ആം ആദ്മി : വെല്ലുവിളികളും സാധ്യതകളും

ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടിയെ പോലൊരു പ്രസ്ഥാനത്തിനു ഇപ്പോള്‍ പ്രസക്തിയുണ്ടെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. ഈ പാര്‍ട്ടിക്ക് കാര്യമായ ഭാവിയുണ്ടാകില്ല എന്ന പ്രവചനം ശരിയായാല്‍പോലും ഇപ്പോഴത്തെ പ്രസക്തി നഷ്ടപ്പെടുന്നില്ല. 1977ല്‍ ജനതാപാര്‍ട്ടിയുടെ ഉദയമായിരുന്നല്ലോ അന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണിയായ ഫാസിസത്തിനു തടയിട്ടത്. ജനതാപാര്‍ട്ടി അധികകാലം നിലനിന്നില്ലെങ്കിലും ആ ചരിത്രപരമായ സംഭവത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ആ പരീക്ഷണം മൂലമാണ് ബിജെപി ഇന്ത്യയില്‍ ശക്തിപ്പെടാന്‍ കാരണമെന്നു ചൂണ്ടികാണിക്കുന്നവരുണ്ട്. മണ്ഡല്‍ കമ്മീഷനും തുടര്‍ന്നു ഇന്ത്യയുടെ സാമൂഹ്യജീവിതത്തിലുണ്ടായ ഗുണകരമായ മാറ്റങ്ങള്‍ക്കും […]

arvind_kejriwal_bijli_paani_295ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടിയെ പോലൊരു പ്രസ്ഥാനത്തിനു ഇപ്പോള്‍ പ്രസക്തിയുണ്ടെന്നു വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. ഈ പാര്‍ട്ടിക്ക് കാര്യമായ ഭാവിയുണ്ടാകില്ല എന്ന പ്രവചനം ശരിയായാല്‍പോലും ഇപ്പോഴത്തെ പ്രസക്തി നഷ്ടപ്പെടുന്നില്ല. 1977ല്‍ ജനതാപാര്‍ട്ടിയുടെ ഉദയമായിരുന്നല്ലോ അന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണിയായ ഫാസിസത്തിനു തടയിട്ടത്. ജനതാപാര്‍ട്ടി അധികകാലം നിലനിന്നില്ലെങ്കിലും ആ ചരിത്രപരമായ സംഭവത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. ആ പരീക്ഷണം മൂലമാണ് ബിജെപി ഇന്ത്യയില്‍ ശക്തിപ്പെടാന്‍ കാരണമെന്നു ചൂണ്ടികാണിക്കുന്നവരുണ്ട്. മണ്ഡല്‍ കമ്മീഷനും തുടര്‍ന്നു ഇന്ത്യയുടെ സാമൂഹ്യജീവിതത്തിലുണ്ടായ ഗുണകരമായ മാറ്റങ്ങള്‍ക്കും രാഷ്ട്രീയാധികാരത്തിലെ വികേന്ദ്രീകരണത്തിനും മറ്റും കാരണം ജനതാപാര്‍ട്ടിയുടെ തുടര്‍ച്ച തന്നെയായിരുന്നു എന്നു മറക്കരുത്.

1977ല്‍ ജനതാപാര്‍ട്ടി രൂപീകരിക്കപ്പെടാനുണ്ടായതുപോലെയുള്ള മറ്റൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരിക്കുന്നതും സമാനമായ രീതിയില്‍ ജനപിന്തുണ നേടുന്നതും. അന്ന് ജനാധിപത്യത്തിനു ഭീഷണിയായിരുന്നത് ഫാസിസമായിരുന്നെങ്കില്‍ ഇപ്പോഴത് പ്രധാനമായും അഴിമതിയാണെന്ന വ്യത്യാസമാണുള്ളത്. അഴിമതിക്കതിരായ പോരാട്ടമാണല്ലോ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ അജണ്ട. അതുകൊണ്ടുതന്നെയാണ് അതൊരു തരംഗമാകുന്നതും.
കേരളത്തിലും ആം ആദ്മി തരഗമുണ്ടെന്നാണ് പാര്‍ട്ടി വക്താക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതെത്രമാത്രമെന്ന് പറയാറായിട്ടില്ല. അതേസമയം സെലിബ്രേറ്റികള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പലരും അവിടെയെത്തിയിട്ടുണ്ട്. സാറാജോസഫ്, എന്‍ പ്രഭാകരന്‍, കെ എം ഷാജഹാന്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ മുഖ്യം. കൂടാതെ സികെ ജാനു, ഗീതാനന്ദന്‍, അജിത തുടങ്ങി പലരും ഈ ദിശയില്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജനതാപാര്‍ട്ടി ഇന്ത്യയിലെമ്പാടും അതിശക്തമായ ചലനമുണ്ടാക്കിയപ്പോഴും കേരളത്തിലെ അവസ്ഥ വ്യത്യസ്ഥമായിരുന്നു. അടിയന്തരാവസ്ഥക്കനുകൂലമായി വോട്ടുചെയ്ത തീരാകളങ്കവും അന്നു കേരളം നേടി. അതല്‍പ്പം കഴുകി കളഞ്ഞത് പിന്നീടു നടന്ന ഈച്ചരവാര്യരുടെ നിയമ പോരാട്ടമായിരുന്നു. രാഷ്ട്രീയ പ്രബുദ്ധമെന്നു സ്വയം വിശേഷിപ്പിക്കുന്ന കേരളീയ സമൂഹം എത്രയോ പിന്നിലാണെന്നതിന്റെ തെളിവായിരുന്നു 1977ലെ തിരഞ്ഞെടുപ്പുഫലം. മതമൗലികവാദത്തിനു സമാനമായ രീതിയിലുള്ള കക്ഷിരാഷ്ട്രീയ മൗലികവാദമാണ് സത്യത്തില്‍ കേരളത്തിന്റെ ശാപം. ഏതുവിഷയത്തിന്റേയും ശരിതെറ്റുകള്‍ നാം തീരുമാനിക്കുന്നത് കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ്. ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ചാല്‍ അവരെന്തുതെറ്റുചെയ്താലും അതു ന്യായീകരിക്കുക, അതില്‍തന്നെ അന്ധമായി തുടരുക – ഇതാണ് പൊതുവില്‍ മലയാളിയുടെ രീതി. വളരെ ചെറിയ ശതമാനത്തിന്റെ ചാഞ്ചാട്ടം കൊണ്ടുമാത്രമാണ് ഏറെക്കുറെ തുല്യശക്തിയുള്ള ഇരുമുന്നണികളും ഭരണം മാറി മാറി പങ്കിട്ടെടുക്കുന്നത്. ബിജെപി വളരാത്തതിനുകാരണവും അതുതന്നെ. ശക്തമായ ഒരു സിവില്‍ സമൂഹം നമുക്കില്ലല്ലോ. അതിനാല്‍തന്നെ ആം ആദ്മി പാര്‍ട്ടിയുടേയും അവസ്ഥ മറ്റൊന്നാകാനിടയില്ല.
അതേസമയം സെലിബ്രേറ്റികളുടെ കടന്നുവരവ് പാര്‍ട്ടിക്കു ഗുണകരമായിരിക്കുമോ എന്ന ചോദ്യം ഉയരുന്നു. അവരുടെ സാമൂഹ്യപ്രതിബദ്ധതയേയോ മൂല്യങ്ങളേയോ വിലകുറച്ചു കണ്ടല്ല ഇതു പറയുന്നത്. മറിച്ച് ആം ആദ്മി പാര്‍ട്ടിക്ക് അവര്‍ വിലങ്ങുതടിയാകുമോ എന്ന സംശയത്തില്‍ നിന്നാണ്. അരാഷ്ട്രീയവാദികള്‍ എന്നു പൊതുവില്‍ ആക്ഷേപിക്കപ്പെടുന്ന ചെറുപ്പക്കാരേയും മധ്യവര്‍ഗ്ഗത്തിനു തൊട്ടുമുകളിലുള്ളവരേയും നഗരവാസികളേയും രാഷ്ട്രീയത്തിലിറക്കി എന്നതാണല്ലോ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന സംഭാവനം. പാര്‍ട്ടി ഒന്നടങ്കം അരാഷ്ട്രീയമാണെന്ന വാദം അവിടെ നില്‍ക്കട്ടെ. പാര്‍ട്ടിയിലെത്തിയ ഈ പുതിയ വിഭാഗത്തിന്റെ സംവേദനവും രാഷ്ട്രീയ ലോക വീക്ഷണവുമൊക്കെ പഴയവരില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. ഇരുകൂട്ടര്‍ക്കും പരസ്പരം ഉള്‍ക്കൊള്ളുക എളുപ്പമല്ല. ഉദാഹരണമായി സാറാജോസഫിന്റേയോ ഷാജഹാന്റേയോ ഗീതാനന്ദന്റേയോ സാമൂഹ്യ ഇടമല്ല ഈ പാര്‍ട്ടിയില്‍ തുടക്കം മുതലുണ്ടായിരുന്നവരുടേയും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നവരുമായ പുതുമുഖങ്ങളുടേത്. രാഷ്ട്രീയത്തിലെ ഈ പുതിയ വിഭാഗം അവരുടെ രീതിയില്‍ മുന്നോട്ടുപോകട്ടെ. അവരുടെ പ്രധാനപ്രചരണരംഗം തന്നെ സോഷ്യല്‍ മീഡിയയാണല്ലോ. ദൈനംദിനരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ രീതിയാണ് അവര്‍ അവലംബിക്കുന്നത്. അതിനുമുന്നില്‍ സെലിബ്രേറ്റികള്‍ ഫലത്തില്‍ വിലങ്ങുതടിയാകുകയാണ് ചെയ്യുക. പരമ്പരാഗതമായി തുടരുന്ന ശൈലിയില്‍ നിന്ന് മാറാന്‍ അവര്‍ക്കെളുപ്പമാകില്ല. മറ്റുപാര്‍ട്ടികളില്‍ നിന്ന് പുറത്തായവരും പുറത്താക്കപ്പെട്ടവരും ഈ പാര്‍ട്ടിയില്‍ അടിഞ്ഞുകൂടിയാലും ഉണ്ടാകുക മറ്റൊന്നാകില്ല. വാസ്തവത്തില്‍, വിനയത്തോടെ, പാര്‍ട്ടിക്കകത്തു കയറാതെ, പുതുമുഖങ്ങള്‍ക്കും ചിന്തകള്‍ക്കും അവസരം കൊടുത്ത്, പുറത്തുനിന്ന് ഈ രാഷ്ട്രീയ പരീക്ഷണത്തെ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. മേധാപഠ്കറും കേരളത്തിലെ ജനകീയ സമരങ്ങളിലെ മുന്‍നിരയിലുള്ള സി ആര്‍ നീലകണ്ഠനുമൊക്കെ ഈ നിലപാട് സ്വീകരിച്ചുകഴിഞ്ഞു.
ഇപ്പറഞ്ഞതില്‍ നിന്നൊന്നും ആം ആദ്മിയുടെ പ്രസക്തി ഇല്ലാതാകുന്നില്ല. ആകാശത്തിനു കീഴിലെ എല്ലാ വിഷയങ്ങളിലും അവര്‍ക്ക് നിലപാടില്ല, രാഷ്ട്രീയമില്ല എന്ന വിമര്‍ശനത്തില്‍ കാമ്പുമില്ല. അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ അതിനുകാരണമായ കോര്‍പ്പറേറ്റുകള്‍ക്കെതിരെ പാര്‍ട്ടിക്ക് നിലപാടില്ല എന്നാണല്ലോ ഒരാരോപണം. ഡെല്‍ഹി സര്‍ക്കാരിന്റെ കഴിഞ്ഞ ദിവസത്തെ 2 തീരുമാനങ്ങള്‍ ഇതിനു മറുപടി നല്‍കും. ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാനുള്ള കോണ്‍ഗ്രസ് മുന്‍ സര്‍ക്കാറിന്റെ തീരുമാനം തിരുത്തിയതും ഐടി മേഖലയില്‍ ഫ്രീ സോഫ്റ്റ്‌വേര്‍ നയം നടപ്പാക്കുമെന്നു തീരുമാനവും. തീര്‍ച്ചയായും സംവരണം പോലുള്ള വിഷയങ്ങളില്‍ ആം ആദ്മിയുടെ നിലപാടിനെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. പാര്‍ട്ടിയില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ സാന്നിധ്യകുറവും ചര്‍ച്ചാവിഷയമാകണം.
അതിനിടെ ആം ആദ്്മി പാര്‍ടിനേതാവ് കുമാര്‍ വിശ്വാസിന്റെ ജാതിപറഞ്ഞുള്ള പ്രചാരണം വിവാദമായിട്ടുണ്ട്. അമേഠി മണ്ഡലത്തില്‍ നടത്തിയ പൊതുയോഗങ്ങളിലെല്ലാം താന്‍ ബ്രാഹ്മണനാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞതാണ് വിവാദമാകുന്നത്. ബ്രാഹ്മണര്‍ വന്‍ സാമ്രാജ്യങ്ങളെ താഴെയിറക്കിയ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്. മഗധയില്‍ ഭരണം നടത്തിയ നന്ദ സാമ്രാജ്യത്തെ താഴെയിറക്കിയത് ബ്രാഹ്മണനും പണ്ഡിറ്റുമായ ചാണക്യനാണ്. താനും ബ്രാഹ്മണനാണ്. വന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കിയ ചാണക്യന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍ എന്നിങ്ങനെയാണത്രെ കുമാറിന്റെ പ്രചരണം.
അതേസമയം എല്ലാവിഷയങ്ങലിലും ഏകശിലാഖണ്ഡമായ നിലപാട് അടിച്ചേല്‍പ്പിക്കില്ല എന്ന ജനാധിപത്യസംവിധാനത്തില്‍ വളരെ പ്രസ്‌കതമായ നിലപാടും ആം ആദ്മിക്കുണ്ട്. കാശ്മീരിലെ സൈനിക സൈന്നിധ്യത്തെ കുറിച്ച് പ്രശാന്തി ഭൂഷണും കെജ്രിവാളിനും വ്യത്യസ്ഥനിലപാടുകളാണെന്നോര്‍ക്കുക.
തീര്‍ച്ചയായും ആരംഭത്തില്‍ തന്നെ രൂക്ഷമായ പ്രശ്‌നങ്ങളാണ് ഡെല്‍ഹി സര്‍ക്കാരും പാര്‍ട്ടിയും നേരിടുന്നത്. വിമത എംഎല്‍എ വിനോദ് ബിന്നിയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, കുടിവെള്ള മാഫിയയുടെ വെല്ലുവിളി, തലസ്ഥാനത്ത് വിദേശവനിത കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം, ലോകസഭാ തിരഞ്ഞെടുപ്പിലെ നയപ്രഖ്യാപനവും ഫണ്ടുപിരിവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സഖ്യങ്ങളും മറ്റും ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികള്‍ ചെറുതാകില്ല. എങ്കിലും ജനാധിപത്യവിശ്വാസികള്‍ ഈ പാര്‍ട്ടിയില്‍ പ്രതീക്ഷയിലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ആം ആദ്മി : വെല്ലുവിളികളും സാധ്യതകളും

  1. Right positioning for the moment

  2. >>>>>>>>>ബ്രാഹ്മണര്‍ വന്‍ സാമ്രാജ്യങ്ങളെ താഴെയിറക്കിയ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്. മഗധയില്‍ ഭരണം നടത്തിയ നന്ദ സാമ്രാജ്യത്തെ താഴെയിറക്കിയത് ബ്രാഹ്മണനും പണ്ഡിറ്റുമായ ചാണക്യനാണ്. താനും ബ്രാഹ്മണനാണ്. വന്‍ സാമ്രാജ്യത്തിന്റെ പതനത്തിന് വഴിയൊരുക്കിയ ചാണക്യന്റെ പിന്തുടര്‍ച്ചക്കാരനാണ് താന്‍ എന്നിങ്ങനെയാണത്രെ കുമാറിന്റെ പ്രചരണം.>>>>>
    മറ്റൊരു കാര്യം എന്റെ അന്വഷനതിൽ ഇന്ത്യയിൽ എവിടെയും ഏതെങ്കിലും പ്രധാന ദളിത്‌ നേതാക്കളോ , സാമൂഹ്യ സംഘദനകലൊ AAP നെ പിന്തുനചിട്ടില്ല .. ദളിതർ ഒരു “political constituency ” എന്നാ നിലയിലും AAP നെ പിന്തുണച്ചു കാണുനില്ല … മണ്ഡൽ ആനന്തര- ബഹുജാൻ രാഷ്ട്രീയം ,ദീർഘകാലം അധികാരത്തിനു പുറത്തു നിരത്തിയ ബ്രാഹ്മണർ AAP ലൂടെ ഒരു കുറുക്കു വഴി ഉണ്ടാക്കുകയാണോ ?

Leave a Reply