അരിപ്പ ഭൂസമരം : വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

5 മാസം (19-05-2013) പിന്നിടുകയാണ് അരിപ്പയിലെ ഭൂസമരം. ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്ന് അറിയാത്തവരോ കാര്‍ഷിക ആവശ്യത്തിനോ താമസത്തിനോ ഉപകരിക്കാത്ത ഗുണനിലവാരം കുറഞ്ഞ ഭൂമി ലഭിച്ചവരോ തീര്‍ത്തും ഭൂരഹിതരോ നാമമാത്രഭൂമിയുള്ളവരോ ഉള്‍ക്കൊള്ളുന്ന ദളിത് ആദിവാസി ഭൂരഹിതരാണ് ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ അരിപ്പയില്‍ സമരം നടത്തുന്നത്. കാര്‍ഷികാവശ്യത്തിന് ഉപയുക്തമാണെന്ന തത്തില്‍ ഒന്നു മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയും ഗൃഹനിര്‍മ്മാണത്തിന് ധനസഹായവും ആവശ്യപ്പെട്ടു കൊണ്ടാണ് അവിടെ സമരം നടക്കുന്നത്. […]

arippa
5 മാസം (19-05-2013) പിന്നിടുകയാണ് അരിപ്പയിലെ ഭൂസമരം. ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെടുത്തി പട്ടയം ലഭിച്ചിട്ടും ഭൂമി എവിടെയെന്ന് അറിയാത്തവരോ കാര്‍ഷിക ആവശ്യത്തിനോ താമസത്തിനോ ഉപകരിക്കാത്ത ഗുണനിലവാരം കുറഞ്ഞ ഭൂമി ലഭിച്ചവരോ തീര്‍ത്തും ഭൂരഹിതരോ നാമമാത്രഭൂമിയുള്ളവരോ ഉള്‍ക്കൊള്ളുന്ന ദളിത് ആദിവാസി ഭൂരഹിതരാണ് ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലെ അരിപ്പയില്‍ സമരം നടത്തുന്നത്. കാര്‍ഷികാവശ്യത്തിന് ഉപയുക്തമാണെന്ന തത്തില്‍ ഒന്നു മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയും ഗൃഹനിര്‍മ്മാണത്തിന് ധനസഹായവും ആവശ്യപ്പെട്ടു കൊണ്ടാണ് അവിടെ സമരം നടക്കുന്നത്. തങ്ങള്‍ കുഞ്ഞ് മുസലിയാരില്‍ നിന്നും പാട്ടക്കരാര്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തിരിച്ചെടുത്ത 54 ഏക്കര്‍ ഭൂമിയിലാണ് 1300ഓളം കുടിലുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. അരിപ്പ ഭൂസമരത്തിനെതിരെ ഒരു വിഭാഗം മെയ് 1 മുതല്‍ നാട്ടുകാരുടെ പേരില്‍ നടത്തുന്ന ഉപരോധത്തെത്തുടര്‍ന്ന് സമരക്കാര്‍ക്ക് സമരഭൂമിയില്‍ നിന്ന് പുറത്തു പോകാനോ സ്വന്തം ദേശത്ത് ജോലിക്ക് പോയവര്‍ക്ക് തിരിച്ച് വരാനോ കഴിയാത്ത അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും നാട്ടുകാര്‍ക്കും സമരക്കാര്‍ക്കും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അന്തരീക്ഷത്തിലുമാണ് ഞങ്ങള്‍ വസ്തുക്കള്‍ നേര്ട്ടറിയാന്‍ 17-05-2013ന് അവിടം സന്ദര്‍ശിച്ചത്.
ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഭൂമി ലഭ്യമായി താമസിക്കുന്ന 18 കുടുംബങ്ങളും അതിനുമുമ്പേ തന്നെ താമസിക്കുന്ന പത്തോളം കുടുംബങ്ങളുള്ള ഒരു പ്രദേശത്താണ് സമരത്തിന്റെ ഭാഗമായി കുടിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മുന്‍താമസക്കാരായ ചിലരുമായി ചില്ലറ അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമരം ആരംഭിച്ച് 120 ദിവസത്തോളം സമാധാനപരമായ ഒരു ബന്ധമാണ് നാട്ടുകാരുമായി അവിടെ നിലനില്‍ക്കുന്നത്. ഏപ്രില്‍ 10ന് വിറകു ശേഖരണത്തിന് പോയ സന്തോഷും ചിത്രയും ആക്രമിക്കപ്പെടുകയും ചിത്ര നാല് ദിവസം ആശുപത്രിയിലാകുകയും ചെയ്ത ഒരു സംഭവമാണ് മുമ്പ് ഉണ്ടായിട്ടുള്ളത്. അന്ന് പോലീസ് കേസ്സൊന്നും ചാര്‍ജ്ജ് ചെയ്തില്ല.
മെയ് 1ന് രാവിലെ സമരഭൂമിയിലെ ഒരു കിണറിന് സമീപം അഞ്ചുപേര്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്ത 53 വയസ്സകാരി കുഞ്ഞിമോള്‍ ശാരീരികകയ്യേറ്റത്തിന് വിധേയയാവുകയും അവരുടെ വസ്ത്രങ്ങളടക്കം ആക്രമികള്‍ കീറിപ്പറിക്കുകയും ചെയ്തു. അവരെ സഹായിക്കാനെത്തിയ സുലൈഖയും ആക്രമിക്കപ്പെട്ടു. ഈ സംഭവത്തില്‍ ഒരാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഐ.പി.സി. 354-ാം വകുപ്പ് പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടും പ്രതികള്‍ സ്റ്റേഷനില്‍ വച്ച് തന്നെ ജാമ്യം അനുവദിക്കപ്പെട്ടു. പല ഭരണപക്ഷ-പ്രതിപക്ഷ രാഷിട്രീയക്കാരും സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി നിലപാട് എടുത്തതായി ആരോപണമുണ്ട്. 2-05-13ന് സ്വന്തം നാട്ടില്‍ നിന്നും സമരഭൂമിയിലേക്ക് തിരിച്ച് വരാന്‍ ചോഴിയക്കോട് ജംക്ഷനില്‍ സന്ധ്യക്ക് എത്തിച്ചേര്‍ന്ന ഒരു സ്ത്രീയെ സമരഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ പോയവരും ആക്രമിക്കപ്പെട്ടു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടില്ല. മെയ് 3ന് മദ്യപിച്ച് സമരഭൂമിയിലൂടെ മറ്റുള്ളവരുടെ ശരീരത്തില്‍ പ്രകോപനപരമായി ഉരസിക്കൊണ്ടു വന്ന ഒരാള്‍ മര്‍ദിക്കപ്പെട്ടു. അയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. തിരിച്ചു പോയ അവര്‍ പുറത്തുനിന്നുള്ള ഒരു വന്‍ സംഘവുമായി തിരിച്ചെത്തി. അവര്‍സ്ഘര്‍ഷമുണ്ടാക്കിയപ്പോള്‍ സമരക്കാര്‍ ചെറുത്തുനിന്നു. ഈ സംഘര്‍ഷത്തില്‍ സമരക്കാരുടെ പേരില്‍ കേസെടുക്കുകയും സംഘടിച്ച് പുറത്തുനിന്നെത്തിയവരെ സംരക്ഷിക്കുകയുമാണ് പോലീസ് ചെയ്തത്. 4-5-13ന് അരിപ്പ ഭൂസമരക്കാര്‍ക്കെതിരെ ചോഴിയക്കോട് പ്രതിഷേധ യോഗം നടന്നു. സി.പി.ഐ, സി.പി.എം., കോണ്‍ഗ്രസ്, ബി.ജെ.പി. പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ സംസാരിച്ചു. (ബി.ജെ.പി. സമരത്തിനെതിരായ നിലപാട് പിന്നീട് മാറ്റി.) ആ യോഗത്തില്‍ പ്രസംഗിച്ച വുനലൂര്‍ എം.എല്‍.എ. കെ. രാജു സമരക്കാര്‍ക്കെതിരായി ശക്തമായ ഭാഷയില്‍ സംസാരിച്ചു. അതിനുശേഷം ചെറുതും വലുതുമായ പന്ത്രണ്ട് ആക്രമങ്ങള്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ നടന്നതായി അവര്‍ പറയുന്നു. 5-5-2013ന് അരിപ്പ എഞ്ചിനിയറിങ് കോളേജിന് സമീപം ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന സ്ത്രീകളും പുരുഷന്മാരും ആക്രമിക്കപ്പെട്ടു. മര്‍ദനത്തെ തടുക്കാന്‍ ചെന്ന പ്രദേശവാസിയായ ഒരു കച്ചവടക്കാരനും അടികിട്ടി. പോലീസ് സാന്നിദ്ധ്യത്തിലാണ് ഈ മര്‍ദനങ്ങള്‍ നടന്നതെന്ന് പറയപ്പെടുന്നു. 6-5-2013ന് അരിപ്പ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സമരഭൂമിയില്‍ ചെല്ലാന്‍ അനുവാദം ചോദിച്ച ദളിത് നേതാക്കളെ തടയുകയാണ് പോലീസ് ചെയ്തത്. ചികിത്സാ ആവശ്യാര്‍ത്ഥം പോലീസ് വാഹനത്തില്‍ കടക്കലില്‍ എത്തിയ നാല് സ്ത്രീകളെ പോലീസ് വഴിയിലറിക്കിവിട്ടതും തിരിച്ചുവരാന്‍ ബസ്‌കൂലി പോലുമില്ലാതെ രാവിലെ 11 മണി മുതല്‍ 7 മണി വരെ സഹായത്തിന് ആളെയും കാത്ത് അവര്‍ അവിടെ കഴിയേണ്ടി വന്നതും ഞെട്ടിപ്പിക്കുന്ന ഒരനുഭവമാണ്. ജോലിക്ക് പോകാനോ സാധനങ്ങള്‍ വാങ്ങാനോ വിറക് ശേഖരിക്കാനോ പറ്റാത്ത അന്തരീക്ഷമാണ് മെയ് 1 മുതല്‍ അരിപ്പയില്‍ നിലനില്‍ക്കുന്നത് എന്ന് സമരസമിതി പറയുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തഹസില്‍ദാരെയും എം.എല്‍.എ.യും സമീപിച്ച ദളിത് നേതാക്കളെ ഒന്നിച്ചുള്ള യോഗത്തില്‍ പോലും പങ്കെടുപ്പിച്ചില്ല. അടികൊണ്ട് അഞ്ചല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സക്ക് ചെന്ന നിര്‍മല എന്ന സ്ത്രീ ചീട്ട് എടുത്ത് ഡോക്ടറുടെ അടുത്ത് ചെന്ന് അരിപ്പയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ട അനുഭവവും ഉണ്ടായി.
120 ദിവസത്തോളം സമരം സര്‍ക്കാര്‍ ശ്രദ്ധിക്കാതിരുന്നപ്പോള്‍ ശ്രദ്ധ കിട്ടാനാണ് സമരക്കാര്‍ നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതെന്ന് അലിയാരുകുഞ്ഞി, ശ്യാം, നിതിന്‍, ലത്തീഫ് എന്നിവര്‍ ആരോപിച്ചു. വഴി നടക്കുന്നതിന് പരിശോധനയും പാസും ഏര്‍പ്പെടുത്തിയെന്നും പത്രക്കച്ചവടം നടത്താന്‍ പോയ തമിഴ് നാട്ടുകാരില്‍ നിന്നും നിര്‍ബന്ധിച്ച് 100 രൂപ വാങ്ങിയാണ് അനുമതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സമരഭൂമിയില്‍ ജയിലുണ്ടെന്നും ശിക്ഷ നടപ്പിലാക്കുന്നുവെന്നും അവരക് ആരോപിച്ചു. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതാണ് പ്രശനമെന്ന് പഞ്ചായത്ത് മെമ്പര്‍ അലോഷ്യസും പറഞ്ഞു. നാട്ടുകാരും സമരക്കാരുമായി സംസാരിച്ച കാര്യങ്ങളില്‍ നിന്ന് ഞങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും താഴെ പറയുന്നു.
1. സമരഭൂമിയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടി ക്രമങ്ങളും മദ്യത്തിനെതിരായ പ്രചരണങ്ങളും പെരുപ്പിച്ച് കാട്ടി അക്രമത്തിന് അരങ്ങൊരുക്കുകയാണ് അരിപ്പയില്‍ ചെയ്തത്. ഉഫേക്ഷിക്കപ്പെട്ട റബ്ബര്‍ തോട്ടത്തിനിടയില്‍ നൂറുകണക്കിന് കുടിലുകള്‍ ഉയര്‍ന്നു വന്നപ്പോള്‍ സഞ്ചാരത്തിന് ചില ക്രമീകരണങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. മദ്യപന്മാരും പുറത്തുനിന്നു വരുന്ന അപരിചിതരും അനാവശ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് തടയിനായി സദുദ്ദേശ്യത്തോടെ നടപ്പിലാക്കിയ ക്രമീകരണങ്ങള്‍ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമരസമിതിക്ക് കഴിഞ്ഞില്ല.
2. പ്രതിപക്ഷ എം.എല്‍.എ. എന്ന നിലയില്‍ ഈ സമരത്തെ ഗൗരവത്തോടെ കാണാന്‍ പുനലൂര്‍ എം.എല്‍.എ. കെ.രാജുവിന് കഴിഞ്ഞില്ല. രണ്ടു വശവും കേള്‍ക്കുവാനും മധ്യസ്ഥശ്രമം നടത്തുവാനും കഴിയുമായിരുന്ന അദ്ദേഹം ഒരു പക്ഷം പിടിച്ച് പ്രസംഗിച്ചത് പിന്നീടുള്ള അക്രമസംഭവങ്ങളും ഉപരോധങ്ങളും ശക്തിപ്പെടാന്‍ ഇടയാക്കി. തന്റെ നിയോജക മണ്ഡലത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മാസങ്ങളായി താമസിച്ച് സമരം നടത്തുന്നത് അറിഞ്ഞിട്ടും ഒരു തവണ പോലും എം.എല്‍.എ. അവിടെ സന്ദര്‍ശിച്ചില്ലെന്നത് ശ്രദ്ധേയമാണ്. (താന്‍ സമരത്തിന് എതിരല്ലെന്നും പ്രശ്‌നം സര്‍ക്കാര്‍ ശ്രദ്ധയില്‍ പെടുത്തി പരിഹാരമുണ്ടാക്കാന്‍ ശ്രിക്കുമെന്നും എം.എല്‍.എ. ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.)
3. സമരഭൂമിയില്‍ ജയിലും പ്രത്യേക ശിക്ഷകളും ചെക് പോസ്റ്റുകളുമൊക്കെയുണ്ടെന്ന ആരോപണം ടിസ്ഥാന രഹിതമാണ്. പുറത്തുനിന്ന് വരുന്നവരില്‍ നിന്ന് പ്രവേശനത്തിന് പാസ് വാങ്ങുന്നുവെന്ന ആരോപണവും തെറ്റാണ്.
4. പോലീസ് പലപ്പോഴും നിഷ്‌ക്രിയ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. സ്ത്രീകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളെ അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ പോലീസ് കൈകാര്യം ചെയ്തില്ല. പോലീസ് സാന്നിധ്യത്തില്‍ തന്നെ സമരഭൂമിയില്‍ നിന്ന് പുരത്തുപോകുന്നവരും അവിടേക്ക് വരുന്നവരും അക്രമിക്കപ്പെട്ടു എന്നത് ഗൗരവതരമായ വീഴ്ചയാണ്. സമരക്കാര്‍ കൈയ്യേറ്റക്കാരാണെന്നും അവര്‍ക്ക് നിയമത്തിന്റെ സംരക്ഷണമില്ലെന്നുമുള്ള മനോഭാവമാണ് ഒട്ടുമൊത്തത്തില്‍ പോലീസ് നടപടികള്‍ക്ക്/നടപടിയില്ലായ്മകള്‍ക്ക് മാര്‍ഗദര്‍ശനമേകിയത്.
5. സുരക്ഷാ ഭീതിയിലാണ് സമരഭൂമിയിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും. രോഗം ബാധിച്ച കുട്ടികളെ ചികിത്സക്ക് കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ചിലര്‍ പറഞ്ഞു. പൗരന്മാര്‍ക്ക് ലഭിക്കേണ്ട എല്ലാ സുരക്ഷിതത്വവും ആരോഗ്യരക്ഷയും സമരഭൂമിയിലുള്ളവര്‍ക്കും ലഭ്യമാക്കണം.
6. അരിപ്പയില്‍ നിന്ന് മര്‍ദനമേറ്റ് ചികിത്സക്കെത്തിയ സ്ത്രീക്ക് അഞ്ചല്‍ കമ്യൂണിറ്റി ഹെല്‍ത്ത സെന്ററില്‍ ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കണം.
7. കുട്ടികളുടെ വിദ്യാലയ പ്രവേശനം നടക്കുന്ന സമയത്ത് പുറത്തിറങ്ങാന്‍  കഴിയാത്ത അവസ്ഥ വിദ്യാഭ്യാസ അവകാശ നിഷേധമാണ്. ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.
8. തൊഴിലിന് പോകാനാകാത്തതുകൊണ്ട് ഭക്ഷണത്തിനും ചികിത്സക്കും ബുദ്ധിമുട്ടുകയാണിവര്‍. ഇവര്‍ക്ക് സൗജന്യ റേഷനും സൗജന്യ വൈദ്യസഹായവും സമരഭൂമിയില്‍ തന്നെ നല്‍കണം.
9. സര്‍ക്കാര്‍ ആദിവാസി/ദളിത്/ഭൂരഹിതരെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം. ചെങ്ങറയില്‍ ദീര്‍ഘകാലം സമരം ചെയ്തവര്‍ തന്നെയാണ് അരിപ്പ സമരത്തിലും പങ്കാളികളായിട്ടുള്ളത്. മുഴുവന്‍ ആദിവാസി/ദളിത്/ഇതര ഭൂരഹിതര്‍ക്കും കൃഷിഭൂമിയും ധനസഹായവും അടിയന്തിരമായി നല്‍കണം. മൂന്ന് സെന്റിലേക്ക് അവരെ ഒതുക്കാനുള്ള നീക്കം അവസാനിപ്പിക്കണം.
10. നവജാത ശിശുക്കളടക്കം അനേകം കുട്ടികള്‍ സമരഭൂമിയിലുണ്ട്. അവര്‍ക്ക പോഷകാഹാരം ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.
17-5-2013ന് കൊല്ലം കലക്ടറേറ്റില്‍ നടന്ന ചര്‍ച്ച ആശാവഹമായ നീക്കങ്ങള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയുളവാക്കിയിട്ടുണ്ട്. പോലീസ് നാതിനിര്‍വ്വഹണം കാര്യക്ഷമമാക്കുകയും സമരക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം പുനസ്ഥാപിക്കുകയും അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ സമരസമിത് പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സമാധാനസമിതി രൂപീകരിക്കുകയും കുട്ടികള്‍ക്ക് പോഷകാഹാരവും ചികിത്സയും ഉറപ്പുവരുത്തുകയും ചെയ്താല്‍ ഈ ദിശയില്‍ മുന്നേറ്റമുണ്ടാക്കാനാവും. സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനം ഭൂപ്രശ്‌നം പരിഹരിക്കാന്‍ അത്യാവശ്യമാണ്.
ആദിവാസി/ദളിത് ഭൂസമരങ്ങള്‍ നടന്ന മുത്തങ്ങ, നൈനാന്‍കോണം, ചെങ്ങറ, അരിപ്പ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ നാട്ടുകാരില്‍ ഒരു വിഭാഗം സമരത്തിനെതിരായ നിലപാടെടുത്ത് സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രവണത കാണാനാവുന്നുണ്ട്. ജാതി, ഭൂമിയിലെ അവകാശങ്ങളെ നിര്‍ണ്ണയിച്ചിരുന്ന ഫ്യൂഡല്‍ കാലഘട്ടത്തില്‍ മണ്ണില്‍ കുടിയായ്മ അടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ എന്ന നിലയിലാണ് ആദിവാസികളും ദളിതരും ഭൂരഹിതരായിരിക്കുന്നത്. കേരള ഭൂപരിഷ്‌കരണത്തില്‍ സംഭവിച്ച ചരിത്രപരമായ ആ തെറ്റ് പരിഹരിക്കാന്‍ പില്ക്കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. ആദിവാസി, ദളിത് വിഭാഗങ്ങളുടെ സമരം ചെയ്യുവാനുള്ള അവകാശമടക്കം അംഗീകരിക്കാന്‍ കഴിയാത്ത ഒരു പൊതു ബോധം കേരളത്തെ ഭരിക്കുന്നുണ്ട്. ദളിത് നേതാക്കളോട് പോലീസും മറ്റ് അധികാരികളും ജനപ്രതിനിധികളും സ്വീകരിക്കുന്ന അവഗണനാ മനോഭാവം ഈ പൊതുബോധത്തിന്റെ പ്രകാശനമാണ്. അക്രമങ്ങളെ സാധാരണ സംഭവങ്ങളായി  കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ പൊതുബോധമാണ്. അവകാശം നിഷേധിക്കപ്പെട്ട ഈ മനുഷ്യരോടുള്ള അവഗണനാ മനോഭാവത്തിനും അക്രമോത്സുകതക്കുമെതിരെ ഗൗരവതരമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കൊല്ലം        എന്ന്
19-5-2013    1. ബസേലിയോസ് മാര്‍തോമാ യാക്കോബ് പ്രഥ        മന്‍ കതേലിക ബാവ
2. എന്‍. സുബ്രഹ്മണ്യന്‍
3. കവിത എസ്.
4. പി.എന്‍. സനാതനന്‍
5. കെ.കെ. കൊച്ച്
6. ടി.കെ. വാസു (പി.യു.സി.എല്‍.     ജില്ലാ പ്രസി        ഡണ്ട്, തൃശ്ശൂര്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply