അസഹിഷ്ണുത : പ്രതിപക്ഷം പരാജയം

കെ വേണു അക്ഷരങ്ങളെപോലും അവരെത്രമാത്രം ഭയപ്പെടുന്നു എന്നതിനു തെളിവാണ് എം ടിക്കെതിരായ പടയൊരുക്കം. എത്ര മൃദുവായ ഭാഷയിലാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എം ടി വിമര്‍ശിച്ചത്. എന്നാലതിനെ ഒരു സാധാരമവിമര്‍ശനമായി കാണാന്‍ സംഘപരിവാറിനായില്ല. കാരണം അതു പറഞ്ഞത് മനസ്സാക്ഷിസൂക്ഷിപ്പുകാരനെന്നു പറയാവുന്ന എം ടിയാണ് എന്നതുതന്നെ. ഡോ സുകുമാര്‍ അഴിക്കോടിനെ പോലെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ആളല്ല എം ടി. എന്നാല്‍ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും എം ടി തന്റെ അഭിപ്രായം ശക്തമായിതന്നെ പറഞ്ഞിട്ടുണ്ട്. അതാണവരെ ഭയപ്പെടുത്തുന്നത്. എംടിക്കുവേണ്ടി […]

mmmകെ വേണു

അക്ഷരങ്ങളെപോലും അവരെത്രമാത്രം ഭയപ്പെടുന്നു എന്നതിനു തെളിവാണ് എം ടിക്കെതിരായ പടയൊരുക്കം. എത്ര മൃദുവായ ഭാഷയിലാണ് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എം ടി വിമര്‍ശിച്ചത്. എന്നാലതിനെ ഒരു സാധാരമവിമര്‍ശനമായി കാണാന്‍ സംഘപരിവാറിനായില്ല. കാരണം അതു പറഞ്ഞത് മനസ്സാക്ഷിസൂക്ഷിപ്പുകാരനെന്നു പറയാവുന്ന എം ടിയാണ് എന്നതുതന്നെ. ഡോ സുകുമാര്‍ അഴിക്കോടിനെ പോലെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ആളല്ല എം ടി. എന്നാല്‍ പല നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലും എം ടി തന്റെ അഭിപ്രായം ശക്തമായിതന്നെ പറഞ്ഞിട്ടുണ്ട്. അതാണവരെ ഭയപ്പെടുത്തുന്നത്. എംടിക്കുവേണ്ടി മലയാളികള്‍ ശക്തമായ പ്രതിരോധമുയര്‍ത്തണമെന്നതു ശരി. എന്നാല്‍ എം ടിയുടെ സ്വയംപ്രതിരോധനം തന്നെ വളരെ ശക്തമാണ്.
നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെയാണ് നാമിപ്പോള്‍ ശക്തമായി പ്രതിരോധിക്കേണ്ടത്. തീര്‍ച്ചയായും ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസം തന്നെയാണ് മോദിയുടേതും. ജനാധിപത്യവിരുദ്ധമായ അധികാരകേന്ദ്രീകരണത്തിന്റെ ആള്‍രൂപം. ജനാധിപത്യത്തില്‍ പോലും അതിനു കഴിയുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സത്യത്തില്‍ ഭൂരിപക്ഷത്തേയും കൈയിലെടുക്കാന്‍ ഫാസിസ്റ്റുകള്‍ക്കു കഴിയുന്നുണ്ട്. അതിനുള്ള പ്രചരണ തന്ത്രങ്ങളാണ് അവര്‍ നിരന്തരമായി പ്രയോഗിക്കുന്നത്. ഹിറ്റ്‌ലര്‍ പ്രയോഗിച്ചത് ജര്‍മ്മന്‍ ദേശീയബോധമായിരുന്നു. ഭൂരിപക്ഷം ജനങ്ങള്‍ക്കും ദുരിതം നല്‍കിയ നോട്ടുനിരോധനപ്രശ്‌നത്തെ പോലും പ്രചരണങ്ങളിലൂടെ തനിക്കനുകൂലമാക്കാന്‍ മോദിക്കു കഴിയുന്നതും സമാനമായ പ്രചരണങ്ങളിലൂടെയാണ്. അതു തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധമുയര്‍ത്താനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും അണിനിരത്താനും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു കഴിയുന്നില്ല. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും മാത്രമാണ് ഈ വിഷയം കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധമുയര്‍ത്താന്‍ ശ്രമിച്ചത്. ശക്തമായ ഒരു രാഷ്ട്രീയസമരവും എങ്ങും നടന്നില്ല. സത്യത്തില്‍ ഇവിടെ വേണ്ടത് പ്രതിരോധം പോലുമല്ല, ശക്തമായ കടന്നാക്രമണമാണ്. പഞ്ചാബിലും യുപിയിലുമെല്ലാം തെരഞ്ഞെടുപ്പ് അടുക്കുകയാണ്. എന്നാല്‍ ഈ വിഷയത്തെ ശക്തമായ ആയുധമാക്കാന്‍ പ്രതിപക്ഷങ്ങള്‍ക്കൊന്നും കഴിയുന്നില്ല. ഈ നിലക്ക് തെരഞ്ഞെടുപ്പുകളെ പരിക്കുകളില്ലാതെ മോദി അതിജീവിക്കാനാണ് സാധ്യത.
കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് നടത്തിയ നോട്ടുനിരോധനം എത്രമാത്രം ബാലിശമാണെന്ന് വ്യക്തമായി കഴിഞ്ഞു. വിഷയം കള്ളപ്പണം പോലുമല്ല എന്നതിന് തെളിവാണ് 2000ത്തിന്റെ നോട്ടുകള്‍ അടിച്ചിറക്കിയത്. കള്ളപ്പണം തടയാനാണെങ്കില്‍ ചെറിയ നോട്ടുകളാണ് വ്യാപകമാക്കുക. എന്നിട്ടുപോലും വിമര്‍ശനങ്ങളെ ഹാസ്യമായും പുച്ഛിച്ചും നേരിടാന്‍ മോദിക്കുകഴിയുന്നു എന്നത് ആശങ്കാജനകമാണ്. കേരളത്തില്‍ ഇടതുപക്ഷം സഹകരണരംഗത്തുമാത്രമാണ് കേന്ദ്രീകരിച്ചത്. ഏറെകാലമായി സിപിഎമ്മിനേക്കാള്‍ കൂടുതലായി ‘സോഷ്യലിസ്റ്റാ’വാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സും ശക്തമായി രംഗത്തിറങ്ങിയില്ല. സോഷ്യലിസമെന്ന പേരിലറിയപ്പെടുന്ന രാഷ്ട്രീയസംവിധാനത്തിലെ ഫാസിസത്തെ ചെറുക്കാന്‍ ഒരിക്കലും തയ്യാറാകാത്ത കോണ്‍ഗ്രസ്സിന് എങ്ങനെ മോദിയുടെ ഫാസിസത്തെ ചെറുക്കാനാകും? സത്യത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസത്തെ ചെറുക്കാനും ജനാധിപത്യ – മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാനും കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം കോണ്‍ഗ്രസ്സാണ്. രാജ്യത്തെങ്ങും വേരുകളുള്ളതും അവര്‍ക്കാണ്. എന്നാല്‍ അതിനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ്സ് പ്രകടമാക്കുന്നില്ല.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുവേളയില്‍ മോദി അധികാരത്തിലെത്തുമെന്നു ഏറെക്കുറെ ഉറപ്പായ സന്ദര്‍ഭത്തില്‍ ഞാനെഴുതിയ ലേഖനത്തില്‍ ഒരു പ്രധാന കാര്യം ചൂണ്ടികാട്ടിയിരുന്നു. മോദിയുടെ രണ്ടുസമീപനങ്ങളാണ് ജനാധിപത്യത്തിന് ഏറ്റവും ഭീഷണി എന്നായിരുന്നു അത്. ഒന്ന് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുപ്പോള്‍ മുസ്ലിം കൂട്ടക്കൊലക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും പിന്നീട് കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്ത നടപടി. അതോടൊപ്പം സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കുപോലും യാതൊരു അധികാരവും നല്‍കാതെ എല്ലാ അധികാരങ്ങളും സ്വന്തം കൈകളില്‍ കേന്ദ്രീകരിപ്പിച്ച നടപടി. ഭരണകൂടാധികാരത്തിന്റെ ദുരുപയോഗവും കേന്ദ്രീകരണവും. ഇതു രണ്ടും കൈവിടാന്‍ താനൊരുക്കമല്ല എന്ന മോദിയുടെ തുറ്‌നന പ്രഖ്യാപനാണ് നോട്ടുനിരോധനം. ഒരു ചട്ടവും പാലിക്കാതെ, ഒരു ജനാധിപത്യ മര്യാദയും കാണിക്കാതെയാണ് ആര്‍ബിഐയിലെ ഒരു അണ്ടര്‍ സെക്രട്ടറിയുടെ കുറിപ്പിന്റെ പേരില്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും നിഷേധിച്ച്, യാതൊരു ബദല്‍ സംവിധാനവുമൊരുക്കാതെ നോട്ടുനിരോധനം പ്രഖ്യാപിച്ചത്.
സത്യത്തില്‍ ഈ ഫാസിസ്റ്റ് നടപടിമൂലം സംഭവിച്ചതെന്താണ്? ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് നിങ്ങള്‍ ബാങ്കില്‍ നിന്നെടുക്കുന്ന നോട്ടുകള്‍ ബാങ്കിലേക്കുതന്നെ തിരിച്ചു കൊണ്ടുവരാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്കു പറയേണ്ടിവന്നത്. എന്നാല്‍ ബാങ്കില്‍ നിന്നു പണമെടുക്കുന്നു എന്നല്ലാതെ അവിടെ വീണ്ടും നിക്ഷേപിക്കാന്‍ ആരും തയ്യാറാകുന്നില്ല. ശരിക്കും പൊളിഞ്ഞ കുറികമ്പനികളുടെ അവസ്ഥയിലേക്കാണ് ബാങ്കുകള്‍ നീങ്ങുന്നത്. സത്യത്തില്‍ ഇതു രാജ്യദ്രോഹമാണ്. ഇനിയും പ്രശ്‌നങ്ങള്‍ രൂക്ഷമാകും. ബാങ്കുകളില്‍ കിടക്കുന്ന പണത്തിന്റെ സൂക്ഷ്മപരിശോധനക്കുശേഷം വന്‍തുക നികുതികളുടെ പേരില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നത്. ഇപ്പോഴത്തെ നടപടിയുടെ മറ്റനവധി പ്രത്യാഘാതങ്ങളും വരാന്‍ പോകുന്നതേയുള്ളു. ഇപ്പോള്‍ തന്നെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാന്‍ പോകുന്നതേയുള്ളു. എന്നിട്ടുപോലും ഈ സംഭവങ്ങള്‍ ശക്തമായി ഉന്നയിച്ച് ജനങ്ങലുടെ ശക്തമായ സമരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല. അതിനാല്‍തന്നെ ചരിത്രം അവര്‍ക്കും മാപ്പുനല്‍കാന്‍ പോകുന്നില്ല.

(സംസ്‌കാരസാഹിതിയും വിചാര്‍വിഭാഗും ചേര്‍ന്ന് സാഹിത്യ അക്കാദമി അങ്കണത്തില്‍ സംഘടിപ്പിച്ച എം.ടിക്ക് തൃശൂരിന്റെ പിന്തുണ സാംസ്‌കാരികപ്രതിരോധസദസില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply