ആനന്ദ് മലയാളനോവലിനെ കേരളീയമല്ലാതാക്കിയോ?

കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ നടന്ന ചര്‍ച്ചയുടെ വിഷയം രസകരമായിരുന്നു. മലയാള നോവല്‍ കേരളീയമല്ലാതാകുന്നുണ്ടോ? അയനം സാംസ്‌കാരികവേദിയായിരുന്നു സംഘാടകര്‍. ഇത്തരമൊരു വിഷയം ചര്‍ച്ചക്കായി തെരഞ്ഞെടുത്തതിനെ കുറിച്ച് എന്തു പറയാന്‍? മലയാള നോവല്‍ കേരളീയമാകണമെന്നുണ്ടോ? നോവലിന് അങ്ങനെ നിയതമായൊരു കാന്‍വാസും സംസ്‌കാരവുമുണ്ടോ? അതാണോ ലോകനോവലിന്റെ ചരിത്രം? നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്തിനായിരുന്നു മലയാള നോവല്‍ കേരളീയമാകണമെന്ന് ഏറ്റവും നിര്‍ബന്ധമുണ്ടായിരുന്നത്. വടക്കേടത്തിന്റെ പ്രധാന ആക്രമണം ആനന്ദിനു നേരെയായിരുന്നു. ആനന്ദ് മലയാളനോവലിനെ കേരളീയപരിസരത്തുനിന്ന് എടുത്തുമാറ്റിയെന്നും അപരപാഠങ്ങള്‍ നിറച്ച് മറ്റൊരു ജനുസിനെ നിര്‍മിച്ചുവെന്നും അദ്ദേഹം […]

anadകഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ നടന്ന ചര്‍ച്ചയുടെ വിഷയം രസകരമായിരുന്നു. മലയാള നോവല്‍ കേരളീയമല്ലാതാകുന്നുണ്ടോ? അയനം സാംസ്‌കാരികവേദിയായിരുന്നു സംഘാടകര്‍. ഇത്തരമൊരു വിഷയം ചര്‍ച്ചക്കായി തെരഞ്ഞെടുത്തതിനെ കുറിച്ച് എന്തു പറയാന്‍? മലയാള നോവല്‍ കേരളീയമാകണമെന്നുണ്ടോ? നോവലിന് അങ്ങനെ നിയതമായൊരു കാന്‍വാസും സംസ്‌കാരവുമുണ്ടോ? അതാണോ ലോകനോവലിന്റെ ചരിത്രം?
നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്തിനായിരുന്നു മലയാള നോവല്‍ കേരളീയമാകണമെന്ന് ഏറ്റവും നിര്‍ബന്ധമുണ്ടായിരുന്നത്. വടക്കേടത്തിന്റെ പ്രധാന ആക്രമണം ആനന്ദിനു നേരെയായിരുന്നു. ആനന്ദ് മലയാളനോവലിനെ കേരളീയപരിസരത്തുനിന്ന് എടുത്തുമാറ്റിയെന്നും അപരപാഠങ്ങള്‍ നിറച്ച് മറ്റൊരു ജനുസിനെ നിര്‍മിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളീയ ജീവിതം എന്നൊന്നുണ്ട്. പുതിയ തലമുറയിലെ നോവലിസ്റ്റുകള്‍ അത് കാണാതെ പോകുന്നു. നോവല്‍ ആനന്ദില്‍ എത്തിനില്‍ക്കുന്നുവെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കോവിലന്‍ പറഞ്ഞു. എന്നാല്‍ ആനന്ദില്‍നിന്ന് നോവല്‍ മുന്നോട്ടുപോയോ എന്ന് ബോധ്യപ്പെടുത്താന്‍ പുതിയ എഴുത്തുകാര്‍ക്ക് കഴിഞ്ഞില്ല. ഒരേസമയം നോവല്‍ ബൃഹത്താവുകയും അകേരളീയമാവുകയും ചെയ്യുന്നു എന്നതാണ് വസ്തുത. പരിണാമത്തിന്റെ ഭൂതങ്ങള്‍ പുതിയ എഴുത്തുകാരെ പിടികൂടിയിരുന്നു. മലയാളവായനക്കാര്‍ക്ക് കേരളീയജീവിതവും രാഷ്ട്രീയപരിസരവും വേണ്ടെന്നു ശഠിക്കുന്ന മട്ടിലാണ് നോവലുകള്‍ എഴുതപ്പെടുന്നത്. നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രബോധ്യങ്ങളെയും പാടെ നിരാകരിച്ചുകൊണ്ടുള്ള ഈ പോക്ക് അപകടകരമാണ്. നോവല്‍ തീസിസല്ല, ജീവിതത്തിന്റെ അനുഭൂതിവല്‍ക്കരണമാണ് – ഇങ്ങനെപോയി വടക്കേടത്തിന്റെ വാദങ്ങള്‍.
വടക്കേടത്തിന്റെ ഈ വാക്കുകളില്‍ തന്നെയുണ്ട് വൈരുദ്ധ്യം. നോവല്‍ ബൃഹത്തും അകേരളീയുമായി എന്ന്. നോവല്‍ ബൃഹത്താവുകയല്ലേ വേണ്ടത്? നോവലിന്റെ ചരിത്രംതന്നെ അതല്ലേ? എന്തെങ്കിലും പരിധിയില്‍ തളച്ചാല്‍ അത് ബൃഹത്താകുമോ? കേരളീയമെന്ന വാശിയിലും ഉയര്‍ന്നുവരുന്നത് പരിധി വെക്കലല്ലേ? ബൃഹത്തായ ഒരു നോവല്‍ അകേരളീയമായാലെന്താണ് കുഴപ്പം?
ആനന്ദിലേക്ക് വരാം. മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലില്ലെങ്കില്‍ മലയാള സാഹിത്യം എത്രയോ ശുഷ്‌കമായിരുന്നു. കേരളത്തില്‍ നിന്നു പുറത്തുപോകുകയും മുംബൈ, ഡെല്‍ഹി പോലുള്ള മഹാനഗരങ്ങളില്‍ ജീവിക്കുകയും ചെയ്തവരല്ലേ മലയാളത്തിന്റെ നോവല്‍ സാഹിത്യത്തെ ഉന്നതനിലവാരത്തിലെത്തിച്ചത്. ഒരു കാലത്ത് മലയാളിയുടെ സ്വപ്‌നഭൂമിയായിരുന്ന മുംബൈയില്‍ ജീവിച്ച വായനാശീലമുള്ളവര്‍ ആള്‍ക്കൂട്ടം എത്രയോ തവണ വായിച്ചിരിക്കും. ആള്‍ക്കുട്ടത്തിനു കേരളീയത ആവശ്യമുണ്ടോ? മനുഷ്യന്റെ ദാര്‍ശനികവിഷയങ്ങള്‍ക്ക് ദേശാതിര്‍ത്തിയുണ്ടോ? എങ്കില്‍ ലോകക്ലാസിക്കുകള്‍ നാമിത്ര വായിക്കുമായിരുന്നോ?
വാസ്തവത്തില്‍ കേരളത്തില്‍നിന്ന് പുറത്തുപോയി ജീവിക്കാതെ, ഇവിടത്തെ പ്രകൃതിയും ഫ്യൂഡല്‍ അവശിഷ്ടങ്ങളും നാലുകെട്ടുകളുമാണ് ലോകോത്തരമെന്ന ധാരണയാണ് ഇത്തരത്തിലുള്ള ധാരണകളുടെ അടിസ്ഥാനം. അങ്ങനെയാണല്ലോ എം ടി ഏറ്റവും പ്രിയങ്കരനാകുന്നത്. മഹാനഗരങ്ങളിലെ മനഷ്യജീവിതം തിരിച്ചറിയാതെയും അനുഭവിക്കാതേയും അതിനെ കുറ്റപ്പടുത്തുകയും ഗ്രാമങ്ങള്‍ നന്മകളാല്‍ സമൃദ്ധമെന്ന പച്ചക്കളം ഉരുവിടുകയുമാണ് നമ്മുടെ സ്ഥിരം ശൈലി. അമിതമായ കേരളീയതയും മലയാളസ്‌നേഹവും ഗ്രാമീണതയുമെല്ലാം അതിന്റെ ഭാഗമാണ്. അതിനെയെല്ലാം മറികടന്നാണ് നോവലിന്റെ വളര്‍ച്ച. ഇവിടെ മാത്രമല്ല, എവിടേയും. മനുഷ്യസംസ്‌കൃതിയുടെ അനന്തതമായ വൈവിധ്യമാണ് അതിന്റെ ജീവനാഡി. അതുതിരിച്ചറിയാതെയാണ് കെ ആര്‍ മീരയേയും ടി ഡി രാമകൃഷ്ണനേയും മറ്റും വടക്കേടത്തടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്. ബംഗാളി ജീവിതവും സിംഹളജീവിതവും പ്രമേയമാക്കുന്നത് നോവലിനെ കളങ്കപ്പെടുത്തുകയാണോ? ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സ്വത്വബോധത്തിന്റേതായ ഒരു രാഷ്ട്രീയത്തിന് പ്രസ്‌ക്തിയുണ്ടാകാം. എന്നലത് സര്‍ഗ്ഗാത്മകതക്ക് വിലങ്ങാകരുത്. നോവലില്‍ കേരളീയതയുണ്ടാകുന്നത് കുറ്റമൊന്നുമല്ല. അത് നോവലിസ്റ്റിന്റെ തെരഞ്ഞെടുപ്പാണ്. അത് കൃതിയുടെ മേന്മയുടെ മാനദണ്ഡമല്ല എന്നു മാത്രം.
രമണനിലൂടെ നമുക്ക് ഒരു ആടിനെ കിട്ടി. ബെന്യാമിനിലൂടെയും ഒരാടിനെ കിട്ടി. ഈ രണ്ടാടും നമ്മുടേതല്ല. നമുക്ക് സ്വന്തമായിട്ടുള്ളത് ബഷീറിന്റെ ആടു മാത്രമാണ് എന്ന കഥാകൃത്ത് അഷ്ടമൂര്‍ത്തിയുടെ വാക്കുകളും ഇതിനോ
ടു ചേര്‍ത്ത് വായിക്കാവുന്നതാണ്. ഇതില്‍ പാത്തുമ്മയുടെ ആടാണ് മഹത്തായ കൃതി എന്നത് മിക്കവാറും പേര്‍ അംഗീകരിക്കുമെന്നുറപ്പ്. അതുപക്ഷെ കേരളീയതയുടെ വിഷയമൊന്നുമല്ല. ഇത്തരം വിഷയങ്ങിളില്‍ ഭൂരിപക്ഷാഭിപ്രായം ശരിയാകണമെന്നുമില്ല. അതെല്ലാം ഓരോരുത്തരുടേയും തെരഞ്ഞെടുപ്പാണ്.
വളരെ പ്രസക്തമായ മറ്റൊരു വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ആടുജീവിതംപോലെയുള്ള കൃതികള്‍ നോവലാണോ എന്നു പരിശോധിക്കണമെന്ന അഷ്ടമൂര്‍ത്തിയുടെ അഭിപ്രായമാണ്. നേരത്തെ സൂചിപ്പിച്ചപോലെ നോവലിനു നിയതരൂപം നിശ്ചയിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. പ്രസംഗത്തില്‍ മറ്റൊരിടത്ത് വടക്കേടത്ത് പറയുന്നപോലെ അത് വായനക്കാരനില്‍ സൃഷ്ടിക്കുന്ന ആന്തരികാനുഭൂതിയാണ് മുഖ്യം. ജീവചരിത്രമെഴുതിയാല്‍ നോവലാകുമോ എന്ന ചോദ്യം ആടുജീവിതം ആദ്യപതിപ്പിറങ്ങിയ അന്നുമുതല്‍ ഉയര്‍ന്നിരുന്നു. കേട്ടെഴുതിയ എത്രയോ ആത്മകഥകളും ജീവചരിത്രങ്ങളും മലയാളത്തിലുണ്ട്. അവക്കെല്ലാം സമാനമാണ് ആടുജീവിതവും. ഗള്‍ഫ് മലയാളിയുടെ ജീവിതത്തിന്റെ അവിഭാജ്യഭാഗമായതിനാല്‍ ആടുജീവിതം നന്നായി വായിക്കപ്പെടുമെന്നതില്‍ സംശയമില്ല. അതുമാത്രം ചൂണ്ടികാട്ടിയാണ് ഇത്തരം വിമര്‍ശനങ്ങളെ തികഞ്ഞ അസഹിഷ്ണുതയോടെ ബന്ന്യാമന്‍ പ്രതിരോധിക്കുന്നത്. അടുത്തിറങ്ങിയ പ്രമുഖവാരികയിലെ അഭിമുഖത്തില്‍ ബന്ന്യാമന്റെ അസഹിഷ്ണത പ്രകടമാണ്. ഫിക്ഷനും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതായെന്നും അദ്ദേഹം പറയുന്നു. തീര്‍ച്ചയായും ചര്‍ച്ച ചെയ്യാവുന്ന വിഷയമാണിത്. ആത്യന്തികമായി നോവലിനു പരിധികള്‍ നിശ്ചയിക്കുന്നത് ശരിയല്ലതാനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply