ആദിവാസി ഭൂമിയില്‍ കാറ്റാടിയന്ത്രങ്ങള്‍ കേരളപിറവിദിനത്തില്‍ ഭീമാ ജ്വല്ലറി മാര്‍ച്ച്

കേരള ദലിത് മഹാസഭ അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്ത് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് കോടികള്‍ കൊയ്യുന്ന ഭീമാ ജ്വല്ലറിയിലേക്ക് (എറണാകുളം എം.ജി. റോഡ് ശാഖ) കേരളപ്പിറവിദിനമായ നവംമ്പര്‍ ഒന്നാം തീയതി കേരള ദലിത് മഹാസഭ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്. സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, വെസ്റ്റ്‌സ്റ്റാഴ്‌സ് ഇന്‍ഡ്യ ലിമിറ്റഡ്, സര്‍ജന്‍ റിയാലിറ്റീസ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും ചേര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസികളില്‍ നിന്നും തട്ടിയെടുത്ത 374.48 ഏക്കര്‍ ഭൂമി തിരികെ നല്‍കുക, കെ.വി. മോഹന്‍ കുമാര്‍, പി. പ്രഭാകരന്‍ […]

kdകേരള ദലിത് മഹാസഭ

അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്ത് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് കോടികള്‍ കൊയ്യുന്ന ഭീമാ ജ്വല്ലറിയിലേക്ക് (എറണാകുളം എം.ജി. റോഡ് ശാഖ) കേരളപ്പിറവിദിനമായ നവംമ്പര്‍ ഒന്നാം തീയതി കേരള ദലിത് മഹാസഭ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.
സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, വെസ്റ്റ്‌സ്റ്റാഴ്‌സ് ഇന്‍ഡ്യ ലിമിറ്റഡ്, സര്‍ജന്‍ റിയാലിറ്റീസ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയും ചേര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസികളില്‍ നിന്നും തട്ടിയെടുത്ത 374.48 ഏക്കര്‍ ഭൂമി തിരികെ നല്‍കുക, കെ.വി. മോഹന്‍ കുമാര്‍, പി. പ്രഭാകരന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുക, അട്ടപ്പാടി നല്ലശിങ്കയിലെ ആദിവാസി ഭൂമി കുംഭകോണത്തിലെ പ്രധാന ഇടനിലക്കാരായ അഹാഡ്‌സ് ഉദ്യോഗസ്ഥര്‍, പ്രേം ഷമീര്‍, വി.എച്ച്. ദിരാര്‍, കെ.എച്ച്. ഷാജഹാന്‍, ബൈജു, സി.സി.ജയ, അഗളി സ്വദേശി ബിനു എസ്. നായര്‍, ആനക്കട്ടി സ്വദേശി ശങ്കരനാരായണന്‍, ഷോളയൂര്‍ സ്വദേശി കെ.എസ്. ജോയി, എന്നിവര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കുക. അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുക, സുസ്‌ലോണില്‍ നിന്നും വെസ്റ്റ് സ്റ്റാഴ്‌സില്‍നിന്നും കാറ്റാടിയന്ത്രങ്ങള്‍ വിലയ്ക്കുവാങ്ങി ആദിവാസിഭൂമി തട്ടിയെടുത്ത ഭീമാ ജ്വല്ലറി ഗ്രൂപ്പ്, ഏഷ്യന്‍ സ്റ്റാര്‍ കമ്പനി മുംബൈ, അന്ന അലൂമിനിയം കമ്പനി കിഴക്കമ്പലം, സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എറണാകുളം, പോപ്പി അമ്പര്‍ലാ മാര്‍ട്ട് ആലപ്പുഴ, കേരള സ്റ്റീല്‍ അസോസിയേറ്റ്‌സ് എറണാകുളം, പ്ലാന്റ് ലിപിഡ്‌സ് ലിമിറ്റഡ് കോലഞ്ചേരി, ഒ.ഇ.എന്‍ ഇന്ത്യാ ലിമിറ്റഡ് കൊച്ചിന്‍ എന്നീ സ്ഥാപനങ്ങള്‍/ഉല്പന്നങ്ങള്‍ കേരളീയ സമൂഹം ബഹിഷ്‌കരിക്കണമെന്നും കേരള ദലിത് മഹാസഭ ആവശ്യപ്പെടുന്നു.
വി.എസ്. അച്ചുതാനന്ദന്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയും അല്ലാതെയും സുസ്‌ലോണ്‍ എന്ന സ്വകാര്യ കമ്പനി, ആദിവാസി ഭൂമി തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നത്. പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനത്തിന് കാറ്റാടി മരങ്ങള്‍ സ്ഥാപിക്കാന്‍ പൂനെയില്‍ ആസ്ഥാനമുള്ള ഡെന്‍മാര്‍ക്ക് കമ്പനിയായ സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ്, വെസ്റ്റ് സ്റ്റാര്‍സ് ഇന്‍ഡ്യാ ലിമിറ്റഡ് എന്നിവയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പിടുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു ആദിവാസി ഭൂമി തട്ടിയെടുത്തത്.
ഭൂമി തട്ടിയെടുത്തതിനെക്കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുന്നതിനുവേണ്ടി ആദ്യം പാലക്കാട് കളക്ടറായിരുന്ന കെ.വി. മോഹന്‍ കുമാറിനെയും, പിന്നീട് കേരള ചീഫ് സെക്രട്ടറി പി. പ്രഭാകരന്റെ നേതൃത്വത്തിലുള്ള ഏഴംഗസമിതിയെയും ചുമതലപ്പെടുത്തി. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുപിടിച്ച് ആദിവാസികള്‍ക്ക് കൊടുക്കുക എന്നതായിരുന്നു രണ്ടുകമ്മീഷനുകളുടേയും ശുപാര്‍ശ.
1975-ലെ ആദിവാസി ഭൂമി അന്യാധീനപ്പെടല്‍ വിരുദ്ധ നിയമം, പട്ടികവര്‍ഗ്ഗക്കാരുടെ ഭൂമി പുറത്തുകൈമാറുന്നതിനെതിരായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന 1999 ലെ ആദിവാസി ഭൂസംരക്ഷണനിയമം, 2000 ത്തിലെ വനാവകാശ നിയമം, എന്നിവയുടെ ലംഘനം തുറന്നുകാട്ടുന്ന 429 പേജുള്ള റിപ്പോര്‍ട്ടാണ് പി. പ്രഭാകരന്‍ സമിതിയുടേത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലെ (അഹാഡ്‌സ്) നാലു ജീവനക്കാരും മൂന്ന് സര്‍ക്കാര്‍ ജീവനക്കാരുമാണ് ഭൂമി കൈമാറുന്നതിന് വ്യാജരേഖ ഉണ്ടാക്കാന്‍ സഹായിച്ചത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. മാത്രമല്ല സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍, റവന്യു, എസ്.സി.എസ്ടി, വനം, എല്‍എസ്ജി വകുപ്പുകള്‍ മറ്റുഡിപ്പാര്‍ട്ടുമെന്റുകളിലേയും ഏജന്‍സികളിലെയും ഉദ്യോഗസ്ഥന്മാരും അഗളിപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചന, അതിക്രമം, വഞ്ചന, രേഖകളില്‍ കൃത്രിമത്വം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതെന്നും, തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വിചാരണ ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ഒരു ഉന്നതതല കമ്മറ്റി സര്‍ക്കാര്‍ നടപടി വിലയിരുത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷവാങ്ങിക്കൊടുക്കണമെന്നും പട്ടികജാതി-വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമൊക്കെ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും നാളിതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
സുസ്‌ലോണില്‍ നിന്നും 21-ഉം വെസ്റ്റ് സ്റ്റാഴ്‌സില്‍ നിന്നും 10-ഉം കാറ്റാടിയന്ത്രങ്ങള്‍ കേരളത്തിലെ പതിനാല് വ്യാപാര വ്യവസായ പ്രമുഖരാണ് വാങ്ങിയത്. ഭീമാ ജ്വല്ലറി ഗ്രൂപ്പ്, ഏഷ്യന്‍ സ്റ്റാര്‍ കമ്പനി മുംബൈ, അന്ന അലൂമിനിയം കമ്പനി കിഴക്കമ്പലം, സിന്തെറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എറണാകുളം, പോപ്പി അമ്പര്‍ലാ മാര്‍ട്ട് ആലപ്പുഴ, കേരള സ്റ്റീല്‍ അസോസിയേറ്റ്‌സ് എറണാകുളം, പ്ലാന്റ് ലിപിഡ്‌സ് ലിമിറ്റഡ് കോലഞ്ചേരി, ഒ.ഇ.എന്‍ ഇന്ത്യാ ലിമിറ്റഡ് കൊച്ചിന്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഭൂമി.
ഇത്തരമൊരു സാഹചര്യത്തിലാണ് മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ അട്ടപ്പാടിയിലെ ആദിവാസി ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി ഭീമാ ജ്വല്ലറിയിലേക്ക് കേരള ദലിത് മഹാസഭ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുനേരെയും പ്രതിഷേധ മാര്‍ച്ചും ഉപരോധസമരവും ഉത്പന്ന ബഹിഷ്‌കരണ സമരവും സംഘടിപ്പിക്കുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
നവംമ്പര്‍ ഒന്നാം തീയതി നടത്തുന്ന മാര്‍ച്ച് ദലിത് മാസിക പത്രാധിപര്‍ കെ.എം. സലിംകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേരളത്തിലെ പ്രമുഖ ദലിത് ആദിവാസി പരിസ്ഥിതി പൗരാവകാശ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്യും. പ്രതിഷേധമാര്‍ച്ച് വിജയിപ്പിക്കുവാന്‍ മുഴുവന്‍ ദലിത് ആദിവാസി പുരോഗമന ജനാധിപത്യ സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply