ഒബാമ നോബല്‍ സമ്മാനം തിരിച്ചു നല്‍കുക

സിറിയയെ അക്രമിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആദ്യം ചെയ്യേണ്ടത് 2009ല്‍ തനിക്കു ലഭിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം തിരിച്ചു നല്‍കുകയാണ്. ജോര്‍ജ്ജ് ബുഷല്ല ഒബാമ എന്നു വിശ്വസിച്ച ലോകത്തെ കോടിക്കണക്കിനു സമാധാനവാദികളുടെ നെഞ്ചിലേക്കുകൂടിയാണ് മിസൈലയക്കാന്‍ ഒബാമ തയ്യാറെടുക്കുന്നത്. സിറിയ ഒരു പരമാധികാര രാഷ്ട്രമാണ്. അവിടത്തെ പ്രശ്‌നങ്ങള്‍ രൂക്ഷം തന്നെ. ഭരണകൂടത്താലോ വിമതരാലോ കൊല ചെയ്യപ്പെടാവുന്ന അവസ്ഥയിലാണ് ജനങ്ങള്‍. മൂന്നാമതൊരു ശക്തി അവിടെ ഇടപെടണമെന്നതു ആവശ്യമായിരിക്കാം. അതുപക്ഷെ ഐക്യരാഷ്ട്രസഭക്കു മാത്രമേ കഴിയൂ. ഐക്യരാഷ്ട്രസഭ അമേരിക്കയുടെ കയ്യിലെ ആയുധമാണെന്ന […]

President_Barack_Obama_with_the_Nobel_Prize_medal_and_diploma

സിറിയയെ അക്രമിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആദ്യം ചെയ്യേണ്ടത് 2009ല്‍ തനിക്കു ലഭിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാനം തിരിച്ചു നല്‍കുകയാണ്. ജോര്‍ജ്ജ് ബുഷല്ല ഒബാമ എന്നു വിശ്വസിച്ച ലോകത്തെ കോടിക്കണക്കിനു സമാധാനവാദികളുടെ നെഞ്ചിലേക്കുകൂടിയാണ് മിസൈലയക്കാന്‍ ഒബാമ തയ്യാറെടുക്കുന്നത്.
സിറിയ ഒരു പരമാധികാര രാഷ്ട്രമാണ്. അവിടത്തെ പ്രശ്‌നങ്ങള്‍ രൂക്ഷം തന്നെ. ഭരണകൂടത്താലോ വിമതരാലോ കൊല ചെയ്യപ്പെടാവുന്ന അവസ്ഥയിലാണ് ജനങ്ങള്‍. മൂന്നാമതൊരു ശക്തി അവിടെ ഇടപെടണമെന്നതു ആവശ്യമായിരിക്കാം. അതുപക്ഷെ ഐക്യരാഷ്ട്രസഭക്കു മാത്രമേ കഴിയൂ. ഐക്യരാഷ്ട്രസഭ അമേരിക്കയുടെ കയ്യിലെ ആയുധമാണെന്ന വിമര്‍ശനമുണ്ടെങ്കിലും മിനിമം ചില ജനാധിപത്യ മര്യാദകള്‍ അവിടെ പാലിക്കേണ്ടിവരും. യുഎന്നിന്റെ അനുമതി ലഭിക്കില്ലെന്നുറപ്പായതിനാലാണ് ഒബാമ അതിനു ശ്രമിക്കാതെ ലോകപോലീസാകാന്‍ സ്വയം തയ്യാറാകുന്നത്. അതിനായി അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതിയാണ് അദ്ദേഹം തേടുന്നത്. റഷ്യയും ചൈനയുമടക്കമുള്ള രാഷ്ട്രങ്ങള്‍ എതിരായതിനാലാണ് യുഎന്നിന്റെ അഭിപ്രായം പോലും ഒബാമ പരിഗണിക്കാത്തത്.
സിറിയയില്‍ നടന്ന രാസായുധ പ്രയോഗമാണ് യുദ്ധത്തിനു കാരണമെന്ന ഒബാമയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇറാക്കിനെ അക്രമിക്കുന്നതിനു മുമ്പ് ബുഷ് പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഓര്‍മ്മ വരുന്നത്. അതെല്ലാം പച്ചക്കളളമായിരുന്നു എന്ന് പിന്നീട് തെളിയുകയുമുണ്ടായി. പശ്ചിമേഷ്യയിലെ ആധിപത്യം തന്നെയാണ് ഈ ലോകപോലീസ് ചമയലിന്റെ പുറകിലെന്നത് വ്യക്തം. അഫ്ഗാനില്‍ നിന്നും ഇറാക്കില്‍ നിന്നുമൊക്കെ സൈന്യത്തെ പിന്‍വലിക്കുമെന്നു പറഞ്ഞ ഒബാമയാണ് അക്രമണത്തിനു നേതൃത്വം നല്‍കുന്നതെന്നതുമാത്രമാണ് വ്യത്യസ്തത.
ലോകപോലീസ് എന്ന അധികാരം ഒരു രാജ്യത്തിനും ആരും ചാര്‍ത്തി കൊടുത്തിട്ടില്ല. ഐക്യരാഷ്ട്രസഭ പോലും ഒരു ലോകഗവണ്‌മെന്റല്ല.
സിറിയന്‍ സര്‍ക്കാര്‍ അടുത്തയിടെ രാസായുധം ഉപയോഗിച്ച് കുഞ്ഞുങ്ങളടക്കം ആയിരകണക്കിനുപേരെ വധിച്ച സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു തരത്തിലും ന്യായീകരിക്കാനാത്ത നടപടിയാണതെന്ന് സംശയമില്ല. സംഭവത്തെ കുറിച്ച് ഐക്യരാഷ്ട്രസഭ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സിറിയയെ അക്രമിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്.
രാസായുധപ്രയോഗത്തിന്റെ പേരിലാണല്ലോ അക്രമണനീക്കം. എന്നാല്‍ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ രാസായുധ പദ്ധതിയെ അമേരിക്കന്‍ ഭരണകൂടം പിന്തുണച്ചിരുന്നു എന്നതിന്റെ വാര്‍ത്ത അടുത്തയിടെ പുറത്തുവന്നിരുന്നു. ഇറാനുമായുള്ള യുദ്ധത്തിനിടെ ഇറാഖിന്റെ രാസായുധ പ്രയോഗത്തില്‍ 20,000 സൈനികരാണു കൊല്ലപ്പെട്ടിരുന്നു. ഒരു ലക്ഷത്തോളം പേര്‍ രോഗികളായി. രാസായുധ പ്രയോഗത്തെക്കുറിച്ച് ഉപഗ്രഹചിത്രങ്ങടക്കമുള്ള തെളിവുകള്‍ അമേരിക്കയ്ക്കു ലഭിച്ചിരുന്നു. സി.ഐ.എ. ഡയറക്ടറായിരുന്ന വില്യം ജെ. കാസേ രാസായുധം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ഇവ അമേരിക്കന്‍ ഭരണകൂടം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഫോറിന്‍ പോളിസി മാസികയാണു കഴിഞ്ഞ ദിവസം ഈ വിവരം പുറത്തുവിട്ടത്.
ലോകം ഇന്നോളം കണ്ട ഏറ്റവും ഭീകരമായ രാഷ്ട്രം അമേരിക്കയാണെന്നതില്‍ ആര്‍ക്കാണ് സംശയമുള്ളത്? ഭീകര സംഘടനകള്‍ ലോകത്ത് പലയിടത്തും അക്രമണങ്ങള്‍ നടത്തുന്നുണ്ട്. അതിനെ ചില രാഷ്ട്രങ്ങള്‍ പിന്തുണക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ ഒരു രാഷ്ട്രം തന്നെ ഭീകരരാഷ്ട്രമായി മാറുന്നതിന്റെ ഉദാഹരണമാണ് യുഎസ്. രാജ്യത്തിനകത്ത് ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും ഉണ്ടെന്നു പറയുമ്പോള്‍ മറ്റു രാഷ്ട്രങ്ങളോട് അവരുടെ സമീപനം ജനാധിപത്യവിരുദ്ധമാണ്. ലോകം ഒരിക്കലും മറക്കാത്ത ഹിരോഷിമ – നാഗസാക്കി മുതല്‍ എത്രയോ കൂട്ടക്കൊലകള്‍. ജനാധിപത്യം കയറ്റി അയക്കാനെന്ന പേരില്‍ ജനാധിപത്യ വിരുദ്ധമായി എത്രയോ രാഷ്ട്രങ്ങളെ അക്രമിച്ചു. വിയറ്റ്‌നാമും ഇറാഖുമൊക്കെ കുടൂതല്‍ ഉദ്ധരിക്കപ്പെടാറുണ്ടെന്നുമാത്രം. ലോകം മുഴുവന്‍ എത്രയോ ബോംബുകള്‍, മൈനുകള്‍. എത്രയോ സര്‍ക്കാരുകളെ പുറത്താക്കി. നിരവധി പാവഗവണ്‍മെന്റുകളെ സ്ഥാപിച്ചു. എത്രയോ രാഷ്ട്രത്തലവന്മാര്‍ക്ക് വധശിക്ഷ നല്‍കാന്‍ കൂട്ടുനിന്നു. ലോകത്തെങ്ങും ആയുധം കയറ്റി അയച്ച് അയല്‍ രാഷ്ട്രങ്ങളെ തമ്മിലടിപ്പിക്കുന്നു. ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രത്തെ എന്നും സംരക്ഷിക്കുന്നു.
മറുവശത്ത് മത്സരിച്ച് കമ്യൂണിസം കയറ്റുമതി ചെയ്തിരുന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ലോകം മുഴുവന്‍ അമേരിക്കയുടെ കൈപ്പിടിയിലായി. പിന്നെ ആഗോളീകരണത്തിന്റെ കാലമായി. അതിനിടയിലാണ് ചില മുസ്ലിം രാഷ്ട്രങ്ങളും ഭീകര സംഘടനങ്ങളും രംഗത്തെത്തുന്നത്. അതോടെ എതു രാഷ്ട്രത്തേയും അക്രമിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്ന് അമേരിക്ക സ്വയം തീരുമാനിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭ പൂര്‍ണ്ണമായും നോക്കുകുത്തിയായി. അതിനിടയിലുണ്ടാ സെപ്തംബര്‍ 11 കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇസ്ലാമോ ഫോബിയയുടെ പേരു പറഞ്ഞ് എന്തും ചെയ്യുന്ന ഭീകരരാഷ്ട്രമായി യുഎസ് മാറി. അതിനിടയിലാണ് ഒബാമയുടെ രംഗപ്രവേശം. അതോടെ അമേരിക്കയുടെ കടന്നാക്രമണ നയങ്ങളില്‍ മാറ്റമുണ്ടാകുമെന്ന ധാരണയുണഅടായി. അതാണിവിടെ തകരുന്നത്.
അതിനിടെ പലരും പറയുന്ന ഒരു കാര്യമുണ്ട്. അമേരിക്കയുടെ അക്രമണങ്ങള്‍ക്കെതിരെ ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത് അവിടെ തന്നെയാണ് എന്നതാണത്. ശുദ്ധ അസംബന്ധമാണത്. തങ്ങളുടെ ബന്ധുക്കളായ പട്ടാളക്കാര്‍ മറ്റു രാഷ്ട്രങ്ങളില്‍ പോയി പാടുപെടുമ്പോളും കൊല്ലപ്പെടുമ്പോഴും അവരുടെ ബന്ധുക്കള്‍ രംഗത്തിറങ്ങാറുണ്ട്. അത്രമാത്രം. അല്ലാതെ ഇന്നോളം സര്‍ക്കാരിന്റെ ഏതെങ്കിലും അധിനിവേശത്തെ തടയാന്‍ അവിടത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ല.
ഈ സാഹചര്യത്തില്‍ സിറിയയെ അക്രമിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ ചെറുക്കേണ്ടത് ഏതു ജനാധിപത്യ വിശ്വാസിയുടേയും കടമയാണ്. അതോടൊപ്പം രാഷ്ട്രങ്ങള്‍ തമ്മിലുള്ള ജനാധിപത്യത്തിനായി നില കൊള്ളണം. ഏതു ചെറിയ രാജ്യമായാലും വലിയ രാജ്യമായാലും ശക്തനായാലും ദുര്‍ബ്ബലനായാലും അണ്വായുധമുള്ളവരായാലും ഇല്ലാത്തവരായാലും തുല്ല്യരാകണം. ആ തുല്ല്യതയില്‍ മറ്റു പരിഗണനകള്‍ക്ക് സ്ഥാനമില്ല. അതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. അതിനായി ആദ്യം ചെയ്യേണ്ടത് മറ്റു രാഷ്ട്രങ്ങളിലേക്ക് സൈന്യത്തെ അയക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നംഗീകരിക്കലാണ്. ആരും ലോകപ്പോലീസല്ല. അതോടൊപ്പം ഐക്യരാഷ്ട്രസഭയിലെ വീറ്റോ പവ്വര്‍ എടുത്തുകളയണം. എല്ലാവര്‍ക്കും തുല്ല്യവോട്ട് മാത്രമാകണം. ആ ദിശയില്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് ഒബാമ നോബല്‍ സമ്മാനം തിരിച്ചു നല്‍കണമെന്ന ആവശ്യം പ്രസക്തമാകുന്നത്. അല്ലെങ്കില്‍ സമാധാനത്തിനു ഗാന്ധിക്കു ലഭിക്കാത്ത സമ്മാനമല്ലേ, അത് ഒബാമ തന്നെ കൈവശം വെച്ചോട്ടെ എന്നുവെക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply