ആരാധനയിലെ ലിംഗനീതി

ആരാധനയിലെ ലിംഗനീതിക്കായ പോരാട്ടം ശക്തിപ്പെടുകയാണ്. ആര്‍ത്തവം വിശുദ്ധിയുടെ അളവുകോലല്ല എന്നു പ്രഖ്യാപിച്ച്, വ്രതമെടുത്ത് ശബരിമല ചവിട്ടാന്‍ ജനുവരിയില്‍ താനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷങ്ങളോളം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ ശക്തമായ സമരം നടത്തുകയും ഒടുവില്‍ പുരുഷന് തുല്യമായ ആരാധനാവകാശം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് അവരുടെ കേരളത്തിലേക്കുള്ള വരവ്. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും തൃപ്തി പറയുന്നു. […]

th

ആരാധനയിലെ ലിംഗനീതിക്കായ പോരാട്ടം ശക്തിപ്പെടുകയാണ്. ആര്‍ത്തവം വിശുദ്ധിയുടെ അളവുകോലല്ല എന്നു പ്രഖ്യാപിച്ച്, വ്രതമെടുത്ത് ശബരിമല ചവിട്ടാന്‍ ജനുവരിയില്‍ താനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രഖ്യാപിച്ചു കഴിഞ്ഞു. വര്‍ഷങ്ങളോളം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ ശക്തമായ സമരം നടത്തുകയും ഒടുവില്‍ പുരുഷന് തുല്യമായ ആരാധനാവകാശം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് അവരുടെ കേരളത്തിലേക്കുള്ള വരവ്. ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ യോഗം ഈ മാസം അവസാനം കേരളത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും തൃപ്തി പറയുന്നു. സമാന നിലപാടുള്ള സംഘടനകള്‍ സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്കെതിരായ ഭീഷണികള്‍ കാര്യമാക്കുന്നില്ലെന്നും കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തൃപ്തി വ്യക്തമാക്കുന്നു. സുപ്രിംകോടതിയില്‍ കിടക്കുന്ന കേസിന്റെ വിധി കാത്തു നില്‍ക്കാതെയാണ് ശബരിമലയിലെ ലിംഗനീതിക്കായുള്ള തൃപ്തിയുടെ പ്രക്ഷോഭം. സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത് അവര്‍ക്ക് ആവേശം നല്‍കുന്നു. ആര്‍ത്തവം ശാരീരിക അവസ്ഥയാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹാജി അലി ദര്‍ഗയിലെ കബറിടത്തിലേക്ക് സ്ത്രീകള്‍ പ്രവേശിച്ചത്. ഹാജി അലി ദര്‍ഗയില്‍ 2012 ജൂണ്‍ വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ പൊടുന്നനെയാണ് സ്ത്രീ പ്രവേശനം നിരോധിക്കപ്പെട്ടത്. പുരുഷന്‍മാരെ പോലെതന്നെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശിക്കാനും പ്രാര്‍ഥനകള്‍ നടത്താനുമുള്ള അവകാശം സുപ്രീംകോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഭാരതീയ മുസ്ലീം വനിതാ ആന്തോളനിലെ എണ്‍പതോളം സ്ത്രീകളടങ്ങുന്ന സംഘം ഹാജി അലി ദര്‍ഗയിലെത്തിയത്. ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിലുയരുന്ന വാദങ്ങള്‍ക്കു സമാനമായി സ്ത്രീകള്‍ ദിവ്യന്‍മാരുടെ ഖബറിടം സന്ദര്‍ശിക്കുന്നത് ഇസ്ലാമില്‍ കൊടും പാപമാണെന്ന് വാദിച്ചായിരുന്നു ഹാജി അലി ട്രസ്റ്റ് സ്ത്രീകളെ വിലക്കിയത്. ഇതിനെതിരെ 2014ല്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളനും മറ്റു ചില വ്യക്തികളും ഹരജി നല്‍കുകയായിരുന്നു. കോടതി ഇതിന് അനുമതി നല്‍കിയെങ്കിലും ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
കേരള സര്‍ക്കാരും മുഖ്യമന്ത്രിയും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന തൃപ്തിയുടെ വാക്കുകള്‍ ഏതു തെറ്റിദ്ധാരണയില്‍ നിന്നാണ് ഉണ്ടായതെന്നറിയില്ല. അതിനുള്ള ധൈര്യം സര്‍ക്കാരിനുണ്ടെന്നു പ്രതീ7ിക്കവയ്യ. കഴിഞ്ഞ ദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ തന്നെ ഉദാഹരണം. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി ക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് നടപ്പാകാത്ത സാഹചര്യത്തില്‍ സര്‍്കകാര# തികച്ചും നിഷ്‌ക്രിയമായിരുന്നു. ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മടക്കി അയക്കുമ്പോള്‍ പോലീസിന്റെ സാന്നിധ്യം പോലും അവിടെയുണ്ടായിരുന്നില്ല.
തിരുവനന്തപുരംസ്വദേശിയായ അഡ്വ. റിയ രാജുവാണ് ചുരിദാറിട്ട് കയറാന്‍ അനുമതി വേണമെന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. റിയയുടെ റിട്ട് ഹര്‍ജി സെപ്തംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്. ചുരിദാറിന്റെ മുകളില്‍ ഒരു നാട കെട്ടണമെന്നായിരുന്നു രാജകുടുംബ പ്രതിനിധിയുടെ നിര്‍ദേശം. ഭരണ സമിതിയുടെ പൊതു അഭിപ്രായം ചുരിദാറിനു മുകളില്‍ മുണ്ട് വേണമെന്നായിരുന്നു. ഇതെല്ലാം മറികടന്നാണ് ചുരിദാറും മറ്റ് പാരമ്പര്യ വസ്ത്രങ്ങളും ധരിക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ലെഗ്ഗിന്‍സും ജീന്‍സും നിരോധിച്ചിട്ടുണ്ട്. ആചാരത്തിന്റെ പേരില്‍ ചുരിദാറിനു മുകളില്‍ മുണ്ടുടുപ്പിക്കുന്നതിനെതിരെയും, അമിത തുക ഈടാക്കി ഉടുത്തതും പഴയതുമായ മുണ്ടുകള്‍ നല്‍കുന്നുവെന്നുമൊക്കെയുള്ള ധാരാളം പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ കച്ചവടക്കാരും പ്രതിഷേധത്തില്‍ സജീവമായിരുന്നു. കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകള്‍ നേരത്തെ തന്നെ ചുരിദാറിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ഇവരുടേത്. പുറത്തേക്ക് എന്തു പറഞ്ഞാലും ഇത്തരം വിഷയങ്ങൡ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സര്‍ക്കാര്‍ ചെറുവിരലനക്കില്ല എന്ന് വ്യക്തമാണ്. ശബരിമലയുടെ പ്രശ്‌നമാണെങ്കില്‍ പറയാനുമില്ലല്ലോ.
ശബരിമലയിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും മാത്രമല്ല, എല്ലാ മതവിഭാഗങ്ങളുടേയും എത്രയോ ആരാധനാലയങ്ങലില്‍ ഈ വിവേചനം നിലനില്‍ക്കുന്നു. തളിപറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. കൃസ്ത്യന്‍ – മുസ്ലിം ദേവാലയങ്ങളിലും അരാധനയിലെ സമത്വം നിലനില്‍ക്കുന്നില്ല. ആരാധനയില്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ക്കകത്തെ പൂജകളിലും മറ്റു ഭരണകാര്യങ്ങളിലും കലാപരമായ ആവിഷ്‌കാരങ്ങളിലൊന്നും അവര്‍ക്കൊരു പങ്കുമില്ല. കര്‍ണ്ണാടകത്തിലെ ചില ക്ഷേത്രങ്ങലില്‍ സ്ത്രീപൂജാരികള്‍ പോലും നിലവിലുണ്ട്. എന്നാല്‍ നമ്മുടെ കാര്യം എത്രയോ പുറകിലാണ്. തീര്‍ച്ചയായും മറ്റെല്ലാം മേഖലകളും പോലും ആത്മീയതയുടെ മേകലയിലും ലിംഗനീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കുക എന്നതാണ് ജനാദിപത്യവിശ്വാസികളുടെ കടമ. നമ്മള്‍ ദൈവവിശ്വാസിയാണോ മതവിശ്വാസിയാണോ എന്നത് അവിടെ അപ്രസക്തമാണ്. എല്ലാവരുടേയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ജനകീയസര്‍ക്കാരിനും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്.
ഇനി ശബരിമലയിലേക്കു തിരിച്ചുവരാം. ആര്‍ത്തവസംബന്ധിയായ അശുദ്ധിയായതിനാല്‍ 41 ദിവസം വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്കാവില്ല എന്നതാണ് പ്രവേശനത്തെ നിഷേധിക്കുന്നതിന്റെ കാരണം. ആര്‍ത്തവം അശുദ്ധമാണോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഇന്നു ശബരിമലയിലെത്തുന്ന എത്ര പുരുഷന്മാര്‍ 41 ദിവസം വ്രതമെടുക്കുന്നുണ്ട് എന്നാണ് പരിശോധിക്കേണ്ടത്. പലരും രണ്ടോ മൂന്നോ ദിവസമാണ് വ്രതമെടുക്കുന്നത്. എത്രയോ ആചാരങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നു. എന്നിട്ടും സ്ത്രീകളുടെ കാര്യത്തിലുള്ള ഈ പിടിവാശി ആധുനിക കാലത്തിനു യോജിച്ചതല്ല.
സത്യത്തില്‍ ഉയര്‍ത്തേണ്ടത് മറ്റൊരു പ്രശ്‌നമാണ്. അത് ശബരിമലയിലെത്തുന്ന ആരാധകരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുക എന്നതാണ്. അതിനു കാരണം പാരിസ്ഥിതിക പ്രശ്‌നമാണ്. പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ ശബരിമലതീര്‍ത്ഥാടനത്തിനു കാര്യമായ പങ്കുണ്ട്. പമ്പയെ മലിനമാക്കുന്നതിലും ആലപ്പുഴയടക്കമുള്ള ജില്ലകളിലെ കുടിവെള്ളം മലിനമാക്കുന്നതിലും പ്രധാനപങ്ക് ശബരിമല തീര്‍ത്ഥാടനത്തിനാണ്. ഇനിയിതാ അവിടെ വിമാനത്താവളവും വരുന്നു. കാനനവാസനാണ് അയ്യപ്പെനെന്നതു മറന്നാണ് ഈ വനനശീകരണവും പരസ്ഥിതി തകര്‍ക്കലും നടക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിനു നിയന്ത്രണമുള്ളതുപോലെ ശബരിമല തീര്‍ത്ഥാടനത്തിനും നിയന്ത്രണങ്ങള്‍ ആകാവുന്നതാണ്. സ്ത്രീകള്‍ക്കും തുല്ല്യ അവസരം നല്‍കിവേണം ഈ നിയന്ത്രണം നടപ്പാക്കാന്‍. അതോടൊപ്പം വര്‍ഷം മുതല്‍ ശബരിമല തീര്‍ത്ഥാടനത്തിന് അവസരമുണ്ടാക്കുന്നതും നല്ലതാണ്. എങ്കില്‍ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രിക്കാനാവും. അപ്പോഴും ദൈവത്തിന്റെ മുന്നില്‍ ഭക്തരില്‍ വിവേചനം ഉണ്ടാക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും അവസാനിപ്പിക്കണം. സമൂഹത്തിന്റെ എല്ലാ മേഖലയിലുമെന്നപോലെ ആരാധനാലയങ്ങലിലും ലിംഗനീതി നടപ്പാക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply