അലോപ്പതി മൗലികവാദം ശക്തിപ്പെടുന്നു

മാനവസമൂഹം നേടിയ അറിവ് വളരെ വൈവിധ്യപൂര്‍ണ്ണമാണ്. ഏതു വിഷയമെടുത്താലും അതുമായി ബന്ധപ്പെട്ട് എത്രയോ വൈവിധ്യമാര്‍ന്ന ധാരകള്‍. അവയെല്ലാം മനുഷ്യന്‍ തലമുറകളിലൂടെ നേടിയെടുത്ത വിജ്ഞാനശേഖരത്തിന്റെ ഭാഗമാണ്. അവ തമ്മില്‍ ആരോഗ്യകരമായ സംവാദവും മത്സരവും നടക്കുന്നുണ്ട. നടക്കണം. എന്നാല്‍ തങ്ങള്‍ വിശ്വസിക്കുന്നതാണ് ശരിയെന്ന് ആര്‍ക്കും കരുതാം. അതുമായി ബന്ധപ്പെട്ട് പ്രചരണവും നടത്താം. എന്നാല്‍ മറ്റെല്ലാ ധാരകളും ജനവിരുദ്ധവും ശാസ്ത്രീയ വിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്നെല്ലാം വ്യാഖ്യാനിച്ച് അനാരോഗ്യകരമായ രീതിയില്‍ പ്രചരണം നടത്തുന്നത് സംവാദാത്മകമായ അന്തരീക്ഷത്തെ ഇല്ലാതാക്കും. നിര്‍ഭാഗ്യവശാല്‍ അത്തരത്തിലൊരു പ്രവണതക്കാണ് കേരളത്തിലെ ആരോഗ്യരംഗം […]

alo

മാനവസമൂഹം നേടിയ അറിവ് വളരെ വൈവിധ്യപൂര്‍ണ്ണമാണ്. ഏതു വിഷയമെടുത്താലും അതുമായി ബന്ധപ്പെട്ട് എത്രയോ വൈവിധ്യമാര്‍ന്ന ധാരകള്‍. അവയെല്ലാം മനുഷ്യന്‍ തലമുറകളിലൂടെ നേടിയെടുത്ത വിജ്ഞാനശേഖരത്തിന്റെ ഭാഗമാണ്. അവ തമ്മില്‍ ആരോഗ്യകരമായ സംവാദവും മത്സരവും നടക്കുന്നുണ്ട. നടക്കണം. എന്നാല്‍ തങ്ങള്‍ വിശ്വസിക്കുന്നതാണ് ശരിയെന്ന് ആര്‍ക്കും കരുതാം. അതുമായി ബന്ധപ്പെട്ട് പ്രചരണവും നടത്താം. എന്നാല്‍ മറ്റെല്ലാ ധാരകളും ജനവിരുദ്ധവും ശാസ്ത്രീയ വിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്നെല്ലാം വ്യാഖ്യാനിച്ച് അനാരോഗ്യകരമായ രീതിയില്‍ പ്രചരണം നടത്തുന്നത് സംവാദാത്മകമായ അന്തരീക്ഷത്തെ ഇല്ലാതാക്കും.
നിര്‍ഭാഗ്യവശാല്‍ അത്തരത്തിലൊരു പ്രവണതക്കാണ് കേരളത്തിലെ ആരോഗ്യരംഗം സാക്ഷ്യം വഹിക്കുന്നത്. മറ്റെല്ലാ വൈദ്യശാഖകളേയും ഇല്ലാതാക്കാനും അലോപ്പതി മാത്രമാണ് സനാതനമായ സത്യം എന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. ആയുര്‍വേദം, പ്രകൃതിജീവനം, ഹോമിയോപ്പതി തുടങ്ങി വൈവിധ്യമാര്‍ന്ന ചികിത്സാരീതികളും ജീവിതരീതികളുമെല്ലാം സാമൂഹ്യവിരുദ്ധമാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് അതിശക്തമായിതന്നെ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അവസാനമായി നടക്കുന്നത് വാക്‌സിന്‍ വിവാദമാണ്. വാക്‌സിനേഷന്‍ എന്നും തര്‍ക്കവിഷയമാണ്. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന പോലുള്ള വിവാദങ്ങള്‍ ലോകത്തു പലഭാഗത്തും നടന്നിട്ടണ്ടെന്ന് വെറുതെ ഗൂഗിളില്‍ തിരഞ്ഞാല്‍ മനസ്സിലാകും. അത്തരം സംവാദങ്ങള്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുകയല്ല വേണ്ടത്. സത്യത്തില്‍ കേരളത്തില്‍ രണ്ടോ മൂന്നോ പേരാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരണം നടത്തുന്നത്. മുസ്ലിം സമുദായ നേതാക്കള്‍ വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അവരിലെ മിക്കവാറും സമുദായ നേതാക്കള്‍ ഐ എസിനെ തള്ളിപ്പറയുന്നതോടൊപ്പം വാക്‌സിനേഷനനുകൂലമായും പ്രസ്താവനയിറക്കി. ഇപ്പോള്‍ രംഗത്തുള്ളത് ജേക്കബ്ബ് വടക്കുഞ്ചേരി, ഹരി തുടങ്ങി രണ്ടോ മൂന്നോ പേര്‍ മാത്രം. അവരുമായി ആരോഗ്യകരമായ സംവാദമല്ല പക്ഷെ നടക്കുന്നത്. ലോകം മുഴുവന്‍ നടക്കുന്ന ഒരു ചര്‍ച്ചാവിഷയത്തില്‍ ഭാഗഭാഗാക്കുന്നവരെ പിടിച്ച് ജയിലിടണമെന്നാവശ്യപ്പെടുന്നതില്‍ എന്തു ജനാധിപത്യബോധമാണുള്ളത്..? അവരെ അധിക്ഷേപിക്കുകയും കിട്ടിയ അവസരമുപയോഗിച്ച് മറ്റെല്ലാ വൈദ്യശാഖകളും ജനവിരുദ്ധമാണെന്നു സ്ഥാപിക്കാനുമുള്ള നീക്കമാണ് വ്യാപകമായി നടക്കുന്നത്. അവസാനമായി മാതൃഭൂമി ചാനലിലെ അകം പുറം പരിപാടിയിലും നടന്നത് മറ്റൊന്നല്ല. വാക്‌സിനേഷനെതിരെ നടന്ന ഒരു തെരുവുയോഗത്തിലെ ജേക്കബ്ബിന്റെ പ്രസംഗത്തിലെ മോശപ്പെട്ട മൂന്നു വാചകങ്ങളെ ഹൈലൈറ്റ് ചെയ്യുക വഴി നഷ്ടപ്പെട്ടത് ആ പരിപാടിയുടെ സംവാദാത്മകതയാണ്. എഡിറ്റു ചെയ്ത പരിപാടിയായിരുന്നു അതെന്നതും ഓര്‍ക്കണം.
വാസ്തവത്തില്‍ പനി വന്നാല്‍ പോലും മരിക്കുന്ന അവസ്ഥയിലേക്ക് കേരളത്തിലെ ആരോഗ്യരംഗത്തെ എത്തിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്ന് ഇനിയെങ്കിലും പരിശോധിക്കേണ്ടേ..? അത് വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്ന വിരലിലെണ്ണാവുന്നവരോ പ്രകൃതി ജീവനത്തിന്റെ പ്രചാരകരോ ആയുര്‍വേദം, ഹോമിയോ തുടങ്ങിയ വൈദ്യശാഖകളോ ആണോ..? ആവശ്യത്തിനും അനാവശ്യത്തിനും പരിശോധനകള്‍ നടത്തിയും മരുന്നു തീറ്റിച്ചും ഓപ്പറേഷനുകള്‍ നടത്തിയും ഐസിയുവിലിട്ടും നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ കേരളത്തിലെമ്പാടും ഉയര്‍ന്നുപൊങ്ങിയിരിക്കുന്ന അലോപ്പതി ആശുപത്രികള്‍ക്കല്ലേ അതിന്റെ ഉത്തരവാദിത്തം..? കേരളത്തില്‍ ഇന്നു ഏറ്റവും ഭീകരമായ രീതിയില്‍ ചൂഷണം നടക്കുന്ന മേഖല മറ്റെന്താണ്? അത് അലോപ്പതിയുടെ തെറ്റല്ല, കൊണ്ടുനടക്കുന്നവരുടെ തെറ്റാണെന്നു വാദിക്കാം. എന്നാല്‍ ഈ ചൂഷണത്തില്‍ വിമുക്തമായി അലോപ്പതിക്കു നിലനില്‍പ്പുണ്ടെന്ന് ഇനിയും തെളിയിക്കേണ്ടതായിട്ടാണിരിക്കുന്നത്.
അലോപ്പതി ശാസ്ത്രീയമാണ്, മറ്റെല്ലാം അശാസ്ത്രീയമാണ് എന്നാണല്ലോ ഒരു പ്രധാന വാദം. യാഥാര്‍ത്ഥ്യമെന്താണ്? ഏറ്റവും അശാസ്ത്രീയമായ അന്ധവിശ്വാസത്തിലധിഷ്ഠിതമാണ് ഇന്ന് കേരളത്തിലെങ്കിലും അലോപ്പതി നിലനില്‍ക്കുന്നത്. അതാകട്ടെ ഡോക്ടറോടുള്ള അന്ധവിശ്വാസം. ഡോക്ടര്‍ എന്തുപറഞ്ഞാലും അത് അന്ധമായി അനുസരിക്കുക മാത്രമാണ് രോഗിയുടെ കടമ. എന്തെങ്കിലും സംശയമോ എതിരഭിപ്രായമോ പറഞ്ഞാല്‍ ലഭിക്കുക പുച്ഛം നിറഞ്ഞ ചിരിയായിരിക്കും. രോഗിയുടെ ഏറ്റവും പ്രാഥമികമായ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. മറ്റേതെങ്കിലും ഡോക്ടര്‍ പറഞ്ഞ അഭിപ്രായം പറഞ്ഞു നോക്കൂ, അപ്പോള്‍ കാണാം ഇവരുടെ ഈഗോ. മഹാഭൂരിപക്ഷത്തെ പൊതുവായി പറയുന്ന രീതിയനുസരിച്ചു പറഞ്ഞാല്‍ ഇവരെയെല്ലാം നയിക്കുന്നത് പണം മാത്രമാണ്. ആശുപത്രികള്‍ ലാഭകരമാക്കുന്നതെങ്ങിനെയെന്ന് അപ്പോത്തിക്കിരി എന്ന സിനിമ അല്‍പ്പമെങ്കിലും തുറന്നു കാണിക്കുന്നുണ്ടല്ലോ. അതുതന്നെയാണ് എല്ലായിടത്തും നടക്കുന്നത്.
ഡോക്ടര്‍മാരുടുള്ള അന്ധവിശ്വാസം മാറ്റിവെച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഈ ലേഖകനു അടുത്തുണ്ടായ അനുഭവം ഇങ്ങനെ. മരത്തില്‍ നിന്നു വീണ ഒരാളേയും കൊണ്ട് ആസുപത്രിയിലെത്തി. പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് ഉടന്‍ ഓപ്പറേഷന്‍ വേണമെന്ന്. സാമൂഹ്യപ്രവര്‍ത്തകനായ ഒരു ഡോക്ടര്‍ ആ ആശുപത്രിയിലുള്ളത് അറിയാമായിരുന്നു. കിട്ടിയ സമയത്തിനുള്ളില്‍ അയാളെ കണ്ട് എക്‌സേറേയും മറ്റും കാണിച്ചു. ഉടന്‍ വരാമെന്നു പറഞ്ഞ് അയാള്‍ പരിശോധിച്ച ഡോക്ടറെ പോയി കണ്ടു. തിരിച്ചുവന്നു പറഞ്ഞു ഓപ്പറേഷന്റെ ആവശ്യമില്ല എന്ന്. സാമൂഹ്യപ്രവര്‍ത്തകനും സഹപ്രവര്‍ത്തകനുമായതിനാല്‍ മാത്രമാണ് സീനിയര്‍ ഡോക്ടറോട് ഇക്കാര്യം സംസാരിക്കാന്‍ ഇയാള്‍ ധൈര്യം കാണിച്ചത്. മറ്റാരെങ്കിലുമാണെങ്കിലോ..? ഇതൊരു ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ പോട്ടെ എന്നുവെക്കാം. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്ലെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ്അലോപ്പതി നിലനില്‍ക്കില്ല എന്നതാണ് വസ്തുത. ഷുഗറുണ്ടെന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പരിക്കുപറ്റിയ വിരല്‍ മുറിക്കണമെന്നു പറഞ്ഞ സംഭവം, ബൈക്കില്‍ നിന്ന് വീണ പത്ര ഏജന്റിനു ഓപ്പറേഷന്‍ വേണമെന്നു പറഞ്ഞ സംഭവം തുടങ്ങി മറ്റനവധി സംഭവങ്ങളും അനാവശ്യമാണെന്നു ബോധ്യപ്പെട്ട് ഒഴിവാക്കിയ അനുഭവവും ഈ ലേഖകനുണ്ട്. കഴിഞ്ഞില്ല, ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ച പല സംഭവങ്ങളുമറിയാം. അവരില്‍ ചിലരെ ഭീഷണിപ്പെടുത്തിയും വലിയതുക കൊടുത്തും വിവാദമാക്കാതെ ഒതുക്കിയ സംഭവങ്ങള്‍. മരിച്ചതിനു ശേഷം പോലും ചികത്സിച്ചതായി കാണിച്ച് ബില്ലിട്ട സംഭവം പോലുമറിയാം. ഒരാള്‍ക്കുപോലും ഇത്തരത്തില്‍ പത്തിലധികം അനുഭവങ്ങളുണ്ടെങ്കില്‍ യാഥാര്‍ത്ഥ്യെന്താണ്? ഒന്നോ രണ്ടോപേര്‍ അതൊരു പ്രശ്‌നമാക്കാന്‍ ശ്രമിക്കുമെന്നല്ലാതെ മറ്റെല്ലാവരും ഡോക്ടര്‍ പറയുന്നത് വിഴുങ്ങുന്നു.
സ്വകാര്യം ആശുപത്രികളില്‍ മാത്രമല്ല ഈ പ്രശ്‌നങ്ങളുള്ളത്. സര്‍ക്കാര്‍ ആശുപത്രികള്‍ അല്‍പ്പം ഭേദമാണെന്നേ ഉള്ളു. അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍ക്ക് വീട്ടില്‍ പൈസ കൊണ്ടുപോയി കൊടുത്ത ദമ്പതികളുടെ അനുഭവമിങ്ങനെ. അബോര്‍ഷനൊക്കെ കഴിഞ്ഞു. പക്ഷെ പത്താംമാസം തന്നെ യുവതി പ്രസവിച്ചു. ്‌പ്പോള്‍ അന്നു ചെയ്തത് എന്താണാവോ? സഹകരണ ആശുപത്രികളോ? ഒരു വലിയ നേതാവിന്റെ പേരില്‍ നിലനില്‍ക്കുന്ന സഹകരണ ആശുപത്രിയില്‍ അത്യാസന്ന നിലയിലുള്ള രോഗിയെ പരിശോധിക്കാന്‍ ഡോക്ടറെത്തിയത് 15 മണിക്കൂറിനു ശേഷം. അതും പാര്‍ട്ടി നേതാക്കളെ വിളിച്ചു പറഞ്ഞ ശേഷം. പക്ഷെ ആള്‍ മരിച്ചു. നഷ്ടപരിഹാരത്തിനും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വേണ്ടി ആ കുടുംബം നിയമപോരാട്ടത്തിലാണ്. എന്നാല്‍ കോടതിയില്‍ സംഭവിക്കുക എന്താണ്? ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് വേറെ ഡോക്ടര്‍ റിപ്പോര്‍ട്ട് കൊടുക്കണം. ഏതെങ്കിലും ഡോക്ടര്‍ അതിനു തയ്യാറാവുമോ? കൂടാതെ പാവപ്പെട്ട ജനങ്ങള വൈല്ലുവിളിച്ച് ഐ എം എയും രംഗത്തുണ്ട്.
തീര്‍ച്ചയായും ഇതിനെല്ലാമെതിരെ ഉയരുന്ന വാദം എല്ലാ മേഖലയിലുമെന്ന പോലെ ഈ രംഗത്തും കള്ളനാണയങ്ങള്‍ ഉണ്ട് എന്നാകും. എന്നാല്‍ അവരെ ഒഴിവാക്കുന്ന ഒരുദാഹരണമെങ്കിലും കാണിക്കാമോ? സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി..? അടുത്ത സുഹൃത്തായ ഒരു ഡോക്ടറോ നഴ്‌സോ മെഡിക്കല്‍ റപ്പോ ഉണ്ടെങ്കില്‍ അവര്‍ കാര്യം പറയും… വന്‍കിട മരുന്നു കമ്പനികളാണ് അലോപ്പതി വൈദ്യശാസ്ത്രത്തെ നിയന്ത്രിക്കുന്നതെന്ന പച്ചയായ യാഥാര്‍ത്ഥ്യം. എന്നിട്ട് സംഭവിക്കുന്നതോ? പുതുപുത്തന്‍ രോഗങ്ങള്‍. നാടുനീളെ മനുഷ്യരെ അറക്കുന്ന ആശുപത്രികള്‍. എല്ലാവരും രോഗികളായി മാറുന്ന അവസ്ഥ. എന്നിട്ടും കുറ്റം മുഴുവന്‍ സമാന്തര വൈദ്യശാഖകള്‍ക്ക്. ഒന്നുറപ്പ്. ിവര്‍ ചെയ്യുന്ന ദ്രോഹമൊന്നും മറ്റു വൈദ്യശാഖകള്‍ ചെയ്യുന്നില്ല. വാക്‌സിന്‍ വിരുദ്ധരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply