അനുരാഗം അപരാധമല്ല:

ഐ.പി.സി 377 ന് എതിരായ ജനകീയ സമിതി സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമാണെന്ന 2013 ഡിസംബര്‍ 11ലെ സുപ്രീംകോടതി വിധിയില്‍ തങ്ങള്‍ക്കുണ്ടായ ആകസ്മികാഘാതം കേരളത്തിലെ വിവിധ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും ലൈംഗികത പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനകീയസമര കൂട്ടായ്മകളും സാഹിത്യസാംസ്‌കാരിക വ്യക്തിത്വങ്ങളും ഇവിടെ രേഖപ്പെടുത്തുന്നു. കോടതിവിധി ബുദ്ധിശൂന്യവും ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളോട് സഹിഷ്ണുതയോ സ്വീകാര്യതയോ പുലര്‍ത്താത്തതും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മനുഷ്യാവകാശ തത്വങ്ങളെ ഉല്ലംഘിക്കുന്നതുമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സ്വവര്‍ഗ്ഗ ലൈംഗികത ഉള്‍പ്പെടെയുള്ള ലൈംഗികചര്യകള്‍ പ്രകൃതിവിരുദ്ധമാണെന്ന് […]

images

ഐ.പി.സി 377 ന് എതിരായ ജനകീയ സമിതി

സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമാണെന്ന 2013 ഡിസംബര്‍ 11ലെ സുപ്രീംകോടതി വിധിയില്‍ തങ്ങള്‍ക്കുണ്ടായ ആകസ്മികാഘാതം കേരളത്തിലെ വിവിധ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും ലൈംഗികത പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനകീയസമര കൂട്ടായ്മകളും സാഹിത്യസാംസ്‌കാരിക വ്യക്തിത്വങ്ങളും ഇവിടെ രേഖപ്പെടുത്തുന്നു. കോടതിവിധി ബുദ്ധിശൂന്യവും ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളോട് സഹിഷ്ണുതയോ സ്വീകാര്യതയോ പുലര്‍ത്താത്തതും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മനുഷ്യാവകാശ തത്വങ്ങളെ ഉല്ലംഘിക്കുന്നതുമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത ഉള്‍പ്പെടെയുള്ള ലൈംഗികചര്യകള്‍ പ്രകൃതിവിരുദ്ധമാണെന്ന് മുദ്രകുത്തി ക്രിമിനല്‍കുറ്റമാക്കുന്ന ഐ.പി.സി സെക്ഷന്‍ 377 എന്ന നിര്‍ദ്ദയ നിയമം 1861ല്‍ ബ്രിട്ടീഷുകാരാല്‍ ആദ്യം നടപ്പിലാക്കുന്ന രാജ്യമാണ് ഇന്ത്യ. ഉഭയസമ്മത പ്രകാരമുള്ള പ്രായപൂര്‍ത്തിയായവരുടെ ലൈംഗികാവകാശങ്ങളെ നിഷേധിക്കുകയും സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുകയും ചെയ്തുകൊണ്ട് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കുക എന്നതായിരുന്നു കൊളോണിയല്‍ ശക്തികള്‍ ഈ നിയമത്തിലൂടെ ഉദ്ദേശിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട് ഐ.പി.സി സെക്ഷന്‍ 377 ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലായ് 2ന് ദില്ലി ഹൈക്കോടതി വിധിച്ചു. എന്നാല്‍ അതിനെ റദ്ദുചെയ്തുകൊണ്ട് അടുത്തിടെ വന്ന സുപ്രീംകോടതി വിധി, സ്വവര്‍ഗ്ഗരതിക്ക് നിയമപരിരക്ഷ നല്‍കുന്നതിനായി ലോകമെമ്പാടും നടക്കുന്ന ശ്രമങ്ങളെ അവഗണിച്ചുകൊണ്ട് ചരിത്രഗതിയെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്.
സ്വവര്‍ഗ്ഗാനുരാഗികളുടെയും ട്രാന്‍സ്ജണ്ടേഴ്‌സിന്റെയും ബൈസെക്ഷ്വല്‍സിന്റെയും മനുഷ്യാവകാശങ്ങളെ ഐ.പി.സി സെക്ഷന്‍ 377ന്റെ പിന്‍ബലത്താല്‍ ഇന്ത്യന്‍ പോലീസ് സംവിധാനം നാളുകളായി കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. മാത്രമല്ല, പ്രകൃതിവിരുദ്ധം എന്ന സദാചാരപരമായ പദപ്രയോഗത്തിലൂടെ എതിര്‍വര്‍ഗ്ഗ ലൈംഗികരുടെ ലൈംഗികാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഭൂരിപക്ഷ സമൂഹത്തിന്റെ സദാചാര പ്രമാണങ്ങളെ ന്യൂനപക്ഷ ജനതതിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ശരിയല്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍, ക്ഷേത്രങ്ങളിലും വാസ്തുവിദ്യയിലും ശില്പചിത്രകലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം പ്രാചീനകാലം മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഔന്നത്യം ലഭിച്ചിരുന്നതായി കാണാന്‍ കഴിയും. വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹ കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന സ്വവര്‍ഗ്ഗേതര ലൈംഗിക വിഭാഗങ്ങളിലുള്ളവര്‍ ട്രാന്‍സ്ജണ്ടേഴ്‌സിന്റെ പക്കല്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചടങ്ങുകള്‍ പോലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഗ്ഗീയമായ സദാചാര ബോധത്തില്‍ ഊന്നുന്ന സുപ്രീംകോടതി വിധി ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അഗാധമായ അജ്ഞത പുലര്‍ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 21,14,15 (ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വതന്ത്ര്യത്തിനുള്ള അവകാശം, നിയമതുല്യതയ്ക്കും വിവേചനത്തെ തടയുന്നതിനുമുള്ള അവകാശം) എന്നിവയെ നഗ്‌നമായി ലംഘിക്കുന്നതുമാണ്. വര്‍ഗ്ഗീയതയും ആഗോളീകരണവും വഴി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം നിരവധി ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തെ, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൈകടത്താന്‍ അനുവാദം നല്‍കുന്ന ഈ സുപ്രീംകോടതി വിധി കൂടുതല്‍ കലുഷിതമാക്കിയിരിക്കുന്നു.
ഈ വിധി, സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജണ്ടേഴ്‌സിനും ബൈസെക്ഷ്വല്‍സിനും നേര്‍ക്കുള്ള പോലീസ് സംവിധാനത്തിന്റെ അധികാര ദുര്‍വിനിയോഗത്തെ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മാത്രമല്ല, എതിര്‍വര്‍ഗ്ഗ ലൈംഗികതയെ അടിസ്ഥാനമാക്കിയ നിലവിലെ വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതിലൂടെ സൃഷിടിക്കപ്പെടുന്ന ഇരട്ടത്താപ്പിനെ അതിജീവിക്കാനാകാതെ സ്വവര്‍ഗ്ഗാനുരാഗികള്‍ ആത്മഹത്യയിലേക്കും മാനസിക വിഭ്രാന്തിയിലേക്കും വഴുതിവീഴുന്നതിന് സാഹചര്യമൊരുങ്ങുമെന്നും ഞങ്ങള്‍ കരുതുന്നു.
സ്വവര്‍ഗ്ഗ ലൈംഗികത അസാന്മാര്‍ഗ്ഗികമോ പ്രകൃതിവിരുദ്ധമോ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അത് ഒരു പാപമോ വിലക്ഷണമോ അല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണഹേതുവാകുന്ന ബഹുഭൂരിപക്ഷത്തിന്റെ സദാചാര സംഹിതകളുടെ അടിച്ചേല്‍പ്പിക്കലാണ് അസാന്മാര്‍ഗ്ഗികവും അധാര്‍മ്മികവും വിലക്ഷണവും പ്രകൃതിവിരുദ്ധവുമായി ഞങ്ങള്‍ കരുതുന്നത്. അതിനാല്‍, നീതിയിലും സമാധാനത്തിലും സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും മൈത്രിയിലും സ്‌നേഹത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന എല്ലാവരോടും ഈ അനീതിക്കെതിരെ ശബ്ദിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും ചില മതമൗലികവാദ സംഘടനകളും ഏതാനും പിന്തിരപ്പന്‍ രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്ന് ലക്ഷക്കണക്കിനാളുകളുടെ ലൈംഗീകാവകാശങ്ങളെ നിഷേധിക്കാന്‍ ശ്രമം നടത്തുന്ന ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജണ്ടേഴ്‌സിനും ബൈസെക്ഷ്വല്‍സിനും പരമാവധി പിന്തുണ നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സുഹൃത്തുകളിലേക്കും കുടുംബാംഗങ്ങളിലേക്കും സംഘടനകളിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും ഈ സന്ദേശം നിങ്ങളാല്‍ കഴിയുംവിധം എത്തിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു.
എന്ന്,

ബന്ധങ്ങള്‍ക്ക്: 9809477058, 9744955866

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply