ആനത്തലവട്ടം ആനന്ദനും സാമ്പത്തിക സംവരണത്തിനോ?

രാജ്യത്തെ സംവരണ നയം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണല്ലോ. സവര്‍ണ്ണ സംഘടനയെന്ന് വിലയിരുത്തപ്പെടുന്ന ആര്‍ എസ് എസിന്റെ അഭിപ്രായത്തില്‍ അല്‍ഭുതപ്പെടാനില്ല. എന്നാല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭഗവതിനെ ശക്തമായി എതിര്‍ക്കുന്നതായി നടിച്ച് സംവരണത്തിന്റെ അന്തസത്തയെ തള്ളിയ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ അഭിപ്രായം കേട്ട് ഞെട്ടിപ്പോയി. പണ്ട് ഇ എം എസും ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞിരുന്നു എന്നതും ചരിത്ര സത്യം. ഒരു വിഭാഗത്തിന്റെ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി കൊണ്ടാകരുത് മറ്റൊരു വിഭാഗത്തെ വളര്‍ത്തുന്നതെന്നാണ് […]

ana

രാജ്യത്തെ സംവരണ നയം പുനഃപരിശോധിക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണല്ലോ. സവര്‍ണ്ണ സംഘടനയെന്ന് വിലയിരുത്തപ്പെടുന്ന ആര്‍ എസ് എസിന്റെ അഭിപ്രായത്തില്‍ അല്‍ഭുതപ്പെടാനില്ല. എന്നാല്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭഗവതിനെ ശക്തമായി എതിര്‍ക്കുന്നതായി നടിച്ച് സംവരണത്തിന്റെ അന്തസത്തയെ തള്ളിയ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ അഭിപ്രായം കേട്ട് ഞെട്ടിപ്പോയി. പണ്ട് ഇ എം എസും ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞിരുന്നു എന്നതും ചരിത്ര സത്യം.
ഒരു വിഭാഗത്തിന്റെ ആഗ്രഹങ്ങള്‍ ഇല്ലാതാക്കി കൊണ്ടാകരുത് മറ്റൊരു വിഭാഗത്തെ വളര്‍ത്തുന്നതെന്നാണ് ഭഗവത് പറയുന്നത്. ഭരണഘടനയുടെ ശില്‍പികള്‍ വിഭാവനം ചെയ്ത തരത്തിലുള്ള സംവരണാനുകൂല്യമല്ല ഇന്ന് നിലനില്‍ക്കുന്നതെന്നും മോഹന്‍ ഭഗവത് പറയുന്നു. എന്നാല്‍ ഭാഗവതിന്റെ നിര്‍ദേശത്തെ എതിര്‍ത്ത് ബി.ജെ.പി രംഗത്തെത്തി എന്നത് വേറെ കാര്യം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവും ടെലികോം മന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് ബി.ജെ.പി, ആര്‍ എസ് എസിനെ തള്ളിതെന്നാണ് വിലയിരുത്തല്‍. ബിഹാറിലെ ജനങ്ങളില്‍ 65 ശതമാനവും സംവരണം ലഭിക്കുന്ന പിന്നാക്ക,പട്ടിക വിഭാഗങ്ങളാണ്. ധൈര്യമുണ്ടെങ്കില്‍ സംവരണം നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലാലു പ്രസാദ് യാദവ് വെല്ലുവിളിക്കുകയും ചെയ്തു. സംവരണ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് മുന്നാക്കക്കാരുടെയും യാദവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും വോട്ട് നേടാനുള്ള തന്ത്രമായാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രസ്താവനകളെന്ന വിലയിരുത്തലുകളുമുണ്ട്.
ഇപ്പോഴത്തെ സംവരണം നിലനിര്‍ത്തി മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണമെന്ന വളരെ ശരിയാണെന്നു തോന്നുന്ന നിര്‍ദ്ദേശമാണ് ആനത്തലവട്ടം പറയുന്നത്. പലരും ഈ ആവശ്യം പലപ്പോഴായി ഉന്നയിക്കാറുമുണ്ട്. എന്നാല്‍ സംവരണത്തിന്റെ അടിസ്ഥാനതത്വത്തെ അട്ടിമറിക്കുന്ന ഒന്നല്ലാതെ മറ്റെന്താണ് ഈ നിര്‍ദ്ദേശം? സംവരണത്തിന്റെ പ്രാഥമികലക്ഷ്യം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ തൊഴിലും വിദ്യാഭ്യാസവും നല്‍കലോ അല്ല. മറിച്ച് സാമൂഹ്യനീതി നേടിയെടുക്കലാണെന്ന സത്യം.. അതിനു ഇന്നോളം അത് നിഷേധിക്കപ്പെട്ടവര്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ എത്തണം. നൂറ്റാണ്ടുകളായി അധികാരത്തിന്റെ ഏണിപ്പടികള്‍ അപ്രാപ്യമാക്കപ്പെട്ടവര്‍ അവിടേക്കെത്തണം. അതാണ് സംവരണത്തിന്റെ അടിസ്ഥാനലക്ഷ്യം. പോറ്റിയുടെ കോടതിയില്‍ നിന്ന് പുലയനു നീതികിട്ടാനിടയില്ലല്ലോ. അത്തരമൊരു ലക്ഷ്യത്തില്‍ സാമ്പത്തികപരിഗണനക്ക് യാതൊരിടവുമില്ല. മാത്രമല്ല, പിന്നോക്കക്കാരില്‍ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് അവിടെയാദ്യം എത്തുക. ്‌വരെ ഒവിവാക്കുക എന്ന വാദം പലപ്പോഴും ഉയരാറുണ്ട്. അതുപോലെ ആനത്തലവട്ടം പറയുന്നപോലെ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്താനും. അപ്പോള്‍ അടിസ്ഥാനനയം സാമൂഹ്യനീതി എന്നതിനു പകരം സാമ്പത്തിക നീതിയാകും. അത് സംവരണത്തിന്റെ അന്തസത്തയെ അട്ടിമറിക്കലാണ്. ജനാധിപത്യവിരുദ്ധമായ ജാതീയവിവേചനം നിലനില്‍ക്കുന്നിടത്തോളം ജാതിസംവരണവും നിലനില്‍ക്കാതെവയ്യ., ഇത്രയും കാലം സംവരണം നിലനിന്നിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാകാത്ത വിഭാഗങ്ങള്‍ നിരവധിയാണ്. ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട സ്ഥാനങ്ങളില്‍ അവരെത്തിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങള്‍ അവര്‍ക്കിപ്പോഴും അന്യമാണ്. പലപ്പോഴും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവിടേക്ക് എത്താന്‍ പോലും അവര്‍ക്കാവുന്നില്ല. ഇത്തരം പശ്ചാത്തലത്തിലാണ് ഈ ഫലത്തില്‍ സാമ്പത്തിക സംവരണമെന്ന വാദത്തിലേക്ക് പുരോഗമനവാദികള്‍ എന്നു വിശേഷിക്കപ്പെടുന്നവരും നീങ്ങുന്നത്.
സംവരണം ആവശ്യപ്പെട്ടുകൊണ്ട് ഗുജറാത്തില്‍ നടക്കുന്ന പട്ടേളുമാരുടെ സമരം ഫലത്തില്‍ സംവരണത്തെ അട്ടിമറിക്കാനാണെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. സംവരണത്തിനു വേണ്ടി പിന്നാക്കാവസ്ഥ തിരുമാനിക്കുന്നത് ജാതി മാത്രം നോക്കിയാവരുതെന്ന അടുത്തകാലത്തെ ഒരു കോടതിവിധിയും ആ ദിശയിലുള്ളതാണ്. പിന്നാക്കാവസ്ഥയെന്നാല്‍ സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ പിന്നാക്കാവസ്ഥയല്ലെന്നും സാമൂഹ്യ പിന്നാക്കാവസ്ഥയാണെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥക്കു കാരണം ജാതിയല്ലാതെ മറ്റെന്താണ്? അതു പറയാന്‍ കോടതിക്കു കഴിഞ്ഞുമില്ല.
സത്യത്തില്‍ പൊതുമേഖല ദുര്‍ബ്ബലമായികൊണ്ടിരിക്കുന്ന കാലത്ത് സ്വകാര്യമേഖലയില്‍ കൂടി സംവരണമെന്ന ആവശ്യമുന്നയിക്കുകയാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്. അതുപോലെ സമാനമായ സാമൂഹ്യപിന്നോക്കാവസ്ഥയുള്ള സ്ത്രീകളടക്കമുള്ള വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ശബ്ദമുയര്‍ത്തണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply