അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിവാദമോ കടകംപിള്ള്?

അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം വേണമെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയിലിന്റെ അഭിപ്രായം വളരെ കാലികപ്രസക്തമാണെന്നതില്‍ സംശയമില്ല. വാസ്തവത്തില്‍ ഗുരുവിനുശേഷം പേരിനുപുറകിലെ സവര്‍ണവാലുകള്‍ മുറിക്കലും മിശ്രഭോജനത്തിനുശേഷം മിശ്രവിവാഹങ്ങളും ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ഇവിടെ നടപ്പാകേണ്ടതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടിയശേഷം കേരളത്തിന്റെ പ്രബുദ്ധതയും അവസാനിക്കുകയായിരുന്നു. വേലിയേറ്റങ്ങളെല്ലാം വേലിയിറക്കങ്ങള്‍ക്ക് വഴിമാറുകയായിരുന്നു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളപ്പോഴും കേരളത്തിനുപുറത്തെ ഹിന്ദുക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളപ്പോഴും നമ്മളവിടെ നിന്നു. ഒരടി മുന്നോട്ടുപോയില്ല. ഇപ്പോഴിതാ തറയിലിന്റഎ പ്രസ്താവന വന്നപ്പോള്‍ ഗുരുവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് […]

GURU

അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം വേണമെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയിലിന്റെ അഭിപ്രായം വളരെ കാലികപ്രസക്തമാണെന്നതില്‍ സംശയമില്ല. വാസ്തവത്തില്‍ ഗുരുവിനുശേഷം പേരിനുപുറകിലെ സവര്‍ണവാലുകള്‍ മുറിക്കലും മിശ്രഭോജനത്തിനുശേഷം മിശ്രവിവാഹങ്ങളും ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവും ഇവിടെ നടപ്പാകേണ്ടതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടിയശേഷം കേരളത്തിന്റെ പ്രബുദ്ധതയും അവസാനിക്കുകയായിരുന്നു. വേലിയേറ്റങ്ങളെല്ലാം വേലിയിറക്കങ്ങള്‍ക്ക് വഴിമാറുകയായിരുന്നു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളപ്പോഴും കേരളത്തിനുപുറത്തെ ഹിന്ദുക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനമുള്ളപ്പോഴും നമ്മളവിടെ നിന്നു. ഒരടി മുന്നോട്ടുപോയില്ല. ഇപ്പോഴിതാ തറയിലിന്റഎ പ്രസ്താവന വന്നപ്പോള്‍ ഗുരുവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടെന്നാണ് മന്ത്രി കടകംപിള്ളി പച്ചക്കള്ളം പറയുന്നത്. ആരുമറിയാതെ അഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ കടക്കുന്നുണ്ടാകാമെന്നല്ലാതെ ഇപ്പോഴും അത് നിയമവിരുദ്ധമാണ് എന്നതാണ് സത്യം. മുഖ്യമായും ശബരിമല മാത്രമാണ് അപവാദം.. വെറുതെ വിവാദമുണ്ടാക്കേണ്ട എന്നും മന്ത്രി കൂട്ടിചേര്‍ത്തു. മറ്റൊന്നു കൂടി. തറയല്‍ തന്നെ പറയുന്നത് വിഗ്രഹാപരാധനയില്‍ വിശ്വസിക്കുന്നവര്‍ക്ക് അത് എഴുതിക്കൊടുത്താല്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയണമെന്നു മാത്രമാണ്.. ഇപ്പോള്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതായി എഴുതി കൊടുക്കണം. അതും തെറ്റാണ്.. യാതൊരു പരിഗണനയും കൂടാതെ ആര്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാകുകയാണ് വേണ്ടത്.

അയിത്തോച്ചാടനത്തിന്റെ ഭാഗമായി അവര്‍ണര്‍ക്ക് ലഭിച്ച ക്ഷേത്ര പ്രവേശനം കടന്നുചെന്നയിടത്തുതന്നെ പതിറ്റാണ്ടുകളായി കേരളം നിലയുറപ്പിച്ചിരിക്കുകയാണ്. സവര്‍ണരിലെ തന്നെ അബ്രാഹ്മണജാതി വിഭാഗങ്ങള്‍ കൊട്ടിപ്പാടി സേവനടത്തിയും മാലകെട്ടിയും അടിച്ചുതെളിച്ചും കിട്ടുന്നതുവാങ്ങി ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്നു. സവര്‍ണരിലെ അബ്രാഹ്മണ ജാതിവിഭാഗങ്ങള്‍ക്കോ പട്ടികജാതിപിന്നാക്ക ജനവിഭാഗങ്ങള്‍ക്കോ ശ്രീകോവില്‍ പ്രവേശനം ഇപ്പോഴും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജനായത്ത ഭരണവ്യവസ്ഥയിലും രാജഭരണകാലത്തും നിലനിന്ന അതേ സവര്‍ണാധിപത്യവാഴ്ച കേരളത്തിലെ ക്ഷേത്രങ്ങളില്‍ കൊടികുത്തിവാഴുകയാണ്. ശബരിമലയിലും ഗുരുവായൂരിലും ഉള്‍പ്പെടെ ആയിരക്കണക്കായ മഹാക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ മാത്രമാണ് മേല്‍ശാന്തിമാരും പൂജാരിമാരുമായി നിയമിക്കപ്പെടുന്നത്. അബ്രാഹ്മണ ജനതയ്ക്ക് അതിനുള്ള അധികാരമോ അവകാശമോ അനുവദിക്കപ്പെടുന്നില്ല. അതു ചോദിക്കാന്‍ കാര്യമായി ആരും രംഗത്തുവരാറുമില്ല. കണ്ണൂര്‍ തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെ നാട്ടുകാര്‍ എന്ന പേരില്‍, സവര്‍ണ്ണര്‍ മര്‍ദ്ദിച്ചു ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയതിനു കാരണമെന്തായിരുന്നു? ബ്രാഹ്മണനല്ലാത്തതിനാല്‍. പൂജാവിധികള്‍ ശാസ്ത്രീയമായി പഠിച്ച് ഉപനയനത്തിന് ശേഷമാണ് അദ്ദേഹം അവിടെയെത്തിയത്. രാജേഷിനെ ക്ഷേത്രത്തില്‍ നിന്നും അടിച്ചിറക്കിയ ശേഷം ഈ നാട്ടുകാര്‍ ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തുകയും ചെയ്തു.. രാജേഷ് ബ്രാഹ്മണനല്ല എന്ന കാര്യം തങ്ങളോട് ബോധിപ്പിച്ചില്ല എന്നാണത്രെ അവരുടെ പരാതി. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ, അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത ഏതാനും മാസം മുമ്പ് വന്നിരുന്നു. ഇത്തരമൊരു അയിത്തം കേരളത്തിലെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കല്ലൂര്‍ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അടുത്തയിടെയാണ്. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിച്ചു. കേരളത്തിലെ മിക്കവാറും ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതികളില്‍ വിവിധ സമുദായസംഘടനകളുടെ പ്രതിനിധികള്‍ നിയമിക്കപ്പെടാറുണ്ടെങ്കിലും അവരാരും തന്നെ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ കൊടുകുത്തിവാഴുന്ന ജാതിവിവേചനങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കാന്‍ മുതിരാറില്ല. അതുകൊണ്ട്, ക്ഷേത്രപ്രവേശനം എന്ന മഹാവിപ്ലവം തുടങ്ങിയയിടത്തുതന്നെ നില്‍ക്കുകയും മിശ്രഭോജനം ഉയര്‍ത്തിയ ആശയങ്ങളുടെ തുടര്‍ച്ചയായി ഉണ്ടാകേണ്ടിയിരുന്ന അബ്രാഹ്മണജനതയുടെ ശ്രീകോവില്‍ പ്രവേശനം തടയപ്പെട്ടിരിക്കുകയാണ്. സ്ത്രീകളുടെ കാര്യവും അങ്ങനെതന്നെ. അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തെ കുറിച്ച് പറയാനില്ലല്ലോ.
പോയകാലത്തെ കുറിച്ച് ആവേശത്തോടെ പ്രസംഗിച്ച്, അതിലൂറ്റം കൊണ്ട് കഴിയുന്ന ഒരു ജനതയാണല്ലോ കേരളീയര്‍. അതില്‍ നിന്ന് ഒരടി പോലും മുന്നോട്ടു പോകാന്‍ ഇപ്പോഴും നാം തയ്യാറല്ല. കേരളീയ നവോത്ഥാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിട്ടാണല്ലോ ക്ഷേത്രപ്രവേശന വിളംബരം വിലയിരുത്തപ്പെടുന്നത്. അധസ്ഥിത ജനവിഭാഗങ്ങളുടെ വന്‍തോതിലുള്ള മതംമാറ്റത്തെ തടയാനായിരുന്നു അത്തരമൊരു വിളംബരമുണ്ടായതെന്ന വിലയിരുത്തലില്‍ കുറെ ശരിയുണ്ട്. കൂടാതെ അവര്‍ണ്ണ വിഭാഗങ്ങളുടെ സ്വന്തം ദേവതകള്‍ ഇല്ലാതായെന്നും പഠനങ്ങളുണ്ട്. എങ്കില്‍ പോലും ആ വിളംബരം ജനാധിപത്യവല്‍ക്കരണത്തിലേക്കുള്ള പ്രധാന കാല്‍വെപ്പായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനൊരു തുടര്‍ച്ചയുണ്ടായോ? എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുക എന്ന നിലയിലേക്ക് നാം ഉയര്‍ന്നോ? പൊതു ഇടങ്ങള്‍ നഷ്ടപ്പെടുന്ന ഇക്കാലത്ത് എല്ലാവര്‍ക്കും ഒത്തുചേരാവുന്ന ഇടങ്ങളായി ആരാധനാലയങ്ങള്‍ മാറണം. മതമൗലികവാദത്തെ എതിര്‍ക്കുമ്പോഴും ജനാധിപത്യത്തില്‍ തീര്‍ച്ചയായും മതങ്ങള്‍ക്കും റോളുണ്ട്. മതങ്ങളടക്കം എല്ലാം ജനാധിപത്യവല്‍ക്കരിക്കപ്പെടണം. എന്നാല്‍ ആ ദിശയില്‍ ഒന്നും പതിറ്റാണ്ടുകളായി നടക്കുന്നില്ല എന്നു മാത്രമല്ല, നമ്മുടെ യാത്ര പുറകോട്ടുമാണ്.
ഒരു ഉദാഹരണം കൂടി ചൂണ്ടികാട്ടാം. 1917ലെ മിശ്രഭോജനത്തെ നാമിപ്പോഴും ഉയര്‍ത്തിപിടക്കുന്നു. എന്നാല്‍ മിശ്രഭോജനം എന്തിനുവേണ്ടിയായിരുന്നു? ആ അവസ്ഥ ഔപചാരികമായല്ലാതെ, യഥാര്‍ത്ഥത്തില്‍ ഇവിടെ ഇല്ലാതായിട്ടുണ്ടോ? ഏതു മണ്ഡലത്തിലാണ് ഇന്നു ജാതിയുടെ സ്വാധീനമില്ലാത്തത്? മിശ്രഭോജനത്തിന്റെ അടുത്ത ഘട്ടമായി പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു? എന്തുകൊണ്ട് പേരിനു പുറകില്‍ നമുക്ക് സ്വന്തം ബ്ലഡ് ഗ്രൂപ്പ് വെച്ചുകൂടാ? മ്ശ്രഭോജനത്തിന്റെ സംഭവിക്കേണ്ടിയിരുന്ന മിശ്രവിവാഹങ്ങഴുടെ കാര്യത്തിലും നാമെത്ര പുറകിലാണ്.
എന്താണ് കേരളത്തിനു സംഭവിച്ചത്? സംഭവിക്കുന്നത്? നാരായണഗുരുവും വിടിയും അയ്യങ്കാളിയുമൊക്കെ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ വിത്തുകള്‍ക്കെന്തു സംഭവിച്ചു? ഉത്തരം ഇതുമാത്രം. മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലേക്ക് അംബേദ്കര്‍ എന്ന പിന്‍ഗാമിയുണ്ടായപോലെ കേരളത്തില്‍ നാരായണഗുരുവിനു പിന്‍ഗാമിയുണ്ടായില്ല. പകരമുണ്ടായത് ഇഎംഎസ് നമ്പൂതിരിപ്പാട്.. വിടി നിശബ്ദനാകുകയും ഇഎംഎസ് വാചാലനാകുകയും ചെയ്തു. അയ്യങ്കാളി വെറും ഗുണ്ടയായി. ഇഎംഎസിന്റെ പ്രസിദ്ധമായ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അയ്യങ്കാളിക്ക് ഒരു വരിപോലും ലഭിച്ചില്ല. എന്നിട്ടോ? തോപ്പില്‍ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ ചിത്രീകരിച്ചപോലെ മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ മുന്നില്‍ നില്‍ക്കാമെന്ന് പറഞ്ഞ് കേശവപ്പിള്ള ചെങ്കൊടിയേറ്റുവാങ്ങി. അതിന്റെ അനന്തരഫലമാണ് യുപിയില്‍ മായാവതിയെപോലുള്ള ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും കേരളത്തില്‍ അതു സങ്കല്പിക്കാന്‍ പോലുമാകാത്തത്. തങ്ങള്‍ക്കിനി ദത്തുപുത്രന്മാര്‍ വേണ്ടെന്നു പറഞ്ഞു രംഗത്തെത്തിയ സി കെ ജാനുവിനെ നമ്മള്‍ ഒതുക്കി മൂലക്കിരുത്തി അവസാനം സംഘപരിവാറിലെത്തിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് സാഹിത്യവും ദളിത് ഉണര്‍വ്വുകളും സജീവമാകുമ്പോള്‍ കേരളത്തില്‍ അതില്ലാതായി. ശിവഗിരിയില്‍ മോഡിയും കൊടുങ്ങല്ലൂരിലെ എസ്എന്‍ഡിപി നാരായണഗുരു അനുസ്മരണത്തില്‍ ശശികലടീച്ചറും മുഖ്യ അതിഥികളായി. ഗുരുവിനെ ചില്ലുകൂട്ടില്‍ തളച്ചു. മുത്തങ്ങയിലേയും ചങ്ങറയിലേയും അരിപ്പയിലേയും ഭൂസമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി. വിനായകന്മാരും ചിത്രലേഖമാരും സാധാരണസംഭവങ്ങളായി. ഇത്തരമൊരവസ്ഥയില്‍ തറയലിന്റെ അഭിപ്രായത്തെ വെറുതെ വിവാദം സൃഷ്ടിക്കലായി മന്ത്രി കടകംപിള്ളി പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ…എകെജിയും കേളപ്പനും അയ്യങ്കാളിയുമൊക്കെ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നു കൂടി അദ്ദേഹം പറയുമോ ആകോ?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply