അറബ് വസന്തത്തിലെ പൊന്‍പൂവ്

സ്‌നെമ്യ മാഹിന്‍ ഷെമീര്‍ ‘വ്യത്യസ്തതകള്‍ പ്രശ്‌നമില്ലാതിരിക്കുക ബാല്യത്തില്‍ മാത്രമാണ്. ഇനി മുതല്‍ നിങ്ങള്‍ക്കിരുവര്‍ക്കും വ്യത്യസ്തതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. നിങ്ങളതിനു കീഴ്‌പ്പെടേണ്ടി വരും, ലോകം കൂടുതല്‍ കര്‍ക്കശമാകാന്‍ പോവുകയാണ്. എന്തു കൊണ്ട്? ഞാന്‍ അവളോട് ചോദിച്ചു. എന്തുകൊണ്ട് വ്യത്യസ്തതകളുടെ നിയമത്തില്‍നിന്നു ഞങ്ങള്‍ക്കു രക്ഷപ്പെടാന്‍ പറ്റില്ല? മുതിര്‍ന്നാലും എന്തുകൊണ്ട് ആണിനും പെണ്ണിനും പരസ്പരം കളിച്ചു കൂടാ? എന്തിനു വേര്‍തിരിഞ്ഞിരിക്കണം? മീനാ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായല്ല പ്രതികരിച്ചത്; ഈ വിഭജനം മൂലമാണ് ആണും പെണ്ണും വേര്‍തിരിഞ്ഞിരിക്കേണ്ടി വരുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ […]

fff

സ്‌നെമ്യ മാഹിന്‍ ഷെമീര്‍

‘വ്യത്യസ്തതകള്‍ പ്രശ്‌നമില്ലാതിരിക്കുക ബാല്യത്തില്‍ മാത്രമാണ്. ഇനി മുതല്‍ നിങ്ങള്‍ക്കിരുവര്‍ക്കും വ്യത്യസ്തതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. നിങ്ങളതിനു കീഴ്‌പ്പെടേണ്ടി വരും, ലോകം കൂടുതല്‍ കര്‍ക്കശമാകാന്‍ പോവുകയാണ്. എന്തു കൊണ്ട്? ഞാന്‍ അവളോട് ചോദിച്ചു. എന്തുകൊണ്ട് വ്യത്യസ്തതകളുടെ നിയമത്തില്‍നിന്നു ഞങ്ങള്‍ക്കു രക്ഷപ്പെടാന്‍ പറ്റില്ല? മുതിര്‍ന്നാലും എന്തുകൊണ്ട് ആണിനും പെണ്ണിനും പരസ്പരം കളിച്ചു കൂടാ? എന്തിനു വേര്‍തിരിഞ്ഞിരിക്കണം? മീനാ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായല്ല പ്രതികരിച്ചത്; ഈ വിഭജനം മൂലമാണ് ആണും പെണ്ണും വേര്‍തിരിഞ്ഞിരിക്കേണ്ടി വരുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ മറുപടി പറഞ്ഞത്. ആണിന് പെണ്ണിനെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. മീനാ പറഞ്ഞു. പെണ്ണിന് ആണിനേയും മനസ്സിലാക്കാന്‍ കഴിയുന്നില്ല’ (വേലി ചാടുന്ന പെണ്‍കിനാവുകള്‍ ഫാത്തിമ മര്‍നീസി)
അറബ്‌സാഹിത്യത്തിലെ പൊന്‍പൂവെന്ന് ഉയര്‍ത്തിക്കാട്ടിയപ്പോഴും മലയാളി വായനക്കാര്‍ക്കിടയിലേക്ക് മര്‍നീസിയെന്ന എഴുത്തുകാരി കടന്നുവന്നിട്ടില്ല. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണു അറബ്‌ലോകത്തുനിന്നും ഈ ഫെമിനിസ്റ്റ് എഴുത്തുകാരി ഉയര്‍ന്നുവന്നത്. വിവര്‍ത്തനങ്ങളുടെ രൂപത്തില്‍ മലയാളത്തിലെത്തിയിട്ടും ആരും അറിയാതെപോയത് എന്തുകൊണ്ടാണെന്നു കൂടുതല്‍ ചിന്തിക്കേണ്ടതില്ല. അല്ലാഹുവും പ്രവാചകനും സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിനു വേണ്ടിയുള്ള തുറന്നു പറച്ചിലുകളായിരുന്നു മര്‍നീസിയുടെ പുസ്തകങ്ങള്‍. ഇസ്ലാമിക സമൂഹത്തില്‍ അവയുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. അത്തരത്തിലുള്ള പുസ്തകങ്ങളെ ഇസ്ലാം മതപണ്ഡിതരും മേലാളന്മാരും ഭയപ്പാടോടെയാണ് കണ്ടത്. പ്രവാചക പത്‌നി ആയിഷയുമായി ബന്ധപ്പെട്ട ഇസ്ലാമിക ചരിത്രം, ഹിജാബ്, സ്ത്രീകളുടെ സ്വത്തവകാശം, പദവി തുടങ്ങിയ അതിപ്രധാന വിഷയങ്ങള്‍ ഖുര്‍ആനിനും യഥാര്‍ഥ പ്രവാചകചര്യക്കും വിരുദ്ധമായി മുസ്‌ലിംലോകത്ത് എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്ന ഞെട്ടിക്കുന്ന വസ്തുതാന്വേഷണം മര്‍നീസി തന്റെ പുസ്തകങ്ങളിലൂടെ തുറന്നടിച്ചു.
സ്ത്രീ ലൈംഗികത, വൈവാഹിക ജീവിതം, ഇപ്പോഴത്തെ സമുഹത്തിലെ സ്ത്രീകളുടെ സ്ഥാനം, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം, സാമ്പത്തിക ശേഷിക്ക് ഒരാളുടെ വൈവാഹിക ജീവിതത്തിലെ പ്രാധാന്യം, ഭാര്യാഭര്‍തൃ ബന്ധം, അമ്മായിയമ്മയ്ക്ക് കുടുംബത്തിലുള്ള സ്ഥാനം എന്നീ കാര്യങ്ങള്‍ ഫാത്വിമ മര്‍നീസി വിശകലനം ചെയ്യുന്നു. നിലവില്‍ ആഘോഷിക്കപ്പെടുന്ന ഹദീസുകള്‍ സ്ത്രീ വിരുദ്ധമാണെന്നും ഹദീസുകള്‍ പലതും വ്യാജമാണെന്നും മര്‍നീസി ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ ഇവയെല്ലാം ഒറ്റയടിക്ക് നിഷേധിക്കുന്നതിനു പകരം അത്തരം ഹദീസികളിലൂടെ കടന്ന് ചെന്ന് തെളിവുകള്‍ ശേഖരിക്കുകയായിരുന്നു മര്‍നീസിയുടെ രീതി. ഇസ്ലാമിക പണ്ഡിതരെ ഒന്നടങ്കം മര്‍നീസിയുടെ വാക്കുകള്‍ വിറളി പിടിപ്പിച്ചതിനു കാരണവും ഇത് തന്നെയാണ്. എഴുപത്തിയഞ്ചാമത്തെ വയസ്സില്‍, തന്റെ ജീവിതദൗത്യം പൂര്‍ത്തിയാക്കി ലോകത്തുനിന്ന് വിടവാങ്ങുമ്പോള്‍ നമുക്ക് ചിന്തിക്കാന്‍ ഒട്ടേറെ ആശയങ്ങളും അനുഭവങ്ങളും അവര്‍ ബാക്കിനിര്‍ത്തുന്നു.
1940ല്‍ മൊറോക്കോവിലെ ഫെസില്‍ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച ഫാത്തിമ മര്‍നീസിയിലെ സ്ത്രീ സ്വത്വം രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിലെ സ്ത്രീകള്‍ വഹിച്ച പങ്ക് തീരെ ചെറുതല്ല. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ജീവിച്ച അവരുടെ ജീവിതമാണു മര്‍നീസി തന്റെ ‘ഡ്രീംസ് ഓഫ് ട്രെസ്പാസ്ടെയ്ല്‍സ് ഓഫ് എ ഹറേം ഗേള്‍ഹുഡ്’ എന്ന പുസ്തകത്തിലുടനീളം പറയുന്നത്. പാരീസില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണബിരുദം നേടിയ മര്‍നീസി തന്റെ അക്കാദമിക് ജീവിതം തുടങ്ങുന്നത് മൊറോക്കോവിലെ റബാത്വിലെ മുഹമ്മദ് അഞ്ചാമന്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അധ്യാപികയായാണ്. കുട്ടിക്കാലം മുതല്‍ക്കേ ഉള്ളില്‍ പേറിവന്ന ചിന്തകളും വീട്ടിനകത്തെ സീത്രീകളുടെ സ്വാതന്ത്രചിന്താഗതിയും പതിയെപ്പതിയെ അവരെ തികഞ്ഞൊരു ഇസ്ലാമിക ഫെമിനിസ്റ്റാക്കി എന്നുവേണം പറയാന്‍. ഖുര്‍ആന്റെ പിന്‍ബലത്തോടെ ഇസ്ലാമില്‍ സ്ത്രീകളുടെ പങ്കെന്ത് എന്നവര്‍ അന്വേഷിച്ചതിന്റെ ഫലമാണ് അവരുടെ ഓരോ പുസ്തകവും. ഇസ്ലാമിക സമൂഹങ്ങളിലെ ആണ്‍കോയ്മജീവിതസംവിധാനങ്ങളില്‍ കുടുങ്ങിക്കിടന്ന സ്ത്രീജീവിതങ്ങള്‍ക്കു നേര്‍ക്കാണു വ്യത്യസ്തമായൊരു ഫെമിനിസ്റ്റ് ചിന്താഗതി മര്‍നീസി വെച്ചുനീട്ടിയത്.
സ്ത്രീപക്ഷഅനുഭവങ്ങളും എഴുത്തുകളും മുന്‍നിര്‍ത്തി അവര്‍ നീട്ടിയ ഫെമിനിസ്റ്റ് ചിന്താഗതി തൊണ്ണൂറുകളോടെ ലോകത്തെമ്പാടും വ്യാപിച്ചു. ഫ്രഞ്ച്, അറബിക് ഭാഷകളിലായിരുന്നു എഴുത്ത്. 1957ല്‍ ആദ്യ പുസ്തകം പുറത്തിറങ്ങി. ‘ബിയോണ്ട് ദ വെയില്‍: മെയ്ല്‍ഫീമെയ്ല്‍ ഡൈനാമിക്‌സ് ഇന്‍ മുസ്ലീം സൊസൈറ്റി’. പുസ്തകമിറങ്ങി പത്തുവര്‍ഷം കഴിഞ്ഞ് 1985ലാണ് ംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തത്. ഇംഗ്ലീഷ് പരിഭാഷയോടെ പുസ്തകത്തിന് പ്രസക്തിയേറി. പ്രകോപിപ്പിക്കുകയും അതേസമയം ഞെട്ടിപ്പിക്കുന്നതുമായ ചരിത്രാന്വേഷണത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ആ പുസ്തകം. ഒരു കാലഘട്ടത്തില്‍ പുരുഷന്മാരേക്കാള്‍ അധികാരമുണ്ടായിരുന്നവരായ സ്ത്രീകളെങ്ങനെ അടിച്ചമര്‍ത്തമപ്പെട്ടവരും അസമത്വം നേരിടുന്നവരുമായി എന്ന അന്വേഷണത്തിന്റെ നേര്‍ക്കാഴ്ച. സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കിയ അവകാശങ്ങള്‍ ഖുര്‍ആനും പ്രവാചകചര്യയും വ്യക്തമായി വിളിച്ചുപറയുന്നെന്ന് മെര്‍നീസി ശക്തമായി വാദിച്ചു. ഇസ്ലാമില്‍ സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കിയത് പ്രവാചകനു ശേഷം വന്ന പുരുഷപണ്ഡിതരാണെന്നും അവര്‍ തന്റെ പുസ്തകങ്ങളിലൂടെ സമര്‍ത്ഥിക്കുന്നു. പാശ്ചാത്യ ഇസ്ലാമിക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന സവിശേഷതയായ ലൈംഗിക അസമത്വത്തിനു വിപരീതമായൊരു കാലഘട്ടമുണ്ടായിരുന്നു എന്നാണ് ഫാത്തിമ മര്‍നീസി ‘ബിയോണ്ട് ദ വെയില്‍’ അഥവാ ‘മുഖപടത്തിനപ്പുറത്തെ നേരുകള്‍; ആണ്‍ പെണ്‍ ബന്ധം മുസ്ലീം സമൂഹത്തില്‍’ (വിവര്‍ത്തനം ഇ.കെ. ഷീബ പ്രസാധകര്‍ ഡി.സി. ബുക്‌സ്) എന്ന പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നത്. പ്രവാചകനു മുന്‍പുള്ള കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാളും കൂടുതല്‍ പ്രാധാന്യം ലഭിച്ചിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികതയില്‍ പോലും അവര്‍ക്ക് പുരുഷന്മാരെക്കാള്‍ മേല്‍കോയ്മയുണ്ടായിരുന്നു. എത്ര പങ്കാളികളെ വേണമെങ്കിലും തിരഞ്ഞെടുക്കാനും തിരസ്‌ക്കരിക്കാനും അവര്‍ക്ക് അവകാശമുണ്ടായിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ ഗോത്രത്തില്‍പ്പെട്ടവരായി മാറി. ഇസ്ലാമിക പാരമ്പര്യത്തെ ഗൗരവമായിക്കാണാതെ മുസ്ലിം സ്ത്രീകളെക്കുറിച്ച് സംസാരിക്കുന്നതിനെ അതി നിശിതമായി വിമര്‍ശിച്ച മര്‍നീസി, അത് ആണുങ്ങളുടെ ഇഹലോക താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും എഴുതുകയുണ്ടായി.
മൊറോക്കോവിലെ ഒരു മുസ്ലീം സ്ത്രീയുടെ ഭാഗത്തുനിന്നുള്ള സ്ത്രീപക്ഷചിന്തയാണ് ‘ദ വെയ്ല്‍ ആന്റ് ദ മെയ്ല്‍ എലൈറ്റ്’ (ഇസ്ലാമും ഞാനുംവിവര്‍ത്തനം കെ.എം. വേണുഗോപാല്‍, പ്രസാധകര്‍ ഒലീവ് ബുക്ക്‌സ്). സ്ത്രീകള്‍ക്കു നേരെയുള്ള അവഗണനയും കടന്നുകയറ്റവും മൊറോക്കന്‍ തെരുവുകളില്‍ നിന്നുതന്നെ നേരിട്ട മര്‍നീസി ഹദീസുകളും ഖുര്‍ആനും കൂട്ടുപിടിച്ച് നടത്തിയ യാത്രയാണ് ‘ഇസ്ലാമും ഞാനും’ എന്ന പുസ്തകം. പ്രവാചകന്റെ മരണശേഷം രണ്ടു നൂറ്റാണ്ടുകള്‍ കഴിയുന്നതിനു മുമ്പ് തന്നെ 5,96,725 വ്യാജ ഹദീസുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നെന്നു വിഖ്യാത ഹദീസ് ഏകോപകന്‍ അല്‍ ബുഖാരി കണ്ടത്തെിയതായി അവര്‍ പറയുന്നു. പുരുഷമേലാളന്മാരുടെ സ്വാര്‍ത്ഥതാത്പര്യത്തിനനുസരിച്ചാണ് ഇത്തരം ഹദീസുകളുടെ പിറവിയെന്നും അവര്‍ ഇസ്ലാമിക് ഗ്രന്ഥങ്ങളുടേയും ഖുര്‍ആന്റെയും പിന്‍ബലത്തോടെ സമര്‍ത്ഥിക്കുന്നു.
ഇബ്‌നു ഹിഷാം, ഇബ്‌നു ഹജര്‍, തബരി തുടങ്ങിയ പരമ്പരാഗത ഇസ്ലാമിക പണ്ഡിതന്മാരുടെ ഇസ്ലാമികചരിത്ര വായനകള്‍ മര്‍നീസി അതിനുതെളിവായി ഉദ്ധരിക്കുന്നുണ്ട്. സ്ത്രീക്ക് ഇസ്ലാം നല്‍കിയ അവകാശങ്ങള്‍ ലോക നാഗരികതയുടെ ചരിത്രത്തില്‍തന്നെയുള്ള പ്രധാന നേട്ടമാണെന്നും അതിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തെതന്നെ റദ്ദ് ചെയ്യുകയാണെന്നും അവര്‍ നിരീക്ഷിച്ചു. നബിയുടെ ഭാര്യമാരും അക്കാലത്തെ മുസ്ലീം സ്ത്രീകളും വിവിധ തുറകളില്‍ ഇടപെട്ടിരുന്നതായി ചരിത്രത്തില്‍ നിന്നു തന്നെ ധാരാളം തെളിവുകളുണ്ടെങ്കിലും പിന്നീടങ്ങോട്ട് വന്നവര്‍ ഇതിനെയെല്ലാം വിസ്മൃതിയിലാഴ്ത്തുകയായിരുന്നു.
നബിയുടെ ഭാര്യയായ ആയിഷ തെരുവിലിറങ്ങി ഒരു യുദ്ധം നയിച്ചതും അതില്‍ തല്‍ഹ, സുബൈര്‍ പോലുള്ള നബിയുടെ ഏറ്റവും അടുത്ത അനുചരന്മാര്‍ അവരുടെ പിന്നില്‍ അണി നിരന്നിരുന്നതും ഇവര്‍ അവഗണിക്കുന്നു. മറ്റൊരു ഭാര്യയായ സൗദ, മദീനാതെരുവില്‍ തുകല്‍വസ്തുക്കള്‍ വിറ്റിരുന്നു. സൗദ മാത്രമല്ല മറ്റു മുസ്ലിം സ്ത്രീകളും സ്വഹാബികളുടെ ഭാര്യമാരും കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നു. നബിയുടെ ആദ്യഭാര്യ ഖദീജ പൊതുമണ്ഡലങ്ങളില്‍ സജീവമായിരുന്നു. നബിയുടെ ജീവിതത്തിലെ സുപ്രധാനതീരുമാനങ്ങളെല്ലാം അദ്ദേഹം ഭാര്യയായ ഉമ്മുസല്‍മയോടു കൂടി ആലോചിച്ചാണ് ചെയ്തിരുന്നത്.
സ്ത്രീകളുടെ മുഖപടലത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ശക്തമായി പറയുന്നുണ്ട് ‘ബിയോണ്ട് ദ വെയിലി’ല്‍. പാശ്ചാത്യഅധിനിവേശത്തില്‍ നിന്ന് മുസ്ലിംസമുദായത്തെ സംരക്ഷിക്കുന്നതിന്റെ സൂചനയെന്ന മട്ടിലാണ് സ്ത്രീകളെ മാറ്റങ്ങളില്‍ നിന്ന് രക്ഷിക്കാനായി പര്‍ദ കൊണ്ടു മൂടുന്നതും അടച്ചിടുന്നതെന്നും അവര്‍ വാദിച്ചു. സ്ത്രീകളുടെ ശരീരമെന്നത് സമുദായത്തിന്റെ മുഴുവന്‍ പ്രതീകാത്മക പ്രതിനിധാനമാവുന്ന ഒരു ഇരട്ടക്കാഴ്പ്പാടിന്റെ വെളിച്ചത്തില്‍ മാത്രമെ ഹിജാബ് എന്താണെന്ന് നമുക്ക് മനസിലാകൂ.
ഹിജ്‌റ അഞ്ചാംവര്‍ഷത്തില്‍ അത് എന്തിനെയാണ് പ്രതിനിധാനം ചെയ്തതെന്നും അത് ഉല്‍ഭവിക്കാന്‍ ഏത് തരം സന്ദിഗ്ധതയാണ് കാരണമായതെന്നും നാം കണ്ടു. ഇന്നത്തെ സ്‌ഫോടനാത്മകമായ, വികാരവിക്ഷുബ്ധവും ചിലപ്പോള്‍ ആക്രമണോല്‍സുകം പോലുമായ, സമ്പ്രദായങ്ങളില്‍ അത് ഏതെല്ലാം താല്‍പര്യങ്ങളെയാണ് രംഗത്തേക്ക് കൊണ്ടുവരുന്നതെന്നും ഈ വെളിച്ചത്തില്‍ നമുക്ക് കാണാന്‍ കഴിയും. മര്‍നീസി പറഞ്ഞുവെക്കുന്നു. ആദരണീയനായ ഉമര്‍ ഭരണാധികാരിയെയും അബുഹുറയ്‌റയേയും സ്ത്രീവിരുദ്ധരെന്നാണ് ഫാത്തിമ മര്‍നീസി വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക് ഗ്രന്ഥങ്ങളില്‍ നിന്നുതന്നെ ഒട്ടനവധി ഉദാഹരണങ്ങളും അവര്‍ നിരത്തുന്നുണ്ട്. മര്‍നീസി എഴുതുന്നു: എല്ലാ ഏകദൈവമതങ്ങളും, ദൈവികമായതും സ്‌െ്രെതണമായതും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെ കടന്നുവരുന്നവയാണ്. എന്നാല്‍, ആ കാര്യത്തില്‍ മറ്റുള്ളവയെക്കാള്‍ ഏറിയതാണ് ഇസ്‌ലാമിന്റെ സ്ഥിതി. അത് സ്‌െ്രെതണമായതിനെ നിഗൂഢവല്‍ക്കരിക്കാന്‍ പ്രതീകാത്മകമായിട്ടെങ്കിലും ശ്രമിച്ചിട്ടുണ്ട്. പര്‍ദയിടുവിച്ചും മറച്ചുവെച്ചും ഒളിച്ചുവെച്ചുമൊക്കെയാണ് ഇസ്‌ലാം സ്‌െ്രെതണമായതിനെ നിഗൂഢവല്‍ക്കരിക്കാന്‍ ശ്രമിച്ചത്.
മര്‍നീസി എഴുതുന്നു: ‘ഉമ്മുസല്‍മ സ്ത്രീ സമത്വത്തിന് വേണ്ടിയും വിശേഷിച്ചും പിന്തുടര്‍ച്ചാവകാശത്തിന് വേണ്ടിയുമുള്ള സമരം നയിച്ചതിന്റെ ഫലമായി അവ വാഗ്ദാനം ചെയ്തുകൊണ്ടുളള വചനങ്ങള്‍ ഉണ്ടായതിനു ശേഷം, ഒരു സന്നിഗ്ധ ഘട്ടമാണ് ഉണ്ടായത്. നേരത്തെയുണ്ടായിരുന്ന സ്ത്രീ അനുകൂല വചനങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണെങ്കില്‍ പോലും, ലിംഗസമത്വത്തിന്റെ തത്വങ്ങളെ പ്രായേണ അപ്രധാനമാക്കും വിധത്തില്‍ പുരുഷമേധാവിത്വത്തെ ഉറപ്പിക്കുന്ന ചില വചനങ്ങള്‍ തുടര്‍ന്നുണ്ടായി. ആധുനിക കാലം വരെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന ഒരു അവ്യക്തത ഇത് ഖുര്‍ആനില്‍ സൃഷ്ടിച്ചു. യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്കുണ്ടായ വിജയം അധികനാള്‍ നിലനിന്നില്ല. അവരുടെ അഭ്യര്‍ഥനകള്‍ക്ക് ദൈവത്തില്‍ നിന്ന് പ്രതികരണം ഉണ്ടായതില്ലെന്ന് മാത്രമല്ല, സ്ത്രീകള്‍ ഓരോ പ്രാവശ്യവും പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോഴൊന്നും അവരെ രക്ഷിക്കാനുള്ള വെളിപാടുകള്‍ ഉണ്ടായില്ല. പുരുഷന്മാരെപ്പോലെ തങ്ങളെയും വിശ്വാസികള്‍ എന്ന നിലയ്ക്ക് അല്ലാഹു തുല്യരായി കണക്കാക്കുന്നു എന്നതില്‍ ആത്മവിശ്വാസമാര്‍ജിച്ച സ്ത്രീകള്‍ സമ്പത്ത് നേടിയെടുക്കാന്‍ വേണ്ടി യുദ്ധത്തിന് പോകാനും ലൈംഗികകാര്യങ്ങളിലുള്ള സ്വയം നിര്‍ണയാധികാരത്തിനും വേണ്ടി അവകാശവാദമുന്നയിക്കാനും ധൈര്യപ്പെട്ടു. ഈ അവകാശവാദങ്ങള്‍ എന്തിലേക്കാണ് നയിക്കുന്നതെന്ന് പുരുഷന്മാര്‍ കൃത്യമായി തിരിച്ചറിഞ്ഞു. ഉമറുബ്‌നുല്‍ ഖത്വാബിന്റെ നേതൃത്വത്തില്‍ കുടുംബനാഥന്‍മാര്‍ ഇതിനെതിരെ രംഗത്തിറങ്ങിയെന്നും എല്ലാ കാര്യത്തിലും പ്രവാചകന്റെ കൂടെ നിന്ന ഉമര്‍(റ) സ്ത്രീപുരുഷ ബന്ധങ്ങളുടെ വിഷയത്തില്‍ പ്രവാചകനോടൊപ്പം നില്‍ക്കാന്‍ തയ്യാറായിരുന്നില്ല’ എന്നും എഴുതുന്നു.
ലിംഗസമത്വം പാശ്ചാത്യരുടെ മാത്രം കുത്തകയാണെന്നു കരുതുന്നവര്‍ മനസിലാക്കേണ്ടത് മദീനയുടെ തെരുവീഥികള്‍ പതിനഞ്ച് നൂറ്റാണ്ട് മുമ്പുതന്നെ ലിംഗസമത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് മുഖരിതമായിരുന്നു എന്ന സത്യമാണ്. ലൈംഗികകാര്യങ്ങളില്‍ പോലും സ്ത്രീകള്‍ക്കുണ്ടായിരുന്ന ആധിപത്യം വിവരിക്കാന്‍ മര്‍നീസി ചൂണ്ടിക്കാണിക്കുന്നത് ഹുസൈന്‍(റ)ന്റെ പുത്രിയായ സുകൈനയെയാണ്. അഞ്ചോ ആറോ ഭര്‍ത്താക്കന്മാരുമായി ജീവിച്ചിരുന്ന സുകൈന ചിലരോടുള്ള തീവ്രപ്രണയം ഉറക്കെ വിളിച്ചുപറയുകയും ചിലരോട് കലഹിക്കുകയും ചെയ്തിരുന്നു. ദാമ്പത്യത്തില്‍ വിശ്വസ്തത പുലര്‍ത്താത്തവരെ കോടതി കയറ്റിയതായും വിശദീകരിക്കുന്നുണ്ട്. തനിക്കിഷ്ടമാണെങ്കില്‍ മാത്രം ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്ന നിലപാടായിരുന്നു സുകൈനയുടേതെന്നും ഫാത്തിമ മര്‍നീസി പറഞ്ഞുവയ്ക്കുന്നു. ആദ്യകാലങ്ങളില്‍ സ്ത്രീകളുടെ ആകര്‍ഷണവലയങ്ങളില്‍ നിന്ന് രക്ഷനേടാനായി പുരുഷന്മാര്‍ കട്ടിയുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. സ്ത്രീയെ വേട്ടക്കാരിയും പുരുഷനെ ഇരയുമായാണ് മര്‍നീസി ചിത്രീകരിച്ചിരിക്കുന്നുവെന്നത് തന്നെ ഇസ്ലാമിക വ്യവസ്ഥിതിക്കേറ്റ കനത്ത പ്രഹരമായിരുന്നു. ഫാത്തിമ മര്‍നീസിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിമര്‍ശനങ്ങളുണ്ട്ായി. എന്നാല്‍ തീര്‍ത്തും ബാലിശമെന്നാണ് അത്തരം വിമര്‍ശനങ്ങളെ അവര്‍ വിലയിരുത്തിയിരുന്നത്. നിലപാടുകളുടെ തീക്ഷ്ണത കൊണ്ട് അവര്‍ തന്റെ വ്യക്തിത്വത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു.
ഫാത്തിമ മര്‍നീസിയുടെ ആത്മകഥാംശമുള്ള പുസ്്തകമാണ് ‘ഡ്രീംസ് ഓഫ് ട്രസ്പാസ്'(വേലി ചാടുന്ന പെണ്‍കിനാവുകള്‍വിവര്‍ത്തനം വി.എ.കബീര്‍, പ്രസാധകര്‍ ഡി.സി. ബുക്ക്‌സ്). ആയിരത്തൊന്നു രാവുകളിലെ ഷെഹര്‍സാദ് രാജകുമാരി കഥ പറയുന്നതു പോലെയാണു മര്‍നീസി തന്റെ ഓര്‍മപ്പപുസ്തകം രചിച്ചത്. കഥപറച്ചിലിന്റെ അറേബ്യന്‍ പാരമ്പര്യരീതിയായ ഹക് വാക് ശൈലിയിലാണ് പുസ്തകരചന. മൊറോക്കോവിലെ ഒരു ആഭ്യന്തരഹരമിനുള്ളിലെ (അന്ത:പുരം) സ്ത്രീകളുടെ ജീവിതവും സ്വപ്‌നവും സ്വാത്രേന്ത്യച്ഛയും സാഹസികതകളുമെല്ലാം അതിമനോഹരമായി പറഞ്ഞുവയ്ക്കുന്നു. പുരാതനനഗരമായ ഫെസിലെ നഗരജീവിതത്തിന്റെ മായക്കാഴ്ചകള്‍ ബാലികയായ മെര്‍നീസി എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഈ പുസ്തകത്തില്‍ കാണാം. യാഥാര്‍ത്ഥ്യവും ഫിക്ഷനും ഇടകലര്‍ന്നൊരു ലോകമാണിതില്‍ ദര്‍ശിക്കാനാവുക.
സ്ത്രീവാദത്തെ കുറിച്ച് മാത്രമല്ല, ആധുനിക ജനാധിപത്യ രാഷ്ര്ടീയ പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ എഴുതിയിട്ടുണ്ട്. ഇസ്ലാം ആന്റ് ഡെമോക്രസി എന്ന പുസ്തകം ഇസ്ലാമികചരിത്രത്തില്‍ നടന്ന ജനാധിപത്യ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള മര്‍നീസിയുടെ വിലയിരുത്തലുകളാണ്.1992ല്‍, അറബ് ലോകത്തെ ജനാധിപത്യപ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് അതെഴുതപ്പെട്ടത് എന്നതു തന്നെ ആ പുസ്തകത്തെ ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒരിക്കല്‍ അറബ് ലോകത്ത് നിലനില്‍ക്കുന്ന മതേതര സ്വേച്ഛാധിപത്യം കടപുഴകുമെന്നും അവര്‍ പ്രത്യാശിച്ചിരുന്നു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “അറബ് വസന്തത്തിലെ പൊന്‍പൂവ്

  1. ‘ബിയോണ്ട് ദ വെയില്‍: മെയ്ല്‍ഫീമെയ്ല്‍ ഡൈനാമിക്‌സ് ഇന്‍ മുസ്ലീം സൊസൈറ്റി’ആദ്യമായി പുറത്ത് വന്നത് 1977 ൽ ആണ് എന്ന് തോന്നുന്നു,1957 ൽ ആവാൻ സാദ്ധ്യതയില്ല

  2. ‘ഇസ്ലാമും സ്ത്രീകളും ‘ എന്നാണ് (‘ഇസ്ലാമും ഞാനും’ എന്നായിരുന്നില്ല) THE VEIL AND THE MALE ELITE എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിന് നല്കപ്പെട്ട title . ഈ title അംഗീകരിച്ചപ്പോൾ, ഒറിജിനൽ ഇംഗ്ലിഷ് ടൈറ്റിൽ കവറിൽ രേഖപ്പെടുത്താനും , പുസ്തകത്തിന്റെ കവർ മുൻകൂട്ടി കാണിച്ച് തന്റെ അംഗീകാരം നേടാനും മെർനിസ്സി പ്രസാധകരെ നിഷ്കർഷിച്ചിരുന്നു.

Leave a Reply