ആദിവാസി അതിജീവന പ്രതിസന്ധിയും വനാവകാശനിയമ പരിരക്ഷയും

രാജേന്ദ്രപ്രസാദ് നിയമങ്ങള്‍ പ്രസക്തമാവുന്നത്, അത് നിയമങ്ങളായതുകൊണ്ട് മാത്രമല്ല മറിച്ച് അതില്‍ അവകാശങ്ങള്‍ അന്തര്‍ലീന മായതുകൊണ്ടുകൂടിയാണ് – എച്ച്.ഡബ്യൂ. ബീച്ചര്‍ ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍, അവിടുത്തെ ആദിവാസി ദലിതുകളടങ്ങുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എത്രത്തോളം സാധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും അടയാളപ്പെടുത്തുക. കേരളത്തില്‍ നടന്ന പ്രധാന ആദിവാസി ഭൂസമരങ്ങളെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത് പട്ടിണിമരണങ്ങളെ തടുര്‍ന്നാണ്. 33 പണിയ വിഭാഗക്കാരായ ആദിവാസികളുടെ മരണത്തെ തുടര്‍ന്നാണ് പ്രധാന സമരമായ സെക്രട്ടേറിയറ്റ് കുടില്‍കെട്ടി സമരവും മുത്തങ്ങാ […]

adivasi

രാജേന്ദ്രപ്രസാദ്

നിയമങ്ങള്‍ പ്രസക്തമാവുന്നത്, അത് നിയമങ്ങളായതുകൊണ്ട് മാത്രമല്ല മറിച്ച് അതില്‍ അവകാശങ്ങള്‍ അന്തര്‍ലീന മായതുകൊണ്ടുകൂടിയാണ് – എച്ച്.ഡബ്യൂ. ബീച്ചര്‍

ഒരു സമൂഹത്തിന്റെ ശാക്തീകരണം/വികസനം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അളവുകോല്‍, അവിടുത്തെ ആദിവാസി ദലിതുകളടങ്ങുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഭൂവധികാരം, ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച എത്രത്തോളം സാധ്യമായി എന്നതിനെ ആശ്രയിച്ചായിരിക്കും അടയാളപ്പെടുത്തുക. കേരളത്തില്‍ നടന്ന പ്രധാന ആദിവാസി ഭൂസമരങ്ങളെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത് പട്ടിണിമരണങ്ങളെ തടുര്‍ന്നാണ്. 33 പണിയ വിഭാഗക്കാരായ ആദിവാസികളുടെ മരണത്തെ തുടര്‍ന്നാണ് പ്രധാന സമരമായ സെക്രട്ടേറിയറ്റ് കുടില്‍കെട്ടി സമരവും മുത്തങ്ങാ സമരവും ഉണ്ടാവുന്നത്. അട്ടപ്പാടിയിലെ ഇരുന്നൂറോളം കുഞ്ഞുങ്ങളുടെ പോഷണശോഷണം മൂലമുള്ള മരണങ്ങളെ തുടര്‍ന്നാണ് 165 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം നടത്തിയത്. അതിനെ തുടര്‍ന്നാണ് വനാവകാശനിയമവും പെസ നിയമവും കേരളത്തില്‍ വീണ്ടും ചര്‍ച്ചയായത്.
വികസന സൂചികയുടെ കാര്യത്തില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെങ്കിലും പട്ടികവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ സാമൂഹ്യ വിഭാഗങ്ങളുടെ ജീവിതാവസ്ഥ കേരളത്തിന്റെ മുഖ്യധാരാ സൂചികകളില്‍ നിന്നും ഏറെ താഴെയാണ്. 1.45 ശതമാനം ആദിവാസി ജനതയാണ് കേരളത്തിലുള്ളത്. ശരാശരി വരുമാനം, ഭൂവുടമസ്ഥത. വിദ്യാഭ്യാസ നിലവാരം എന്നീ സൂചികകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോഴും മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ പൊതുവിഭാഗ നിലവാരത്തേക്കാള്‍ താഴെയാണ്. സി.ഡി.എസിന്റെ കണക്കനുസരിച്ച് കേരളത്തിലെ ആദിവാസികളില്‍ 22,491 പേര്‍ ഭൂരഹിതരാണ്. 30,891 കുടുംബങ്ങള്‍ ഒരേക്കറിന് താഴെ മാത്രം ഭൂമിയുള്ളവരാണ്.
കണക്കുകളില്‍ ആദിവാസികളുടെ ശരാശരി ഭൂവുടമസ്ഥ ത 6.68 ഹെക്ടര്‍ ആണെങ്കിലും യഥാര്‍ത്ഥത്തില്‍ അതില്‍ എത്രയോ താഴെയാണെന്ന് സി.ഡി.എസ്. കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ആദിവാസികളില്‍ 33.92 ശതമാനം കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ആദിവാസികളടക്കമുള്ള പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവധാനതയോടെ െകെകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ മുഖ്യധാരാ സമൂഹത്തെ പ്രതിനിധാനം ചെയ്യു ന്ന സര്‍ക്കാരുകള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല.
സ്വാതന്ത്ര്യാനന്തരം ആദിവാസികളോട് കാണിച്ച ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തമായാണ് വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് നിയമത്തിന്റെ മുഖവുര സാക്ഷ്യപ്പെടുത്തുന്നു. സ്വാതന്ത്ര്യം കിട്ടി നാളിതുവരെയായിട്ടും പരമ്പരാഗതമായി െകെമാറിവന്ന ഭൂമി െകെവശം വയ്ക്കുന്നതിനും അതിലെ ചെറുകിട വിഭവങ്ങള്‍ ജീവസന്ധാരണത്തിനായി ശേഖരിക്കുന്നതിനും സ്വതന്ത്രമായി വിപണനം ചെയ്യുന്നതിനും അതിലൂടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള അധികാ രം ആദിവാസി ജനതയ്ക്കും അവരുടെ ജനാധിപത്യ സംവിധാനമായ ഊരുസഭകള്‍/ ഊരുകൂട്ടങ്ങള്‍ എന്നിവയ്ക്ക് നല്‍കിയിരുന്നില്ല. ബ്രിട്ടീ ഷ് ഭരണകാലം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഊരുകൂട്ടങ്ങള്‍ക്ക് സ്വതന്ത്രമായ നിര്‍ണ്ണയാധികാരം ഉണ്ടായിരുന്നു. അവിടെ സ്വതന്ത്ര്യാനന്തരം ഇത് ഭരണഘടനയുടെ അഞ്ചും ആറും പട്ടികയില്‍പ്പെടുത്തി പ്രത്യേക അധികാരം നിലനിര്‍ത്തി. അതാണ് ഷെഡ്യൂള്‍ഡ് ഏരിയ.
വനാവകാശനിയമം പത്താം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തില്‍ നിയമപരിരക്ഷ ആദിവാസി ജനതയ്ക്ക് ലഭ്യമാക്കുന്നതിലും വേണ്ടത്ര വിജയം െകെവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ വനാവകാശനിയമപ്രകാരം സാമൂഹ്യാവകാശം അനുവദിക്കുന്നതില്‍ വീഴ്ച വരുത്തി. സാമൂഹ്യാവകാശം നല്‍കുക വഴി ആദിവാസി ജനതയുടെ അതിജീവന പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പ്രധാന ആദിവാസി മേഖലകളായ അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോഷണശോഷണം മൂലമുള്ള കുഞ്ഞുങ്ങളുടെ മരണങ്ങള്‍ ഒഴിവാക്കാനാവുമായിരുന്നു. വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ വീഴ്ച വരുത്തിയതിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ രണ്ട് പ്രാവശ്യം കേന്ദ്രസര്‍ക്കാര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് വിശദീകരണം ചോദിച്ചിരുന്നു. 2012 ല്‍ നിയമത്തില്‍ ചില പ്രധാന ഭേദഗതികള്‍/ കൂട്ടിച്ചേര്‍ക്കലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി. അതില്‍ പ്രധാന ചട്ട ഭേദഗതി എന്നത് സാമൂഹിക അവകാശങ്ങള്‍ക്കും വികസന അവകാശങ്ങള്‍ക്കും പ്രത്യേക അപേക്ഷാഫോറങ്ങള്‍ തയ്യാറാക്കി നല്‍കുക എന്നതായിരുന്നു. വനാവകാശ കമ്മിറ്റികളില്‍ മൂന്നിലൊന്നു ഭാഗം ആദിവാസികളായിരിക്കണമെന്നത് മൂന്നില്‍ രണ്ട് ഭാഗമാക്കി ഉയര്‍ത്തിയതു കൂടാതെ അതില്‍ മൂന്നിലൊന്നു ഭാഗം ആദിവാസി സ്ത്രീകളായിരിക്കണമെന്ന് ഭേദഗതി അനുശാസിക്കുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 30ലെ വനാവകാശനിയമം നോഡല്‍ ഏജന്‍സിയായ പട്ടികവര്‍ഗക്ഷേമ വകുപ്പ് പുറത്തിറക്കിയ കണക്കനുസരിച്ച് 33654.37 ഏക്കര്‍ ഭൂമി വ്യക്തിഗത അവകാശമായും 217 ഏക്കര്‍ ഭൂമി വികസന അവകാശ പരിധിയിലും വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍, സാമൂഹികാവകാശ പ്രകാരം 172 െടെറ്റിലുകള്‍ ഡി.എല്‍.സിയുടെ പരിഗണനയിലാണ്. അതായത് കേരളത്തില്‍ സാമൂഹികാവകാശം ഇതുവരെ വിതരണം ചെയ്തിട്ടില്ല എന്നര്‍ത്ഥം. തൃശ്ശൂര്‍ വാഴച്ചാല്‍ ഡിവിഷനില്‍ സാമൂഹികാവകാശം ലഭ്യമായതുവഴി ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് ഒരു പരിധിവരെ സാമ്പത്തിക ഭദ്രത െകെവരിക്കാന്‍ കഴിഞ്ഞതും ഇതുവരെ പട്ടികവര്‍ഗ ക്ഷേമവകുപ്പിന്റെ കണക്കില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. വകുപ്പിന്റെ കണക്കനുസരിച്ച് പ്രസ്തുത െടെറ്റിലുകള്‍ ഡി.എല്‍.സിയുടെ പരിഗണനയില്‍ മാത്രമാണ്. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ദേശീയതലത്തില്‍ വനാവകാശനിയമപ്രകാരം സാമൂഹിക അവകാശത്തിനും പെസ അടക്കമുള്ള ആദിവാസി സ്വയംഭരണത്തെ സംബന്ധിച്ചും ഗൗരവമേറിയ ഇടപെടലുകള്‍ നടക്കുന്ന സമയമാണിത്.
എന്നാല്‍, കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സബ് ഡിവിഷണല്‍ കമ്മിറ്റികള്‍ പുനര്‍ രൂപീകരണം നടക്കാത്തതിനാല്‍ പുതിയ അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന നിലയിലാണുള്ളത്. സബ്ബ് ഡിവിഷണല്‍ കമ്മിറ്റി പുനര്‍ രൂപീകരണം നടക്കുക എന്നത് കേവലം വെറും നടപടിക്രമം മാത്രമാണ്. ആ കാരണം പറഞ്ഞ് ആദിവാസി ജനതയ്ക്ക് അര്‍ഹതപ്പെട്ട നിയമപരിരക്ഷ നീട്ടിക്കൊണ്ടുപോകരുത്. അതുപോലെ ആദിവാസി ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ ആദിവാസികള്‍ക്ക് നിയമപരിരക്ഷ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. അവിടുത്തെ ആദിവാസികള്‍ വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരല്ല എന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം. പ്രാക്തന ഗോത്രവര്‍ഗങ്ങളായ കൊറഗര്‍ അടക്കമുള്ള സമൂഹം അധിവസിക്കുന്ന മേഖല എന്ന നിലയില്‍ വനാവകാശനിയമം രണ്ടാം ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അവരുടെ വനവിഭവങ്ങളിലുള്ള സാമൂഹികാവകാശം നിഷേധിക്കാനാവില്ല. ആയതുകൊണ്ട് കാസര്‍ഗോഡ് ജില്ലയ്ക്ക് വനാവകാശനിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തണം.
സര്‍ക്കാര്‍ കണക്കനുസരിച്ച് 579 വനാവകാശ കമ്മിറ്റികള്‍ മാത്രമാണ് രൂപീകരിച്ചിട്ടുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടായിരത്തോളംവനാവകാശ കമ്മിറ്റികളെങ്കിലും രൂപീകരിക്കേണ്ടതുണ്ട്. അതുപോലെ കേരളത്തിലെ ചെറുകിട വനവിഭവമെന്ന നിലയില്‍ മുള (ഇല്ലി) വനംവകുപ്പില്‍ നിന്നും ഇപ്പോള്‍ ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ അധീനതയിലുള്ള ബാംബു കോര്‍പ്പറേഷനാണ്. വനാവകാശനിയമപ്രകാരം സാമൂഹികാവകാശം ലഭ്യമാക്കുന്നത് വഴി ഇത് ക്രയവിക്രയം ചെയ്യുവാനഉള്ള അധികാരം വനാവകാശ ഊരുകൂട്ടങ്ങളില്‍ നിക്ഷിപ്തമാവും. അതായത് ബാംബു കോര്‍പ്പറേഷന് മുള ശേഖരിക്കുന്നതിന് വനാവകാശ ഊരുകൂട്ടങ്ങളുമായി ധാരണപത്രം ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ഊരുകൂട്ടങ്ങളെ ശക്തിപ്പെടുത്തി ആദിവാസി ജനതയുടെ വികസന ശാക്തീകരണ മുന്നേറ്റത്തിനുള്ള ഉപാധി എന്ന നിലയില്‍ വനാവകാശനിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നമുക്കാവണം. നിയമം പ്രാബല്യത്തില്‍ വന്നിരിക്കെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ഡവലപ്മന്റ് കമ്മിറ്റി, വനസംരക്ഷണ സമിതി, വനശ്രീ എന്നീ പദ്ധതികള്‍ വനാവകാശനിയമം അനുശാസിക്കുന്ന വിധം പുനര്‍ നിര്‍ണ്ണയം നടത്തേണ്ടതുണ്ട്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply