അരാജകത്വവും ചിലപ്പോള്‍ അനിവാര്യമാകും പ്രണാബ്

ജനപ്രിയ അരാജകത്വം ഭരണസംവിധാനത്തിന് പകരമാവില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബഌക് ദിന സന്ദേശത്തിലെ പരാമര്‍ശം കൊള്ളാം. പലപ്പോഴും അതു ശരിയുമാകാം. എന്നാല്‍ എപ്പോഴും അതു ശരിയാകണമെന്നില്ല. ജനകീയ (ജനപ്രിയവുമാകാം…) അരാജകത്വം പലപ്പോഴും അനിവാര്യമാകാം. ഇപ്പോള്‍ അത്തരമൊരവസ്ഥയാണോ എന്നാണ് പരിശോധിക്കേണ്ടത്. പോലീസിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ സമരം നടത്തുമ്പോള്‍ മുഖ്യമന്ത്രി കെജ്രിവാള്‍ താന്‍ ഒരു അരാജകവാദിയാണെന്ന് പറഞ്ഞതിനെ ചുവടുപിടിച്ചാണ് രാഷ്ട്രപതിയുടെ ഒളിയമ്പ്. പൊതുജീവിതത്തിലെ കാപട്യം അഴിമതിപോലെ അപകടകരമാണ്, തെരഞ്ഞെടുപ്പുകള്‍ മിഥ്യാ വാഗ്ദാനങ്ങള്‍ നല്‍കരുത്, സമ്മതിദായകരുടെ വിശ്വാസം തേടുന്നവര്‍ സാധ്യമാകുന്ന […]

10803

ജനപ്രിയ അരാജകത്വം ഭരണസംവിധാനത്തിന് പകരമാവില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബഌക് ദിന സന്ദേശത്തിലെ പരാമര്‍ശം കൊള്ളാം. പലപ്പോഴും അതു ശരിയുമാകാം. എന്നാല്‍ എപ്പോഴും അതു ശരിയാകണമെന്നില്ല. ജനകീയ (ജനപ്രിയവുമാകാം…) അരാജകത്വം പലപ്പോഴും അനിവാര്യമാകാം. ഇപ്പോള്‍ അത്തരമൊരവസ്ഥയാണോ എന്നാണ് പരിശോധിക്കേണ്ടത്.
പോലീസിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ സമരം നടത്തുമ്പോള്‍ മുഖ്യമന്ത്രി കെജ്രിവാള്‍ താന്‍ ഒരു അരാജകവാദിയാണെന്ന് പറഞ്ഞതിനെ ചുവടുപിടിച്ചാണ് രാഷ്ട്രപതിയുടെ ഒളിയമ്പ്. പൊതുജീവിതത്തിലെ കാപട്യം അഴിമതിപോലെ അപകടകരമാണ്, തെരഞ്ഞെടുപ്പുകള്‍ മിഥ്യാ വാഗ്ദാനങ്ങള്‍ നല്‍കരുത്, സമ്മതിദായകരുടെ വിശ്വാസം തേടുന്നവര്‍ സാധ്യമാകുന്ന കാര്യങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യാവൂ, സര്‍ക്കാര്‍ ഒരു കാരുണ്യ സ്ഥാപനമല്ല, പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങളെ മിഥ്യാധാരണയിലത്തെിക്കും, അത് അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ കോപത്തിന് കാരണമാകുമെന്നെല്ലാം അദ്ദേഹം കൂട്ടിചേര്‍ത്തു. നല്ലത്.
സെക്രട്ടേറിയറ്റിനെക്കാള്‍ കേജ്‌രിവാളിനും സംഘത്തിനും ഇണങ്ങുക തെരുവാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസും ബിജെപിയും പരിഹസിച്ചു. മുഖ്യമന്ത്രി ധര്‍ണ നടത്തിയാല്‍ ഭരിക്കുന്നത് ആരാണെന്നു കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ ഈ സമരവും ഭരണത്തിന്റെ ഭാഗം തന്നെയാണെന്ന് അവര്‍ മറക്കുന്നു. സമരവേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഫയല്‍ നോക്കുകയും ഒപ്പിടുകയും ചെയ്യുന്നുണ്ടായിരുന്നു.
തീര്‍ച്ചയായും കെജ്രിവാളിന്റെ മുഖ്യമുദ്രാവാക്യം അഴിമതി വിഷയമായിരുന്നു. അതേകുറിച്ച് രാഷ്ട്രപതി പറഞ്ഞതിങ്ങനെ. ജനാധിപത്യത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമാണ് അഴിമതി, അത് രാജ്യത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നാണ്. അതാണ് യഥാര്‍ത്ഥപ്രശ്‌നം. അനാവശ്യമായ വാഗ്ദാനങ്ങള്‍ നല്‍കി നടപ്പാക്കാതിരുന്നാല്‍ ജനം മറുപടി നല്‍കിക്കൊള്ളും. അതേകുറിച്ച് അധികം വേവലാതിപ്പെടേണ്ടതില്ല. വേവലാതി വേണ്ടത് അഴിമതിയെന്ന ജനാധിപത്യത്തിന്റെ അര്‍ബുദത്തെകുറിച്ചാണ്. ആ അര്‍ബുദം ജനാധിപത്യത്തിലെ മുഴുവന്‍ കോശങ്ങളേയും ബാധിച്ചു കഴിഞ്ഞു. അവിടെയാണ് അരാജകവാദത്തിന്റെ പ്രസക്തി. മുഖ്യമന്ത്രികസേരയില്‍ നിന്ന് തെരുവില്‍ വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയോ അര്‍ബുദമോ അല്ല. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേ ഉള്ളു. ജനലോക്പാല്‍ നിയമസഭക്കുപകരം അതിനായി പോരാട്ടം നടന്ന രാംലീല മൈതാനത്തില്‍ അവതരിപ്പിക്കുമെന്നാണ് രാഷ്ട്രപതിക്കുള്ള മറുപടിയെന്ന നിലയില്‍ കെജ്രിവാള്‍ പറഞ്ഞത്. തീര്‍ച്ചയായും ഈ അരാജകത്വം നല്ലതാണ്. നിയമസഭയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും തെരുവുകളിലും മൈതാനങ്ങളിലും അധികാരികള്‍ എത്തുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയ് ഉള്ളൂ.
ജനാധിപത്യത്തെ അടഞ്ഞ ഒരു അധ്യായമായി കാണുമ്പോഴാണ് ഇത്തരത്തില്‍ ചില അവസാന വാക്കുകളില്‍ എത്തുന്നത്. ജനാധിപത്യം അങ്ങനെയല്ല. അത് അനുദിനം മാറിക്കൊണ്ടിരിക്കുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്. അല്ലെങ്കില്‍ ആവണം. എല്ലാ ഭാഗത്തുനിന്നും കൊട്ടിയടക്കപ്പെടുകയും മതവിശ്വാസം പോലെയായിതീരുകയും ചെയ്ത കമ്യൂണിസ്റ്റ് ആശയങ്ങള്‍ പോലും ജനാധിപത്യത്തിലേക്ക് തിരിച്ചുവരുന്നത് നാം കണ്ടു. തീര്‍ച്ചയായും ജനാധിപത്യത്തെ ചൂഷകശക്തികളും ഉപയോഗിക്കുന്നുണ്ട്. അതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായി തീരും. ആ ദിശയിലാണ് കെജ്രിവാളിന്റെ ഇടപെടലുകളെ നോക്കികാണേണ്ടത്. ജനാധിപത്യത്തെ ‘മുതലാളിത്ത’ത്തിന്റെ കണ്ടുപിടിത്തമായിമാത്രം കാണുന്ന രീതി മാറണം.
മുമ്പ് സിപിഎം കേരളത്തില്‍ പ്രയോഗിച്ചിരുന്ന രീതിയാണ് സമരവും ഭരണവും ഒരുമിച്ച് കൊണ്ടുപോകുക എന്നത്. അതിന്റെ പേരില്‍ കേരളവും കേന്ദ്രവും നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അത് ജനാധിപത്യവ്യവസ്ഥയില്‍ അനിവാര്യമാണ്. ഫഎഡറല്‍ എന്നു വിശേഷിക്കപ്പെടുമ്പോഴും നമ്മുടെ ഭരണസംവിധാനം കേന്ദ്രീകൃതമാണെന്ന് ആര്‍ക്കാണറിയാത്തത്. അതിനെ ഫെഡറലാക്കിമാറ്റുന്ന സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. കെജ്രിവാളിന്റെ സമരത്തിനും ഇത്തരമൊരു സന്ദേശമുണ്ടെന്നു മറക്കരുത്. മന്ത്രിമാരുടെ നിര്‍ദേശം അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് മന്ത്രിമാര്‍ ധര്‍ണ്ണ നടത്തിയത്. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിസഭാംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിച്ചത്. അതായിരിക്കും പ്രണാബിനെ ഞെട്ടിച്ചത്. എന്നാല്‍ ആ ഞെട്ടല്‍ അനാവശ്യമാണ്.
ഇന്ത്യയില്‍ ഏറ്റവും അഴിമതിക്കാരായ പോലീസാണ് ഡെല്‍ഹിയിലേത്. അവിടത്തെ ജനങ്ങള്‍ ഇത് ദൈനംദിനം അനുഭവിക്കുന്നതാണ്. അതാണ് സമരത്തിന് വന്‍പിന്തുണ ലഭിച്ചത്. രാജ്യതലസ്ഥാനമായതിനാല്‍ ഡെല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നത് മനസ്സിലാക്കാം. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് ഒരു പഞ്ചായത്തിന്റെ വില പോലും പോലീസ് നല്‍കാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തും എന്നേ പറഞ്ഞിട്ടുള്ളതാണ്. അതും ഈ സമരത്തെ പ്രസക്തമാക്കി. അതുതിരിച്ചറിഞ്ഞാണ് കേന്ദ്രം ഇടപെട്ട് സമരം തീര്‍ത്തത്.
ജനാധിപത്യവ്യവസ്ഥയില്‍ ഭരണം പോലെ പ്രധാനമാണ് സമരവും. അത് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. അതാണ് കെജ്രിവാള്‍ തെളിയിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply