ആദിവാസി സമരത്തെ പിന്തുണക്കുക, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കടന്നുവരുക

സാറാജോസഫ് മലയാളികളുടെ കൊട്ടിഘോഷിക്കുന്ന അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നു തെളിയിച്ചുകൊണ്ടാണ് ആദിവാസി മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ആദിവാസികളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും മരണം, ചാപ്പിള്ളകളുടെ ജനനം, പോഷകാഹാരമില്ലായ്മയുടെ ഫലമായുള്ള രോഗങ്ങള്‍ എന്നിങ്ങനെ എത്രയോ വാര്‍ത്തകള്‍ വരുന്നു. കഴിഞ്ഞ വര്‍ഷത്തെ മാത്രം പട്ടിണി മരണം ഔദ്യോഗിക കണക്കനുസരിച്ച് 31 ആണ്. സ്വന്തമായി ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ആദിവാസികളെത്രെ? മറുവശത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ ചിലവഴിച്ചു എന്നു പറയുന്നത് 500ല്‍പ്പരം കോടിയാണ്. ഈ സാഹചര്യത്തിലാണ് മാസങ്ങളായി സെക്രട്ടറിയേറ്റിനു പടിക്കല്‍ […]

ssssസാറാജോസഫ്

മലയാളികളുടെ കൊട്ടിഘോഷിക്കുന്ന അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നു തെളിയിച്ചുകൊണ്ടാണ് ആദിവാസി മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ആദിവാസികളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും മരണം, ചാപ്പിള്ളകളുടെ ജനനം, പോഷകാഹാരമില്ലായ്മയുടെ ഫലമായുള്ള രോഗങ്ങള്‍ എന്നിങ്ങനെ എത്രയോ വാര്‍ത്തകള്‍ വരുന്നു. കഴിഞ്ഞ വര്‍ഷത്തെ മാത്രം പട്ടിണി മരണം ഔദ്യോഗിക കണക്കനുസരിച്ച് 31 ആണ്. സ്വന്തമായി ഒരു തുണ്ടുഭൂമി പോലുമില്ലാത്ത ആദിവാസികളെത്രെ? മറുവശത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആദിവാസി മേഖലയില്‍ സര്‍ക്കാര്‍ ചിലവഴിച്ചു എന്നു പറയുന്നത് 500ല്‍പ്പരം കോടിയാണ്.
ഈ സാഹചര്യത്തിലാണ് മാസങ്ങളായി സെക്രട്ടറിയേറ്റിനു പടിക്കല്‍ തുടരുന്ന അനശ്ചിതകാല നില്‍പ്പു സമരം പ്രസക്തമാകുന്നത്. വനത്തില്‍ നിന്നുള്ള വിഭവങ്ങളെടുത്ത് ജീവിച്ചിരുന്ന അവരെ ആരാണ് ഈ നില്‍പ്പിലെത്തിച്ചത്? നാം തന്നെ. വനങ്ങള്‍ നശിച്ചപ്പോള്‍ ഉള്‍വനങ്ങളിലേക്കു പോകാന്‍ നിര്‍ബന്ധിതരായ അവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടയുന്നു. വനത്തിന്റെ യഥാര്‍ത്ഥ അവകാശികളെയാണ് തടയുന്നതെന്നുപോലും അവരോര്‍ക്കുന്നില്ല. ഭൂമി നഷ്ടപ്പെട്ട അവര്‍ അതിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ സെക്രട്ടറിയേറ്റിനുമുന്നില്‍ കുടില്‍കെട്ടി സമരം നടത്തി. അന്ന് എ കെ ആന്റണി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട കരാര്‍. എന്നാല്‍ ആ കരാര്‍ നടപ്പാക്കാന്‍ ഇത്രയും വര്‍ഷമായിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇടക്കു നടന്ന മുത്തങ്ങയിലെ ബലിപോലും അതിന് ഭരണാധികാരികളെ പ്രേരിപ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് അവര്‍ നില്‍ക്കുന്നത്. ഇരിക്കാനായുള്ള നില്‍പ്പു സമരം.
മുത്തങ്ങക്കുശേഷം ജാനു എവിടെപോയി എന്ന് പലരും ചോദിച്ചിരുന്നു. ഇടക്ക് ആദിവാസി ക്ഷേമ സമിതിയെ പോലുള്ളവര്‍ പ്രഹസന സമരങ്ങള്‍ നടത്തിയപ്പോഴും ഈ ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ജാനുവും കൂട്ടരും തയ്യാറെടുക്കുകയായിരുന്നു. ഇത്തരമൊരു പോരാട്ടത്തിന്. വിജയിക്കാതെ തങ്ങള്‍ തിരിച്ചുപോകില്ല എന്നവര്‍ പറയുന്നു. കാരണം അവരുടെ പരിമിതമായ ശേഷിയില്‍ ഇനിയും ഇത്തരമൊരു സമരം സംഘടിപ്പിക്കുക എളുപ്പമല്ലല്ലോ. ഒന്നുകില്‍ ജീവിതം, അല്ലെങ്കില്‍ മരണം. മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കുമുന്നിലില്ല.
വളരെ ഗൗരവമായ ഒരു രാഷ്ട്രീയ പ്രശ്‌നമാണ് ഇക്കുറി ഇവര്‍ അതിശക്തമായി ഉന്നയിക്കുന്നത്. പെസ നിയമം നടപ്പാക്കി ആദിവാസി ഊരുകള്‍ സംരക്ഷിക്കുക എന്നതാണത്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതും ഭരണഘടനാപരമായി ആദിവാസികളുടെ സ്വയംഭരണമെന്ന ലളിതമായ ആവശ്യം. ആദിവാസി ഭൂമിയും കൃഷിയും സംരക്ഷിക്കുന്നതിന്റെ ഗുണഫലം സമൂഹത്തിനു മൊത്തമാണ് താനും. ഒപ്പം പരിസ്ഥിതി സംരക്ഷണവും. എന്നിട്ടും പൊതുസമൂഹം ഈ സമത്തിനുനേരെ മുഖം തിരിക്കുകയാണ്. വ്യക്തിപരമായി ഞാന്‍തന്നെ മുഖ്യമന്ത്രിയോട് ഈ വിഷയം സംസാരിച്ചിരുന്നു. പഠിക്കുന്നു എന്നാണ് മറുപടി. 1996ല്‍ പാസ്സാക്കിയ നിയമമാണ് ഇതുവരെ പഠിച്ചു കഴിയാത്തത്. പഠിച്ചുകഴിയുമ്പോഴേക്കും ആദിവാസി ജനത നാമവശേഷമാകും. എന്നിട്ടും നമ്മുടെ പൊതുസമൂഹത്തിന്റെ നിസ്സംഗതയാണ് നമ്മെ അമ്പരിപ്പിക്കുന്നത്.
പൊതുസമൂഹം പിന്തുണക്കുന്നില്ല എന്നതുപോകട്ടെ, മറുവശത്ത് ഇവരെ നിരന്തരമായി അധിക്ഷേപിക്കുകയും പുച്ഛിക്കുകയുമാണ്. അവരൊരിക്കലും നന്നാകില്ല, കൃഷി ചെയ്യില്ല, ഭൂമി വിറ്റുകളയും, മദ്യപരാണ് എന്നിങ്ങനെ. ഇതു പറയാന്‍ ആര്‍ക്കാണ് യോഗ്യത എന്നതവിടെ നില്‍ക്കട്ടെ. ഇതില്‍ എന്തെങ്കിലും ശരിയുണ്ടെങ്കില്‍ അവരെ ആ അവസ്ഥയില്‍ എത്തിച്ചതാരാണ്? അവരുടെ പേരില്‍ കോടികള്‍ അടിച്ചെടുത്തവരെ കുറിച്ച് എന്തു പറയാനുണ്ട്?  കഴിഞ്ഞില്ല, ഇതിനെല്ലാം അവസാനമുണ്ടാക്കാന്‍ കൂടിയാണല്ലോ ഭരണഘടന അവര്‍ക്ക് സ്വയം ഭരണാവകാശം അനുവദിച്ചത്. അതു നടപ്പാക്കാന്‍ എന്തിനു നാം മടിക്കുന്നു?
നില്‍പ്പുസമരത്തിനു പിന്തുണയുമായി ഞാന്‍ ചെന്നപ്പോള്‍ ജാനു പറഞ്ഞത്, പ്രസംഗങ്ങളല്ല, പാട്ടുകളും സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളുമാണ് ഞങ്ങളുടെ സമരരീതിയെന്ന്. അതിന്റെ ഭാഗമായാണ് ഞങ്ങള്‍ അവര്‍ക്കൊപ്പം ചെണ്ട കൊട്ടിയത്. അതിനേയും അപഹസിക്കാന്‍ പലരും മുന്നോട്ടുവന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി.
മറുവശത്ത് മാവോയിസ്റ്റുകളെന്നപേരിലും നാമവരെ വേട്ടയാടുന്നു. അതിന്റെ പേരിലും പണം തട്ടിയെടുക്കുന്നു. കഴിഞ്ഞില്ല, ഈ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നവകാശപ്പെടുന്ന പലരേയും ഉപയോഗിച്ച് തങ്ങള്‍ സംതൃപ്തരാണെന്ന് ചില ആദിവാസികളെ കൊണ്ട് പറയിക്കുന്നു. ഇത്തരത്തില്‍ എല്ലാതരത്തിലും ആദിവാസികളുടെ മുന്നേറ്റങ്ങളെ തടയുന്നു.
ഇനി കരാറനുസരിച്ച് ആദിവാസികള്‍ക്കു നല്‍കിയ ഭൂമിയുടെ അവസ്ഥതന്നെ നോക്കൂക. ഏറ്റവും വലിയ ഭൂമി ആറളത്താണല്ലോ. ആദിവാസികള്‍ക്കായി  അവിടത്തെ 7000 ഏക്കര്‍ നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ നല്‍കിയത് 3000 മാത്രം. ബാക്കി സ്ഥലം കുത്തകകള്‍ക്ക് പൈനാപ്പിള്‍ കൃഷിക്കായി നല്‍കി. വന്‍തോതില്‍ കീടനാശിനികളുപയോഗിച്ച് അവര്‍ നടത്തുന്ന കൃഷി ആദിവാസികളേയും അവരരുടെ കൃഷിയേയും കൊല്ലാക്കൊല ചെയ്യുകയാണ്. മറുവശത്ത് പൂക്കോട് ഭൂമി യൂണിവേഴ്‌സിറ്റിക്കായും നല്‍കി. സത്യത്തില്‍ ഇതുരണ്ടും ആദിവാസി ഭൂമിയിലേക്കുള്ള കയ്യേറ്റമാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെയാണ് കയ്യേറ്റം നടത്തുന്നതെന്നതാണ് വൈരുദ്ധ്യം. അത് ചോദ്യം ചെയ്യാന്‍ പൊതുസമൂഹം തയ്യാറാകുന്നുമില്ല.
നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ അവഗണിക്കുന്നു. അവരെ നിലപാടെടുപ്പിക്കാനുള്ള സമ്മര്‍ദ്ദവും ഉണ്ടാകുന്നില്ല. ആം ആദ്മി പാര്‍്ട്ടി തീര്‍ച്ചയായും ഈ സമരത്തോടൊപ്പമാണ്. പാര്‍ട്ടി ദേശീയതലത്തില്‍ തന്നെ അത്തരമൊരു നയ.ം സ്വീകരിച്ചിട്ടുണ്ട്. ഭൂമിയുടേയും വിഭവങ്ങളുടേയും അന്തിമാവകാശം ജനങ്ങള്‍ക്കാണെന്ന അടിസ്ഥാന നിലപാടില്‍ നിന്നാണ് ഞങ്ങളാ നിലപാടെടുക്കുന്നത്. ഇത്തരം ജനകീയ സമരങ്ങളോട് എന്നും സഹകരിക്കാറുള്ള കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തന്റെ കേരള യാത്ര ആരംഭിക്കുന്നതിനുമുമ്പ് ചെയ്യേണ്ടത് ആവശ്യങ്ങള്‍ അംഗീകരിച്ച് ആദിവാസി സമരം അവസാനിപ്പിക്കലാണ്.
കൂടാതെ ഈ മേഖലയിലെ സര്‍ക്കാരിന്റെ നടപടികളെല്ലാം സുതാര്യമാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടണം. സുതാര്യമല്ലെങ്കില്‍ ബാക്കിയുണ്ടാകുക ഇരുട്ടാണ്. അതാണ് ഇപ്പോള്‍ നടക്കുന്നത്. നമുക്ക് യാത്ര ചെയ്യേണ്ടത് വെളിച്ചത്തിലേക്കാണ്. അതിനായി നിലനില്‍പ്പിനായുള്ള ഈ നില്‍പ്പു സമരത്തെ പിന്തുണക്കുക.

സാഹിത്യ അക്കാദമിയില്‍ നടന്ന ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനില്‍ നടത്തിയ. ഉദ്ഘാടന പ്രഭാഷണത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply