക്കാട്ട് […]

popeജോസഫ്

കഴിഞ്ഞ ദിവസം പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയില്‍ മാര്‍പാപ്പ പ്രപഞ്ചോല്‍പത്തിയെക്കുറിച്ചു പോപ്പ് നടത്തിയ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറയുന്നു. പ്രപഞ്ചോല്‍പത്തിയെയും ജീവോല്‍പത്തിയേയും കുറിച്ച് കാലങ്ങളായുള്ള സഭയുടെ വിശ്വാസങ്ങള്‍ തിരുത്താന്‍  ഫ്രാന്‍സിസ് മാര്‍പാപ്പ തയ്യാറായപ്പോള്‍ അതിനെ തള്ളാനും കൊള്ളാനും പറ്റാതെ എല്ലാ മൗലിക വിശ്വാസികളും പറയാറുള്ള പോലെ ദൈവം ചെയ്തത് ശാസ്ത്രം കണ്ടെത്തി എന്നാണ് കേരളത്തിലെ സഭാ വക്താവ് ഫാ : പോള്‍ തേലക്കാട്ട് പറയുന്നത്.
ദൈവം പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണെന്നതും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍വഴിയാണ് അനശ്വരമായ ആത്മാവ് സഹിതം മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നതും സഭയുടെ അനിഷേധ്യമായ പ്രബോധനമാണ്, പരിണാമ സിദ്ധാന്തമോ മഹാവിസ്‌ഫോടന സിദ്ധാന്തമോ മുന്നോട്ടു വയ്ക്കുന്ന ചിന്തകളൊന്നും ഒരു വിധത്തിലും ഒരു വിശ്വാസിയെ സംബന്ധിച്ച് ഈ പ്രബോധനത്തിനു വിരുദ്ധമായി നില്‍ക്കുന്നില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞതെന്നാണ് ആലഞ്ചേരി പിതാവ് പറയുന്നത്.
തേലേക്കാട്ടും ആലഞ്ചേരിയും കഷ്ടപ്പെടുകയാണ്. പോപ്പിനെ തള്ളാനാകില്ല, അതോടൊപ്പം പരമ്പരാഗത വിശ്വാസങ്ങള്‍ തള്ളാനാകില്ല. ഇത്തരമൊരു പ്രതിസന്ധിയിലാണവര്‍.
പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ആധുനികശാസ്ത്ര സിദ്ധാന്തമായ മഹാവിസ്‌ഫോടനവും (ബിഗ് ബാങ് തിയറി) ജീവോല്‍പത്തി വിശദീകരിക്കുന്ന പരിണാമവാദവും ശരിയാണെന്നുതന്നെയാണ് പോപ്പിന്‌റെ അഭിപ്രായം. സ്വാഭാവികമായും അവ ദൈവത്തെയും സൃഷ്ടിവാദത്തെയും നിരാകരിക്കുന്നില്ലെന്ന് പോപ്പ് കൂട്ടിചേര്‍ക്കുന്നുണ്ട്. ദൈവസങ്കല്‍പത്തെ വിശദീകരിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ ആവശ്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് പോപ്പ് പറയുന്നു. പാരമ്പര്യമായി തുടരുന്ന ദൈവസങ്കല്‍പവും മാറേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നി.  ഉല്‍പത്തി പുസ്തകം വായിക്കുമ്പോള്‍ നമുക്ക് തോന്നുക, ദൈവം ഒരു മജീഷ്യനാണെന്നാണ്. എന്നാല്‍, അങ്ങനെയല്ല. ദൈവം ജീവജാലങ്ങളെ സൃഷ്ടിച്ചു. പിന്നീട് അവയെ പ്രകൃതിയുടെ നിയമമനുസരിച്ച് വളര്‍ത്തി. ഇതുതന്നെയാണ് പരിണാമ സിദ്ധാന്തത്തിന്റെയും കാതല്‍. അതുകൊണ്ടുതന്നെ, സൃഷ്ടിയുടെ കാരണത്തെ പരിണാമവാദം ഇല്ലാതാക്കുന്നില്ല.
തീര്‍ച്ചയായും ദൈവമല്ല ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന് പറയാന്‍ പോപ്പിനാകില്ല. പക്ഷെ, കാതലായ ഒരു വിച്ഛേദനം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നല്ല, ജവജാലങ്ങളെ സൃഷ്ടിച്ചു എന്നാണ് പോപ്പ് പറയുന്നത്. പിന്നീട് പരിണാമസിദ്ധാന്തപ്രകാരം പരിണമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ കാതല്‍. അതൊരു കുതിച്ചുചാട്ടം തന്നെയാണ്. ദൈവം ആറുദിവസം കൊണ്ട് പ്രപഞ്ചവും മനുഷ്യരടക്കമുള്ള മുഴുവന്‍ ജീവജാലങ്ങളേയും സൃഷ്ടിച്ചു എന്നാണ് പരമ്പരാഗത വിശ്വാസം. ആ വാദമാണ് അദ്ദേഹം തള്ളിയിരിക്കുന്നത്. അതോടെ വിഖ്യാതമായ ആദമിന്റേയും ഹവ്വയുടേയും കഥയും.
സമാനമാണ് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള മഹാവിസ്‌ഫോടനത്തിന്റെ വിഷയവും. ഭൂമിയെ കേന്ദ്രമാക്കിയുള്ള സഭയുടെ പ്രപഞ്ചസിദ്ധാന്തത്തിന് കടകവിരുദ്ധമാണത്. വികസിക്കുന്ന പ്രപഞ്ചം എന്ന ആശയവും മഹാസ്‌ഫോടന സിദ്ധാന്തത്തിന്റെ തുടര്‍ച്ചതന്നെ. അതും എല്ലാം ദൈവം സൃഷ്ടിച്ചു എന്ന വിശ്വാസത്തിന് എതിരുതന്നെ.
ദൈവം മായാജാലക്കാരനായിരുന്നുവെന്നും തന്റെ കഴിവുകള്‍ കൊണ്ട് ലോകം സൃഷ്ടിച്ചുവെന്നും പറയപ്പെടുന്ന ഉല്‍പ്പത്തി പുസ്തകത്തിലെ വ്യാഖ്യാനം ശരിയല്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. ആറോ ഏഴോ ദിവസം കൊണ്ടല്ല പ്രപഞ്ചം ഈ രീതിയിലായത്. കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ് ലോകം ഇത്തരത്തിലായത്. ജീവജാലങ്ങളെ ദൈവമാണ് സൃഷ്ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാവിസ്‌ഫോടന സിദ്ധാന്തം പ്രപഞ്ചോല്‍പ്പത്തിയെ വിശദീകരിക്കുന്ന മാതൃക മാത്രമാണ്. അവ ദൈവത്തെയോ സൃഷ്ടിവാദത്തെയോ നിരാകരിക്കുന്നില്ല. അതിനാല്‍ത്തന്നെ സഭയുടെ നിലപാടും സിദ്ധാന്തവും തമ്മില്‍ വ്യത്യാസമില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു. പാരമ്പര്യമായി തുടരുന്ന ദൈവസങ്കല്‍പ്പം മാറേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
പോപ്പിന്‌റെ പുതിയ വാക്കുകള്‍ പരമ്പരാഗത വിശ്വാസത്തിന് എതിരല്ല എന്ന വാദം ഉയരുന്നുണ്ടല്ലോ. സത്യത്തില്‍ അതു ശരിയാണോ? അല്ല എന്നതിന് എത്രയോ ഉദാഹരണങ്ങള്‍. ഉല്‍പ്പത്തിയിലെ വിവരണം അനുസരിച്ച് സസ്യങ്ങള്‍ വളരെ നേരത്തെ ഉണ്ടായി. എന്നാല്‍ പരിണാമത്തില്‍ സസ്യങ്ങളുടെ ആവിര്‍ഭാവം വളരെ കഴിഞ്ഞാണ് സംഭവിക്കുന്നത്. ഉല്‍പ്പത്തിയില്‍ മത്സ്യങ്ങളും പക്ഷികളും സൃഷ്ടിക്കപ്പെട്ടത് ഒരേ ദിവസമാണ്. എന്നാല്‍ പരിണാമമനുസരിച്ചു മത്സ്യങ്ങള്‍ പരിണമിച്ച് ഉരഗങ്ങളും അവ പരിണമിച്ച് സസ്തനികളും അവയില്‍ നിന്ന് പിന്നീട് പക്ഷികളുമുണ്ടായി. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയെ ദൈവം ഉണ്ടാക്കിയത് നാലാം ദിവസമാണ്. എന്നാല്‍ പരിണാമമനുസരിച്ച് മറ്റെല്ലാറ്റിലും മുന്‍പേ ജീവന്റെ സാധ്യത ഉളവാകേണ്ടതിന് സൂര്യന്‍ ഉണ്ടായിരിക്കേണ്ടത് ഉല്‍പ്പത്തിയിലെ വിവരമനുസരിച്ച് ‘താന്‍ ഉണ്ടാക്കിയ എല്ലാ മൃഗങ്ങള്‍ക്കും പേരിടുവാനും സകലത്തേയും അടക്കി ഭരിക്കുവാനും ദൈവം മനുഷ്യരോട് കല്പിച്ചു’ (ഉല്‍പ്പത്തി.1:28). പരിണാമത്തിലെ കാലക്കണക്കനുസരിച്ച് മനുഷ്യന്‍ രംഗപ്രവേശം ചെയ്യുന്നതിനും അനേകം യുഗങ്ങള്‍ക്ക് മുന്‍പ് തന്നെ അവയില്‍ പല വര്‍ഗ്ഗങ്ങള്‍ക്കും വംശനാശം സംഭവിച്ചു. ഇത് എങ്ങനെ പൊരുത്തപ്പെടുത്തുവാന്‍ കഴിയും?
ബൈബിള്‍ പ്രകാരം ജലപ്രളയകാലം വരെ അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മനുഷ്യന്‍ ഉണ്ടാകുന്നത് വരെയെങ്കിലും ഭൂമിയില്‍ മഴ പെയ്തിരുന്നില്ല (ഉല്‍പ്പത്തി.2:5, എബ്രാ.11:7). എന്നാല്‍ ഭൂമി ആദ്യം തണുത്തുറഞ്ഞ കാലം മുതല്‍ മഴയുണ്ടായിരുന്നു എന്നാണ് ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരുടെ നിഗമനം.
ഉല്‍പ്പത്തി.2:13 വരെയുള്ള സൃഷ്ടി സംക്ഷേപത്തില്‍ ദൈവത്തിന്റെ സൃഷ്ടി വേലയെല്ലാം ആറ് ദിനം കൊണ്ട് തീര്‍ന്നു എന്ന് പറയുന്നു. അതിനുശേഷം ദൈവം സൃഷ്ടി സംബന്ധമായ വേലയോന്നും ചെയ്തില്ല. അതായത്, ആറാം ദിനത്തോടെ സൃഷ്ടി സമ്പൂര്‍ണ്ണമായി അവസാനിച്ചു. എന്നാല്‍ ലോകം ഉളവാകുവാന്‍ കാരണമായ പ്രവര്‍ത്തന ക്രമങ്ങള്‍ എല്ലാം ഇന്നും അതേപടി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ഭൂഗര്‍ഭശാസ്ത്രജ്ഞരുടേയും ജീവശാസ്ത്രജ്ഞരുടേയും അവകാശവാദങ്ങള്‍ക്ക് യോജിക്കുന്നതല്ല ഈ വസ്തുതകള്‍.
തീര്ച്ചയായും പരപ്രരാഗത വിശ്വാസത്തെ ന്യായീകരിക്കാന്‍ പല സിദ്ധാന്തങ്ങളും നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ദിവസം എന്ന് പറയുന്നത് 24 മണിക്കൂറല്ല എന്നും ഒരു പക്ഷെ യുഗങ്ങള്‍ തന്നെയാകാമെന്നുമാണ് ഒന്ന്. സൃഷ്ടി – പുനസൃഷ്ടി സിദ്ധാന്തമെന്ന പോരിലും ചില വിശദീകരണങ്ങളുണ്ട്. ദൈവിക ഇടപെടലോടെയാണ് പരിണാമം സംഭവിച്ചതെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ ഈ വ്യാഖ്യനങ്ങളൊന്നും രണ്ടുവിശ്വാസങ്ങളെ സമന്വയിപ്പിക്കാന്‍ പര്യാപ്തമല്ല എന്നതാണ് വസ്തുത. എന്നിട്ടും അതിനാണ് തേലേക്കാട്ടും ആലഞ്ചേരിയും ശ്രമിക്കുന്നത്.
ദൈവം ഈ ലോകത്തിലെ സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ച് ഓരോന്നിനും നല്‍കപ്പെട്ട ആന്തരിക നിയമം അനുസരിച്ച് വളരാനും വികസിക്കാനും ഓരോന്നിന്റെയും സത്തയുടെ പൂര്‍ണതയിലേക്കെത്താനുമുള്ള സ്വാതന്ത്ര്യവും അവസരവും നല്‍കിയെന്നാണ് മാര്‍പാപ്പാ പറഞ്ഞതെന്നാണ് ഇവരുടെ വാദം.
ഈ വളര്‍ച്ചയുടെ ഘട്ടത്തെ വ്യത്യസ്ത സിദ്ധാന്തങ്ങളിലൂടെ പലരും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നുവെന്നുമാത്രം. പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ച് എന്തുതന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാലും അതിന്റെ പിന്നില്‍ ദൈവത്തിന്റെ കരം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇതോടൊപ്പം പിതാവാ മറ്റൊന്നു കൂടി പറയുന്നു – പരിണാമ സിദ്ധാന്തവും മഹാവിസ്‌ഫോടന സിദ്ധാന്തവും ഇപ്പോഴും പരികല്‍പനകള്‍ മാത്രമാണ്. അതായത്, ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്ന സിദ്ധാന്തങ്ങള്‍. പോപ്പ് പറയുന്നതിനു കടകവിരുദ്ധം. അടിസ്ഥാന മൂലവസ്തു കൂടാതെ പ്രപഞ്ചോത്പത്തി വിവരിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ക്കും സാധിക്കില്ല. ഈ മൂലവസ്തു ആരാലും സൃഷ്ടിക്കപ്പെടാത്തവനായ, അതായത് സ്വയംഭൂവായ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് സഭ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എന്തായാലും സംവാദം തുടരട്ടെ. സഭയില്‍ പുതിയ കാറ്റും വെളിച്ചവും കടക്കാന് പോപ്പിന്റെ ഇടപെടലുകള്‍ സഹായിക്കുമെന്ന് കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply