അനാഥാലായവിവാദം : കാണാതെ പോകുന്നത്

അനാഥാലായവിവാദം നീളുകയാണ്. നമ്മുടെ മിക്കവാറും മാധ്യമങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ ജാര്‍ക്കണ്ടിനേക്കയച്ച് ലൈവ് ആയി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ്. കൃത്യമായ രേഖകളില്ലാത്ത കുട്ടികളെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കു്ട്ടികളെ കൊണ്ടുവന്നത് മനുഷ്യകടത്താണോ എന്നതാണല്ലോ തര്‍ക്കവിഷയം. രേഖകളില്ലാതെ കൊണ്ടുവരുന്ന എന്തും കടത്തായി വ്യാഖ്യാനിക്കുകയാണല്ലോ പതിവ്. ആ അര്‍ത്ഥത്തില്‍ തികച്ചും സാങ്കേതികമായി ഇതിനെ മനുഷ്യകടത്തെന്നു വിളിക്കാമായിരിക്കാം. എന്നാല്‍ മനുഷ്യക്കടത്ത് എന്തിനുവേണ്ടിയാണ് നടത്താറുള്ളത് എന്ന ചോദ്യമുണ്ടല്ലോ. അത് അടിമപണിക്കാകാം, അവയവങ്ങള്‍ തട്ടിയെടുക്കാനാകാം, ലൈംഗിക ചൂഷണത്തിനാകാം. അത്തരത്തില്‍ എന്തെങ്കിലും ആരോപണങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നു […]

orphanageഅനാഥാലായവിവാദം നീളുകയാണ്. നമ്മുടെ മിക്കവാറും മാധ്യമങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ ജാര്‍ക്കണ്ടിനേക്കയച്ച് ലൈവ് ആയി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ്. കൃത്യമായ രേഖകളില്ലാത്ത കുട്ടികളെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കു്ട്ടികളെ കൊണ്ടുവന്നത് മനുഷ്യകടത്താണോ എന്നതാണല്ലോ തര്‍ക്കവിഷയം. രേഖകളില്ലാതെ കൊണ്ടുവരുന്ന എന്തും കടത്തായി വ്യാഖ്യാനിക്കുകയാണല്ലോ പതിവ്. ആ അര്‍ത്ഥത്തില്‍ തികച്ചും സാങ്കേതികമായി ഇതിനെ മനുഷ്യകടത്തെന്നു വിളിക്കാമായിരിക്കാം. എന്നാല്‍ മനുഷ്യക്കടത്ത് എന്തിനുവേണ്ടിയാണ് നടത്താറുള്ളത് എന്ന ചോദ്യമുണ്ടല്ലോ. അത് അടിമപണിക്കാകാം, അവയവങ്ങള്‍ തട്ടിയെടുക്കാനാകാം, ലൈംഗിക ചൂഷണത്തിനാകാം. അത്തരത്തില്‍ എന്തെങ്കിലും ആരോപണങ്ങള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നു വന്നിട്ടില്ല. ഉള്ളത് രേഖകള്‍ മുഴുവനില്ല എന്നതാണ്. അങ്ങനെയാണ് വര്‍ഷങ്ങളായി പതിവ്. തീര്‍ച്ചയായും അത് കുറ്റകരമാണ്. അതില്‍ നടപടി എടുക്കണം. രേഖകളില്ലാത്ത കുട്ടികളെ തിരിച്ചയക്കണം. പക്ഷെ, കൃത്യമായ തെളിവില്ലാതെ ഇതിനെ മനുഷ്യകടത്തെന്ന് ആരോപിക്കുന്നത് തികച്ചും സാങ്കേതികം മാത്രമാണ്.
ഏതൊരുവിഷയത്തേയും മുന്‍തീരുമാനമനുസരിച്ച് വ്യാഖ്യാനിക്കാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ നമ്മുടെ ചാനലുകള്‍ നോക്കുക. തങ്ങളുടെ തീരുമാനമനുസരിച്ചാണ് അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നു കാണാന്‍ ബുദ്ധിമുട്ടില്ല., ജാര്‍ഖണ്ടില്‍ നിന്ന് അവരയക്കുന്ന റിപ്പോര്‍ട്ടുകള്‍ നോക്കുക. ഇത് മനുഷ്യകടത്താണെന്നു തീരുമാനമെടുത്ത മാധ്യമങ്ങള്‍ ജാര്‍ഖണ്ടിലെ ഭേദപ്പെട്ട വിദ്യാഭ്യാ സ്ഥാപനങ്ങള്‍ കാണിക്കുന്നു, അവിടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ധാരാളമുണ്ടെന്ന് സ്ഥാപിക്കുന്ന അഭിമുഖങ്ങള്‍ കൊടുക്കുന്നു. മറിച്ചുള്ള മാധ്യമങ്ങളാകട്ടെ നേരെ തിരിച്ചും വാര്‍ത്തകളും ദൃശ്യങ്ങളും നല്‍കുന്നു. അതുപോലെ ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ കാണിച്ചും അഭിമുഖങ്ങളെടുത്തും അവയെ സാമാന്യവല്‍ക്കരിക്കുന്നു. അങ്ങനെ മാധ്യമപ്രവര്‍ത്തനം എന്താകരുത് എന്നതിന്റെ ഉദാഹരണമായി അതു മാറുന്നു.
തീര്‍ച്ചയായും മറ്റെല്ലാ മേഖലകളേയുംപോലെ അനാഥാലയങ്ങളുടെ പേരിലും തട്ടിപ്പുകളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വന്‍ബിസിനസ്സായി മാറാറുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവയുമുണ്ട്. നിലനില്‍ക്കുന്ന നിയമങ്ങള്‍ ഉപയോഗിച്ചോ, പുതിയ നിയമങ്ങള്‍ സൃഷ്ടിച്ചോ അവയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണെമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവയെല്ലാം തട്ടിപ്പാണെന്നാക്ഷേപിക്കുന്നത് യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതാവില്ല.
ഇതോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട വളരെ ഗൗരവപരമായ വിഷയങ്ങളുണ്ട്. അത് മറ്റൊന്നുമല്ല, കൊച്ചുകുട്ടികളെ ഇത്രയും ദൂരെ മാതാപിതാക്കളില്‍ നിന്നകറ്റി പഠിപ്പിക്കുന്നത് ശരിയല്ല എന്നതാണത്. മറ്റെല്ലാവരുടേയും അവകാശങ്ങലെ പോലെ ബാലവകാശങ്ങളും ചര്‍ച്ചചെയ്യുന്ന കാലമാണല്ലോ. ബാല്യം മാതാപിതാക്കള്‍ക്കൊപ്പം എന്നത് കുട്ടികളുടെ അവകാശമാകണം. അതിനുള്ള അവസരമില്ലെങ്കില്‍ അതുണ്ടാക്കുകയാണ് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ജീവകാരുണ്യ പ്രസ്ഥാനങ്ങളുടേയും കടമ. സഹായിക്കേണ്ടവര്‍ അങ്ങനെയാണ് അവരെ സഹായിക്കേണ്ടത്.
കഴിവതും പത്തുവരെയെങ്കിലും കുട്ടികള്‍ വീട്ടില്‍ നിന്നു പഠിക്കണം. അതിനുള്ള സ്‌കൂളുകള്‍ ഇല്ലാത്തയിടങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവന്നേക്കാം. പ്രാഥമിക വിദ്യാഭ്യാസം അവകാശമാണല്ലോ. സ്‌കൂളുകള്‍ ഇല്ലെങ്കില്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത് ഇത്തരം സ്ഥലങ്ങളില്‍ പോയി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുകയാണ്. അല്ലാതെ മാതാപിതാക്കളില്‍ നിന്ന് ആയിരകണക്കിനു കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോയി പഠിപ്പിക്കുകയല്ല. മാത്രമല്ല അനാഥാലയം എന്ന പേരുപോലും മാറണം. വികലാംഗര്‍, ഹരിജനങ്ങള്‍ തുടങ്ങിയ പദങ്ങളെപോലെ അനാഥര്‍ എന്ന പദവും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. കാരണം സ്വന്തമായി ആരുമില്ലാത്ത കുട്ടികളുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്, അഥവാ സമൂഹത്തിനാണ്. അവര്‍ അനാഥരല്ല.
തീര്‍ച്ചയായും പടിപിടയായി നടപ്പാക്കേണ്ട ഒന്നാണിത് എന്നാല്‍ അതിനുള്ള നീക്കങ്ങള്‍ കാണുന്നില്ല. അനാഥാലയങ്ങള്‍ ബാലനീതി നിയമം (ജെ.ജെ. ആക്റ്റ്) 2006 പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കുമെന്നു മന്ത്രി മുനീര്‍ മുമ്പേ വ്യക്തമാക്കിയിരുന്നുവെങ്കിലും അതു നടപ്പായില്ല. രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പില്ലാത്തവരോ നിയമപരമായി മറ്റ് രക്ഷിതാക്കള്‍ ഇല്ലാത്തവരുമായ കുട്ടികളെ മാത്രമേ അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. രക്ഷിതാക്കളോ മാതാപിതാക്കളോ ഇല്ലാത്തവരോ, കുടുംബക്കാരോ ബന്ധുക്കളോ ഇവരെ നോക്കാന്‍ സന്നദ്ധരോ ശേഷിയോ ഇല്ലാത്തവരോ ആണെങ്കില്‍ മാത്രമേ കുട്ടികളെ അനാഥരായി കണക്കാക്കാന്‍ കഴിയുകയുള്ളുവെന്ന് 2007 ലെ കേന്ദ്ര ചട്ടങ്ങളില്‍ പറയുന്നു.
രക്ഷിതാക്കള്‍ ഉണ്ടായിട്ടും കുട്ടികളെ പരിപാലിക്കുന്നില്ലെങ്കില്‍ ഇത്തരം ആളുകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബാലഭവനുകളും പുനരധിവാസ കേന്ദ്രങ്ങളുമുണ്ടാക്കണം. എന്നാല്‍, അതല്ല നടക്കുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) അമെന്‍ഡ്‌മെന്റ് ആക്ട് 2006 ആക്ട്) നടപ്പാക്കിക്കഴിഞ്ഞു. കേരളത്തില്‍ ഇപ്പോഴും ഇത് നടപ്പാക്കിയിട്ടില്ല.
തങ്ങളുടെ സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കലാണ് തങ്ങള്‍ ചെയ്യുന്നതെന്ന അവരുടെ വിശദീകരണത്തെ തള്ളിക്കളയേണ്ടതില്ല. ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ആഴം സച്ചാര്‍കമ്മറ്റി വളരെ വ്യക്തമായി വെളിപ്പെടുത്തിയതാണ്. സര്‍ക്കാരിനുമാത്രം അതിനെ മറികടക്കാനാവില്ല. അതിനു സമുദായ സംഘടനകള്‍ ശ്രമിക്കുന്നതിനെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ശരിയായിരിക്കില്ല. പക്ഷെ ഇനി നാം മുന്നോട്ടുപോകണം. ഇനി ചെയ്യേണ്ടത് പ്രസ്തുത നിയമം നടപ്പാക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം നിന്ന് പഠിക്കുക എന്ന കുട്ടികളുടെ അവകാശം അംഗീകരിക്കുക. സഹായിക്കാനാഗ്രഹിക്കുന്നവര്‍ അതിനുള്ള സഹായം ചെയ്യുക. സമുദായ സംഘടനകള്‍ ആ ദിശയിലാണ് ചിന്തിക്കേണ്ടത്.
1989 ല്‍ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ രൂപപ്പെടുത്തിയ കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ ഇന്ത്യയും ഒപ്പിട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി 2000 ല്‍ ഇന്ത്യയില്‍ ബാലനിയമം നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കു നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് 2002ല്‍ നിയമഭേദഗതിയും വരുത്തി. തന്‍മൂലം ഇന്ത്യയിലെവിടെയായാലും കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കണം. അതുറപ്പാക്കുകയാണ് ഇനി വേണ്ടത്.
തീര്‍ച്ചയായും ഇത് നമുക്കും ബാധകമാണ്. കുട്ടികള്‍ക്ക് ഈ അവകാശം നിഷേധിച്ച് അവരെ ഊട്ടിയിലും മറ്റുമുള്ള വന്‍കിട ബോര്‍ഡിംഗ് സ്്കൂളുകളില്ലാക്കുന്ന രീതിയും അവസാനിപ്പിക്കണം. ഇവിടേയും മാതാപിതാക്കളുടെ അനുമതി എന്നത് അതിനുള്ള അംഗീകാരമല്ല. എങ്കില്‍ അനാഥാലയത്തിലാക്കുന്നതിലും  മാതാപിതാക്കളുടെ അനുമതി മതിയല്ലോ. മാതാപിതാക്കളുടെ താല്‍പ്പര്യമല്ല, കുട്ടികളുടെ അവകാശങ്ങളാണ് മുഖ്യം എന്നു ലോകം അംഗീകരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. അതു ലംഘിക്കുന്നത് കുറ്റകരമാക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply