ആറാമത് രാജ്യാന്തര നാടകോത്സവം

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തെ വ്യത്യസ്ഥ കോണുകളില്‍ നോക്കി കാണുന്ന 2 കുറിപ്പുകള്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോയോ നാടകം പി.എന്‍.അശോകന്‍ ഇറ്റ് ഫോക്- ഇന്റര്‍ നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ആറാമതു തവണയും സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ അവസാനിച്ചപ്പോള്‍ ഈ നാടകോത്സവത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് നാമാലോചിക്കേണ്ടിയിരിക്കുന്നു. നോര്‍വേ, പോളണ്ട്, ശ്രീലങ്ക, ഇറ്റലി, ഇറാന്‍, ചെക്ക് റിപ്പബ്ലിക്, ഇസ്രയേല്‍, സ്ലോവാക്യ, ജര്‍മനി, ഇന്ത്യ, […]

REVOLUTIONARY MESSAGES

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തെ വ്യത്യസ്ഥ കോണുകളില്‍ നോക്കി കാണുന്ന 2 കുറിപ്പുകള്‍

ലൈറ്റ് ആന്റ് സൗണ്ട് ഷോയോ നാടകം

പി.എന്‍.അശോകന്‍

ഇറ്റ് ഫോക്- ഇന്റര്‍ നാഷനല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ആറാമതു തവണയും സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ അവസാനിച്ചപ്പോള്‍ ഈ നാടകോത്സവത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് നാമാലോചിക്കേണ്ടിയിരിക്കുന്നു. നോര്‍വേ, പോളണ്ട്, ശ്രീലങ്ക, ഇറ്റലി, ഇറാന്‍, ചെക്ക് റിപ്പബ്ലിക്, ഇസ്രയേല്‍, സ്ലോവാക്യ, ജര്‍മനി, ഇന്ത്യ, കേരളം: 8 ദിവസം, 5 വേദികള്‍, ഭേഷ്, ഭേഷ്, പക്ഷേ…
അതെ, പക്ഷേ… ഈ രാജ്യങ്ങളില്‍ നിന്ന് ഏതുതരം നാടകങ്ങള്‍? ഭരത് മുരളിയുടെ നേതൃത്വത്തിലാരംഭിച്ച ഈ നാടകോത്സവം ആദ്യവര്‍ഷം പതറിയെങ്കിലും പിന്നീട് ആഫ്രിക്കയില്‍ നിന്ന്, ലാറ്റിനമേരിക്കയില്‍ നിന്ന്, യൂറോപ്പില്‍ നിന്നുമുള്ള മികച്ച അമച്വര്‍ നാടക പരീക്ഷണങ്ങളില്‍ ചിലതെങ്കിലും കാണാന്‍ അവസരം നല്‍കിയിരുന്നു. എന്നാലിപ്പോഴോ? ബ്ലാക്ക് ബോക്‌സില്‍ അരങ്ങേറുന്ന ചില ഇന്റിമേറ്റ് നാടകങ്ങളൊഴിച്ചാല്‍ മിക്കവാറും ബാലേകള്‍, മ്യൂസിക്കലുകള്‍, സെപെക്റ്റക്കിളുകള്‍… ഏതാണ്ടൊരു ‘സൂര്യ’ കലോത്സവം പോലെ പരീക്ഷണാത്മകമായതെന്തും, പ്രകോപനപരമാകാവുന്നതെല്ലാം ഒഴിവാക്കി ശരാശരി കാണികളെ രസിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന ഒരു കാര്‍ണിവലായി ഇറ്റ്‌ഫോക് മാറുകയാണോ? ലൈറ്റ് ആന്റ് സൗണ്ട് ഷോകള്‍ വരെയേ ഇപ്പോഴത്തെ ചെയര്‍മാന്‍ കൃഷ്ണമൂര്‍ത്തി പോകൂ. പക്ഷേ ഇറ്റ്‌ഫോക്ക് ഈ വഴിക്കാണോ സഞ്ചരിക്കേണ്ടത്?
ക്യൂറേറ്റര്‍മാരായി ഈ നാടകോത്സവം തന്നെ ആദ്യ വര്‍ഷങ്ങളില്‍ അവതരിപ്പിച്ച മലയാളത്തിലെ പുതിയ നാടകകാരന്മാരുണ്ട്, ശരി തന്നെ. ഈ വര്‍ഷത്തെ ക്യുറേറ്റര്‍മാരെ പ്രതിനിധീകരിച്ച് ദീപന്‍ ശിവരാമന്‍ എഴുതുന്നു: നാടകം സാമ്പ്രദായിക നാടകങ്ങളില്‍ നിന്ന് മാറിയിരിക്കുന്നു. പഴയ നാടകങ്ങളുടെ ബാഗേജ് കയ്യൊഴിക്കപ്പെട്ടിരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ലോക അരങ്ങിന്റെ കര്‍ട്ടണുയര്‍ത്തലാണ് 2014 ലെ ഇറ്റ്‌ഫോക്. തിയ്യറ്ററും മറ്റ് ദൃശ്യകലകളും തമ്മിലുള്ള അതിര്‍ത്തി രേഖകള്‍ മാഞ്ഞുപോകുകയാണ്. അതെ, പോസ്റ്റ് ഡ്രമാറ്റിക് തിയ്യറ്റര്‍ രൂപപ്പെടുകയാണ്.
നാടകത്തില്‍ നിന്ന് നാടകം കിഴിച്ചാല്‍ പിന്നെ അവശേഷിക്കുന്നതെന്താവാം? ഉദ്ഘാടന നാടകമായ ‘ദ കിച്ചണ്‍’ തന്നെ ഉദാഹരണം. മിഴാവ് കലാകാരന്മാര്‍, അവരുടെ നാദ (ദൃശ്യ) വിസ്മയവും ഗംഭീരം. പക്ഷേ ആ പശ്ചാത്തലത്തില്‍ ഭാര്യയും ഭര്‍ത്താവും പായസമിളക്കി കൊണ്ടിരുന്നാല്‍ നാടകമാകുമോ?
ഫെസ്റ്റിവലിന് (നൂറ് രൂപ) പാസ്സാകാമോ എന്നതിനെ പ്രതിയല്ല പ്രതിഷേധങ്ങള്‍ ഉയരേണ്ടത്. കാണെക്കാണെ ഇറ്റ്‌ഫോക്കിന്റെ ഗുണ നിലവാരം, ഉദ്ദേശ ലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനെ പ്രതിയാണ്. നാടകം ലൈറ്റ് ആന്റ് സൗണ്ട് ഷോ അല്ല എന്ന് ദീപന്‍ ശിവരാമനും ശങ്കര്‍ വെങ്കിടേശ്വരനും എം.ജി.ജ്യോതിഷും സജിത മഠത്തിലും തന്നെയാണ് വിളിച്ചു പറയേണ്ടത്.

TWO LETTERS....

ആവിഷ്‌കരണരീതിമാറുന്ന ലോകനാടകം

ഹരികുമാര്‍

ഇക്കുറി അന്താരാഷ്ട്രനാടകോത്സത്തില്‍ കണ്ട ചില നാടകങ്ങളുടെ അവതരണരീതിയില്‍ നാടകപ്രേമികളില്‍ ഒരു വിഭാഗം അസ്വസ്ഥരായിരുന്നു. ഇവയെ നാടകമെന്നുപോലും പറയാനാകുമോ എന്നുപോലും പലരും സംശയമുന്നയിച്ചു. അവിടെയാണ് സാക്ഷാല്‍ ബ്രഹ്‌തോള്‍ ബ്രഹ്റ്റിന്റെ വാക്കുകള്‍ പ്രസക്തമാകുന്നത് – യാഥാര്‍ത്ഥ്യം മാറിക്കൊണ്ടിരിക്കുന്നു. അത് പ്രതിഫലിപ്പിക്കാന്‍ ആവിഷ്‌കരണരീതിയും മാറ്റിയേ പറ്റൂ.
ജെന്റര്‍, ട്രാന്‍സിഷന്‍, സ്‌പെക്ടാര്‍ഷിപ്പ് എന്നീ മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ജനുവരി 27 മുതല്‍ ഫെബ്രുവരി 3 വരെ തൃശൂരില്‍ വെച്ച് കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ആറാമത് അന്താരാഷ്ട്ര നാടകോത്സവം നടന്നത്. പോളണ്ട്, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ശ്രീലങ്ക, നോര്‍വീജിയ, സ്ലോവാക്യ, ഇറാന്‍, ചെക് റിപ്പബ്ലിക്, ഇസ്രായേല്‍ എന്നീ 10 രാജ്യങ്ങളില്‍നിന്ന് 12 നാടകങ്ങള്‍ അക്കാദമിയുടെ മുറ്റത്തും പരിസരത്തുമായി ഒരുക്കിയ ഏഴു വേദികളിലായി അവതരിപ്പിച്ചു. കൂടാതെ 6 മലയാളം നാടകങ്ങളടക്കം 12 ഇന്ത്യന്‍ നാടകങ്ങള്‍ക്കും ആറാമത് ഇറ്റ്‌ഫോക് വേദിയായി. ഒരു മാധ്യമം എന്ന നിലയിലും ജനസമ്പര്‍ക്കകല എന്ന നിലയിലും നാടകം സ്വയം തിരിച്ചറിയേണ്ടിയിരിക്കുന്നു എന്നും അതിന്റെ വികാസ പരിണാമ പ്രക്രിയയില്‍ അരങ്ങ്, നടന്‍/നടി, പ്രേക്ഷകര്‍, ആസ്വാദനം, രാഷ്ട്രീയം എന്നിങ്ങനെ സ്വയം പുതുക്കേണ്ടതും ചോദ്യം ചെയ്യപ്പെടേണ്ടതുമായ നാടകശരീരത്തെ സംവാദമണ്ഡലത്തില്‍ തുറന്നു വെക്കുകയാണ് ട്രാന്‍സിഷന്‍ എന്ന ആശയത്തിലൂടെ ഉദ്ദേശിക്കപ്പെട്ടത്. ലോകത്തെവിടേയും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടുന്ന വിവേചനവും അക്രമണവുമായിരുന്നു ജെന്‍ഡര്‍ എന്ന വിഷയത്തിലൂന്നിയ നാടകങ്ങളുടെ പ്രമേയം. വൈയക്തികം മുതല്‍ ആഗോളവല്‍ക്കരണം വരെയുള്ള നിരവധി വിഷയങ്ങളുടെ രാഷ്ട്രീയ കാഴ്ചകളെ, വൈരുദ്ധ്യങ്ങളെ, വൈവിധ്യങ്ങളെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുമെന്നായിരുന്നു നാടകോത്സവത്തിന്റെ സംഘാടകരുടെ പ്രഖ്യാപനം. എന്നാല്‍ ആ ദിശയില്‍ ഏറെ മുന്നോട്ടുപോകാന്‍ അവതരിപ്പിച്ച മിക്ക നാടകങ്ങള്‍ക്കുമായില്ല. എങ്കിലും ചില സംരംഭങ്ങള്‍ ശ്രദ്ധേയമായി എന്നു പറയാതെ വയ്യ.
ലിംഗ രാഷ്ട്രീയത്തെ പ്രമേയമാക്കി ഇന്തോ – പോളീഷ് സംയുക്തസംരംഭമായി അവതരിപ്പിച്ച ബേണിംഗ് ഫ്‌ളവേഴ്‌സ്, സെവന്‍ ഡ്രീംസ് ഓഫ് എ വുമണ്‍ ആയിരുന്നു മേളയിലെ ആദ്യനാടകം. ഒരു ഡോക്യുമെന്ററി സര്‍വ്വേയിലൂടെ ശേഖരിച്ച വിവരങ്ങളായിരുന്നു തെരുവു നാടക ശൈലിയില്‍ അവതരിപ്പിച്ച ഈ നാടകത്തിന്റെ പ്രമേയം. പുരുഷകേന്ദ്രീകൃത വ്യവസ്ഥയില്‍ സ്ത്രീ സ്വപ്നങ്ങള്‍ കത്തിയെരിയുമ്പോള്‍ നാടകം കേരളത്തിലും ഇന്ത്യയിലും നടന്ന നിരവധി സമകാലിക സംഭവങ്ങളെ ഓര്‍മ്മിപ്പിച്ചത് സ്വാഭാവികം.
ഡിജിറ്റല്‍ നാടകാവതരണത്തിന്റേയും ആവര്‍ത്തനങ്ങളുടേയും സാധ്യതകളിലൂടെ രംഗാവതരണത്തിന്റേയും തിയറ്ററിന്റേയും അംശങ്ങള്‍ ചേര്‍ന്ന സി ഷാര്‍പ്പ് സി ബ്ലണ്ട് എന്ന സോളോ നാടകാവതരണം ഏറെ ആകര്‍ഷകമായി. ബര്‍ലിനില്‍ നിന്നുള്ള സോഫിയാ സ്റ്റെഫിന്റെ സംവിധാനത്തില്‍ ബാംഗ്ലൂരില്‍ നിന്നുള്ള ഗായിക കൂടിയായ എംഡി പല്ലവിയാണ് ഈ സോളോ അവതരിപ്പിച്ചത്. ഇന്നത്തെ എന്റര്‍ടെയ്ന്‍മെന്റ് വ്യവസായത്തില്‍ ഒരു സ്ത്രീയുടെ ഇടത്തെ പ്രശ്‌നവല്‍ക്കരിക്കുകയായിരുന്നു നാടകം. വെല ശ െമി മുു. വേല ശെിഴലൃ മുു എന്ന മ്യൂസിക് അപ്ലികേഷനിലൂടെയാണ് തീഷ്ണമായും അതേ സമയം ഹാസ്യാത്മകമായും ഈ വിഷയം കൈകാര്യം ചെയ്യുന്നത്.
നൃത്തത്തിന്റെ സുവിശേഷവും വികാരങ്ങളുടെ ആവിഷ്‌കാരവും പ്രണയത്തിന്റെ പ്രഖ്യാപനവുമായിരുന്നു ജര്‍മന്‍ നാടകം മെഫിസ്റ്റോ വോള്‍സ്. ഭാഷക്കു യാതൊരു പ്രാധാന്യവുമില്ലാത്ത ഫിസിക്കല്‍ തിയറ്ററായിരുന്നു സംവിധായകന്‍ ആന്റണ്‍ അഡാസിന്‍സ്‌കി പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. ഇറ്റാലിയന്‍ നാടകം ഡെല്ല റ്റ്വ കാര്‍ണെയും പൂര്‍ണ്ണമായും നൃത്തനാടകമായിരുന്നു. വധശിക്ഷകള്‍ക്കെതിരെ തിയറ്ററിലൂടെയുള്ള പ്രഖ്യാപനമായിരുന്നു മോട്ടസ് ട്രൂപ്പിനുവേണ്ടി സംവിധായിക സിമോണ സീരി നടത്തിയത്.

ഭൗതികലോകത്തെ ഭേദിച്ച് പുറത്തുകടക്കാന്‍ വെമ്പുന്ന മൃഗീയമനുഷ്യനെ തുറന്നു കാട്ടിയ ഒലീയവര്‍ ദം സഗസന്റെ സോളോ പ്രേക്ഷകര്‍ സ്വീകരിച്ചത് നിലക്കാത്ത കയ്യടികളോടെയും അതേസമയം അസ്വസ്ഥതയോടേയുമായിരുന്നു. മുഖത്തും ശരീരത്തിലും കളിമണ്ണും ചായക്കൂട്ടുകളും വാരിപ്പൂശി വിരൂപവും രൂപാന്തരം പ്രാപിച്ചതുമായി മാറ്റുകയാണ് ഈ അവതരണത്തിലൂടെ ഒലിയവര്‍ ചെയ്തത്. സ്വന്തം ശരീരംതന്നെയാണ് അദ്ദേഹം പ്രമേയവും പ്രതലവുമായി ഉപയോഗിക്കുന്നത്.
ബ്രഹ്റ്റിന്റെ പ്രശസ്തമായ ദ് കൗക്കേഷന്‍ ചാക് സര്‍ക്കിള്‍ ന്റെ പുനരാവിഷ്‌കാരമായിരുന്നു ശ്രീലങ്കന്‍ സംഘമായ ജനകരളിയ അവതരിപ്പിച്ച ഹുനു വതായേ കഥാവാ. നിയമവും നീതിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ സംഘട്ടനങ്ങളിലൂടെ ശരി – തെറ്റുകളെ കുറിച്ചുള്ള ഒരു അന്വോപദേശകഥയാണിത് പറയുന്നത്. പരമ്പരാഗത ഏഷ്യന്‍ നാടകാവതരണ രീതിയാണ് ഇവിടെ ഉപയോഗിച്ചത്. അതിലൂടെ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലേക്കാണ് നടക ശ്രദ്ധ ക്ഷണിച്ചത്.
പ്രസിദ്ധ നാടക പ്രവര്‍ത്തകനും കവിയുമായ ആന്റൊണിന്‍ അര്‍റ്റോടി 1936ല്‍ മെക്‌സിക്കോ സര്‍വ്വകലാശാലയില്‍ നടത്തിയ മൂന്നു പ്രബന്ധാവതരണങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടു സൃഷ്ടിച്ച റെവല്യൂഷ്ണറി മെസേജസ് പ്രൊലോഗ് ശബ്ദമില്ലാതെ, ശരീരങ്ങളുടെ സംവേദനത്തിലൂടെയാണ് പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നത്. അതുവഴി അവരുടെ അബോധമനസ്സിനെ ഉണര്‍ത്താനാണ് തിയറ്റര്‍ ഓഫ് ക്രുവല്‍റ്റി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ നാടകത്തിന്റെ ശ്രമം. എളുപ്പത്തില്‍ സംവേദനം സാധ്യമല്ലാതിരുന്ന നാടകം പക്ഷെ ചില തീക്ഷ്ണമായ ദൃശ്യങ്ങള്‍ സമ്മാനിച്ചു. സമകാലിക സമൂഹത്തോട് ശക്തമായ വിയോജനം പ്രകടിപ്പിച്ച നാടകം സംവിധാനം ചെയ്തത് നോര്‍വേജിയന്‍ സംവിധായകനായ ലാര്‍ഡ് ഒയ്‌നോ ആണ്.
ഒരു യുദ്ധത്തിന്റെ അവസാനം അവശേഷിച്ചത് നാലുപേര്‍. രണ്ടുപേര്‍ നദിയുടെ ഒരു വശത്തും രണ്ടുപേര്‍ മറുവശത്തും. പരസ്പരം പ്രതികാരം ചെയ്യുമെന്നവര്‍ ആണയിടുന്നു. എന്നാല്‍ യുദ്ധം എന്തിനുവേണഅടിയായിരുന്നു എന്നുപോലും അവര്‍ക്കറിയില്ല. അവരുടെ ആശങ്കകളും തളര്‍ച്ചകളും ഒപ്പം യുദ്ധത്തിന്റെ അസംബന്ധവും ചൂണ്ടികാണിച്ച ഇറാനിയന്‍ നാടകം റ്റു ലിറ്റേഴ്‌സ് ഇന്‍ റ്റു ലിറ്റേഴ്‌സ് ഓഫ് പീസ് ഏറെ കയ്യടി നേടി. ബെക്കറ്റിന്റേയും അയനെസ്‌കോയുടേയും അസംബന്ധ നാടക ശൈലിയാണ് സംവിധായകന്‍ ഹമീദ്രെസ അസാരംഗ് സ്വീകരിച്ചത്. ആഗോളതത്തില്‍തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ നാടകം തീര്‍ച്ചയായും അവയര്‍ഹിക്കുന്നു.

EPICസ്ലോവാക്യയില്‍ നിന്നുള്ള എപ്പിക് എന്ന ബ്രഹ്റ്റിയന്‍ നാടകത്തില്‍ നൃത്തവും സിനിമയും നവസാങ്കേതിക വിദ്യകളുമെല്ലാം ഉള്‍ച്ചേര്‍ത്താണ് അവതരിപ്പിച്ചത്. സമകാലിക വൈയക്തിക മൂലധന സമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ് അതുവഴി തുറന്നു കാട്ടപ്പെട്ടത്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യ വിമര്‍ശനം നാടകത്തിന്റെ ഉള്ളടക്കത്തെ സമ്പന്നമാക്കുന്നു. സ്ലോവാക്യയിലെ പ്രശസ്തമായ ഡെബ്രി കമ്പനി അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് എല്ലാ അര്‍ത്ഥത്തിലും ഒരു കലാകാരനായ ജോസഫ് വ്ല്‍ക്ക് ആണ്.
ഷേക്‌സ്പിയറിന്റേതായി എക്കാലവും അടയാളപ്പെടുത്താവുന്ന തീര്‍ത്തും ഋതുവായ ക്ലാസ്സിക്കല്‍ ദ വിന്റേഴ്‌സ് ടെയ്‌ലിനെ ആധാരമാക്കി എലിസബത്തിയന്‍ ഇംഗ്ലണ്ടിന്റേയും ഹിന്ദുസ്ഥാനിയന്‍ കാവ്യാത്മകതയുടേയും സമന്വയമായിരുന്നു അതേപേരിലുള്ള നാടകം. സിസിലിയയിലെ രാജാവായ ലിയോന്റാസിന്റെ കഥയാണിത്. അഹിഹിത പ്രണയവുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റുമാണ് ഇതിവൃത്തമെങ്കിലും തിയറ്ററിന്റെ സ്ഥലസങ്കല്‍പ്പത്തിന്റെ അതിരുകളെ അത് മാറ്റി മറക്കുന്നു. ബ്രിട്ടനില്‍ നിന്ന് നാടക്തില്‍ ബിരുദമെടുത്ത് അനിരുദ്ധ് നായരാണ് സംവിധായകന്‍.
വിദേശനാടകങ്ങള്‍ എന്നു പറയുമ്പോഴും ഇവയില്‍ മിക്കനാടകങ്ങളിലും സംഭാഷണമേ ഉണ്ടായിരുന്നില്ല. നാടകത്തിനെന്തിനു ഭാഷ എന്നു പറയാറുണ്ടല്ലോ. അതേസമയം ലൈറ്റും സൗണ്ടും ശാരീരികചലനങ്ങളും നൃത്തവുമെല്ലാം ചേര്‍ന്നാല്‍ നാടകമാകില്ല എന്നവാദവും ശക്തമാണ്. നാടകോത്സവത്തില്‍ ഈ ചോദ്യം ശക്തമായി തന്നെ ഉയര്‍ന്നുവന്നു. മാത്രമല്ല, കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അതിശക്തമായ രാഷ്ട്രീയ നാടകങ്ങള്‍ ഒന്നോ രണ്ടോ വീതമെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നു. ഇക്കുറി അത്തരം അനുഭവങ്ങള്‍ ഉണ്ടായില്ല.
ഇന്ത്യയില്‍ നിന്നുള്ള പല നാടകങ്ങളും സംഭാഷണകേന്ദ്രീകൃതമായിരുന്നു. പാക്കിസ്ഥാനിലെ മുക്താരന്‍മായ് എന്ന സ്ത്രീയുടെ പോരാട്ടം അവതരിപ്പിച്ച ഉഷാഗാംഗുലിയുടെ ഹം മുക്താര, ജി കുമാരവര്‍മ്മ സംവിധാനം ചെയ്ത ബീഗം പണിക്കര്‍, വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളെ അഭിസംബോധന ചെയ്യുന്ന രഘുത്തമന്റെ ഇരകളോടു മാത്രമല്ല സംസാരിക്കേണ്ടത്, ആധുനിക ഇന്ത്യയുടം നവോത്ഥാന നായകരില്‍ പ്രമുഖനായ മഹാത്മാ ജ്യോതി ഭാ ഫുലെയുടെ പോരാട്ടങ്ങളെ പ്രമേയമാക്കി അതുല്‍ പെഠെ സംവിധാനം ചെയ്ത മറാഠി നാടകം സത്യശോധക്, മനുഷ്യനില്‍ അന്തര്‍ലീനമായ അന്തര്‍ – ബാഹ്യ വ്യക്തിത്വങ്ങളെ രസകരമായി അനാവരണം ചെയ്ത നരിപറ്റ രാജുവിന്റെ ഡബ്ബിള്‍ ആക്ട്, ആഗോളികരണത്തെ സര്‍ഗ്ഗാത്മകമായി പ്രതിരോധിക്കുന്ന പ്രബലന്‍, ജയപ്രകാശ് കുളൂരിന്റെ തിരഞ്ഞെടുപ്പ്, പ്രകൃതിയുടെ ജൈവിക സംഗീതത്തെ സൂക്ഷ്മമായി ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്ന അരുണ്‍ലാലിന്റെ ഉര്‍വ്വരസംഗീതം തുടങ്ങിയവായായിരുന്നു പ്രധാന ഇന്ത്യന്‍ നാടകങ്ങള്‍. ഇവയില്‍ ഗംഭീരമെന്നു പറയാവുന്നവയൊന്നും പ്രേക്ഷകര്‍ കണ്ടില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply