അമ്മക്കുമുന്നില്‍ ഒരോര്‍മ്മപ്പെടുത്തല്‍ – മലയാളിക്കുമുന്നിലും

മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. എപിജെ അബ്ുള്‍ കലാം, എംഎസ് സ്വാമിനാഥന്‍, നരേന്ദ്രമോഡി, ഉമ്മന്‍ ചാണ്ടി തുടങ്ങി പ്രമുഖരുടെ ഒരു വന്‍നിര പിറന്നാളാശംസകളുമായി എത്തുന്നു. ഈ സാഹചര്യത്തില്‍ ഒരോര്‍മ്മപ്പെടുത്തല്‍…. ഒരു പിതാവിന്റെ വേദന… ഇത് ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു. ‘ശാന്തിയുടെ നാടാണ് കേരളം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ കേരളം ദുഖം തന്ന പിതാവാണ് ഞാന്‍. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ എല്ലാ മലയാളികളുടേയും സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ ബുദ്ധന്റെ നാടായ ഗയയില്‍ നിന്നെത്തിയ ആ പിതാവ് […]

sat-205x120

മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. എപിജെ അബ്ുള്‍ കലാം, എംഎസ് സ്വാമിനാഥന്‍, നരേന്ദ്രമോഡി, ഉമ്മന്‍ ചാണ്ടി തുടങ്ങി പ്രമുഖരുടെ ഒരു വന്‍നിര പിറന്നാളാശംസകളുമായി എത്തുന്നു. ഈ സാഹചര്യത്തില്‍ ഒരോര്‍മ്മപ്പെടുത്തല്‍…. ഒരു പിതാവിന്റെ വേദന… ഇത് ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു.

‘ശാന്തിയുടെ നാടാണ് കേരളം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ കേരളം ദുഖം തന്ന പിതാവാണ് ഞാന്‍. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ എല്ലാ മലയാളികളുടേയും സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ ബുദ്ധന്റെ നാടായ ഗയയില്‍ നിന്നെത്തിയ ആ പിതാവ് തൊഴുകൈയോടെ, കണ്ണീരോടെയാണ് ഈ വാക്കുകള്‍ പറഞ്ഞൊപ്പിച്ചത്. തൃശൂരില്‍ നടന്ന മഴവില്‍ ചലചിത്രമേളയില്‍ പാശ്വവല്‍കൃതരുടെ ജീവിതത്തെ കുറിച്ചുള്ള മിനി കോണ്‍ഫ്രന്‍സിലായിരുന്നു എല്ലാവരേയും നൊമ്പരപ്പെടുത്തിയ ഈ ദൃശ്യം അരങ്ങേറിയത്.
2012 ആഗസ്റ്റ് 4ന് പൂജപ്പുര മാനസിക രോഗാശുപത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ വെച്ച് കൊല്ലപ്പെട്ട 24 കാരനായ സത്‌നാംസിംഗിന്റെ പിതാവ് ഹരീന്ദര്‍ കുമാര്‍ സിംഗായിരുന്നു മലയാളിക്കുമുന്നില്‍ തൊഴുകൈയോടെ നിന്നത്. സ്വാഭാവികമായും പലരുമോര്‍ത്തത് ദശകങ്ങളോളം നീതിക്കുവേണ്ടിയലഞ്ഞ് അവസാനം അതു ലഭിക്കാതെ മണ്‍മറഞ്ഞുപോയ മറ്റൊരു പിതാവിനെ. പ്രൊഫ ഈച്ചരവാരിയരെ. മരിച്ചിട്ടും തന്റെ മകനെ മഴയത്ത് നിര്‍ത്തിയത് എന്തിനാണെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ മലയാളിക്കായില്ല. അതായിരിക്കുമോ ഈ പിതാവിന്റേയും നിയോഗം?
മകന്റെ മരണത്തെകുറിച്ച് സിബിഐ അന്വേഷനം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനായിരുന്നു ഹരിന്ദര്‍ കുമാര്‍ സിംഗ് കേരളത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ മകനെപോലെതന്നെ സമാനമായ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നാരായണന്‍കുട്ടിയുടെ നാടായ കൊടുങ്ങല്ലൂരും നാരായണ ഗുരുകുലവും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. നോക്കാം എന്ന പതിവു മറുപടിയോടെ ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ യാത്രയാക്കുകയായിരുന്നു.
മെയ് 30നാണ് ഗയയിലെ ഷെര്‍ഹാട്ടിയില്‍നിന്ന് സത്‌നാംസിംഗിനെ കാണാതായത്. ജൂലായ് 31ന് ഇദ്ദേഹത്തെ വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ആഗസ്റ്റ് നാലിന് സത്‌നാംസിംഗ് മരിക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തില്‍ അക്രമം നടത്താന്‍ വന്ന തീവ്രവാദിയായിട്ടായിരുന്നു സത്‌നാംസിംഗിനെ ചിത്രീകരിച്ചത്. എന്നാല്‍ ആത്മീയശാന്തിക്കായി അലഞ്ഞ, അല്പസ്വല്പം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മിടുക്കനായ ചെറുപ്പക്കാരനായിരുന്നു സത്‌നാംസിംഗെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ‘പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍. ലക്‌നൗവില്‍ നിയമപഠനം നടത്തുമ്പോഴായിരുന്നു തുടക്കം. രണ്ടുവര്‍ഷം ഇനി താന്‍ പഠിക്കുന്നില്ല എന്നു പറഞ്ഞ് അവന്‍ ബേലൂര്‍ മഠത്തില്‍ പോയി. പിന്നീട് റിഖി ഫീഠത്തില്‍ ആത്മീയ പഠനത്തിനായി പോയി. എന്നാല്‍ സ്വസ്ഥത കിട്ടാതെ തിരിച്ചെത്തിയ അവനെ മെയ് 30 നു കാണാതാകുകയായിരുന്നു. അവന്‍ കേരളത്തില്‍ എത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഓഗസ്റ്റ് 1ന് കരുനാഗപ്പിള്ളി പോലീസ് സ്‌റ്റേഷനിന്‍ നിന്ന് മകന്‍ കസ്റ്റഡിയിലാണെന്ന് ഫോണ്‍ ലഭിക്കുകയായിരുന്നു. പിറ്റേന്നുതന്നെ തങ്ങള്‍ കേരളത്തിലെത്തിയെങ്കിലും ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. അവന്‍ ജീവിതത്തില്‍ ഇന്നോളം ഒരുറുമ്പിനെ പോലും കൊന്നിട്ടില്ല. അല്ല എന്ന് ഒരു സംഭവമെങ്കിലും കാണിച്ചുതന്നാല്‍ സംഭവിച്ചത് അതിനുള്ള ശിക്ഷയായി ഞങ്ങല്‍ കരുതാം. അല്ലെങ്കില്‍.. അല്ലെങ്കില്‍.’ ആ പിതാവിന്റെ തൊണ്ടയിടറി.
പോലീസ് കസ്റ്റഡിയില്‍ വെച്ച് വലിയച്ഛന്റെ മകന്‍ വിമല്‍ കിഷോര്‍ സത്‌നാംസിംഗിനെ കണ്ടിരുന്നു. സഹോദരനു മാനസിക പ്രശ്‌നമുണ്ടെന്നും ജാമ്യം നല്‍കണമെന്നും തങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാമെന്നും വിമല്‍ പോലീസിനോട് കേണപേക്ഷിച്ചു. എന്നാല്‍ പോലീസ് ആദ്യം ജയിലിലേക്കും പിന്നെ മാനസിക ആശുപത്രിയിലേക്കും അയക്കുകയാണ് ചെയ്തത്. രണ്ടിടത്തും സത്‌നാംസിംഗിനു മര്‍ദ്ദനമേറ്റതായി സൂചനയുണ്ട്.
വാസ്തവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ വരാന്‍ ഈ പിതാവിനു ധൈര്യമുണ്ടായിരുന്നില്ല. കേരളം അവര്‍ക്കൊരു പേടിസ്വപ്നമായി മാറിയിരുന്നു. അതിനിടയിലായിരുന്നു ഇവിടെനിന്നൊരു സംഘം ഗയയില്‍ സത്‌നാംസിംഗിന്റെ വീട്ടിലെത്തുന്നത്. ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കായി ജീവിതം മാറ്റിവെച്ച ദയാബായിയും കൊടുങ്ങല്ലൂരിലെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകരും. 24 വര്‍ഷം മുമ്പ് കൊടുങ്ങല്ലൂര്‍കാരനായിരുന്ന നാരായണന്‍കുട്ടി സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടും ഇന്നേവരെ ആ കേസ് തെളിയുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. നാരായണന്‍കുട്ടിയും ഒരു വലിയ മനുഷ്യസ്‌നേഹിയായിരുന്നു. കവി സച്ചിദാനന്ദനടക്കമുള്ളവരുടെ സുഹൃത്ത്. ലോകത്തെ ഏതു ഫിലോസഫറും അവരുടെ ഫിലോസഫിയും മനപാഠം. വായനയും ചര്‍ച്ചകളുമായിരുന്നു ജീവിതം. സ്വാഭാവികമായും നാരായണന്‍കുട്ടിയും അസ്വസ്ഥനായിരുന്നു. ശാന്തി തേടിയായിരുന്നു അയാളും സ്വന്തം നാട്ടുകാരി കൂടിയായ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിയത്. മരണത്തോടെ ആ അന്വേഷണം അവസാനിക്കുകയായിരുന്നു. നാരായണന്‍കുട്ടി മരിച്ച വര്‍ഷമായിരുന്നു സത്‌നാംസിംഗ് ജനിച്ചത്. ഈ സമാനതകളാണ് കൊടുങ്ങല്ലൂര്‍കാരെ സത്‌നാംസിംഗിന്റെ വസതിയില്‍ എത്തിച്ചത്. അന്നവിടെ കൂടിയിരുന്നു മുഴുവന്‍ ഗ്രാമവാസികള്‍ക്കും മുന്നില്‍ തൊഴുകൈയോടെ മാപ്പുചോദിച്ച ദയാബായിയും കൂട്ടരും പത്രസമ്മേളനം നടത്തുകയും ഇക്കാര്യത്തില്‍ നിയമയുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ ക്ഷണപ്രകാരമായിരുന്നു ഹരിന്ദര്‍ കുമാര്‍ സിംഗ് കേരളത്തില്‍ എത്തിയത്. ദയാബായിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും മറ്റും അദ്ദേഹം സന്ദര്‍ശിച്ചത്.
സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലാണ് സത്‌നാംസിംഗിന്റെ കുടുംബം. വായനയും ചര്‍ച്ചകളുമായി വലിയൊരു സുഹൃത് വലയം അയാള്‍ക്കുണ്ടായിരുന്നു. കൂട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നല്ല ഓര്‍മ്മകള്‍ മാത്രം. എങ്കിലും സത്‌നാംസിംഗ് അസ്വസ്ഥനായിരുന്നു എന്നും അവര്‍ പറയുന്നു. പണ്ടൊരു ബുദ്ധന്‍ വീടുവിട്ടിറങ്ങിയപോലെതന്നെയായിരുന്നു സത്‌നാംസിംഗും ഇറങ്ങിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തീവണ്ടിയാത്രകള്‍. റിഖി പീഠത്തിലെ സ്വാമി സച്ചിദാനന്ദ സരസ്വതികള്‍ സത്‌നാംസിംഗിന്റെ പ്രതിഭ കണ്ട് മാതാപിതാക്കളെ വിളിച്ചുവരുത്തി മകന്റെ ആത്മീയ യാത്ര തടയരുതെന്ന് ഉപദേശിച്ചിരുന്നു. പഠിപ്പ് കളഞ്ഞ് ശാന്തി തേടിയലയുന്ന മകനെയോര്‍ത്ത് വിഷമമുണ്ടെങ്കിലും ഉള്ളിലെവിടേയോ അഭിമാനവുമുണ്ടായിരുന്നു എന്ന് ഹരിന്ദര്‍ കുമാര്‍ സിംഗ് പറയുന്നു. എന്നാല്‍ എല്ലാം പോയി. ഇനി നീതിയെങ്കിലും. അതിനായി ഏതറ്റംവരെ പോകാനും ഈ പിതാവ് തയ്യാര്‍. കൂടെ നാം നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം? മറുപടി പറയേണ്ടത് ഉമ്മന്‍ ചാണ്ടിയും വിഎസും മാത്രമല്ല.
പാര്‍ശ്വവല്‍കൃതരുടെ ശബ്ദങ്ങള്‍ ഉയര്‍ന്ന മിനി കോണ്‍ഫ്രന്‍സിലായിരുന്നു ആ പിതാവ് വിങ്ങിപൊട്ടിയത്. സത്യം തേടിയലയുന്ന പ്രതിഭകള്‍ എന്നും നമുക്ക് പാര്‍ശ്വവല്‍കൃതരായിരുന്നു. അസ്വസ്ഥമായ മനസ്സിനെ വായിക്കാന്‍ നമ്മുടെ സാക്ഷരത മാത്രം പോര. സത്‌നാംസിംഗും നാരായണന്‍കുട്ടിയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ മലയാളിക്കു മറുപടിയുണ്ടോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അമ്മക്കുമുന്നില്‍ ഒരോര്‍മ്മപ്പെടുത്തല്‍ – മലയാളിക്കുമുന്നിലും

  1. രാജനും നാരായണന്‍ കുട്ടിയും ഇപ്പോഴും മഴയത്ത് തന്നെയാനെന്നത് ഉയര്‍ത്തുന്ന വേദന തന്നെയാണ് ഇതും. ആള്‍ ദൈവങ്ങളും മറ്റെല്ലാ അധികാര കേന്ദ്രങ്ങളും തോളോട് തോള്‍ ചേരുന്നു ഈ ചെറുപ്പക്കാരുടെ അന്ത്യത്തില്‍. ഈ പിതാവിനോട് ഐക്യ ദാര്ട്യം പ്രഖ്യാപിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട് നമുക്ക്.

Leave a Reply