ആം ആദ്മി നല്‍കുന്ന സാധ്യതകളും പാഠങ്ങളും

ഡോ ആസാദ്‌ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തില്‍ വന്നതോടെ മറ്റൊരു ചരിത്രത്തിനു തുടക്കമാവുകയാണ്. ഇന്ത്യയിലെ സാധാരണക്കാരും അധസ്ഥിതരും കോര്‍പറേറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തള്ളിമാറ്റിക്കൊണ്ട് അധികാരത്തിലേക്കുയര്‍ന്നിരിക്കുന്നു. ഇന്ത്യയിലാദ്യമായി ഒരു തൊഴിലാളിവര്‍ഗ പ്രസ്ഥാനം 1957ല്‍ കേരളത്തില്‍ അധികാരമേറ്റതിനു സമാനമായ സാഹചര്യമാണിത്. കമ്യൂണിസ്റ്റുകാര്‍ ഒരു ബദല്‍ സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. ജനങ്ങളെ സംബന്ധിച്ചു വാഗ്ദത്തഭൂമിയിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. ആം ആദ്മി പാര്‍ട്ടിയാകട്ടെ, അഴിമതിരഹിത രാഷ്ട്രം എന്നതില്‍ക്കവിഞ്ഞ് സൃഷ്ടിക്കാന്‍ പോകുന്ന നവലോകത്തെക്കുറിച്ചുള്ള വലിയസ്വപ്‌നങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഇക്കാലത്തു ജനങ്ങളനുഭവിക്കുന്ന കെടുതികളില്‍നിന്നുള്ള മോചനമാണ് ലക്ഷ്യം. […]

Untitled-2

ഡോ ആസാദ്‌

ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തില്‍ വന്നതോടെ മറ്റൊരു ചരിത്രത്തിനു തുടക്കമാവുകയാണ്. ഇന്ത്യയിലെ സാധാരണക്കാരും അധസ്ഥിതരും കോര്‍പറേറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തള്ളിമാറ്റിക്കൊണ്ട് അധികാരത്തിലേക്കുയര്‍ന്നിരിക്കുന്നു. ഇന്ത്യയിലാദ്യമായി ഒരു തൊഴിലാളിവര്‍ഗ പ്രസ്ഥാനം 1957ല്‍ കേരളത്തില്‍ അധികാരമേറ്റതിനു സമാനമായ സാഹചര്യമാണിത്. കമ്യൂണിസ്റ്റുകാര്‍ ഒരു ബദല്‍ സാമൂഹ്യവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. ജനങ്ങളെ സംബന്ധിച്ചു വാഗ്ദത്തഭൂമിയിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. ആം ആദ്മി പാര്‍ട്ടിയാകട്ടെ, അഴിമതിരഹിത രാഷ്ട്രം എന്നതില്‍ക്കവിഞ്ഞ് സൃഷ്ടിക്കാന്‍ പോകുന്ന നവലോകത്തെക്കുറിച്ചുള്ള വലിയസ്വപ്‌നങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഇക്കാലത്തു ജനങ്ങളനുഭവിക്കുന്ന കെടുതികളില്‍നിന്നുള്ള മോചനമാണ് ലക്ഷ്യം. ലളിതവും താല്‍ക്കാലികവുമായ പരിഹാരങ്ങള്‍ പോലും പ്രസക്തമായ സന്ദര്‍ഭമാണിത്. സാമ്പത്തിക ക്രമത്തിലെ കീഴ്ത്തട്ടുമനുഷ്യരനുഭവിക്കുന്ന അശാന്തിയും അസ്വസ്ഥതയും അവരുടെ ചെറുത്തുനില്‍പ്പുകളും കാണാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ക്കു ധനാധികാരാഭിനിവേശങ്ങള്‍ തടസ്സമായപ്പോള്‍ ഒരു കുറ്റിച്ചൂലുപോലും ചരിത്രഗതി നിര്‍ണയിക്കുന്ന മഹാരൂപകമായി മാറി.
ആഗോളവത്ക്കരണകാലത്തെ അധികാരക്രമത്തിന്റെ ഭാഗമാകുമ്പോള്‍ അഴിമതി വിരുദ്ധവും ജനസുരക്ഷ ഉറപ്പു വരുത്തുന്നതുമായ നടപടികളും നിയമനിര്‍മാണങ്ങളും അത്ര ലളിതസാധ്യമാവുകയില്ല. സ്വതന്ത്ര വ്യാപാരത്തിന്റെയും അതിന്റെ കൂട്ടുവന്ന ഘടനാപരമായ മുതലാളിത്ത പരിഷ്‌ക്കാരങ്ങളുടെയും പാതയിലാണോ പോകേണ്ടത് എന്നു തീരുമാനിക്കേണ്ടിവരും. എതിര്‍പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒരു ഫെഡറല്‍ സംവിധാനത്തിനകത്ത് അത് സാധ്യമാക്കാനുള്ള കൗശലങ്ങള്‍ കണ്ടെത്തേണ്ടിവരും. അതിനാകട്ടെ, പുതിയ പരീക്ഷണങ്ങള്‍ക്കു ഊര്‍ജ്ജമാകാനുള്ള മുതലാളിത്തവിരുദ്ധ രാഷ്ട്രീയ സിദ്ധാന്തവും അതിന്റെ പ്രയോഗപദ്ധതികളും നിര്‍വ്വചിക്കാനും വികസിപ്പിക്കാനുമുള്ള ഉത്തരവാദിത്തംകൂടി ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കേണ്ടതുണ്ട്. ജനങ്ങളില്‍നിന്നു തുടങ്ങിയ,ദില്ലിയിലേതു ജനങ്ങളുടെ ഭരണമാണെന്നുപ്രഖ്യാപിച്ച ഒരു പാര്‍ട്ടിക്ക് ഇതറിയാതെവരില്ല.
അദ്ധ്വാനിക്കുന്നവരുടെയും അധസ്ഥിതരുടെയും രാഷ്ട്രീയകക്ഷിയായ കമ്യൂണിസ്റ്റുപാര്‍ട്ടി യും 1957ല്‍ കേരളനിയമസഭയില്‍ കേവലഭൂരിപക്ഷം നേടിയിരുന്നില്ല. സ്വതന്ത്രരുടെ പിന്തുണയോടെയായിരുന്നു ഭരണം. 1967ലും 1980ലും 1987ലും1996ലും 2006ലും മുന്നണിയായാണ് ഇടതുപക്ഷം കേരളത്തില്‍ ഭൂരിപക്ഷം കണ്ടത്.ബംഗാളില്‍ 1977നുശേഷം മൂന്നരപ്പതിറ്റാണ്ടുകാലം ശക്തമായ എതിര്‍പ്പുകളില്ലാതെ ഭരിച്ചു. ത്രിപുരയില്‍ ഇപ്പോഴും ഭരണം തുടരുന്നു. ഇക്കാലയളവിനുള്ളില്‍ ഭരണാനുഭവങ്ങള്‍ മുതലാളിത്ത സാമൂഹിക ക്രമങ്ങളോടും അതിന്റ ജീര്‍ണതകളോടും സന്ധിചെയ്യുന്നതിലേക്കാണ് മുഖ്യധാരാ ഇടതുപക്ഷത്തെ എത്തിച്ചത്.സ്വതന്ത്രവ്യാപാരത്തിന്റെ മൂല്യനിര്‍ണയങ്ങളില്‍ വലതുപക്ഷ പാര്‍ട്ടികളെപ്പോലെ ഒരിടം കൈവശപ്പെടുത്താനായിരുന്നു അവരുടെയും ശ്രദ്ധ. പ്രതിപക്ഷശബ്ദമില്ലാതിരുന്ന ബംഗാളില്‍ ത്രിണമൂലിന്റെ കരുത്തല്ല സിപിഎമ്മിനെ വീഴ്ത്തിയത്. സാധാരണക്കാരും അധസ്ഥിതരുമായ ജനങ്ങളുടെ വിധിയാണ്. കോര്‍പറേറ്റ് പാര്‍ട്ടികള്‍ക്കിടയില്‍ അവര്‍ക്കു തെരഞ്ഞെടുക്കാന്‍ ഒരു ആം ആദ്മി പാര്‍ട്ടിയുമില്ലായിരുന്നു. ആ ശൂന്യതയിലാണ് മമതയുടെ ത്രിണമൂലിനു നറുക്കുവീണത്. അതിന്റെ ദുരിതം ഇപ്പോള്‍ ബംഗാള്‍ അനുഭവിക്കുകയാണ്.
ബദലിനെക്കുറിച്ചുമാത്രം പറഞ്ഞുപോന്ന അധികാര ഇടതുപക്ഷം ആഗോളവത്ക്കരണത്തിനു ബദലില്ലെന്ന മട്ടില്‍ മൂലധനാധികാരത്തിനു കീഴടങ്ങി. ഇതോടെ വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ ഉപഗ്രഹങ്ങളും മാത്രമുള്ള ഭരണാധികാര വ്യവഹാരത്തിന്റെ ഭ്രമണപഥങ്ങളേ ഇന്ത്യയിലുള്ളുവെന്നുവന്നു. കോടിക്കണക്കായ ജനങ്ങള്‍ തങ്ങളോടു യുദ്ധം പ്രഖ്യാപിക്കുന്ന ജനപ്രതിനിധികളെ സഹിക്കുകയും താങ്ങുകയും ചെയ്യേണ്ടവരായി. ഈ തിരിച്ചറിവാണ് ജനകീയ ചെറുത്തുനില്‍പ്പുകള്‍ക്കും പുതിയ പരീക്ഷണങ്ങള്‍ക്കും അവരെ ശക്തരാക്കുന്നത്. പുതിയ ഇടതുപക്ഷത്തിന്റെ സഖ്യശക്തികള്‍ ഈ ജനജാഗ്രതയിലാണുള്ളത്. അതു കാണാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിനു കഴിയുന്നില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അവരോടുന്നത് ആഗോളവത്ക്കരണ നടത്തിപ്പുകാരായ വലുതും ചെറുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിറകെയാണ്. ആ പാര്‍ട്ടികളിലൊക്കെ രാഷ്ട്രീയം കാണാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. എന്നാല്‍ പൊരുതുന്ന ജനങ്ങളില്‍ അരാഷ്ട്രീയമേയുള്ളൂ എന്നാണവരുടെ ഭാഷ്യം.
ജനങ്ങളുടെ ചെറുത്തുനില്‍പ്പുകളുടെ രാഷ്ട്രീയം ആം ആദ്മി മുന്നേറ്റത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ എങ്ങനെയാണ് സ്വാധീനശക്തിയാവുക എന്നതാണ് ഇനി അറിയാനുള്ളത്. ഇടശ്ശേരി എഴുതിയതുപോലെ ചവിട്ടിക്കുതിക്കാനുള്ള മൈനാകശൃംഗമായേ അവര്‍ ദില്ലി അധികാരത്തെ കാണാവൂ എന്നു ജനം ആഗ്രഹിക്കുന്നു. ഇല്ലെങ്കില്‍ വലതുപക്ഷം അതിനെ വിഴുങ്ങും. സാമൂഹിക സമരങ്ങളിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ ഊതിയുണര്‍ത്തുന്ന പുരോഗമന ഇടതുപക്ഷത്തിന്റെ പിന്തുണയും സഹകരണവും ഈ യത്‌നത്തില്‍ തീര്‍ച്ചയായും ആം ആദ്മി പാര്‍ട്ടിക്കുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ ചുവടുവെപ്പ് തീര്‍ച്ചയായും വലത്വലതാനുകൂലഇടതു പ്രസ്ഥാനങ്ങള്‍ക്കൊക്കെ വലിയൊരു താക്കീതാണ്. മുമ്പു വിജയന്‍മാസ്റ്റര്‍ പറഞ്ഞതുപോലെ പാര്‍ട്ടിയുണ്ടാകും ജനങ്ങളുണ്ടാകില്ല എന്ന അവസ്ഥയാണ് അവരെ കാത്തിരിക്കുന്നത്. ജനാധിപത്യത്തില്‍ യജമാനന്മാരില്ല. ജനങ്ങള്‍ തീരുമാനിച്ചയക്കുന്നവര്‍ ജനതാല്‍പ്പര്യമാണ് നടപ്പാക്കേണ്ടത്. പണത്തെയല്ല,ജനത്തെയാണ് ആദരിക്കേണ്ടത്. മറന്നുപോകുന്ന രാഷ്ട്രീയബോധവും ജനാധിപത്യമൂല്യവും പഠിപ്പിക്കാനാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ രൂപംകൊള്ളുന്നത്. അധികാരത്തിനും അഴിമതിക്കുമായി രൂപപ്പെടുത്തിയ ജനവിരുദ്ധ മുന്നണികള്‍ പിരിച്ചുവിട്ട് വീണ്ടുവിചാരത്തിനു തയ്യാറാവാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു കഴിയണം. ഓരോ പാര്‍ട്ടിയും എന്തിനുവേണ്ടിയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ. ജനകീയ സമരങ്ങളോട് ഐക്യപ്പെടാത്ത രാഷ്ട്രീയ യജമാനന്മാരെയും മാടമ്പിത്തമ്പുരാന്മാരെയും ഇനി ജനങ്ങള്‍ക്കു വേണ്ടിവരില്ല.
ആം ആദ്മി പാര്‍ട്ടി എവിടെ ചെന്നെത്തുമെന്ന് ഗണിച്ചു പറയാനല്ല,അവരില്‍ തുടങ്ങുന്ന രാഷ്ട്രീയത്തിന്റെ അര്‍ഥം തിരിച്ചറിയാനാണ് ശ്രമമുണ്ടാകേണ്ടത്. വലതുപക്ഷ ജനവിരുദ്ധ രാഷ്ട്രീയത്തിനുള്ള താക്കീതെന്നപോലെ സാമൂഹിക ഇടതുപക്ഷ മുന്നേറ്റങ്ങളെ രാഷ്ട്രീയമായി ശക്തിപ്പെടുത്താനുള്ള ആഹ്വാനം കൂടിയായി ദില്ലിയനുഭവം സ്വീകരിക്കപ്പെടേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply