അരുന്ധതിറോയിയും യുക്തിയുടെ തകരാറുകളും

കെ.കെ. ബാബുരാജ് ഗാന്ധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ മിക്കവാറും എല്ലാ ആനുകാലികങ്ങളും അരുന്ധതിറോയിയുടെ മാധ്യമപ്രതീതിയെ പുതുക്കികൊണ്ടുള്ള ഫീച്ചറുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വളരെ യാഥാസ്ഥിതികരായ ചിലരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് അവര്‍ക്ക് എതിരായ വിമര്‍ശനങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതേസമയം, അഖിലേന്ത്യാതലത്തില്‍ ദലിത്-ബഹുജന്‍ സ്ത്രീപക്ഷത്തുനിന്നും പുതുതലമുറയിലെ സാമൂഹിക ചിന്തകരില്‍നിന്നും ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടാതെ നോക്കാന്‍ മാധ്യമങ്ങളും ചാനലുകളും ജാഗ്രത കാണിക്കുന്നുമുണ്ട്. ഗാന്ധിയെയും അംബേദ്കറെയും രാഷ്ട്രീയവായനകള്‍ക്കും പ്രത്യയശാസ്ത്രവായനകള്‍ക്കും വിധേയമാക്കാം. എന്നാല്‍ അതേപ്രകാരത്തില്‍ അരുന്ധതിറോയിയെ വായിക്കാനോ വിശകലനം ചെയ്യാനോ പാടില്ലെന്ന പൊതുനിലപാടാണ് നമ്മുടെ […]

aruകെ.കെ. ബാബുരാജ്

ഗാന്ധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ മിക്കവാറും എല്ലാ ആനുകാലികങ്ങളും അരുന്ധതിറോയിയുടെ മാധ്യമപ്രതീതിയെ പുതുക്കികൊണ്ടുള്ള ഫീച്ചറുകളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വളരെ യാഥാസ്ഥിതികരായ ചിലരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് അവര്‍ക്ക് എതിരായ വിമര്‍ശനങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതേസമയം, അഖിലേന്ത്യാതലത്തില്‍ ദലിത്-ബഹുജന്‍ സ്ത്രീപക്ഷത്തുനിന്നും പുതുതലമുറയിലെ സാമൂഹിക ചിന്തകരില്‍നിന്നും ഉയര്‍ന്നുവന്നിട്ടുള്ള വിമര്‍ശനങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടാതെ നോക്കാന്‍ മാധ്യമങ്ങളും ചാനലുകളും ജാഗ്രത കാണിക്കുന്നുമുണ്ട്.
ഗാന്ധിയെയും അംബേദ്കറെയും രാഷ്ട്രീയവായനകള്‍ക്കും പ്രത്യയശാസ്ത്രവായനകള്‍ക്കും വിധേയമാക്കാം. എന്നാല്‍ അതേപ്രകാരത്തില്‍ അരുന്ധതിറോയിയെ വായിക്കാനോ വിശകലനം ചെയ്യാനോ പാടില്ലെന്ന പൊതുനിലപാടാണ് നമ്മുടെ മാധ്യമങ്ങള്‍ എടുത്തിട്ടുള്ളതെന്നു തോന്നുന്നു. ‘ഭാഷാപോഷിണി’യിലെ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയനിലപാടിനെ ഗാന്ധിവിവാദവുമായി കൂട്ടിക്കുഴക്കാന്‍ പാടില്ലെന്നാണ് അരുന്ധതിറോയി തന്നെ പറയുന്നത്. ഇത് സാധ്യമാണോ?
ഗാന്ധിയോട് അംബേദ്കര്‍ പുലര്‍ത്തിയ വിയോജിപ്പിന്റെ അടിസ്ഥാനം ജാതീയതയോ വംശീയതയോ അല്ലായിരുന്നു. അത് ബ്രാഹ്മണ-ബനിയ വിദ്വേഷവുമല്ലായിരുന്നു. ഇന്ത്യയിലെ സവര്‍ണ്ണ ഈടുവെപ്പുകളെയും പൊതുവ്യക്തിത്വങ്ങളെയും അപ്പാടെ അസാധുവാക്കി കാണുകയുമല്ല അംബേദ്കര്‍ ചെയ്തത്. മറിച്ച്, ഗാന്ധിയും ഇന്ത്യയിലെ ഉല്‍പ്പതിഷ്ണുക്കള്‍ എന്ന പേരിലറിയപ്പെട്ടവരായ സവര്‍ണ്ണലിബറലുകളില്‍ ഒരു വിഭാഗവും പുലര്‍ത്തിയ അതീവ യാഥാസ്ഥിതികമായ നിലപാടുകളോട് വിയോജിക്കുകയാണുണ്ടായത്.
ആധുനിക സംസ്‌കാരത്തെ മടുപ്പോടെ കണ്ട ചില പാശ്ചാത്യ ചിന്തകരുടെയും എഴുത്തുകാരുടെയും പകര്‍പ്പാണ് ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അംബേദ്കര്‍ വിശദീകരിച്ചത്. ബഹുജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയോട് യാതൊരു പൊരുത്തവുമില്ലാതെ, വിദൂരഭൂതകാലത്തില്‍ മനസ്സുറപ്പിച്ചവരായ ഇവരുടെ സിദ്ധാന്തങ്ങള്‍ പ്രായോഗികവല്‍ക്കരിച്ചാല്‍ ഉണ്ടാവുന്ന വിപത്തുകളിലുള്ള മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്. ജാതിവ്യവസ്ഥയുടെ കാര്യത്തില്‍ മാത്രമല്ല, സാമൂഹിക പരിവര്‍ത്തനങ്ങള്‍, രാഷ്ട്രീയമാറ്റങ്ങള്‍, മതം, സമ്പദ്ശാസ്ത്രം, ദേശീയത, ഗവണ്‍മെന്റാലിറ്റി, ലിംഗപദവി മുതലായ ഒരുപാട് കാര്യങ്ങളില്‍ വേറിട്ട ചിന്തകള്‍ അംബേദ്കര്‍ മുന്നോട്ട് വെച്ചിരുന്നു. ഇവ തുറന്നു പ്രഖ്യാപിച്ചതിനൊപ്പം പുതിയൊരു സാഹോദര്യ പ്രസ്ഥാനമാണ് ഇന്ത്യയ്ക്ക് വേണ്ടതെന്ന ഭാവനയും ഉന്നയിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ സവര്‍ണ്ണ ഏകസ്വരതയെ ഏറ്റവും അരികുകളിലുള്ള ജനതയെ മുന്‍നിര്‍ത്തി ഇളക്കി മറിച്ചു എന്നതാണ് ഇതിന്റെ ഫലം. ഇത്തരം പ്രവര്‍ത്തനങ്ങളും വിമര്‍ശനചിന്തകളുമാണ് നമ്മുടെ ജനാധിപത്യ സങ്കല്പനങ്ങളെ ഘടനപരമായി വിപുലീകരിക്കുകയും പുതുക്കുകയും ചെയ്തത്. എന്നാല്‍ ഇതേ കാര്യത്തെ തലതിരിച്ചുകാണുകയും, അവ മുഴുവന്‍ വിഭാഗീയതയും ജാതിവാദവുമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തത് ലിബറലുകളും സോഷ്യലിസ്റ്റുകളും ചേര്‍ന്ന കൂട്ടുമുന്നണിയായിരുന്നു.
ഗാന്ധിയുടെ പാരമ്പര്യവാദത്തോട് വിയോജിക്കാന്‍ പലര്‍ക്കും കഴിഞ്ഞത് വ്യത്യസ്തമായ രാഷ്ട്രീയവായനകളിലൂടെയും പ്രത്യയശാസ്ത്ര വായനകളിലൂടെയും കടന്നുപോയത് മൂലമാണ്. ഇതേ മുറക്ക് അരുന്ധതിറോയിയെയും വായിച്ചാല്‍ അവര്‍ എത്രമാത്രം അകന്നാണ് സമൂഹരൂപീകരണത്തെ കാണുന്നതെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. മാത്രമല്ല, ഇതേ ദൂരക്കാഴ്ചക്ക് പിന്നിലുള്ള സാംസ്‌കാരികമായ മടുപ്പും ഫ്യൂഡല്‍ അബോധവും വെളിപ്പെടും.
ഗാന്ധിയും ഇ.എം.എസും പോലുള്ളവര്‍ കീഴാളരോടും സ്ത്രീകളോടും കാണിച്ചിട്ടുള്ള ‘ധൈക്ഷണികമായ വയലന്‍സ്’ വളരെ മുമ്പേ തിരിച്ചറിയ പ്പെട്ടിട്ടുള്ളതാണ്. പക്ഷേ അതൊരിക്കലും പൊതുചര്‍ച്ചയാവാതെ വിമര്‍ശിക്കുന്നവരുടെ കുറവോ കുഴപ്പമോ ആയി കണക്കാക്കപ്പെട്ടു. ദേശീയപ്രസ്ഥാനം മുതല്‍ ദേശരാഷ്ട്രത്തിന്റെ പരമാധികാരം വരെയുള്ള കാര്യങ്ങളില്‍ നിന്നും പാര്‍ശ്വവല്‍കൃതരെ പുറന്തള്ളാനും സവര്‍ണ്ണരുടെ അധികാരത്തെ കുത്തകയാക്കി നിലനിറുത്തുവാനാണ് മേല്‍പ്പറഞ്ഞ തരത്തിലുള്ള പൊതുചര്‍ച്ചകള്‍ അസാധ്യമാക്കിമാറ്റിയത്.
ഇതേ സുരക്ഷിതത്വം അരുന്ധതിറോയിയും അറിഞ്ഞോ അറിയാതെയോ പങ്കിടുന്നതിനാലാണ് അവരുടെ ദൂരക്കാഴ്ചകള്‍ ചോദ്യം ചെയ്യപ്പെടാതെ മാധ്യമവല്‍ക്കരിക്കപ്പെട്ട ആഘോഷങ്ങളായി മാറുന്നത്.
അരുന്ധതിറോയിയുടെ ഇടപെടലുകളിലൂടെ അംബേദ്കര്‍ വീണ്ടെടുക്കപ്പെടുക യാണെന്നത് ചിലരുടെ മോഹചിന്തയാണ്. യഥാര്‍ത്ഥത്തില്‍, ഇന്നു പുതുവിഷയിസ്ഥാനത്തേക്ക് ഉയരുന്ന ദലിത് – പിന്നോക്ക – ന്യൂനപക്ഷസ്ത്രീകളാണ് അംബേദ്കറെയും മറ്റിതര കീഴാള ഈടുവെപ്പുകളെയും വീണ്ടെടുക്കുന്നത്. രമാഭായി,  മഹാത്മാ ഫൂലേ മുതലായവരെ പറ്റിയുള്ള പരാമര്‍ശങ്ങളും ഡല്‍ഹിയില്‍ നടന്ന  ബലാല്‍സംഗവിരുദ്ധപ്രക്ഷോഭണത്തോടും ആം ആദ്മി പാര്‍ട്ടിയോടുള്ള വിമര്‍ശനത്തിലും അരുന്ധതിറോയിയുടെ വിമതസ്വരമായി മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ഈ ബഹുജന്‍സ്ത്രീകള്‍ നടത്തിയ ഇടപെടലുകളാണ്. എന്നാല്‍ അവരുടെ അഭിപ്രായങ്ങളെ വിഷയി പരിഗണനയില്ലാതെ ഗതിമാറ്റുന്നത് മൂലമാണ് അരുന്ധതിറോയി നടത്തുന്നത് അധിനിവേശമാണെന്ന് പറയേണ്ടിവരുന്നത്. ഇതേ ഗതിമാറ്റം ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റി’ന്റെ ആമുഖത്തിലുമുണ്ട്. ഏതായാലും ഇന്ത്യയിലെ കീഴാളസ്ത്രീകളുടെ സ്വതന്ത്ര ശബ്ദങ്ങളെ തിരിച്ചറിയാത്തവരോ ഭയപ്പെടുന്നവരോ ആയ കുറേ കാല്പനികരും ‘മോര്‍ച്ചറി കമ്മ്യൂണിസ്റ്റുകള്‍’ എന്ന ജനുസ്സില്‍ ഉള്‍പ്പെടുന്ന ചില ‘പാട്രിയാര്‍ക്കുകളു’മാണ് അരുന്ധതിറോയിയുടെ പ്രചാരകരായി രംഗത്തുള്ളതെന്നത് യാദൃശ്ചികതയല്ല.
അരുന്ധതിറോയിയെപോലുള്ളവരാണ് ഇന്ത്യയിലെ പ്രതിപക്ഷമെന്ന ധാരണ പരത്താന്‍ കേരളത്തിലെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ കാണിക്കുന്ന അമിതാവേശത്തെ പറ്റിയും സൂചിപ്പിയ്‌ക്കേണ്ടതുണ്ട്.
‘ജാതിനിര്‍മ്മൂലന’ത്തിന്റെ വിവാദപരായ ആമുഖത്തില്‍പോലും ‘ഹൊററായി’ ചിത്രീകരിക്കപ്പെടുന്നത് ഇസ്ലാമിന്റെ രാഷ്ട്രീയ അന്തര്‍ഗ്ഗതങ്ങളാണ്. ദേശരാഷ്ട്രത്തിന് ഇരകളെയാണ് ആവശ്യമെങ്കില്‍ മാവോവാദത്തിന് വേണ്ടത്  രക്തസാക്ഷികളാണെന്ന ലളിത സമവാക്യത്തിനപ്പുറം, മുസ്ലീമിന്റെ മതത്തെയോ സാമുദായികതയെയോ സാംസ്‌കാരിക വൈവിധ്യങ്ങളെയോ പരിഗണിച്ചുകൊണ്ടുള്ള ഒരു വാക്ക് പോലും അരുന്ധതിറോയി എഴുതിയിട്ടില്ല. കാശ്മീര്‍ പ്രശ്‌നത്തിലും കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജങ്ങളുടെ മേലുള്ള ഭരണകൂട തേര്‍വാഴ്ചയുടെ കാര്യത്തിലും പുതുജനാധിപത്യ സങ്കല്പങ്ങള്‍ ഉന്നയിക്കുകയല്ല അവര്‍ ചെയ്യുന്നത്. മറിച്ച്, പഴയ സ്റ്റാലിനിസ്റ്റ് ഊടുവഴികള്‍ ചൂണ്ടിക്കാട്ടുകയാണ്. ‘ഭരണകൂട വിരുദ്ധത’ എന്ന ഒറ്റകാര്യത്തിലൂടെ ഒരാള്‍ ചരിത്രത്തിനും സമൂഹത്തിനും ഒപ്പമാണെന്ന് കരുതാനാവില്ല. ഏതായാലും ഗാന്ധിസം അപരങ്ങളെ സംവഹിച്ചു ഇല്ലായ്മ ചെയ്യുമ്പോള്‍; മാവോവാദത്തിന്റെ യഥാര്‍ത്ഥ ഭൂമിക ന്യൂനപക്ഷ ഹിംസയാണെന്ന വസ്തുതയാണ് നാം ഓര്‍ക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അരുന്ധതിറോയിയും യുക്തിയുടെ തകരാറുകളും

  1. ..അതെയതെ. അരുന്ധതി പറഞ്ഞതവിടെ നില്‍ക്കട്ടെ. അവര്‍ എന്തുകൊണ്ട് ചിലത് പറഞ്ഞില്ല? എന്തുകൊണ്ട് ചിലത് വേറെ വിധത്തില്‍ പറഞ്ഞു? എന്തുകൊണ്ട് ചില മാധ്യമങ്ങള്‍ അരുന്ധതി പറഞ്ഞത് പ്രചരിപ്പിച്ചു? എന്തുകൊണ്ടവര്‍ അരുന്ധതിയുടെ കുറ്റങ്ങളും കുറവുകളും മൂടിവച്ചു?അംബേദ്കറുടെ ഗാന്ധി വിമര്‍ശം ഗഹനമാക്കാതെ, എന്തുകൊണ്ടവര്‍ ലളിതമായി വിവരിച്ചു?കാലാകാലമായി വ്യാഖ്യാനം കൊണ്ടു നിലനിന്നിരുന്ന ദളിത്‌ പുരോഹിതരെ അപ്രസക്തമാക്കുകയായിരുന്നില്ലേ അവരുടെ ലക്‌ഷ്യം? കാശ്മീര്‍ പ്രശ്നം പറഞ്ഞില്ല, മുസ്ലിം വിരോധം പ്രകടിപ്പിച്ചില്ല ,ഛെ ! എന്തൊരു അന്തസ്സാര ശൂന്യമായ എഴുത്ത്!

Leave a Reply