ആരാധ്യനായ കൊച്ചി മേയര്‍ അറിയാന്‍.

മാത്യു പി. പോള്‍ സമാരാധ്യനായ കൊച്ചി മേയര്‍ ശ്രീ. ടോണി ചമ്മണി അറിയാന്‍ അങ്ങയുടെ ആരാധനാ പരിധിയില്‍ വസിക്കുന്നവനും, കോര്‍പറേഷന്റെ നികുതികള്‍ മുടക്കം കൂടാതെ നല്‍കുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്. നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂര്‍വികരും ഞങ്ങളും അങ്ങയുടെ മുന്‍ഗാമികളെയും അങ്ങയേപ്പോലുള്ള മേയര്‍മാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആ ആരാധന നിഷ്‌കരുണം നിര്‍ത്തലാക്കിയതില്‍ ഞങ്ങള്‍ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേര്‍ത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയര്‍മാര്‍ […]

DSC01951

മാത്യു പി. പോള്‍

സമാരാധ്യനായ കൊച്ചി മേയര്‍ ശ്രീ. ടോണി ചമ്മണി അറിയാന്‍ അങ്ങയുടെ ആരാധനാ പരിധിയില്‍ വസിക്കുന്നവനും, കോര്‍പറേഷന്റെ നികുതികള്‍ മുടക്കം കൂടാതെ നല്‍കുന്നവനുമായ ഒരു എളിയ പ്രജ എഴുതുന്നത്.

നൂറ്റാണ്ടുകളായി ഞങ്ങളുടെ പൂര്‍വികരും ഞങ്ങളും അങ്ങയുടെ മുന്‍ഗാമികളെയും അങ്ങയേപ്പോലുള്ള മേയര്‍മാരെയും ആരാധ്യരായി കരുതിപ്പോന്നു. പുതിയൊരു ഓഡറിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആ ആരാധന നിഷ്‌കരുണം നിര്‍ത്തലാക്കിയതില്‍ ഞങ്ങള്‍ ഖിന്നരാണ്. അടുത്തിടെ അഞ്ചാം മന്ത്രി ബഹു. അലിസായ്‌വ് വിളിച്ചു ചേര്‍ത്ത യോഗം കേരളത്തിലെ ആരാധ്യരായ മേയര്‍മാര്‍ ബഹിഷ്‌കരിച്ചതിന്റെ കാരണങ്ങളില്‍ ഒന്ന് സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത ഈ തീരുമാനം കൂടിയായതില്‍ ഞങ്ങള്‍ ഹര്‍ഷപുളകിതരാണ്. ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും.’ലക്ഷം, ലക്ഷം പിന്നാലെ’.
ആരാധിക്കാന്‍ ഞങ്ങള്‍ക്ക് മുപ്പത്തുമുക്കോടി ദൈവങ്ങള്‍ ഉണ്ടെങ്കിലും, അവരെല്ലാം അചേതനരും കേട്ടറിവിലൂടെ തടിയും ശിലയും ശില്പവുമയി എത്തിയവരുമല്ലെ. സചേതനമായ എന്തിനെയെങ്കിലും ആരാധിക്കാനുള്ള ഞങ്ങലുടെ ത്വര ശമിപ്പിക്കുവാന്‍ നിങ്ങളല്ലാതെ ആരാണുള്ളത്. സമരാധ്യനായ അങ്ങും ആരാധ്യയായ ഡപ്യൂട്ടി മേയറും (മേയറുടെ സ്ത്രീലിംഗം എന്ത്?) നാടെങ്ങും നടന്ന് നാട മുറിച്ചും തിരി തെളിച്ചും നടത്തുന്ന ഉദ്ഘാടനങ്ങളുടേയും പ്രസംഗങ്ങളുടേയും പ്രഭാഷണങ്ങളുടേയും കല്യാണം, മരണം, മറ്റാഘോഷങ്ങള്‍ എന്നിവ നടക്കുന്നയിടങ്ങളിലെ സാനിധ്യം കൊണ്ട് അലങ്കരിക്കുന്നതിന്റെയും ദൃശ്യഭംഗി പത്രത്താളുകളിലും ടിവിയിലും കണ്ട് ഞങ്ങള്‍ നിര്‍വൃതിയടയുന്നു.
നഗരത്തിലെ കുഴികളും കാനകളും മാലിന്യക്കൂമ്പാരങുളും വിജനമായ ഇടങ്ങളിലെ വെള്ളക്കെട്ടുകളും കൊതുകിന്റെ പ്രജനനത്തെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഇടക്കിടെ നടത്തിക്കൊണ്ടിരുന്ന ഫോഗിങ് അങ്ങു നിര്‍ത്തിയതു നന്നായി. ആസ്മയുള്ളവര്‍ക്ക് അത് അലോസരമായിരുന്നു.
പെരുകുന്ന കൊതുകുകളും പടരുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള വാര്‍ത്തകളും ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴണ് പത്രങ്ങളില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ പരസ്യം കണ്ടത്. ചിത്രങ്ങള്‍ സഹിതമുള്ള പരസ്യത്തിന് വന്‍ തുക ചിലവാക്കിയതു സാരമില്ല. ജനത്തിന്റെ ആരോഗ്യമാണല്ലൊ സാര്‍ വലുത്.
പരസ്യത്തില്‍ ആദ്യം കാണുന്നത് ആരോഗ്യ മന്ത്രിയുടെ ആഹ്വാനമാണ്.

‘കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ ഭീഷണിയാവുകയാണ്. ഈ സന്ദര്‍ഭത്തില്‍, പരിഭ്രാന്തരാകാതെ അവയെ ഫലപ്രദമായി നേരിടുകയാണു വേണ്ടത്. പനിയൊ അനുബന്ധ ലക്ഷണങ്ങളൊ കണ്ടാല്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടുക. സ്വയം ചികിത്സ അരുത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വളരാ!നുള്ള സഹചര്യങ്ങള്‍ തീരെ ഒഴിവാക്കുക. ഓര്‍ക്കുക, ആരോഗ്യം നമ്മുടെ അവകാശം മാത്രമല്ല, കടമ കൂടിയാണ്.’
ശ്രീ. വി എസ് ശിവകുമാര്‍.
ബഹു. ആരോഗ്യവും, ദേവസ്വവും വകുപ്പു മന്ത്രി.

എത്ര മനോഹരമായ പ്രസ്താവന. എത്ര ദയാലുവയ മന്ത്രി. അശോക ചക്രവര്‍ത്തിയുടെ ശിലാ ലിഖിതങ്ങള്‍ ഓര്‍മ വരുന്നു. പക്ഷെ ആരോഗ്യം ഞങ്ങളുടെ കടമയാണെന്നുള്ള അവസാന വരിയിലൂടെ അദ്ദേഹം ഞങ്ങള്‍ക്കിട്ടു പണിയുന്നുണ്ടോ എന്നൊരു സംശയം. മാന്യന്മാര്‍ പേരെഴുതുമ്പോള്‍ ശ്രീ എന്നോ, ബഹു എന്നോ സ്വയം എഴുതാറില്ല. ജനങ്ങളുടെ ദുരവസ്ഥയില്‍ വേവലാതി പൂണ്ട് എഴുതുമ്പോള്‍ പ്രയോഗ വൈകല്യങ്ങള്‍ക്കൊ വ്യാകരണപ്പിശകിനൊ പ്രസക്തിയില്ല. എന്തെല്ലാം ബേജാറുകളുടെ നടുവില്‍ നിന്നാണത്രെ അദ്ദേഹം ഇതെഴുതുന്നത്.
ജനങ്ങള്‍ ചെയ്യേണ്ട മൂന്നു കാര്യങ്ങള്‍ പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്നു.
1) കൊതുകുകളുടെ ഉറവിടം, കണ്ടെത്തി നശിപ്പിക്കുക.
2) കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക.
3) രോഗ ലക്ഷണം കണ്ടാലുടന്‍ ചികിത്സ തേടുക.’
ആദ്യത്തേത് ആരാധ്യനായ അങ്ങു വിചാരിച്ചാല്‍പ്പോലും നടക്കാത്തത്. ഉദാഹരണത്തിന് എന്റെ പരിസരത്ത് അഞ്ചേക്കറോളം സ്ഥലം വെള്ളം കെട്ടി, കാടു പിടിച്ചു കിടക്കുന്നു. അന്യനാട്ടില്‍ കഴിയുന്ന ഉടമസ്ഥരോ കോര്‍പറേഷന്റെ അധികാരികളൊ അവിടേക്ക് തിരിഞ്ഞു നോക്കാറില്ല. സ്ഥലത്തിന്റെ വില ദിനം പ്രതി ഉയരുന്നത് ഉടമസ്ഥര്‍ അറിയുന്നു.
കൈയില്‍ കാശുള്ളവനു ചികിത്സ തേടാം. പഠനത്തിനു ക്യാപ്പിറ്റേഷന്‍ ഫീയായി മുടക്കിയ തുക മുഴുവന്‍ ഒരു പനി സീസണില്‍ തിരിച്ചുപിടിക്കാന്‍ ഊഴം പാര്‍ത്തിരിക്കുകയാണു ഡോക്ടര്‍മാര്‍.
എളുപ്പമാര്‍ഗം രണ്ടാമത്തേതാണ്. കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.24 മണിക്കൂറും എ സി മുറിയില്‍ അടച്ചിരിക്കാന്‍ സാധാരണക്കാരനു കഴിയുമോ? പിന്നെ ഈഡിസ് കൊതുകുകളെ നോക്കി ഒഴിഞ്ഞു മാറി നടക്കുക. അതിനായി ഈ ഭീകര പ്രാണിയുടെ എന്‍ലാര്‍ജ് ചെയ്ത ചിത്രവും കൊടുത്തിരിക്കുന്നു. കശ്മലനെ കണ്ടു പേടിച്ചുപൊയവര്‍ക്ക് പേടിയകറ്റാന്‍ നോക്കുവനായി മന്ത്രിയദ്ദേഹത്തിന്റെ സുന്ദര സുസ്‌മേര വദന ചിത്രം അടുത്തായി കൊടുത്തിരിക്കുന്നു. ഈഡിസിനെ നോക്കി, ഒഴിവാക്കി മന്ദം, മന്ദം നടക്കുമ്പോള്‍ പിന്നില്‍ നിന്നും, വശങ്ങളില്‍ നിന്നും ഞങ്ങളെ കടിക്കുന്നവയില്‍ ഈഡിസുണ്ടൊ എന്ന് എങ്ങിനെ അറിയും.
ഞങ്ങുളടെ വീടുകളിലെ മാലിന്യം പുലര്‍കാലെ ഞങ്ങളെടുത്തു പുറത്തു വയ്ക്കും. നഗരത്തില്‍ സുലഭമായ തെരുവുനായ്ക്കള്‍ വലിച്ചിഴയ്ക്കാതെ ബക്കറ്റിനു മുകളില്‍ കല്ലെടുത്തു വയ്ക്കും.ജോലികഴിഞ്ഞെത്തുമ്പോള്‍ അതവിടെ സുരക്ഷിതമായിരുന്നാല്‍ എടുത്ത് അകത്തു വയ്ക്കും. അടുത്ത ദിവസവും ഇതാവര്‍ത്തിക്കും. ചില ദിവസങ്ങളില്‍ ബക്കറ്റ് ഒഴിഞ്ഞിരിക്കുന്നത് കാണുമ്പോഴും മാസത്തിന്റെ ആദ്യ വാരത്തില്‍ മാലിന്യമെടുക്കുന്നവര്‍ പണം വാങ്ങാനെത്തുമ്പോഴും ഞങ്ങള്‍ മനസിലാക്കുന്നു മാലിന്യ നിര്‍മര്‍ജനത്തില്‍ അങ്ങെത്ര ശ്രദ്ധാലുവാണെന്ന്.
പക്ഷെ ഒരു സങ്കടം. ഞങ്ങളുടെ വീടുകളില്‍ നിന്ന് പൊട്ടിയ ഗ്ലാസ് ഉപകരണങ്ങളൊ ട്യൂബ് ലൈറ്റുകളൊ സി എഫ് എലുകളൊ കൊണ്ടുപോകുന്നില്ല. അവ ശേഖരിയ്ക്കണ്ട ഏന്നാണ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മാലിന്യമെടുക്കുന്നവര്‍ പറയുന്നു. പൊതുസ്ഥലത്ത് ഇവ ഉപേക്ഷിച്ചാല്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെടും. ഇവ സൂക്ഷിക്കാനുള്ള സൗകര്യം ഞങ്ങളുടെ ചെറിയ വീടുകള്‍ക്കൊ ഫ്‌ളാറ്റുകള്‍ക്കൊ ഇല്ല. ഞങ്ങളുടെ ക്ഷേമത്തിന്റെ വഴികള്‍ തേടി അങ്ങ് യൂറോപ്പിലും അമേരിക്കയ്‌ലും ഒക്കെ പോകുന്നതായറിയുന്നു. അവിടെനിന്നും ഇതിനൊരു വഴി കണ്ടെത്തുക. അല്ലെങ്കില്‍ അവ തിന്നുതീര്‍ക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ഗോപിനാഥ് മുതുകാടിനെയൊ, സാമ്രാജിനെയൊ ഏര്‍പ്പാടാക്കുക.

വിധേയന്‍, മാത്യു പി. പോള്‍.

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply