അന്ധവിശ്വാസ – അനാചാര നിരോധന നിയമം വേണം

യു കലാനാഥന്‍ സ്വന്തം ഭക്തരെ പോലും കൊലക്കുകൊടുക്കാന്‍ മടിയില്ലാത്ത ആള്‍ദൈവങ്ങളെ നിലക്കുനിര്‍ത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറുണ്ടോ? എങ്കില്‍ മഹാരാഷ്ട്രമോഡല്‍ അന്ധവിശ്വാസ – അനാചാര നിരോധന നിയമം ഇന്ത്യ മുഴുവന്‍ നടപ്പാക്കണം. കേരളത്തിലും സമാനമായ അവസ്ഥതന്നെയാണ് നിലനില്ക്കുന്നത്. ഇവിടെ മന്ത്രവാദകൊലകള്‍ അരങ്ങേറിയപ്പോള്‍ എഴുതിയ ലേഖനം വീണ്ടും വായിക്കാന്‍ ……. ആധുനികകേരളത്തിനു അപമാനകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ട അവസ്ഥയിലായിരിക്കുന്നു മലയാളി. സാക്ഷരതിയില്‍ ഒന്നാമതെന്നു അവകാശപ്പെടുന്ന കേരളത്തില്‍ ആള്‍ദൈവങ്ങളും മന്ത്രവാദികളുമാണ് അരങ്ങുതകര്‍ക്കുന്നത്. ഇതിനെതിരെ നിലപാടെടുക്കേണ്ട സര്‍ക്കാരാകട്ടെ അവരുടെ സംരക്ഷകരാണ്. […]

rrrയു കലാനാഥന്‍

സ്വന്തം ഭക്തരെ പോലും കൊലക്കുകൊടുക്കാന്‍ മടിയില്ലാത്ത ആള്‍ദൈവങ്ങളെ നിലക്കുനിര്‍ത്താന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറുണ്ടോ? എങ്കില്‍ മഹാരാഷ്ട്രമോഡല്‍ അന്ധവിശ്വാസ – അനാചാര നിരോധന നിയമം ഇന്ത്യ മുഴുവന്‍ നടപ്പാക്കണം. കേരളത്തിലും സമാനമായ അവസ്ഥതന്നെയാണ് നിലനില്ക്കുന്നത്. ഇവിടെ മന്ത്രവാദകൊലകള്‍ അരങ്ങേറിയപ്പോള്‍ എഴുതിയ ലേഖനം വീണ്ടും വായിക്കാന്‍ …….

ആധുനികകേരളത്തിനു അപമാനകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ട അവസ്ഥയിലായിരിക്കുന്നു മലയാളി. സാക്ഷരതിയില്‍ ഒന്നാമതെന്നു അവകാശപ്പെടുന്ന കേരളത്തില്‍ ആള്‍ദൈവങ്ങളും മന്ത്രവാദികളുമാണ് അരങ്ങുതകര്‍ക്കുന്നത്. ഇതിനെതിരെ നിലപാടെടുക്കേണ്ട സര്‍ക്കാരാകട്ടെ അവരുടെ സംരക്ഷകരാണ്. വര്‍ഷങ്ങള്‍ക്കുമുമ്പെ ആവശ്യപ്പെട്ടിട്ടും, മഹാരാഷ്ട്രസര്‍ക്കാര്‍ നടപ്പാക്കിയതുപോലെ ഒരു അന്ധവിശ്വാസ – അനാചാര നിരോധന നിയമം പാസ്സാക്കാന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അക്കാര്യം പരിഗണിക്കാമെന്ന് ഇപ്പോള്‍ ചെന്നിത്തല പറയുന്നത് ആത്മാര്‍ത്ഥമായാണങ്കില്‍ നന്ന്.
കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടിയെ മന്ത്രവാദി മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ പീഡിപ്പിച്ചു കൊന്ന സംഭവമാണ് ഈ നിരയില്‍ അവസാനത്തേത്. മാനസികപ്രശ്‌നത്തിന്റെ പേരിലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. പതിവുപോലെ മന്ത്രവാദി അതിനെ പ്രേതബാധയായി വ്യാഖ്യാനിക്കുകയായിരുന്നു. മാനസികരോഗങ്ങള്‍ക്ക് മനശാസ്ത്രജ്ഞരെയാണ് കാണിക്കേണ്ടതെന്ന പ്രാഥമിക വിജ്ഞാനം പോലും മലയാളികള്‍ക്കില്ലാത്ത അവസ്ഥ എത്രയോ ദയനീയമാണ്. ജനങ്ങളില്‍ ശാസ്ത്രീയബോധം വളര്‍ത്താന്‍ ഭരണഘടനാപരമായി ബാധ്യസ്ഥരായ സര്‍ക്കാര്‍ അതിനു ശ്രമിക്കുന്നില്ല. ഒരു സൈക്യാര്‍ട്ടിസ്റ്റിനെ കണ്ട് ചികിത്സിക്കുക എന്നത് പാവപ്പെട്ടവര്‍ക്ക് ആലോചിക്കാന്‍ പോലുമാകാത്ത അവസ്ഥയുമാണ്. താലൂക്ക് തലത്തില്‍ എല്ലാ ആശുപത്രിയിലും സൈക്യാര്‍ടിസ്റ്റിനെ നിയമിക്കാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിക്കേണ്ടത്. എങ്കില്‍ ഈ അവസ്ഥക്ക് നേരിയ കുറവെങ്കിലുമുണ്ടാകും.
ശാസ്ത്രീയബോധവും സാസ്‌കാരികബോധവുമുള്ള നേതാക്കളുടെ അഭാവമാണ് കേരളംനേരിടുന്ന പ്രധാന പ്രശ്‌നം. പലപ്പോഴുമവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. കരുനാഗപ്പള്ളിയിലെ സംഭവം തന്നെ നോക്കുക. സിറാജുദ്ദീന്‍ എന്ന മുസലിയാറാണ് ഇവിടെ പ്രതി. ഇത്തരം മന്ത്രവാദികളേയും മന്ത്രവാദത്തേയും പൂര്‍ണ്ണമായി തള്ളിപ്പറയാന്‍ മുസ്ലിംനേതാക്കളോ മതമേലധ്യക്ഷന്മാരോ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ഒരര്‍ത്ഥത്തില്‍ മതം തന്നെ ഇതിനെ പിന്തുണക്കുന്നു എന്നു സംശയിക്കേണ്ടിവരും. കാരണം ഖുറാനില്‍ എത്രയോ സ്ഥലത്ത് ജിന്നുകളെ പറ്റി പറയുന്നു. പിന്നെ സാധാരണ മതവിശ്വാസികള്‍ ഇത്തരം വഴിയിലൂടെ പോകുന്നതില്‍ കുറ്റം പറയാനാകുമോ? സമുദായ – രാഷ്ട്രീയ നേതാക്കളാണ് ഇതിനു മറുപടി പറയേണ്ടത്.
ശാസ്ത്രീയബോധം സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പലപ്പോഴും തങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയ ന്യായീകരണം കണ്ടെത്താനാണ് പല മതമേലധ്യക്ഷന്മാരും ശ്രമിക്കാറുള്ളത് എന്നു കാണാം. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ പെടാപാടുപെടുന്നതു കാണുമ്പോള്‍ ചിരിവരും.
കരുനാഗപ്പള്ളിയില്‍ മാത്രം 35ഓളം മുസ്ലിം മന്ത്രവാദികള്‍ ഉണ്ടത്രെ. എങ്കില്‍ ഹിന്ദുമന്ത്രവാദികളുടെ എണ്ണം 350 ആയിരിക്കും. കാരണം കേരളം ഏറ്റവും വലിയ ആള്‍ദൈവത്തിന്റെ നാടാണല്ലോ അത്. മതദര്‍ശനത്തിന്റെ പേരില്‍ അവിടെ നടക്കുന്നതെന്താണെന്ന് ഗെയില്‍ നമുക്കു പറഞ്ഞുതന്നല്ലോ. കരുനാഗപ്പള്ളിയിലെ കണക്കു ശരിയാണെങ്കില്‍ പതിനായിരകണക്കിനു മന്ത്രവാദികളും ആള്‍ദൈവങ്ങളും കേരളത്തിലുണ്ടെന്ന് ഉറപ്പിക്കാം. 2008ല്‍ ഈ വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് യുക്തിവാദിസംഘം വ്യാപകമായ രീതിയില്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ വി എസ് സര്‍ക്കാര്‍  കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സന്തോഷ് മാധവനും മറ്റും അകത്തായി. എന്നാല്‍ പിന്നീട് കാര്യമായൊന്നും സംഭവിച്ചില്ല. അതിന്റെ കാരണം വ്യക്തമാണ്. ഇവരെല്ലാം വോട്ടുബാങ്കുകളാണെന്ന ധാരണയാണ് ഇടതുപക്ഷമടക്കം നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കുള്ളത്.
ഇന്ന് ഹിന്ദു – മുസ്ലിം – കൃസ്ത്യന്‍ മതവിശ്വാസങ്ങളെ മുതലെടുത്ത് അന്ധവിശ്വാസ കച്ചവടം നടത്തുന്നവരുടെ നാടായി കേരളം മാറുകയാണ്. യജ്ഞ യാഗാദികളും മൃഗബലികളുമെല്ലാം തിരിച്ചുവരുന്നു. മലപ്പുറത്ത് ചേളാരിയിലെ കളിയാട്ടുകാവില്‍ ഉത്സവത്തിന്റെ ഭാഗമായി 2000 കോഴികളെയാണ് ബലി കൊടുത്തത്. ഞങ്ങള്‍ ഇടപെട്ടതിനെ തുടര്‍ന്ന് കോടതി അതു നിരോധിക്കുകയും പോലീസിനെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊക്കെ ഇവര്‍ക്ക് പുല്ലുവിലയാണ്. നാളെ ചിലപ്പോള്‍ കേരളത്തില്‍ നരബലിയും നടക്കാം. എന്നാലും മതമേലധ്യക്ഷന്മാര്‍ രംഗത്തുവരില്ല. കാരണം എല്ലാ മതഗ്രന്ഥങ്ങളും ബലിയെ ഉദാത്തവല്‍ക്കരിക്കുന്നുണ്ടല്ലോ. മതമേലധ്യക്ഷന്മാരെ പിണക്കാന്‍ രാഷ്ട്രീയനേതാക്കളും തയ്യാറാകില്ല.
വാസ്തവത്തില്‍ ഈ ആള്‍ദൈവങ്ങളോ മന്ത്രവാദികളോ എന്തെങ്കിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? അടുത്തയിടെ ഉണ്ടായ ഒരു സംഭവമിങ്ങനെ. അടുത്തയിടെ സനല്‍ ഇടമറുക് ഇക്കാര്യത്തില്‍ ഒരു മന്ത്രവാദിയെ വെല്ലുവിളിച്ചിരുന്നു. തന്റെ മന്ത്രവാദം കൊണ്ട് മൂന്നുമിനി്ട്ടുകൊണ്ട് സനലിനെ വധിക്കുമെന്ന് മന്ത്രവാദിയും വെല്ലുവിളിച്ചു. വെല്ലുവിളി സനല്‍ സ്വീകരിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. മന്ത്രവാദി തോല്‍വി സമ്മതിച്ചു. ഇതാണ് പച്ചയായ യാഥാര്‍
ത്ഥ്യം. എന്നിട്ടും നാമവര്‍ക്കു  പിന്നിലാണ്.
മലയാളിയെ ഇത്തരത്തില്‍ ചളിക്കുണ്ടില്‍ തള്ളുന്നതില്‍ മതമേലധ്യക്ഷരുടേയും നേതാക്കളുടേയും പങ്കിനെ പറ്റി പറഞ്ഞു. ഒപ്പം തന്നെ പ്രധാനമാണ് മാധ്യമങ്ങളുടെ നിലപാടും. ഒരുവശത്ത് ഇത്തരം വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതായി അവര്‍ അവകാശപ്പെടുന്നു. അതേസമയം അമൃതമഠവുമായി ബന്ധപ്പെട്ട വാര്‍ത്തകളടക്കം പലതുമവര്‍ മറച്ചുവെക്കുന്നു. അതിനേക്കാള്‍ പ്രധാനം പണത്തിനു വേണ്ടി മാധ്യമങ്ങള്‍ ചെയ്യുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളാണ്. നമ്മുടെ പത്രങ്ങളിലും ചാനലുകളിലും വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കുക. സ്വയംവരയന്ത്രം, ധനാഗമനയന്ത്രം, മാന്ത്രിക ഏലസ്സുകള്‍, നവരത്‌നമോതിരങ്ങള്‍, വലംപിരിശംഖ്, ചാത്തന്‍ സേവ, മഷിനോട്ടം, ഭാവി പ്രവചനം എന്നിങ്ങനെ പോകുന്നു അവയിലെ പരസ്യങ്ങള്‍. മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കുമ്പോഴും ജനങ്ങളെ സാസ്‌കാരിക അധപതനത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിരോധിക്കേണ്ടതല്ലേ?
എന്താണ് ഇപ്പോള്‍ നാം ചെയ്യേണ്ടത്? തീര്‍ച്ചയായും അടിയന്തിരമായി ചെയ്യേണ്ട ഒരു മാതൃക നമുക്ക് മുന്നിലുണ്ട്. മഹാരാഷ്ട്രയിലേതാണത്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയതിന് അടുത്തയിടെ വെടിയേറ്റുമരിച്ച ദബോല്‍ക്കര്‍  2007ല്‍ തന്നെ അന്ധവിശ്വാസ – അനാചാര നിരോധന ബില്ലിന്റെ കരടുരൂപമുണ്ടാക്കി സര്‍ക്കാരിനു നല്‍കിയിരുന്നു. അതുപക്ഷെ നടപ്പാക്കാന്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വേണ്ടിവന്നു. എന്നാലും വളരെ പുരോഗമനപരമായ നിയമമാണത്. 2007ല്‍ തന്നെ ഞങ്ങള്‍ ആ ബില്ലിന്റെ കരടുരൂപം മലയാളത്തില്‍ തര്‍ജ്ജമചെയ്ത് വി എസ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും ഇതുവരെ അതൊന്നു മറച്ചുനോക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യം പരിഗണിക്കുമെന്നാണ് ഇന്നലെ ചെന്നിത്തല പറഞ്ഞത്. നടപ്പാക്കിയാല്‍ അതൊരു ഗുണകരമായ തുടക്കമായിരിക്കും എന്നു സംശയമില്ല. കൂടാതെ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ മനോരോഗ ചികിത്സകരുടെ സേവനം കൂടുതല്‍ ലഭ്യമാക്കണം.
ജനങ്ങളില്‍ ശാസ്ത്രീയബോധം വളര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് നമ്മുടെ  ഭരണഘടനയില്‍ തന്നെ പറയുന്നുണ്ട്. ആ കടമ നിറവേറ്റിയാല്‍തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. അതിനായി ജനകീയ സംവാദങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെന്ന് സാസ്‌കാരിക പ്രവര്‍ത്തകരുടെ കടമ. ആ സംവാദങ്ങളില്‍ നേതാക്കളേയും മതമേലധ്യക്ഷന്മാരേയും യുക്തിവാദികളേയുമെല്ലാം പങ്കെടുപ്പിക്കണം. അങ്ങനെ മതനിരപേക്ഷമായ ജനാധിപത്യസംസ്‌കാരം വളര്‍ത്തിയെടുക്കാനായിലിലെങ്കില്‍ നമ്മുടെ പോക്ക് ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കായിരിക്കും എന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply