അരുവിക്കര : ‘അരാഷ്ട്രീയ’ വാദങ്ങളുമായി രാജേഷും സുനില്‍ കുമാറും.

സാരി കൊടുക്കല്‍, പണം വിതറല്‍, മദ്യം വിളമ്പല്‍, വര്‍ഗ്ഗീയത, സാമുദായികത, പത്രം വായിക്കായ്ക തുടങ്ങിയവയൊക്കെയാണല്ലോ അരുവിക്കര തെരഞ്ഞെടുപ്പിനെ വിലയിരുത്തി ഇടതുനേതാക്കളുടെ കണ്ടെത്തലുകള്‍. തങ്ങളുടെ പരാജയത്തെ രാഷ്ട്രീയമായി വിലിരുത്താന്‍ ശ്രമിക്കാതെ തികച്ചും അരാഷ്ട്രീയമായ വിലയിരുത്തലുകളാണ് നേതാക്കള്‍ നടത്തുന്നത്. അതിനിടെ സിപിഎം നേതാവ് എം ബി രാജേഷും സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും മറ്റൊരു നിരീക്ഷണവും നടത്തി. അതു മറ്റൊന്നുമല്ല, യുവതലമുറ അരാഷ്ട്രീയമാകുന്നു എന്നതാണത്. അതാണ് തങ്ങളുടെ പരാജയകാരണമെന്നും. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അരാഷ്ട്രീയമെന്നത് തങ്ങളുടെ നിലപാടുികള്‍ അംഗീകരിക്കാതിരിക്കലാണ്. […]

vv

സാരി കൊടുക്കല്‍, പണം വിതറല്‍, മദ്യം വിളമ്പല്‍, വര്‍ഗ്ഗീയത, സാമുദായികത, പത്രം വായിക്കായ്ക തുടങ്ങിയവയൊക്കെയാണല്ലോ അരുവിക്കര തെരഞ്ഞെടുപ്പിനെ വിലയിരുത്തി ഇടതുനേതാക്കളുടെ കണ്ടെത്തലുകള്‍. തങ്ങളുടെ പരാജയത്തെ രാഷ്ട്രീയമായി വിലിരുത്താന്‍ ശ്രമിക്കാതെ തികച്ചും അരാഷ്ട്രീയമായ വിലയിരുത്തലുകളാണ് നേതാക്കള്‍ നടത്തുന്നത്. അതിനിടെ സിപിഎം നേതാവ് എം ബി രാജേഷും സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും മറ്റൊരു നിരീക്ഷണവും നടത്തി. അതു മറ്റൊന്നുമല്ല, യുവതലമുറ അരാഷ്ട്രീയമാകുന്നു എന്നതാണത്. അതാണ് തങ്ങളുടെ പരാജയകാരണമെന്നും.
കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അരാഷ്ട്രീയമെന്നത് തങ്ങളുടെ നിലപാടുികള്‍ അംഗീകരിക്കാതിരിക്കലാണ്. വിശാലമായ അര്‍ത്ഥത്തില്‍ അവര്‍ക്ക് രാഷ്ട്രീയമെന്നത് വര്‍ഗ്ഗസമരവും അതിലൂടെ സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കലാുമാണ്. അതേസമയം അധികാരത്തിനായി പാര്‍ട്ടി സ്വീകരിക്കുന്ന അടവുപരവും തന്ത്രപരവുമായ നയങ്ങളെ അംഗീകരിക്കാത്തവരും അരാഷ്ട്രീയവാദികള്‍ തന്നെ. അരുവിക്കരയില്‍ എല്‍ഡിഎഫ് ജയിച്ചിരുന്നെങ്കില്‍ എല്ലാവരും രാഷ്ട്രീയവാഗദികളാകുമായിരുന്നല്ലോ. തെരുവിലിറങ്ങി ഡിവൈഎഫ്‌ഐ, എഐവൈഎഫ് സംഘടനകള്‍ക്കുൂം കലാലയങ്ങളില്‍ എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകള്‍ക്കുമായി മുദ്രാവാക്യം വിളിക്കാത്ത യുവജനങ്ങളും അരാഷ്ട്രീയവാദികള്‍.
തങ്ങള്‍ പഠിച്ചുവെച്ച പാതയിലൂടെ സഞ്ചരിക്കാത്തവരെ അരാഷ്ട്രീയവാദികളായി മുദ്രയടിക്കുക എളുപ്പമാണ്. മറിച്ച് പുതുതലമുറയെ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും കക്ഷിരാഷ്ട്രീയത്തിനതീതമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കാനും തയ്യാറാകുകയല്ലേ വേണ്ടത്? അതല്ല, അവരെല്ലാം അരാഷ്ട്രീവാദികളാകുകയാണെങ്കില്‍ ആര്‍ക്കാണതില്‍ മുഖ്യ ഉത്തരവാദിത്തം. കേരളത്തെ രാഷ്ട്രീയപ്രബുദ്ധരാക്കിയെന്നവകാശപ്പെടുന്നവരുടെ തൊട്ടുപുറകിലെ തലമുറ അരാഷ്ട്രീയമാകുമ്പോള്‍ അതിനു മറുപടി പറയേണ്ടത് ആരാണ്?
ജനാധിപത്യസംവിധാനത്തിലെ രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം നിലപാടിനുള്ള പ്രധാനകാരണം. രാജേഷിനെപോലേയോ സുനില്‍ കുമാറിനെ പോലേയോ രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കിയവരെയല്ല ഇന്നാവശ്യം. അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. കോര്‍പ്പറേറ്റുകള്‍ പല രീതിയിലും ജനാധിപത്യസംവിധാനത്തെ കൈപിടിയിലാക്കുന്നു. വര്‍ഗ്ഗീയവികാരങ്ങളും ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതെല്ലാം കാണുന്ന യുവജനങ്ങള്‍ മാറിചിന്തിക്കാതിരിക്കുന്നതെങ്ങിനെ? ജനാധിപത്യത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാനും ഗുണപരമായി ഉയര്‍ത്താനും അധികാരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളിലെത്തിക്കാനുമുള്ള അന്വേഷണങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. അതിനായി മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുകയാണ് വേണ്ടത്. കുറച്ചുപേര്‍ രാഷ്ട്രീയപ്രവര്‍ത്തകരും മറ്റുള്ളവര്‍ അണികളുമാകുകയല്ല. അങ്ങനെ കരുതുന്നവരാണ് ഫാസിസ്റ്റുകളും അഴിമതിക്കാരുമാകുന്നത്.
ജനാധിപത്യത്തില്‍ ജനങ്ങളാണ് കര്‍തൃസ്ഥാനത്തുവരേണ്ടത്. എന്നാലിവിടെ ജനങ്ങള്‍ കര്‍മ്മസ്ഥാനത്താണ്. അത് തിരിച്ചിടണം. അധികാരത്തെ വികേന്ദ്രീകരിക്കണം. ഇന്ന് വിവിധ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നവരെല്ലാം സത്യത്തില്‍ നിസ്സഹായരാണ്. സജീവപ്രവര്‍ത്തകരൊന്നുമല്ലാത്ത ഇവരുടെ വോട്ടാണ് ഫലം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ പിന്നീടവര്‍ക്ക് ഒരു റോളുമില്ല. ജനാധിപത്യം ഇവരില്‍ നിന്നന്യമാണ്. അതിലാണ് മാറ്റം വരുത്തേണ്ിടത്.
സര്‍്ക്കാര്‍ ജോലി, സദാചാര പ്രശ്‌നങ്ങള്‍, അക്രമരാഷ്ട്രീയം തുടങ്ങിയവക്കൊക്കെ ഇനിയും യുവജനങ്ങളെ ലഭിക്കുമെന്ന ധാരണയാണ് ഈ നേതാക്കള്‍ തിരുത്തേണ്ടത്. ദൈവത്തിലും മതത്തിലുമെന്നപോലെ പാര്‍ട്ടിയിലും നേതാക്കളിലുമെല്ലാമുള്ള അന്ധവിശ്വാസത്തിന്റെ കാലമവസാനിക്കുകയാണ്. മറുവശത്ത് കേരളവും യുവജനങ്ങളും നേരിടുന്ന പുതിയ പ്രശ്‌നങ്ങളില്‍ എത്രയോ ചെറുപ്പ്ക്കാര്‍ സജീവമായി ഇറങ്ങുന്നു.
സ്വന്തം ഭൂതകാലത്തേയും വര്‍ത്തമാന കാലത്തേയും ഉദാത്തവല്‍ക്കരിക്കുക, പുതുതലമുറയുടേയും അവരുടെ ചിന്തകളേയും തള്ളിക്കളയുക. എല്ലാകാലത്തും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നവരുടെ പൊതുപ്രവണതയാണിത്. വ്യക്തിജീവിതത്തിലാണെങ്കിലും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലാണെങ്കിലും ഈ പ്രവണത ശക്തമാണ്. എന്നാല്‍ എന്നും പുതുതലമുറ അതെല്ലാം അവഗണിച്ച് മുന്നോട്ടുപോകാറുണ്ട്. അതിനാലാണ് സമൂഹം ചലനാത്മകമാകുന്നത്.
ഇത്തരത്തിലൊരു സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കേരളം കടന്നു പോകുന്നത്. തങ്ങള്‍ അരാഷ്ട്രീയക്കാരാണെന്ന വിമര്‍ശനങ്ങള്‍ക്ക് സര്‍ഗ്ഗാത്മകമായാണ് പുതുതലമുറയിലെ ഒരു വിഭാഗമെങ്കിലും മറുപടി നല്‍കുന്നത്. അവരുടേത് കക്ഷിരാഷ്ട്രീയമല്ല എന്നുമാത്രം. അടുത്തകാലത്തുനടന്ന ചുംബനസമരം, നില്‍പ്പുസമരം, ഇരിപ്പുസമരം എന്നിവതന്നെ ഉദാഹരണങ്ങള്‍. കപടമായ സദാചാരബോധത്തിലും സദാചാരപോലീസിനാലും കെട്ടിയിപ്പെടേണ്ടവരല്ല തങ്ങളെന്നു പ്രഖ്യാപിച്ചു രംഗത്തുവന്ന ചെറുപ്പുക്കാരോട് ഈ നേതാക്കളുടെ നയമെന്തായിരുന്നു. അവരെ പിന്തുണച്ച് ആദ്യം രാജേഷ് രംഗത്തുവന്നെങ്കിലും പിണറായി നയം പ്രഖ്യാപിച്ചതോടെ പിന്മാറുകയായിരുന്നു. ചുംബനസമരക്കാര്‍ അരാജ വാദികളാണ്, സ്മാര്‍ട്ട് ഫോണുകളിലൂടെയും ലാപ്‌ടോപ്പിലൂടെയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവുകളിലെ സമരവും ജീവിതവും അറിയില്ല, പരനാറികളെ പുണ്യവാളന്‍മാര്‍ ആക്കുന്നതാണ് സ്വാര്‍ത്ഥതയുടെ പുതുരാഷ്ട്രീയം എന്നിങ്ങനെ പോയി വിമര്‍ശനങ്ങള്‍. ഫാസിസത്തെ നേരിടുന്നത് അരാജകത്വം കൊണ്ടാണെന്ന് കരുതുന്നത് മൗഡ്യമാണ്, അരാഷ്ട്രീയമാണ് ചുംബനസമരക്കാരുടെ രാഷ്ട്രീയം, യഥാര്‍ത്ഥ രാഷ്ട്രീയം ഇവരുടെ മനസ്സിന്റെ അതിരുകള്‍ക്കപ്പുറമാണെന്ന് ചിന്താ ജെറോമിനെപോലുള്ള പുതുതലമുറക്കാര്‍ പോലും ആക്ഷേപിച്ചല്ലോ.
രാഷ്ട്രീയത്തെപറ്റി മതമൗലികവാദികള്‍ക്കുസമാനമായി തങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ചില അന്ധവിശ്വാസങ്ങളില്‍ നിന്നു പുറത്തുകടക്കുന്നവരെ എന്നും ഇക്കൂട്ടര്‍ വിളിക്കുന്ന പേരുകളാണ് അരാഷ്ട്രീയവാദികള്‍, അരാജകവാദികള്‍ എന്നിങ്ങനെ. രാഷ്ട്രീയത്തില്‍ മാത്രമല്ല, തങ്ങളുടെ ചൊല്പ്പടിയില്‍ നില്ക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമല്ലാം അങ്ങനെതന്നെ. തങ്ങള്‍ നിശ്ചയിക്കുന്ന പുരോഗമനത്തിനപ്പുറം ചിന്തിക്കുന്നവരും എഴുതുന്നവരും സമരം ചെയുന്നവരുമെല്ലാം അരാജകവാദികളും അരാഷ്ട്രീയവാദികളും. ഫെമിനിസത്തേയും ഒരുകാലത്ത് അരാജകവാദമായി വ്യാഖ്യാനിച്ചിരുന്നു.
‘ചുംബന കൂട്ടയ്മയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ’
ഇതായിരുന്നു കിസ് ഓഫ് ലൗ പ്രവര്‍ത്തകരുടെ ആദ്യത്തെ ആഹ്വാനം. കക്ഷിരാഷ്ട്രിയത്തിന്റെ പേരിലും വര്‍ഗ്ഗീയ സാമുദായിക ചിന്തകളുടെ പേരിലും പണത്തിനുവേണ്ടിയും കാമപൂര്‍ത്തീകരണത്തിനായും സദാചാരത്തിന്റെ പേരിലും പരസ്പരം അക്രമിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ ഇതിനേക്കാള്‍ മഹത്തായൊരു രാഷ്ട്രീയ സന്ദേശം മറ്റെന്തുണ്ട്? വാസ്തവത്തില്‍ ആലിംഗനങ്ങളും സ്പര്‍ശവും ചുംബനങ്ങളും സ്‌നേഹവും മറന്ന ഒരു സമൂഹത്തെയല്ലേ മാതാ അമൃതാനന്ദമയിയും കണ്ണൂര്‍ രാഷ്ട്രീയവും മറ്റും തന്റേതായ രീതിയില്‍ ഉപയോഗിക്കുന്നത്? ഇവിടയിതാ യുവതലമുറ അതിനെ സര്‍ഗ്ഗാത്മക സമരമുഖമാക്കി. അതിനോട് ഐക്യപ്പെടാനുള്ള രാഷ്ട്രീയവും മാനസരകവുമായ വളര്‍ച്ചയില്ലാത്തതാണ് നമ്മുടെ പ്രശ്‌നം. അതിനാലാണ് ഈ സമരത്തെ അശ്ലീലവും അരാഷ്ട്രീയവുമായി വിശേഷിപ്പിക്കുന്നത്.
കേരളത്തില്‍ മറ്റനവധി വിഷയങ്ങളുണ്ടെന്ന് പറഞ്ഞ് ഈ സമരത്തെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ചവരും നിരവധിയായിരുന്നല്ലോ. എന്നാല്‍ അവര്‍ മനസ്സിലാക്കേണ്ടത് കേരളീയ സമൂഹത്തില്‍ ഉയരുന്ന പുതുചലനങ്ങളോട് എപ്പോഴും ഐക്യപ്പെടുന്നവരാണ് ഈ വിഭാഗങ്ങള്‍ എന്നതാണ്. ആദിവാസികളുടെ നീതിക്കുവേണ്ടിയുള്ള നില്‍പ്പു സമരം തന്നെ ഉദാഹരണം. അടുത്തകാലത്തായി കേരളം കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ സമരം മറ്റേതായിരുന്നു? ആ നിലനില്‍പ്പിനായുള്ള പോരാട്ടത്തിനുപിന്നില്‍ അണി നിരന്നവരാണ്? നേരത്തെ സൂചിപ്പിച്ച സംഘടിത പ്രസ്ഥാനങ്ങളോ സദാചാരവാദികളോ അല്ലല്ല. അസംഘടിതവിഭാഗത്തിന്റെ മുന്നേറ്റമായിരുന്നു ഇരിപ്പുസമരത്തിലും ഈ ‘രാഷ്ട്രീയവാദി’കളെ കണ്ടില്ല്‌ല്ലോ.
ലോകം മുഴുവന്‍ രാഷ്ട്രീയത്തെ പുനര്‍ നിര്‍വ്വചി്ച്ചുള്ള ജനമുന്നേറ്റങ്ങള്‍ ദൃശ്യമാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട മുല്ലപ്പൂവിപ്ലവവും തെരുവുകള്‍ കയ്യടക്കലുമൊക്കെ ഈ പ്രവണതക്ക് കാരണമായിട്ടുണ്ട്. ആധുനിക വിവര സാങ്കേതികവിദ്യയും ഈ മുന്നേറ്റത്തില്‍ ഭാഗഭാക്കാണ്. ഇന്ത്യയില്‍തന്നെ അന്നാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധപോരാട്ടങ്ങളും ഡെല്‍ഹി പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനമുന്നേറ്റങ്ങളും ഈ പ്രസ്ഥാനത്തിന് ആക്കം കൂട്ടി. അന്നാഹസാരെ സത്യത്തില്‍ ഒരു പ്രതീകം മാത്രമായിരുന്നു. തങ്ങളുടെ ദൈനിദിന ജീവിതത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും കയറിയിറങ്ങുന്ന സാധാരണക്കാര്‍ കാണുന്ന അഴിമതിക്കെതിരായ വികാരമാണ് ആ പോരാട്ടത്തിന് ശക്തിയായത്. പ്രത്യകിച്ച് ആധുനിക സാങ്കേതിക വിദ്യയില്‍ ജീവിക്കുന്ന നഗരവാസികളായ യുവജനങ്ങള്‍ക്ക് ഇതു സഹിക്കാനാവുന്നതിനേക്കാള്‍ കൂടുതലായിരുന്നു.
ഇതുപോലെതന്നെ പ്രധാനമായിരുന്നു ഡെല്‍ഹി പെണ്‍കുട്ടിക്കുണ്ടായ ദുരന്തത്തെ തുടര്‍ന്നുണ്ടായ അഭൂതപൂര്‍വ്വമായ യുവജനമുന്നേറ്റം. നാഗരിക പ്രതിഭാസമെന്നതിനെ ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍ അതുതന്നെയാണ് അതിന്റെ പ്രസക്തി. എന്തുസംഭവിച്ചാലും പ്രതികരണ ശേഷിയില്ലാത്തവര്‍ എന്നരോപിക്കപ്പെടുന്നവര്‍ തെരുവിലിറങ്ങുന്നത് മോശപ്പെട്ട കാര്യമല്ലല്ലോ. അതാകട്ടെ ഒരു നേതാവോ പ്രസ്ഥാനമോ പുറകിലില്ലാതെ. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് ഇത്തരമൊരു മുന്നേറ്റം കരളത്തില്‍ നടക്കാത്തതിനു കാരണം. അതിനെ തകര്‍ക്കലാണ് യഥാര്‍ത്ഥ രാഷ്ട്രീയം. അത് അരാഷ്ട്രീയമല്ല.
ഹൈക്കമാന്റോ പോളിറ്റ് ബ്യൂറോയോ ഇല്ലാത്ത പ്രസ്ഥാനങ്ങളാണ് ഇനി ഇവിടെ രൂപം കൊള്ളേണ്ടത്. ജനാധിപത്യപരമായി അയഞ്ഞ ചട്ടക്കൂടുള്ളതും തീരുമാനങ്ങള്‍ മുകളില്‍നിന്ന് അടിച്ചേര്‍പ്പിക്കാത്തുമായ ഒന്നായിരിക്കണമത്. പാര്‍ട്ടി നേതൃത്വത്തേയും സ്ഥാനാര്‍ത്ഥികളേയും നയങ്ങളേയും തിരഞ്ഞെടുപ്പ് പ്രകടന പത്രികയേയും മറ്റും തീരുമാനിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ടാകണം. സംഘടനാതീരുമാനങ്ങള്‍ പരസ്യമാകണം. കമ്മിറ്റി മീറ്റിംഗുകളും മിനിട്‌സും വരവുചിലവു കണക്കുമെല്ലാം സുതാര്യമാകണം. അധികാരികള്‍ മാത്രമല്ല, അധികാരികളെ നിയന്ത്രിക്കുന്ന പാര്‍ട്ടികളും വിവരാവകാശത്തിന്റെ പരിധിയില്‍ വരണം. ഒരാള്‍ ഒരു തവണ മാത്രമേ പാര്‍ട്ടി നേതാവും ജനപ്രതിനിധിയും അധികാരിയും മറ്റുമാകാവൂ. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം വേണം. കുടുംബാധിപത്യം അനുവദിക്കരുത്. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ ആവശ്യമില്ല. ഇത്തരത്തില്‍ ജനാധിപത്യത്തെ ഗുണപരമായി വികസിപ്പിക്കാനുള്ള നയങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. അതായിരിക്കും ഇക്കാലത്തെ യഥാര്‍ത്ഥ രാഷ്ട്രീയം. പരമ്പരാഗത ശൈലികളില്‍ നിന്നു വ്യതിചലിക്കുന്നത് അരാഷ്ട്രീയമാണെന്ന ആക്ഷേപത്തെ പരിഗണിക്കേണ്ടതില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply