അറിയുക സ്ത്രീപീഡനത്തിനെതിരായ നിയമങ്ങള്‍

ഒരു വനിതാദിനം കൂടി കടന്നുവരുമ്പോള്‍ സ്ത്രീപീഡനത്തിനെതിരെ നിലനില്‍ക്കുന്ന മൂന്നു പ്രധാന നിയമങ്ങള്‍ പരിചയപ്പെടുത്തകയാണിവിടെ. ഗാര്‍ഹിക പീഡനനിരോധന നിയമം 2005 ഗാര്‍ഹിക പീഡനത്തില്‍നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ വേണ്ടി പാസാക്കിയ ഈ നിയമം 2006 ഒക്‌ടോബര്‍ 26ന് നിലവില്‍വന്നു. ഗാര്‍ഹിക ബന്ധത്തില്‍ താമസിക്കുന്ന ഏതൊരു സ്ത്രീക്കും ഈ നിയമപ്രകാരമുള്ള സംരക്ഷണം തേടാം. ഗാര്‍ഹിക ബന്ധം എന്നാല്‍ രക്തബന്ധംകൊണ്ടോ, ദത്ത് മൂലമോ, വിവാഹം മൂലമോ, വിവാഹം കൂടാതെയള്ള ദാമ്പത്യത്തിലോ, കൂട്ടുകുടുംബ അംഗമെന്ന നിലയിലോ ഒരു കൂരക്കു കീഴില്‍ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന […]

stree

ഒരു വനിതാദിനം കൂടി കടന്നുവരുമ്പോള്‍ സ്ത്രീപീഡനത്തിനെതിരെ നിലനില്‍ക്കുന്ന മൂന്നു പ്രധാന നിയമങ്ങള്‍ പരിചയപ്പെടുത്തകയാണിവിടെ.

ഗാര്‍ഹിക പീഡനനിരോധന നിയമം 2005

ഗാര്‍ഹിക പീഡനത്തില്‍നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ വേണ്ടി പാസാക്കിയ ഈ നിയമം 2006 ഒക്‌ടോബര്‍ 26ന് നിലവില്‍വന്നു. ഗാര്‍ഹിക ബന്ധത്തില്‍ താമസിക്കുന്ന ഏതൊരു സ്ത്രീക്കും ഈ നിയമപ്രകാരമുള്ള സംരക്ഷണം തേടാം. ഗാര്‍ഹിക ബന്ധം എന്നാല്‍ രക്തബന്ധംകൊണ്ടോ, ദത്ത് മൂലമോ, വിവാഹം മൂലമോ, വിവാഹം കൂടാതെയള്ള ദാമ്പത്യത്തിലോ, കൂട്ടുകുടുംബ അംഗമെന്ന നിലയിലോ ഒരു കൂരക്കു കീഴില്‍ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ബന്ധമാണ്. ഏതെങ്കിലും കാലത്ത് ഒന്നിച്ച് താമസിച്ചവരായാലും അതും ഗാര്‍ഹിക ബന്ധത്തില്‍പ്പെടുന്നു. ഈ നിയമപ്രകാരം താഴെപ്പറയുന്നതെല്ലാം ഗാര്‍ഹിക പീഡനമാണ്:
ശാരീരിക പീഡനം: അടിക്കുക, കുത്തുക, ചവിട്ടുക, നുള്ളുക, തള്ളിയിടുക പട്ടിണികിടത്തുക, വീടിന് വെളിയില്‍ ഇറക്കിവിടുക, ഇഷ്ടമില്ലാത്തത് തീറ്റിക്കുക തുടങ്ങി ആരോഗ്യത്തിനും അന്തസ്സിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
മാനസികമോ- വൈകാരികമോ ആയ പീഡനം: അപമാനിക്കുക, ഇരട്ടപ്പേര് വിളിക്കുക, അസഭ്യം പറയുക, സ്വഭാവഹത്യ നടത്തുക, സ്ത്രീധനത്തിന്റെ പേരില്‍ അധിക്ഷേപിക്കുക കുട്ടികളെ പിടിച്ചെടുക്കുക തുടങ്ങി വൈകാരികളായി സ്ത്രീയെ തകര്‍ക്കുന്ന എല്ലാ പ്രവര്‍ത്തികളും ഇതില്‍ ഉള്‍പ്പെടുന്നു.
ലൈംഗിക പീഡനം: ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം, വേദനിപ്പിച്ചുള്ള സംഭോഗം, അമിതമായ ഭോഗം, അശ്ലീല ചിത്രമോ രതി പ്രകടനമോ സാഹിത്യമോ കാണാന്‍ പ്രേരിപ്പിക്കുക, സ്ത്രീയെ അപമാനിക്കാനോ തരം താഴ്ത്താനോ നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള എല്ലാ ലൈംഗിക പ്രവൃത്തികളും ഇതില്‍ പെടും.
സാമ്പത്തിക പീഡനം: സ്ത്രീക്കും കുട്ടികള്‍ക്കും ചെ ലവിനു നല്‍കാതിരിക്കുക, ജോലിചെയ്യാന്‍ അനുവദിക്കാതിരിക്കുക, ചെയ്യുന്ന ജോലിയില്‍ തടസ്സം വരുത്തുക, ശമ്പളമോ വരുമാനമോ അനുമതിയില്ലാതെ എടുക്കുക, ബലമായി കടം എടുപ്പിക്കുക, ജാമ്യം നിറുത്തുക തുടങ്ങിയ എല്ലാ പ്രവൃത്തികളും സാമ്പത്തിക പീഡനമാകുന്നു.
ഈ നിയമപ്രകാരം പീഡനം ഏല്‍പ്പിക്കുന്നത് പുരുഷനാണ്. അതുകൊണ്ടുതന്നെ പ്രതി എല്ലായ്‌പ്പോഴും പുരുഷനാണ്. എന്നാല്‍ വിവാഹിതയായ സ്ത്രീയെ സംബന്ധിച്ച് അവരുടെ ഭര്‍ത്താവിന്റെ സഹോദരി, അമ്മ എന്നിവരും പീഡകരായി വരുന്നു. അതിനാല്‍ അവര്‍ക്കെതിരെയും സംരക്ഷണം ലഭിക്കുന്നതാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ താഴെ പറയുന്ന ഉദ്യോഗസ്ഥര്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ പരാതി കൊടുക്കാം.
പ്രൊട്ടക്ഷന്‍ ഓഫീസര്‍ (സംരക്ഷണ ഉദ്യോഗസ്ഥന്‍, ജില്ലാതലം), സര്‍വ്വീസ് പ്രൊവൈഡര്‍ (സേവന ദാതാവ്), അടുത്ത പോലീസ് സ്റ്റേഷന്‍, ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നിയമപ്രകാരമുള്ള പരാതി സ്ത്രീക്ക് നേരിട്ടോ, സ്ത്രീയുടെ സമ്മതത്തോടെ മറ്റാര്‍ക്കെങ്കിലുമോ നല്‍കാവുന്നതാണ്.
ഗാര്‍ഹിക പീഡനത്തിന്നിരയായ സ്ത്രീക്ക് താഴെപ്പറയുന്ന ഉത്തരവുകള്‍ കോടതിയില്‍നിന്ന് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
സംരക്ഷണ ഉത്തരവ് – സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവാണിത്. ഈ ഉത്തരവുപ്രകാരം സ്ത്രീയെ ഉപദ്രവിക്കരുതെന്നും സ്ത്രീ തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് പ്രവേശിക്കരുതെന്നും സ്ത്രീയുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കരുതെന്നു എതിര്‍കക്ഷിയോട് കോടതിക്ക് ആവശ്യപ്പെടാം. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ പീഡിപ്പിക്കപ്പെട്ട സ്ത്രീയൂം എതിര്‍കക്ഷിയും ഒന്നിച്ചോ ഒറ്റക്കോ ഉപയോഗിക്കാവുന്ന ബാങ്ക് ലോക്കറോ അക്കൗണ്ടുകളോ സ്ത്രീധനം ഉള്‍പ്പെടെ ഒന്നിച്ചോ ഒറ്റക്കോ കൈവശം വച്ചിട്ടുള്ള വസ്തുവഹകളോ ഉപയോഗിക്കുന്നത് തടയാം. സ്ത്രീയുടെ ജീവിത ചെലവിനും നിലനില്‍പ്പിനും ആവശ്യമായ തുക എതിര്‍കക്ഷിയോട് നല്‍കാന്‍ ഈ ഉത്തരവിലൂടെ ആവശ്യപ്പെടാം. ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീക്ക് തന്റെ കുട്ടികളുടെ കസ്റ്റഡി താല്‍ക്കാലികമായി ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാം. കുട്ടികളെ അമ്മയില്‍നിന്ന് വേര്‍പ്പെടുത്തുന്നത് തടയുന്നതിന് ഈ ഉത്തരവ് സഹായിക്കുന്നു. താമസിക്കുന്ന വീട്ടില്‍നിന്നും പുറത്താക്കുമെന്ന് സ്ത്രീയെ ഭീഷണിപ്പെടുത്തുമ്പോഴോ ബലമായി പുറത്താക്കുമ്പോഴോ അത് തടഞ്ഞുകൊണ്ട് അതേ വീട്ടില്‍തന്നെ തുടര്‍ന്നും സ്ത്രീക്ക് താമസിക്കുന്നതിനുളള ഉത്തരവ് കോടതിക്ക് പാസ്സാക്കാം. സ്ത്രീക്ക് സുരക്ഷിതമായ താമസസ്ഥലം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ഉത്തരവിന്റെ ലക്ഷ്യം. നഷ്ടപരിഹാര ഉത്തരവ്. – ജീവനാംശത്തിനു പുറമെ സ്ത്രീക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം തേടാനും ഈ നിയമം സ്ത്രീയെ സഹായിക്കുന്നു. ഈ ഉത്തരവുകള്‍ കൂടാതെ കൗണ്‍സിലിംഗ്, വൈദ്യസഹായം, സൗജന്യ നിയമസഹായം, താമസ സൗകര്യം എന്നീ സേവനങ്ങളും ഗാര്‍ഹിക പീഡനത്തിന്നിരയാകുന്നവര്‍ക്ക് നിയമം ഉറപ്പ് നല്‍കുന്നു.
ശിക്ഷ: കോടതി പാസ്സാക്കിയ സംരക്ഷണ ഉത്തരവ് ലംഘിക്കുന്ന പ്രതിക്ക് 1 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷയായി നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. കൂടാതെ ക്രിമിനല്‍ നിയമമനുസരിച്ചുള്ള (ഉദാ: IPC 498 A) നടപടികളും പ്രതിക്കെതിരെ എടുക്കാം.

സ്ത്രീകള്‍ക്കെതിരെ ജോലിസ്ഥലത്തെ ലൈംഗിക പീഡന (തടയലും, നിരോധനവും പരിഹാരവും) നിയമം, 2013 (കേന്ദ്ര നിയമം 14, 2013)

ലൈംഗിക പീഡനം എന്നാല്‍ ശരീര സ്പര്‍ശങ്ങളും നീക്കങ്ങളും, ലൈംഗിക ആനുകൂല്യങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന, ലൈംഗികച്ചുവയുള്ള പ്രസ്താവനകള്‍, അശ്ലീല ചിത്രങ്ങള്‍ കാണിക്കല്‍, ലൈംഗിക സ്വഭാവമുള്ള സ്വാഗതാര്‍ഹമല്ലാത്ത ശാരീരികമോ വാചികമോ അവാചികമോ ആയ പെരുമാറ്റം.
ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി & ലോക്കല്‍ കംപ്ലയിന്‍സ് കമ്മിറ്റി
സര്‍ക്കാര്‍ വകുപ്പുകള്‍, ഓഫീസുകള്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ വ്യവസായ-ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി ‘സ്ത്രീ’ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്. പത്ത് ജീവനക്കാരെങ്കിലും ജോലി ചെയ്യുന്നിടത്താണ് കംപ്ലയിന്റ് കമ്മിറ്റി നിര്‍ബ്ബന്ധമായും വേണ്ടത്. പത്ത് ജീവനക്കാരില്‍ കൂറവാണെന്നതിനാല്‍ ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റി ഇല്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് വരുന്ന ലൈംഗിക പീഡനത്തിന്റെ പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ തലത്തില്‍ ലോക്കല്‍ കംപ്ലയിന്‍സ് കമ്മിറ്റികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്നതാണ്.
ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റി (ICC)
ഓരോ തൊഴിലുടമയും താഴെപ്പറയുന്നവരെ ഉള്‍പ്പെടുത്തി ഒരു ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.
* പ്രിസൈഡിങ്ങ് ഓഫീസറായി മുതിര്‍ന്ന തലത്തിലുള്ള വനിതാ ജീവനക്കാരി (ഒരു ഓഫീസില്‍ അപ്രകാരം വനിത ജീവനക്കാരി ലഭ്യമല്ലെങ്കില്‍ മറ്റ് ഓഫീസില്‍നിന്ന് മുതിര്‍ന്ന തലത്തിലുള്ള വനിതാ ജീവനക്കാരിയുടെ സേവനം ലഭ്യമാക്കാം). * വനിതകളുടെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധരും, നിയമത്തിലും സാമൂഹ്യ പ്രവര്‍ത്തനത്തിലും അനുഭവസമ്പന്നരുമായ രണ്ടു വനിതകള്‍ * സര്‍ക്കാരേതര സംഘടനയില്‍ നിന്നുള്ള ഒരു പ്രതിനിധി. ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റിയുടെ മൊത്തം അംഗങ്ങളുടെ എണ്ണത്തില്‍ പകുതിയില്‍ കുറയാത്ത വനിതകളുണ്ടായിരിക്കണം.
കമ്മിറ്റികളുടെ ചുമതലകള്‍
* ഔപചാരികവും രേഖാമൂലമായ എല്ലാ ലൈംഗിക പീഡന പരാതികളും അന്വേഷിക്കുക. * തെളിയിക്കപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളില്‍മേല്‍ ഉചിതമായ പരിഹാര നടപടികള്‍ സ്വീകരിക്കുക. * തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയുകയും, നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുക.
പരാതിപരിഹാരം- ഔപചാരിക നടപടികള്‍
1.ഔദ്യാഗിക സംവിധാനത്തിലൂടെ പരാതിപരിഹരിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പരാതി ഇന്റേണല്‍ കംപ്ലെയ്‌സ് കമ്മിറ്റിക്കു നല്‍കണം. 2.പീഡനം നടന്ന് മൂന്നു മാസത്തിനുള്ളിലോ ഒന്നിലേറെ തവണ പീഡനം നടന്നിട്ടുണ്ടെങ്കില്‍ അവസാനം നടന്ന് മൂന്നുമാസത്തിനുള്ളിലോ ഇന്റേണര്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിക്ക് പരാതി നല്‍കാവുന്നതാണ്. 3. വനിതാ പ്രതിനിധി മുഖേനയും പരാതി നല്‍കാം. ഇതിനായി കമ്മിറ്റി ഒരു വനിതാ പ്രതിനിധിയെ ചുമതലപ്പെടുത്തുന്നത് ഉചിതമാണ്. 4. പരാതിക്കാരിയായ സ്ത്രീക്ക് ശാരീരികവും മാനസികവുമായ അനാരോഗ്യം, മരണം എന്നിവ ഉണ്ടായാല്‍ അവകാശിക്കോ മറ്റ് വ്യക്തിക്കോ പരാതി നല്‍കാം.
പരാതികളുടെ രഹസ്യ സ്വഭാവം
1. എല്ലാ പരാതികളും കര്‍ശനമായും രഹസ്യമായി സൂക്ഷിക്കണം. 2. പരാതി നല്‍കിയ വ്യക്തിയുടെ പേര്, രേഖകളിലോ, നടപടിക്രമങ്ങളിലോ, ഉത്തരവുകളിലോ, വിധികളിലോ സൂചിപ്പിക്കരുത്. 3. കേസ്സോ വിധിയോ ഉത്തരവോ പ്രസ്താവനയോ പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ സ്ത്രീയുടെ പേര് പ്രഖ്യാപിക്കരുത്, അവരെ തിരിച്ചറിയാവുന്ന മാര്‍ഗ്ഗം വെളിപ്പെടുത്തരുത്. 4. കേസ്സുകളുടെ വിവരങ്ങള്‍ വിവരാവകാശ നിയമം 2005 പ്രകാരം ആവശ്യപ്പെട്ടാല്‍ നല്‍കുവാന്‍ പാടില്ല. ഇത് ലംഘിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാവുന്നതാണ്. ശിക്ഷയുടെ സാമാന്യ വിവരങ്ങള്‍ നീതിബോധവല്‍ക്കരണത്തിനായി പ്രസിദ്ധപ്പെടുത്താവുന്നതാണ്.
ലൈംഗിക പീഡന പ്രവൃത്തി പരിഹാരം, നടപടികള്‍, വിചാരണ തുടങ്ങിയവ
1. പരാതിപ്പെട്ട വ്യക്തി ആവശ്യപ്പെട്ടാല്‍ മാത്രം ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി ഇടപെടുക. 2. അനൗപചാരികമായി പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കുക. 3. പരാതിപ്പെട്ട വ്യക്തിക്ക്, നടപടികള്‍ കൈകാര്യം ചെയ്യേണ്ട വ്യക്തിയെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയില്‍ നിന്ന് തെരഞ്ഞെടുക്കാം. 4. 1908 ലെ സിവില്‍ നടപടിക്രമമനുസരിച്ച് സിവില്‍ നടപടിക്കുള്ള അധികാരം കമ്മിറ്റിക്കുണ്ട്. ഏതുവ്യക്തിയേയും വിളിച്ചുവരുത്തുവാനും അയാളുടെ സാന്നിധ്യം ഉറപ്പാക്കുവാനും സത്യപ്രതിജ്ഞയുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുവാനും അധികാരമുണ്ട്.
ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍
* അന്വേഷണം ആരംഭിക്കുന്നതിനുമുമ്പായി ഹര്‍ജിക്കാരിയുടെ അപേക്ഷ അനുസരിച്ച് ഹര്‍ജിക്കാരിയുടെ അപേക്ഷ അനുസരിച്ച് പ്രശ്‌നം അനുരഞ്ജനത്തിലൂടെ തീര്‍പ്പാക്കാം. * അനുരഞ്ജനത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക തീര്‍പ്പ് ഉണ്ടാകരുത്. * കമ്മിറ്റി തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി ഉത്തരവ് ജില്ലാ ഓഫീസര്‍ക്കോ തൊഴിലുടമയ്‌ക്കോ അയച്ചു കൊടുക്കണം. * തീരുമാനത്തിന്റെ പകര്‍പ്പ് പരാതിക്കാരിക്കും എതിര്‍കക്ഷിക്കും നല്‍കണം. * അനുരഞ്ജനം സാദ്ധ്യമായില്ലെങ്കില്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നതാണെങ്കില്‍ ഐ പി സി 509 അനുസരിച്ചോ മറ്റു പ്രസക്ത വ്യവസ്ഥകളനുസരിച്ചോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് 7 ദിവസത്തിനുള്ളില്‍ പരാതി പോലീസിന് അയച്ചുകൊടുക്കണം. * കമ്മിറ്റി തീരുമാനം എതിര്‍കക്ഷി അനുസരിക്കുന്നില്ല എന്ന് പരാതിക്കാരി അറിയിച്ചാല്‍ കമ്മിറ്റിക്ക് അന്വേഷണം നടത്തുകയോ പോലീസിന് അയച്ചുകൊടുകയോ ചെയ്യാം. * കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ പകര്‍പ്പ് ഇരു കൂട്ടര്‍ക്കും നല്‍കണം.
എതിര്‍കക്ഷിക്കെതിരായി സ്വീകരിക്കാവുന്ന നടപടികള്‍
രേഖാമൂലമുള്ള ക്ഷമാപണം, ഔദ്യോഗിക ശാസന, ഉദ്യോഗക്കയറ്റവും ശമ്പളവര്‍ദ്ധനയും തടയുക ജോലിയില്‍ നിന്ന് എതിര്‍കക്ഷിയെ സേവനത്തില്‍നിന്ന് നീക്കല്‍/കൗണ്‍സലിങ്ങിന് വിധേയമാകലോ സാമൂഹിക സേവനം നടത്തലോ.
ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റിയുടെ നടപടികള്‍
എതിര്‍കക്ഷിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്ക്പപെട്ടാല്‍ ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മിറ്റി, തൊഴില്‍ ഉടമയ്‌ക്കോ ജില്ലാ ഓഫീസര്‍ക്കോ മറ്റ് ബന്ധപ്പെട്ടവര്‍ക്കോ ശുപാര്‍ശകള്‍ നല്‍കേണ്ടതാണ്. * ശുപാര്‍ശ ലഭിച്ചാല്‍ 60 ദിവസത്തിനകം തൊഴില്‍ ഉടമയോ ജില്ലാ ഓഫീസറോ നടപടി സ്വീകരിക്കേണ്ടതാണ്.
ആരോപണം വ്യാജമായാല്‍ ആരോപണം വിദ്വേഷത്തോടെയോ, വ്യാജമോ, കൃത്രിമമോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആണെങ്കിലും സാക്ഷി വ്യാജ തെളിവാണ് നല്‍കുന്നതെങ്കിലും ഇക്കാര്യം ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റിയ്ക്ക് ബോദ്ധ്യപ്പെട്ടാല്‍ പരാതിക്കാരിക്കെതിരായി ബാധകമായ സേവന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കുവാന്‍ തൊഴിലുടമയോട് കമ്മിറ്റിയ്ക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.
തൊഴില്‍ ഉടമയുടെ ഉത്തരവാദിത്വങ്ങള്‍
ജോലി സ്ഥലങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. സ്ത്രീ സുരക്ഷിതത്വത്തെപ്പറ്റി ഒരു നയം ഉണ്ടാക്കുക. കംപ്ലയിന്‍സ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും സ്ത്രീ സുരക്ഷിതത്വത്തെപ്പറ്റി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക. സമൂഹത്തിലെ വിവിധ സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ ബോധവല്‍ക്കരണം നല്‍കുക. കമ്മിറ്റിയിലെ പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുക.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം (Pocso)

2012 ലെ The Protection of Children from sexual Offences Act (Pocso) എന്ന നിയമം നിലവില്‍ വരുന്നതുവരെ കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുവാനായി പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. മാത്രമല്ല ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ക്രിമിനല്‍ നടപടി നിയമഭേദഗതിയിലെയും വകുപ്പുകള്‍ ‘കുട്ടി’ എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളില്‍ നീതി ഉറപ്പാക്കുക ദുഷ്‌കരമായിരിക്കുന്നു. ലിംഗം മാത്രമല്ല ശരീരത്തിന്റെ മറ്റു അവയവങ്ങളോ മറ്റുവസ്തുക്കളോ പ്രകൃതി വിരുദ്ധമായ രീതികളില്‍ പ്രയോഗിച്ച് കുട്ടികളെ പീഡിപ്പിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇതു തടയാന്‍ പുതിയ നിയമം സഹായകമാണ്. പതിനെട്ട് വയസ്സിനുതാഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും മൂന്നാം ലിംഗത്തില്‍പ്പെട്ട കുട്ടികളും ഈ നിയമത്തിന്റെ പരിരക്ഷക്ക് അര്‍ഹരാണ്. പലപ്പോഴും ബലാല്‍സംഗ കേസ്സുകളില്‍ പുരുഷന്മാരാണ് പ്രതിസ്ഥാനത്തുണ്ടായിരിക്കുക. ഈ നിയമപ്രകാരം പീഡനം നടത്തിയത് ആരായാലും കുറ്റം ചെയ്യുന്നത് കുട്ടിയാണെങ്കിലും കേസ്സെടുക്കും. വിചാരണ നടത്തുന്നത് ബാലനീതി നിയമപ്രകാരം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണ്.
ഈ നിയമത്തിന്റെ 24-ാം വകുപ്പനുസരിച്ച് കുട്ടി താമസിക്കുന്ന സ്ഥലത്തോ, കുട്ടിക്കു സൗകര്യമുള്ള മറ്റു സ്ഥലത്തോ സബ്ബ് ഇന്‍സെപ്ക്ടര്‍ പദവിയില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥയാണ് മൊഴി രേഖപ്പെടുത്തേണ്ടത്. ആ സമയത്ത് ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരിയ്ക്കാന്‍ പാടില്ല. യാതൊരു കാരണവശാലും കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയോ, രാത്രി സ്റ്റേഷനില്‍ താമസിപ്പിക്കുകയോ ചെയ്യരുത്. കുട്ടിക്ക് ചികിത്സയോ താമസസൗകര്യമോ ആവശ്യമായാല്‍ CWC (Child Welfare Committee) മുമ്പാകെ ഹാജരാക്കണം.
കുട്ടി പ്രതിയുമായി നേരിട്ട് കാണുവാനോ സംസാരിക്കാനോ ഉള്ള സാഹചര്യം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തേണ്ടതാണ്. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുത്.
24 മണിക്കൂറിനുള്ളില്‍ ബലാല്‍സംഗത്തിനിരയായ കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കണം. ചികിത്സക്കായി എത്തുന്ന കുട്ടി പീഡനത്തിനിരയായി എന്ന് മനസ്സിലായാല്‍ ഉടന്‍ അധികാരികളെ അറിയിക്കേണ്ടത് ഡോക്ടറുടെ ചുമലതയാണ്. സര്‍ക്കാര്‍ ആശുപത്രികളിലോ ഏതെങ്കിലും രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ മുഖാന്തിരമോ വൈദ്യപരിശോധന നടത്തണം.
വൈദ്യപരിശോധന നടത്തുവാന്‍ കുട്ടിയുടെ സമ്മതം ആവശ്യമാണ്. ക്രിമിനല്‍ കേസ്സുകളില്‍ ഇത്തരം തെളിവുകളുടെ പ്രസക്തിയേറെയായതിനാല്‍ പരിശോധന നടത്തുന്ന ഡോക്ടര്‍ കുട്ടിയോട് സൗഹാര്‍ദ്ദപരമായി പെരുമാറേണ്ടതാണ്. പരിശോധനയില്‍ സ്വകാര്യത ഉറപ്പുവരുത്തുക, കുട്ടിക്ക് താല്‍പര്യമുള്ള ആരെയെങ്കിലും കൂടെ നില്‍ക്കുവാന്‍ അനുവദിക്കുക, കാത്തിരിക്കുന്നത് ഒഴിവാക്കുക, ലേബര്‍ റൂമിലും മറ്റും വച്ച് പരിശോധന നടത്താതിരിക്കുക, കുട്ടിക്ക് വിഷമം തോന്നുന്നതോ കളിയാക്കുന്നതോ ആയ ചോദ്യങ്ങള്‍ ഒഴിവാക്കുക എന്നിവ ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ ദ്രുതഗതിയിലുള്ള വിചാരണക്കായി ‘പ്രത്യേക കോടതികള്‍’ സ്ഥാപിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. സ്‌പെഷ്യല്‍ കോടതിക്ക് ഒരു സെഷന്‍സ് കോടതിയുടെ അധികാരമാണുള്ളത്. കുട്ടിയെ വിസ്തരിക്കുമ്പോള്‍ പാലിക്കേണ്ട ബാലസൗഹൃദ നടപടികള്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമപ്രകാരം കുറ്റം നടന്നുവെന്ന ഒരു പരാതിയില്‍മേലോ പോലീസ് റിപ്പോര്‍ട്ടിന്‍മേലോ പ്രത്യേക കോടതിക്ക് നേരിട്ട് കേസ്സെടുക്കാം. കേസ്സുകള്‍ സ്വീകരിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ കുട്ടിയുടെ വിസ്താരം നടത്തണം. ചീഫ് വിസ്താരവും, ക്രോസ് വിസ്താരവും, പുനര്‍വിസ്താരവും നടത്തുമ്പോള്‍ കുട്ടിയെ നേരിട്ട് വിസ്തരിക്കാന്‍ പാടില്ല. ചോദിക്കുവാനുള്ള ചോദ്യങ്ങള്‍ കോടതിക്ക് എഴുതി നല്‍കുകയും കോടതി കുട്ടിയോട് ചോദിക്കുകയുമാണ് ചെയ്യുക. തെളിവെടുക്കുമ്പോള്‍ കുട്ടിക്ക് പ്രതിയുമായി യാതൊരു വിധത്തിലും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ രഹസ്യവിചാരണ നടത്തേണ്ടതാണ്. കുട്ടിക്ക് താത്പര്യമുള്ള വ്യക്തിയെ കൂടെ നിര്‍ത്താന്‍ അനുവദിക്കണം. കുട്ടിയെ ആക്രമിക്കുന്ന തരത്തിലോ സ്വഭാവഹത്യ നടത്തുന്ന തരത്തിലോ ഉള്ള ചോദ്യങ്ങള്‍ ചോദിക്കരുത്. വിചാരണയിലുടനീളം കുട്ടിയുടെ അന്തസ്സ് ഹനിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം, കുട്ടിയുടെ നന്മക്ക് വേണ്ടിയല്ലാതെ കുട്ടിയെ തിരിച്ചറിയുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ പാടില്ല. തെളിവു നല്‍കാന്‍ പല പ്രാവശ്യം കുട്ടിയെ കോടതിയിലേക്ക് വിളിച്ചു വരുത്തരുത്. അനിവാര്യമായ കേസ്സുകളില്‍ ശിക്ഷയോടൊപ്പം കുട്ടി അനുഭവിച്ച ശാരീരിക മാനസിക ക്ഷതങ്ങള്‍ക്കും അടിയന്തിര പുനരധിവാസത്തിനുമായി നഷ്ടപരിഹാരത്തിന് ഉത്തരവിടാന്‍ പ്രത്യേക കോടതിക്ക് അധികാരമുണ്ട്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇരയായ കുട്ടിക്കുവേണ്ടി കോടതിയില്‍ ഹാജരാവുക. എന്നാല്‍ കുട്ടിക്ക് മറ്റൊരു അഭിഭാഷകന്റെ സേവനം തേടാവുന്നതാണ്. കുട്ടിക്ക് സൗജന്യ നിയമസഹായത്തിന് അര്‍ഹതയുണ്ട്.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങള്‍:-
കുട്ടിയുടെ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന ദൗത്യം. കുട്ടി സ്വന്തം മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക താമസ സൗകര്യം നല്‍കുക, കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുക കുട്ടിയുടെ അവകാശങ്ങള്‍ ഉറപ്പാക്കുക. (പഠനം ചികിത്സാസഹായം നിയമസഹായം), കുറ്റകൃത്യം സംബന്ധിച്ച അന്വേഷണ വേളയിലും വിചാരണ സമയത്തും കുട്ടിക്ക് (Emotional support) നല്‍കുവാനായി support person നെ നിയമിക്കുക. District Child Protection Officer റുടെ സഹായത്തോടെ കുട്ടിയെ സംബന്ധിക്കുന്ന കുടുംബപാശ്ചാത്തലം ഉള്‍പ്പെടെയുള്ള enquiry report വാങ്ങിക്കുക. ഇരയാക്കപ്പെട്ട കുട്ടിയെ നിര്‍ഭയ ഹോമുകളിലാണ് പ്രവേശിപ്പിക്കുക. പഠനം തുടരാനും നഷ്ടപരിഹാരം ലഭ്യമാക്കാനും സഹായിക്കുക. പോലീസ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിശദമായ അന്വേഷണം നടത്തി കേസ്സ് ചാര്‍ജ്ജ് ചെയ്യുവാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്.

കടപ്പാട് ജനനീതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply